വള്ളത്തോൽ ഓർമ്മയായി
മലയാളത്തിന്റെ ദേശീയ കവി
കവിതയിൽ ദേശീയ ബോധം നിറച്ചതിൽ
ഹൃദയം തൊട്ടു കുറിച്ചും
കൈരളിക്കന്യമായ് തീരേണ്ട കഥകളി
ഇടറി വീഴാതെ ഉയർത്തി
കലയും കവിതയും ഇഴപിരിച്ചിടാതെ
ഇവിടെ പുലർത്തിയ സ്നേഹം.
വള്ളത്തോൾ
ആധുനിക കവിത്രയങ്ങളിൽ കൈരളിയുടെ പുണ്യം. കവിതയെ ആധുനീകതയോടും കാവ്യോ പാസനയെ ദേശസ്നേഹത്തോടും ജീവിതത്തെ കഥകളിയോടും വിളക്കിച്ചേർത്ത മനുഷ്യസ്നേഹി. ആധുനികകവിത്രയത്തില്‍ ശബ്ദസുന്ദരനെന്ന് അറിയപ്പെടുന്ന മഹാകവി വള്ളത്തോള്‍ നാരായണമേനോന്‍ ഓര്‍മയായിട്ട് 55 വര്‍ഷം.
വിഷയവൈവിധ്യം കൊണ്ടും ലാളിത്യം കൊണ്ടും മലയാളകവിതയില്‍ വസന്തം സൃഷ്ടിച്ച എഴുത്തുകാരനാണ് വള്ളത്തോള്‍. സൗന്ദര്യത്തിന്റെ സപ്തവര്‍ണങ്ങളും വള്ളത്തോള്‍ കവിതയില്‍ ചാലിച്ചു. ദേശസ്‌നേഹം അതിനെ ജ്വലിപ്പിച്ചു. ലയാളത്തിന്റെ ദേശീയകവിയായും സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ ചാലകശക്തിയായും അറിയപ്പെടുന്ന കവിയാണ് വള്ളത്തോള്‍ നാരായണമേനോന്‍. വെണ്മണി പാരമ്പര്യത്തില്‍ വളര്‍ന്ന വള്ളത്തോളിന്റെ സൗന്ദര്യാരാധനയ്ക്ക് അല്‍പ്പം ശൃംഗാരച്ചുവ കാണാം. പില്‍ക്കാലത്ത് ദേശീയബോധം തുടിക്കുന്ന കവിതകളിലൂടെയും ഭാഷാസ്‌നേഹം വഴിയുന്ന സുന്ദര കവനങ്ങളിലൂടെയും വള്ളത്തോള്‍ ആ പരിമിതികളെ ശരിക്കും ഉല്ലംഘിച്ചു. 1878 ഒക്ടോബര്‍ 16ന് പൊന്നാനിക്കടുത്ത മംഗലത്ത് വള്ളത്തോള്‍ കോഴിപ്പറമ്പില്‍ കുട്ടിപ്പാറു അമ്മയുടെയും കടുങ്ങോട്ടു മല്ലിശ്ശേരി ദാമോദരന്‍ ഇളയതിന്റെയും മകനായി ജനനം. സംസ്‌കൃതവും വൈദ്യവും പഠിച്ചു. പതിനാറു വയസ്സില്‍ത്തന്നെ കവിയായി അറിപ്പെട്ടുതുടങ്ങി. 1905ലാണ് വാല്മീകിരാമായണം വിവര്‍ത്തനം ചെയ്തുതുടങ്ങിയത്. 1907ല്‍ പൂര്‍ത്തിയാക്കി. 1909ല്‍, 31ാം വയസ്സില്‍ത്തന്നെ ബധിരനായ ഈ കവിയുടെ ഗംഭീരകാവ്യങ്ങളെല്ലാം പിറവിയെടുത്തത് അതിനുശേഷം. ബധിരത ചികിത്സിച്ചുമാറാത്തതിലുള്ള വിഷമമാണ് ‘ബധിരവിലാപ’ത്തില്‍. വൈക്കം സത്യാഗ്രഹകാലത്ത്(1924) ഗാന്ധിജിയെ നേരിട്ടുകണ്ട്, അദ്ദേഹത്തിന്റെ ആരാധകനായ വള്ളത്തോള്‍ മഹാത്മജിയെപ്പറ്റിയെഴുതിയ ‘എന്റെ ഗുരുനാഥന്‍’ പ്രശസ്തമാണ്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ ചെന്നൈ(1927), കല്‍ക്കത്ത(1928) സമ്മേളനങ്ങളില്‍ പങ്കെടുത്തു. 1922ല്‍ വെയില്‍സ് രാജകുമാരന്‍ നല്‍കിയ പട്ടും വളയും നിരസിക്കാനുള്ള ആര്‍ജവം വള്ളത്തോള്‍ കാട്ടി.
കഥകളിയോട് അടങ്ങാത്ത കമ്പം വെച്ചുപുലര്‍ത്തിയ വള്ളത്തോള്‍ ഈ കലയെ പുനരുദ്ധരിക്കാന്‍ ചെയ്ത ശ്രമങ്ങള്‍ ഏറെയാണ്. 1930ല്‍ വള്ളത്തോള്‍ കുന്നംകുളത്ത് കഥകളിവിദ്യാലയം സ്ഥാപിച്ചു. ഇതാണ് പിന്നീട് കേരള കലാമണ്ഡലമായത്. ആസ്ഥാനം പിന്നീട് ചെറുതുരുത്തിയായി. കലാമണ്ഡലത്തിന്റെ ധനശേഖരണാര്‍ഥം ഇന്ത്യയൊട്ടുക്കും നിരവധി വിദേശരാജ്യങ്ങളിലും അദ്ദേഹം പര്യടനം നടത്തി. 1948ല്‍ മദ്രാസ് സര്‍ക്കാര്‍ വള്ളത്തോളിനെ മലയാളത്തിന്റെ ആസ്ഥാനകവിയായി പ്രഖ്യാപിച്ചു. അഞ്ചുവര്‍ഷം അദ്ദേഹം ആ പദവിയില്‍ തുടര്‍ന്നു. 1955ലാണ് മഹാകവിക്ക് പദ്മഭൂഷണ്‍ ബഹുമതി ലഭിച്ചത്. സമസ്ത കേരള സാഹിത്യ പരിഷത്ത് അധ്യക്ഷന്‍, കേരള സാഹിത്യ അക്കാദമി ഉപാധ്യക്ഷന്‍ എന്നീ പദവികളും വള്ളത്തോള്‍ വഹിച്ചിട്ടുണ്ട്. വിവര്‍ത്തകനെന്ന നിലയില്‍ വള്ളത്തോളിന്റെ സംഭാവനകള്‍ മഹത്താണ്. വാല്മീകിരാമായണത്തിന് പുറമെ അഭിജ്ഞാനശാകുന്തളം, ഋഗ്വേദം, മാതംഗലീല, പദ്മപുരാണം, മാര്‍ക്കണ്ഡേയപുരാണം, വാമനപുരാണം, മത്സ്യപുരാണം, ഊരുഭംഗം, മധ്യമവ്യായോഗം, അഭിഷേക നാടകം, സ്വപ്നവാസവദത്തം തുടങ്ങിയവയും അദ്ദേഹം വിവര്‍ത്തനം ചെയ്തു. ചിത്രയോഗ(1913)മെന്ന മഹാകാവ്യം പുറത്തുവന്നത്, ആശാന്റെ വീണപൂവിനും നളിനിക്കും ശേഷമാണ്. കാലത്തിന് നിരക്കാത്ത കാവ്യരീതിയെന്ന പഴികേട്ടു വള്ളത്തോള്‍ എന്നാല്‍ വള്ളത്തോളിന്റെ കാവ്യജീവിതം പുഷ്‌കലമായത് പിന്നീടെഴുതിയ ഖണ്ഡകാവ്യങ്ങളിലൂടെയും ചെറു കവിതകളിലൂടെയുമാണ്. ഗാന്ധിജിയുടെ മരണത്തില്‍ ദുഃഖിച്ചെഴുതിയ വിലാപകാവ്യം ‘ബാപ്പുജി’ പ്രശസ്തമാണ്. വിവര്‍ത്തനംകൊണ്ട് ‘കേരള വാല്മീകി’യെന്നും കഥകളിയുടെ സമുദ്ധര്‍ത്താവ് എന്ന നിലയില്‍ ‘കേരള ടാഗോര്‍’ എന്നും വള്ളത്തോള്‍ വിളിക്കപ്പെട്ടു. 1958 മാര്‍ച്ച് 13ന് മഹാകവി അന്തരിച്ചു.
ചന്ദനമരത്തിന്റെ ഓരോ അണുവിലും ചന്ദനം മണക്കുപോലെ വള്ളത്തോളെന്തെഴുതിയാലും ഉദാത്തമായ ആ ദേശീയബോധത്തിന്റെ പരിസ്ഫുരണമുണ്ടാവുക സ്വാഭാവികമായിരുന്നു. ‘ഞാനൊരു വെറും സൗന്ദര്യത്മകകവി’ എന്ന് പിന്‍മുറക്കാരായ മറ്റൊരു കവിയാണ് പറഞ്ഞെതെങ്കിലും അത് വള്ളത്തോളിനെക്കുറിച്ചുള്ള വലിയൊരു സത്യമായിരുന്നു. അതിലെ ‘വെറും’ എന്നുപേക്ഷിക്കാമെങ്കിലും പ്രകരണശുദ്ധിയിലുള്ള നിഷ്ഠകൊണ്ട് വള്ളത്തോള്‍ക്കവിതയ്ക്ക് നേട്ടമായത് സൗന്ദര്യത്മകതയും സംഗീതാത്മകതയുമാണ്. ജീവിതത്തിന്റെ ദുരൂഹതകളിലേക്കും ദുരന്തസത്യങ്ങളിലേക്കുമുള്ള ദാര്‍ശനികമായ അന്വേഷണങ്ങളായിരുന്നില്ല ആ കവിതകള്‍. മറിച്ച് ഉത്കടമായ ജീവിത രീതിയായിരുന്നു വള്ളത്തോള്‍ക്കവിതകളുടെ നിറവ്. സ്വാതന്ത്ര്യവും സംഭാവനയും സഹജാതസ്‌നേഹവും മധുരോദാരമാക്കുന്ന ഒരു ജീവിതത്തിനുവേണ്ടിയുള്ള അന്വേഷണമാണവയെ ചൈതന്യവത്താക്കിയത്. താനഭിമാനംകൊണ്ട ഭാരതീയമൂല്യങ്ങളുടെ അപചയത്തില്‍ ദുഃഖിക്കുകയും, അവയെ വീണ്ടെടുക്കാനുള്ള മഹാപ്രസ്ഥാനത്തില്‍ പങ്കാളിയാവുകയും അതിന്റെ ആഹ്ലാദവിഷാദങ്ങള്‍ മറ്റുള്ളവരുമായി പങ്കുവെയ്ക്കുകയും ചെയ്ത വള്ളത്തോളിന്റെ കവിത നമ്മുടെ സംസ്‌കാരത്തിന്റെ ഈടുവെയ്പിലെന്നുമുണ്ടാവും.
കാവ്യ ലോകത്തിനു ആധുനിക കവിത്രയങ്ങളുടെ സംഭാവന ഏറെ വലുതാണ്. അതിൽ വള്ളത്തോളിന്റെ പ്രസക്തി കവി എന്ന നിലയ്ക്കും ഒരു കലാ സപര്യയുടെ നെടും തൂൺ എന്ന നിലയിലും കാലം എന്നും ഓർത്തുവയ്ക്കും എന്നത് ഉറപ്പാണ്.