ലോറന്‍സ് ആന്റണി 2012 മാര്‍ച്ച് മാസം 2-നു അന്തരിച്ചു. അധികമാരും അറിയാത്ത കഥയിലെ നായകന്‍! 17 സെപ്റ്റംബര്‍ 1950നായിരുന്നു ജനനം.
ആഗോളസംരക്ഷകന്‍, പരിസ്ഥിതിസ്നേഹിതന്‍, യാത്രക്കാരന്‍, പുതിയ പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടി കണ്ടെത്തിയവന്‍.. സൗത്ത് ആഫ്രിക്കയിലെ ‘സുലുലാന്‍ഡ്’ എന്ന ഫോറസ്റ്റ് റിസേര്‍വ് സ്ഥലത്തെ തലവനും ‘ഏര്‍ത്ത് ഒര്‍ഗനിസേഷന്‍’(അന്തര്‍ദേശിയ പരിസ്ഥിതി സംഘടന) സ്ഥാപകനും ആയിരുന്നു ലോറെന്‍സ് ആന്റണി. ഒട്ടനവധി പരിസ്ഥിതി സംരക്ഷണ ഉദ്യമങ്ങള്‍ക്ക് ലോറന്‍സ് ആന്റണി ഭാഗഭക്കായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇറാഖ് അധിനിവേശ സമയത്ത് ബാഗ്ദാദ് കാഴ്ചബംഗ്ലാവുകള്‍ക്ക് സംരക്ഷണം നല്‍കാനും അവിടത്തെ മൃഗങ്ങളെ രക്ഷപ്പെടുത്താനും ലോറന്‍സ് നേതൃത്വം കൊടുത്തു. സൗത്ത് സുഡാനിലെ വെള്ള കണ്ടാമ്രുഗങ്ങള്‍ക്ക് വേണ്ടി റിബല്‍ ഗ്രൂപ്പിലെ അംഗങ്ങളുമായി ചര്‍ച്ച ചെയ്തു പരിഹാരം കണ്ടെത്തിയത് ലോറന്‍സ് ആയിരുന്നു. കറ കളഞ്ഞ ഒരു പ്രകൃതി, ജീവജാല, മൃഗ സ്നേഹിയായിരുന്നു ലോറന്‍സ് ആന്റണി!
അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നിരന്തരം BBC, Sky TV, Al Jazeera, CNN, CBS തുടങ്ങിയ ചാനലുകള്‍ നിരന്തരം പ്രക്ഷേപണം ചെയ്യുമായിരുന്നു. Readers Digest, the Smithsonian, the Explorers Journal, Africa Geographic, Men’s Journal, Shape magazine, Elle magazine തുടങ്ങിയ ജേര്‍ണലുകളില്‍ അദ്ദേഹം നിരന്തരം എഴുതിക്കൊണ്ടിരുന്നു. Babylons Ark (ബാഗ്ദാദ് കാഴ്ചബംഗ്ലാവിലെ രക്ഷപ്പെടുത്തിയ സാഹസിക കഥകളുടെ വിവരണം), Elephants whisperer(ആഫ്രിക്കന്‍ ആനകളുമായുള്ള ചങ്ങാത്തത്തിന്റെ കഥ), The Last Rhinos(കോംഗോവിലെ കണ്ടാമ്രുഗങ്ങളെ രക്ഷിച്ച കഥകള്‍) തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രശസ്തി ഏറ്റുവാങ്ങിയ പുസ്തകങ്ങളാണ്. അറുപത്തിയൊന്നാമാത്തെ വയസ്സില്‍ ഹൃദയാഘാതം മൂലമാണ് അദ്ദേഹം വിട പറയുന്നത്. അദ്ദേഹത്തെ നെഞ്ചോടു ചേര്‍ത്ത് ഓര്‍മ്മ വെക്കാന്‍ ഒരു പിടി പരിസ്ഥിതി സ്നേഹിതരും, അദ്ദേഹത്തിന്റെ ഭാര്യ, രണ്ടു കുട്ടികള്‍, രണ്ടു പേരമക്കള്‍ കൂടാതെ ഒരു വലിയ ആനസമൂഹവും ഉണ്ടെന്നത് നമുക്കൊരുപക്ഷേ അദ്ഭുതമായി തോന്നാം.
അദ്ദേഹത്തിന്റെ മരണശേഷം, മുപ്പതിലധികം ആനകള്‍ കൂട്ടം ചേര്‍ന്ന് അദ്ദേഹത്തിന്റെ വസതിയില്‍ എത്തിയതായി പറയപ്പെടുന്നു. രണ്ടു കൊമ്പനാനകളുടെ നേതൃത്വത്തില്‍ നൂറ്റിപ്പന്ത്രണ്ടു മൈലുകള്‍ സഞ്ചരിച്ചാണത്രെ ആനകള്‍ അദ്ദേഹത്തിന്റെ വസതിയില്‍ എത്തിപ്പെട്ടത്. പതുക്കെ, ദിവസങ്ങോളം വരിയായി നടന്നു അദ്ദേഹത്തിന്റെ മരണം കഴിഞ്ഞു ഏതാനും ദിവസങ്ങള്‍ക്കകം അദേഹത്തിന് അന്ത്യോപചാരം അര്‍പ്പിക്കാന്‍ എത്തിയ ആനകള്‍ ഇന്നും ഓര്‍ക്കുമ്പോള്‍ വിശ്വസിക്കാനാവുന്നില്ല എന്ന് ഭാര്യ ഫ്രാങ്കോ പറയുന്നു. ഇതിനു മുമ്പ് മൂന്നു വര്‍ഷത്തിലധികം ഇതേ സ്ഥലത്ത് ജീവിച്ചിരുന്ന ഇവര്‍ അത് വരെ ആനകളെയൊന്നും അടുത്തു കാണുക ഉണ്ടായിട്ടില്ലത്രേ. തീര്‍ച്ചയായും അവയ്ക്ക് തങ്ങളുടെ പഴയ സ്നേഹിതന് സ്നേഹാര്‍ച്ചനയും അന്ത്യോപചാരവും അര്‍പ്പിക്കാനും അവരുടെ കുറെ ജീവിതങ്ങള്‍ മുമ്പ് രക്ഷപ്പെടുത്തിയ സുഹൃത്തിനോടുള്ള കടപ്പാട് തീര്‍ക്കാനും കൂടിയാവും ഈ സന്ദര്‍ശനം. രണ്ടു രാവുകളും രണ്ടു പകലുകളും ജലപാനീയം കഴിക്കാതെ അവര്‍ തങ്ങളുടെ സ്വകാര്യ സുഹൃത്തിന്റെ അവസാന മണ്ണില്‍ ചെവിയോര്‍ത്തു നിന്ന് തിരിച്ചു പോയി എന്നതാണു ഈ വാസ്തവകഥയുടെ അന്ത്യം.
ചില സമയങ്ങളില്‍ മൃഗങ്ങള്‍ പോലും മനുഷ്യരെ തോല്‍പ്പിച്ചുപോകും.