ചോദ്യം:
വടക്കോട്ട് തല വച്ച് ഉറങ്ങരുത് എന്നു പറയുന്നതിൽ കാര്യമില്ലേ? ഭുമിയുടെ കാന്തിക മണ്ഡലവും നമ്മുടെ രക്ത പര്യയനവും തമ്മിൽ ബന്ധമില്ലേ. അപ്പോൾ അത് ശരിയായിരിക്കില്ലേ?
ഉത്തരം:
ഭൂമിയുടെ കാന്തികമണ്ഡത്തേയും രക്തപര്യയന വ്യവസ്ഥയേയും താരതമ്യം ചെയ്ത് വടക്കോട്ട് തലവെച്ച് കിടക്കരുതെന്ന് -ചിലയിടത്ത് തെക്കോട്ട് തലവെക്കരുത് എന്നും പറയാറുണ്ട് – വാദിക്കുന്നതിൽ ശാസ്ത്രീയമായ ശരികേടുകൾ പലതുണ്ട്.
ഒന്ന് രക്തം കാന്തികമണ്ഡലത്തോട് പ്രതികരിക്കാറില്ല എന്നതുതന്നെ. രക്തത്തിൽ ഇരുമ്പുണ്ടല്ലോ, ഇരുമ്പ് കാന്തത്തോട് ആകർഷിക്കില്ലേ എന്ന ലൈനിൽ ഒരു സംശയം തോന്നിയേക്കാം.
പക്ഷേ രക്തത്തിലെ ഹീമോഗ്ലോബിനിൽ ഇരിക്കുന്ന ഇരുമ്പിന്റെ ആറ്റത്തിന് കാന്തസ്വഭാവമുള്ള ലോഹ ഇരുമ്പിന്റെ ഗുണമല്ല ഉള്ളത്. ഹീമോഗ്ലോബിൻ ഒരു തന്മാത്രയാണ്. തന്മാത്രയ്ക്കുള്ളിലാകുമ്പോൾ മൂലകത്തിന് അതിന്റെ സ്വഭാവം ഉണ്ടാകില്ല എന്നത് സ്കൂൾ ലെവൽ ശാസ്ത്രമാണ്. അങ്ങനെയായിരുന്നെങ്കിൽ വെള്ളത്തിൽ ഓക്സിജനുള്ളതുകൊണ്ട് നനഞ്ഞ വിറക് എളുപ്പത്തിൽ കത്തിയേനെ.
അടുത്ത പ്രശ്നം ഭൂമിയുടെ കാന്തമണ്ഡലത്തിന്റെ ശക്തിയാണ് –
അത് വളരെ ദുർബലമായ ഒന്നാണ്. ഭൂമിയേക്കാൾ നൂറും ആയിരവും മടങ്ങ് ശക്തിയുള്ള കാന്തമണ്ഡലം ഉണ്ടാക്കാൻ നമ്മൾ ഉപയോഗിക്കുന്ന പല ഉപകരണങ്ങൾക്കും സാധിയ്ക്കും. തെക്കുവടക്ക് നിൽക്കുന്ന ഒരു കോമ്പസിനടുത്തേയ്ക്ക് ഒരു മൊബൈൽ ഫോൺ കൊണ്ട് ചെന്നുനോക്കൂ. അത് വെട്ടിത്തിരിയുന്നത് കാണാം. ഭൂമിയുടെ കാന്തക്ഷേത്രമായിരുന്നല്ലോ അതിനെ തെക്കുവടക്ക് ദിശയിൽ പിടിച്ച് നിർത്തിയിരിക്കുന്നത്. അങ്ങനെയെങ്കിൽ ഇപ്പോഴുള്ള വെട്ടിത്തിരിച്ചിലിന്റെ അർത്ഥം മൊബൈലിന്റെ കാന്തബലം ഭൂമിയുടേതിനെക്കാൾ കൂടുതലാണ് എന്നല്ലേ? അതായത് ഇനി ശരിയ്ക്കും രക്തത്തെ കാന്തത്തിന് സ്വാധീനിക്കാൻ കഴിയും എന്ന് ഒരു വാദത്തിന് വേണ്ടി സമ്മതിച്ചാൽ തന്നെ, ഭൂമിയുടെ തെക്കുവടക്കിനെക്കാൾ മുന്നേ കണക്കിലെടുക്കേണ്ട നൂറുകണക്കിന് വസ്തുക്കളുണ്ട് എന്നർത്ഥം –
സമ്പാദകൻ:- അഹ്ലുദേവ്
ചേതസ്സ് സത്യമേവ ജയതേ നാനൃതം

