ബിജെപിയുടെ നിരവധി മുഖങ്ങൾ – 1

Bjp

കഴിഞ്ഞ കാലങ്ങളിൽ ബിജെപി എന്ന രാഷ്ട്രീയപാർട്ടി വിവിധ മുഖങ്ങൾ എടുത്തണിയുന്നതിന് നാം സാക്ഷിയായിട്ടുണ്ട്. ബാബറിമസ്ജിദ് തകർക്കുന്ന സമയത്ത് അവർക്ക് ഒരു ന്യൂനപക്ഷ ഫാസിസ്റ്റ് സംഘടയുടെ മുഖമാണുണ്ടായിരുന്നതെങ്കിൽ അതിനുശേഷം ഉദാരമായ ജനാധിപത്യ സ്വഭാവമുള്ള, ഒരുപരിധിവരെ പുരോദമനപരമായ ഒരു സംഘടനയുടെ മുഖമാണു പ്രദർശിപ്പിക്കാൻ ശ്രമിച്ചത്.

ബാബറിമസ്ജിദിന്റെ തകർക്കൽമുതൽ 1998ലെ തിരഞ്ഞെടുപ്പുവരെയുള്ള കാലയളവിൽ നടത്തിയ ഈ വിധമുള്ള ബോധപൂർവമായ പരിശ്രമത്തിന്റെ ഫലമായി ബിജെപി എന്നത് ഒരു ലിബറൽ ജനാധിപത്യ കക്ഷിയാണെന്നു വരുത്തിത്തീർക്കാൻ അവർക്കു കഴിഞ്ഞു. അതിന്റെ ഫലമായി 1998ലെ തിര‍ഞ്ഞെടുപ്പിൽ നേട്ടങ്ങൾ കൊയ്യാനും ബിജെപിയുടെ നേതൃത്വത്തിലുള്ള മുന്നണിക്ക് അധികാരത്തിലേറാനും കഴിഞ്ഞു. എന്നാൽ ആ സർക്കാരിനേറ്റ തിരിച്ചടിയും രണ്ടു ദശാബ്ദക്കാലം അധികാരത്തിനു പുറത്തു നിൽക്കേണ്ടി വന്നതും അവരെ ഒരു പുനർവിചിന്തനത്തിനു പ്രേരിപ്പിച്ചു. ഇന്ത്യയിലെയും ലോകത്തെയും മാറുന്ന സാഹചര്യങ്ങൾക്കനുസരിച്ച് തീവ്ര ഹിന്ദുത്വത്തിന്റെ കുപ്പായം പരസ്യമായി അണിഞ്ഞു നടക്കാനും.അതിന്റെ പ്രതീകമായ നരേന്ദ്രമോഡിയെ മുന്നിൽനിർത്തി തിരഞ്ഞെടുപ്പിനെ നേരിട്ട് അധികാരത്തിലേറാനും അവർക്കു കഴിഞ്ഞു. രണ്ടു ദശാബ്ദകാലത്തെ യുപിഎ ഭരണം സൃഷ്ടിച്ച മോശമായ പ്രതിച്ഛായയും മൂന്നാം മുന്നണിയുടെയും ഇടതുപക്ഷത്തിന്റെയും തകർച്ചയും അതിനു സഹായകമായിയെന്നത് സംശയരഹിതമായ വസ്തുതകളാണ്. ഹിന്ദി ബെൽറ്റിൽ സജീവ സാന്നിധ്യമായിരുന്ന സോഷ്യലിസ്റ്റ് പാർട്ടികളുടെ ശിഥിലീകരണവും ജനിതക വൈകല്യമായ പരസ്പര വിശ്വാസമില്ലായ്മയും കൂടി ആയതോടെ ബിജെപിയുടെ ജൈത്രയാത്ര എളുപ്പമായി.

കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കം മുതൽ ആധുനിക രാഷ്ട്ര സങ്കൽപത്തിന്റെ വികാസത്തിനും ഇന്ത്യൻ ദേശീയതയ്ക്കും വളർച്ചയുണ്ടായി. ഇൻഡ്യൻ ദേശീയത ഇൻഡ്യൻ ഉപഭൂഖണ്ഡത്തിലെ മുഴുവൻ ജനതയെയും ഉൾക്കൊള്ളുന്ന ഒന്നായിരുന്നുവെങ്കിൽ അതോടൊപ്പം വളർന്നുവന്ന ഹിന്ദു ദേശീയത സങ്കുചിതമായ സവർണ ഹിന്ദു മേധാവിത്വത്തിനു വേണ്ടി നിലകൊള്ളുന്നതായിരുന്നു. ഇൻഡ്യൻ നവേത്ഥാനത്തിന്റെ ഭാഗമായി ഉണ്ടായ ആര്യസമാജം, ബ്രഹ്മസമാജം തുടങ്ങിയ നിരവധി പ്രസ്ഥാനങ്ങളും രാമകൃഷ്ണപരമഹംസൻ, വിവേകാനന്ദൻ, ദയാനന്ദ സരസ്വതി, തുടങ്ങിയ ആചാര്യന്മാ‌ർ നൽകിയ ഉത്തേജനവും ഈ ഹിന്ദു ദേശീയതയെ പ്രോൽസാഹിപ്പിക്കുന്നതിനു കാരണമായി തീർന്നു. തുടർന്നു രാമരാജ്യ പരിഷത്ത്, ഹിന്ദുമഹാസഭ എന്നീ അഖിലേന്ത്യാ പ്രസ്ഥാനങ്ങളും ഒട്ടനവധി പ്രാദേശിക സംരംഭങ്ങളും ഉദയം ചെയ്തു.

1925ൽ മഹാരാഷ്ട്രയിലെ നാഗ് പൂരിൽ വച്ച് ആർഎസ് എസ് രൂപം കൊണ്ടത് ഈ സംരംഭങ്ങളുടെ തുടർച്ചയായിട്ടാണ്. സ്വാതന്ത്ര്യ ലബ്ദിക്കു ശേഷം 1951ൽ നെഹ്റു മന്ത്രി സഭയിൽ ഒരു പ്രമുഖ അംഗമായിരുന്ന ശ്യാമപ്രസാദ് മുഖർജിയുടെ നേതൃത്വത്തിൽ ആർഎസ്എസുകാർ ജന്മം നൽകിയ രാഷ്ട്രീയ കക്ഷിയായിരുന്നു ഭാരതീയ ജനസംഘം. എന്നാൽ മഹാത്മാഗാന്ധി രാജ്യത്ത് അവതരിപ്പിച്ച തീക്ഷ്ണ ജ്വാലയിൽ ഹൈന്ദവ ചിന്തകൾ നിഷ്പ്രഭമായിത്തീർന്നു. അന്നുമുതൽ ഇന്ത്യൻ ദേശീയതയും ഭാരതീയ ജനതയുമായി താദാത്മ്യം പ്രാപിക്കാനുള്ള ശ്രമത്തിലായിരുന്നു ഈ സംഘക്കാ‌ർ ( തുടരും)

Check Also

ചുള്ളിക്കാടിന്റെ അഭിപ്രായത്തോട് ഭാഗികമായി യോജിക്കുന്നു: റഫീഖ് അഹമ്മദ്

പാലക്കാട് : അക്കാദമിക് നിലവാരം കുറ‍ഞ്ഞുവെന്ന കവി ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ അഭിപ്രായത്തോടു യോജിക്കുന്നുവെങ്കിലും സ്കൂളിലോ കോളജിലോ തന്റെ കവിതകൾ പഠിപ്പിക്കരുതെന്ന …

Leave a Reply

Your email address will not be published. Required fields are marked *