വെടിമരുന്ന് കൊണ്ടൊരു
വീട് വരയ്ക്കുന്നു!
കരിന്തമിഴും കരിനൊച്ചിയും
കെട്ട്പിണയുന്നു
ഓർമ്മചൊണ വീണ് പൊളളിയ
പീളകണ്ണുകൾ
ജഡക്കെട്ടിയ മുടിപ്പോളകളിൽ
ചെളിക്കെട്ടിയ വിരലിഴയുന്നു
കമ്പക്കാരൻ
തിരുമലയുടെ പെണ്ണ് മരുത്
കതിനകറുപ്പിന്റെയുടൽ പൊകച്ചിൽ
തലപൊട്ടിയ ബീഡിതുണ്ടിലേക്ക് പകർന്നു
ചോപ്പ, പച്ച,മഞ്ഞ
മാനത്ത് നിന്ന്
നക്ഷത്രക്കല്ലുകളൂർന്ന് വീണു
ചെവിട് പൊത്തിയിട്ടും
നെഞ്ചിൻകൂട് കുലുങ്ങി
ഭൂമിക്കുഴിയിൽ നിന്ന് ഗർഭം കലക്കി
പൂക്കുറ്റി, ഓല,നിലംമുഴുക്കി, ഗുണ്ട്
നിറവും ഒച്ചയും
കണ്ണും കരളും നിറച്ചുൻമാദങ്ങൾ
പൂരക്കെട്ടൂകൾക്കിടയിലൂടെ
മുടികൂർമ്പൻക്കെട്ടി
വെടിവിരലുകോറിയ ഒറ്റമല്ലുടുത്ത്
ചൂട്ടുത്തുമ്പാൽ വായുവിൽ
തീവളയംക്കെട്ടി
അതിസാഹസികതയുടെ
ആൾരൂപമായി തിരുമല
മേഞ്ഞ് നടന്നു
തെക്കന്ന് വടക്കന്ന് കിഴക്കന്ന്
പാടംകേറിയും മലകേറിയും
ആളുകൾ
വന്നുക്കൊണ്ടേയിരുന്നു
തിരുമലയില്ലാത്ത പൂരത്തിനെന്തന്താസാടോ
ഒരുപറനെല്ല്
പത്ത് തേങ്ങ
മൂന്ന് രൂപ
നാഴി എണ്ണ
മല്ലുമുണ്ട്
പ്രതിഫലമൊരുപ്രതിഭയ്ക്ക്
അന്നും പ്രശ്നല്ലയിന്നുയെന്നൊരു
ചൊല്ലുണ്ടത്രെ
മരുതയ്ക്കൊരു മുത്തമിട്ട്
മുറ്റത്തെ കരിംങ്കല്ല് തൊട്ട്
തുണിസഞ്ചിയും തൂക്കി
തിരുമല എരിഞ്ഞൊഴുകിക്കൊണ്ടിരുന്നു
ഒന്നിടവിട്ട
മഴക്കാലങ്ങളിൽ
പേറ്റിനൂളള മരുന്നുക്കെട്ടി
അലമേലു വന്നുക്കൊണ്ടിരുന്നു
മരുതേ
വെടിമരുന്നിന്റെ മണല്ല്യാത്തവീട്
ഇമ്മടെ ഉണ്ണ്യോള്
ഉരുകിപൊട്ടാത്ത ജീവിതങ്ങള്‍
കരിഞ്ഞ് വീഴണ
പടക്കചിറക് പോലല്ലാത്ത കുപ്പായങ്ങള്‍
ഒറ്റകുത്തിന് പൊട്ടാത്ത കിനാവുകള്‍
ഒറ്റഒച്ചയും തിരിച്ചറിയാണ്ടവണ
കരിമ്പൻക്കെട്ടിയ പണിനിർത്തണം
അമ്പലങ്ങളെല്ലാം
പുതുക്കി പണിതു
പാടവരമ്പൊക്കെ ടാറിംഗ് റോഡായി
പൂരപറമ്പുകളിൽ പുതിയ നിറങ്ങളുണ്ടായി
ദൈവങ്ങളുടെ പുതു അവതാരങ്ങളുണ്ടായി
മടിശീലകൾ നിറഞ്ഞു പൊട്ടാറായി
മൂത്തോൻ
മുരുകന്റെ പെലകുളിയാണ്
മുറ്റത്തെ ഓലവല്ലം ബലിക്കല്ലാണ്
രണ്ടാമത്തോൻ ശരവണൻ
കമ്പക്കെട്ടിന് പോയി
മറ്റന്നാൾ പൂരാണ്
ചെറുപുഴ പൂരത്തിന്
പൊട്ടിത്തെറിച്ച കമ്പപുരയ്ക്കൊപ്പം
മാനത്ത് മിന്നീത്
തിരുമലയുടെ
മാംസചീളുകളായിരുന്നു
വല്ലംതിട്ട വേലയ്ക്ക്
മൂത്തമോൻ പൊട്ടിത്തെറിച്ചു
ആർക്കും
മനസിലാവാത്ത ചിലജീവിതങ്ങളുണ്ട്
മരുതൈ
പടക്കംപൊട്ടണപോലെ കാർക്കിച്ചു
തുപ്പി
മുരുകന്റെ പെണ്ണ് കണ്ണമ്മ
ഒരാൺകുട്ടിക്ക്
മുലകൊടുത്ത് കരഞ്ഞോണ്ടിരുന്നു
വെടിമരുന്നുകൊണ്ട്
ഒരു
വീട് വരയ്ക്കുമ്പോൾ