ജെറുസലേമിൻ മൊട്ടക്കുന്നു
ചുവപ്പിക്കാൻ കിളിവാലൻ വെറ്റില തിന്ന
പ്രഭാതമേ,
നിണമണിഞ്ഞടിമുടി ജൃംഭിച്ച
വിപ്ലവത്തുടി മുഴങ്ങും നെഞ്ചിടിപ്പൊന്നു
കേട്ടുവോ ???
വലിയ പിഴ പേറുന്ന മുൾക്കിരീടം
വഴി തെറ്റിയലയുന്നുണക്ക രക്തം
ഹൃദയം കരിഞ്ഞു മണക്കുന്ന താഴ്വരക്കാറ്റിൽ
മരണത്തിനഗ്നിനാദം
അവസാനയത്താഴമായിട്ടഴിമതി
വിളമ്പിയ സമുദായക്കഥ പറഞ്ഞും,
പെസഹതൻ നേരമൊരു കെട്ട മുത്തത്തിനാൽ
ഗുരുനിന്ദ പുഷ്പിച്ച വഴിയളന്നും,
അക്കൽദാമയിലൊരാദി താളത്തിന്റെ
തനിയാവർത്തനമായവനേ,
തോൽക്കാതിരിക്കേണ്ട കാൽപ്പന്തു കളിയാണു
ജീവിതമെന്നു പറഞ്ഞവനേ !!
തിരുമുറിവിൽ നിന്നു ചെമ്പരത്തിപ്പൂക്കൾ
വിരിയിച്ച കുന്തങ്ങൾ സാക്ഷിയാക്കി,
തിരി താണ ജീവന്റെ മെഴുകുതിരി കത്തിച്ചു
പതയും നിരാശയെ വീഞ്ഞാക്കിയും
ആദിപാപത്തിന്റെയപ്പം നിവേദിച്ചും
ഇടറുന്ന കുർബ്ബാന കൈക്കൊള്ളണേ…
അഭിസാരിക്കടൽത്തിര നീന്തിയെത്തിയോൻ
അഭിശപ്ത ജന്മത്തിന്നൗദാര്യം ഞാൻ
തിരുവത്ഭുതം കാട്ടി വയറു വീർപ്പിക്കാൻ
അരക്കെട്ടിൽ വിത്തുള്ള പുണ്യവാളൻ..
മുഷ്ടി മൈഥുനവും ഇളം ഭ്രൂണഹത്യയും
കൊല ചെയ്ത ജന്മങ്ങൾ സോദരങ്ങൾ
വലിയ പിഴ തിങ്ങുമീ പാനപാത്രത്തെ നീ
പതിയേയെടുത്തൊന്നു കൈക്കൊള്ളണേ…
ഋഗ്വേദ സൂക്തം മുറിച്ചാണി വെയ്ക്കുന്ന
ഉച്ചത്തലച്ചോറെരിഞ്ഞവനേ,
നീ പെരുന്തച്ചനായ് സൃഷ്ടിച്ച
നസ്രായത്താഴികക്കുടമിന്നു
ചിതലരിച്ചൂ..
മുയലിന്റെ തോലു പുതച്ച ചെന്നായയായ്
മൃതി കണ്ണിലേന്തി ഞാനിടറി വന്നൂ,
അടിവയർ കത്തുന്ന മഗ്ദലന മറിയമായ്
ചതി തിന്ന പെങ്ങന്മാർ തേങ്ങി നിന്നൂ.
ഒരു പാടലഞ്ഞ വഴിത്താരയൊക്കെയും
നരവീണ സൂക്തങ്ങൾ കാർന്നുതിന്നൂ
അസ്തമയസൂര്യച്ചിട പൂണ്ട സിംഹമേ..
മാത്ര നീ ഗർജ്ജിക്കാൻ ഞാൻ കൊതിച്ചൂ
ഒരു മാത്ര നീ ഗർജ്ജിക്കാൻ
ഞാൻ കൊതിച്ചൂ…
മരവിച്ചുറഞ്ഞ സെമിത്തേരിക്കൂട്ടത്തിൽ
ഇരുളിനെ കാത്തു മടുത്തവനേ
വെയിൽകൊണ്ടു പൊള്ളും മുരിക്കിന്റെ പൂക്കളിൽ
ശനിവാരച്ചന്ത വരച്ചവനേ
കുരിശും ചുമന്നു കഫച്ചോര കക്കുന്ന
വലിയ പിതാവാണു കാലചക്രം
വീഞ്ഞും ചുരുട്ടും കുഴഞ്ഞു മണക്കുന്ന
അരമന മുറിയാണെനിക്കു ലോകം
നടു നെഞ്ചിലെവിടെയോ ചെറുപുള്ളിമാനുകൾ
കറുകത്തലപ്പു ചികഞ്ഞിടുന്നു
പകുതി തുരുമ്പിച്ച നെടു നീളനാണികൾ
തലയോടു കുത്തിത്തുളച്ചിടുന്നൂ
ചതിയിൽ നിണം വാർന്നനശ്വരനായോനേ
അധിനിവേശം കൊന്ന രക്ഷകൻ നീ
കനലായുയിർത്തു മുറിപ്പാടു മുത്തുവാൻ
തനിയേ നീ പെയ്യണം
ചോപ്പു മഞ്ഞായ് !!!