”കുഞ്ഞായിരുന്നപ്പോൾ ഒന്നും പറയാതെ തന്നെ
എന്റെ ഭാഷ എല്ലാവർക്കും തിരിച്ചറിയാൻ കഴിഞ്ഞു.
ഇപ്പോൾ
ആവോളം ഉറക്കെ, പതുക്കെപ്പറഞ്ഞിട്ടും ആർക്കും ഒന്നും മനസ്സിലാവുന്നില്ലത്രേ ”
‘ഭാഷ’ യെന്ന കവിതയിൽ കെ.ആർ. രഘുവിന്റെ പറച്ചിലാണിത്.ഭാവനയ്ക്ക് കാല്പനികതയുടെ ഭ്രമാത്മകമായ പുറഞ്ചട്ട നല്കുന്നില്ലയെന്നതാണ് നവ കവിതയെ ഇതര കാവ്യ പ്രസ്ഥാനങ്ങളിൽനിന്നും മാറ്റി നിർത്തുന്ന പ്രധാന ഘടകം. അനുഭവ, ജീവിതം, ആത്മ സത്ത, കാലം, ഓർമ്മ, പ്രകൃതി, പരിസ്ഥിതി, പ്രണയം, പ്രതികരണം, രോക്ഷം, പ്രതിഷേധംതുടങ്ങി സമസ്തവും വിഷയീഭവിക്കുന്ന പുതുകവിതയിൽ ദൃഷ്ടിഗോചരമല്ലാത്ത സാമാന്യങ്ങളെ എല്ലാവരും നോക്കുന്നതുപോലെ നോക്കി അവരെപ്പോലെ തന്നെ കണ്ട് മറ്റാരും കാണൊത്ത ഒരെണ്ണം കണ്ടെടുത്ത് ഭാഷയുടെ ഭൂമികയോട് ചേർത്തു വച്ച് കവിതയെന്ന യാഥാർത്ഥമാക്കുമ്പോൾ അനുവാചകൻ അതിൽ ഇടപഴകാൻ ലഭിക്കുന്ന സ്വാതന്ത്ര്യമുണ്ടാക്കലാണ് കവിതയെഴുത്ത്. അതാണ് യഥാർത്ഥ കവിതയും. പദങ്ങളുടെ ആഢംബര സാധ്യതകളേയും ഭാവനാതിപ്രസരങ്ങളുടെ കാഠിന്യങ്ങളേയും പാടേ അവഗണിച്ച് എഴുത്തിനെ തെറുത്ത് മുറുക്കുന്ന കവിയാണ് ശ്രീ.കെ.ആർ. രഘു. ‘പിടിയരിപോലെ ഒരു കവിത’യെന്ന കവിതാ സമാഹാരംഇക്കവിയുടെ എഴുത്തിണക്കങ്ങളെച്ചേർത്തുവയ്ക്കുന്ന പേരേട് പുസ്തകം തന്നെയാണ്.
”തോൽവി സമ്മതിക്കാത്ത പരാജിതന്റെ യുദ്ധം” (കവിത )
”ഇന്നുമെന്റെയിടനെഞ്ചിലുളളതമ്മ പേറ്റും മുറത്തിന്റെ താളം
കല്ലുപോലെ തഴമ്പുള്ള കൈകൾ നെല്ലുകുത്തും ഉരല്പ്പുര മേളം ” (എന്റെ അമ്മ)
”കാറ്റായിരുന്നെങ്കില് നിന്നിലെ പ്രാണനാം ശ്വാസ നിശ്വാസമായേനെ
ഒരു ജന്മം കൂടിയുണ്ടെങ്കിലെന്നിലെ പ്രണയം പറിച്ചുതന്നേനെ” (പ്രണയം)
എന്നിങ്ങനെ വിഷയ സ്വീകരണത്തിൽ, ആഖ്യാന സംവിധാനത്തിലൊക്കെത്തന്നെ തീർത്തും വിഭിന്നമായ വായനാ സംസ്കാരമൊരുക്കുന്ന കാവ്യ സമാഹാരം അതാണ് കെ.ആർ. രഘുവിന്റെ ‘പിടിയരിപോലെ ഒരു കവിത’. ഇതിന്റെ ശീർഷകം ഏറെ സാംഗത്യമുള്ളതാണ്. അതായത്; മൊത്തത്തിലുള്ള ഇല്ലായ്മകൾക്കിടയിൽ നിന്നും വരാനിരിക്കുന്ന വലിയ വറുതിയിലേയ്ക്ക് അമ്മ ദിവസവും കരുതുന്ന ഒരു പിടി അരി ഇത് അതത് ദിവസങ്ങളിൽ ആർക്കും ഒരു കുറവും വരുത്തുന്നില്ല. എന്നാൽ തീർത്തും ഇല്ലാതാകുന്ന ഒന്നു രണ്ടു ദിവസങ്ങളിൽ ഇത് എല്ലാവർക്കും പൂർണ്ണ സംതൃപ്തി നല്കുകയും (ശ്രീ. ഫൈസൽ കണ്ണോളിയുടെ സംഭാഷണത്തിനോട് കടപ്പാട്) ചെയ്യുന്നു.മലയാളത്തിൽ കവിതയ്ക്ക് വറുതിയില്ലെങ്കിലും ഇതൊരു മുതല്ക്കൂട്ടാണ്.
ലോകം ഉറങ്ങുമ്പോളുറങ്ങി അതിനൊപ്പമുണർന്ന് വ്യവഹാര രീതികൾ മൊത്തം അതിനൊപ്പം ചേർത്ത് എഴുതുമ്പോൾ മാത്രം മാറി മറിയുന്ന കവി അതാണ് കെ.ആർ.രഘു.ചെറുത്തു നിൽപ്പിന്റെ കവിതളാണ് ഈ സമാഹാരത്തിലുള്ളത്. ‘പുഴയുടെ ജീവ ചരിത്രം’ എന്ന കവിത പറയൂന്നത് പാരിസ്ഥിതികമായ വരൾച്ചയുടെ കഥയാണ്. ഇതിന്റെ അനുബന്ധമാണ് ‘ഉപ്പ്’ എന്ന കവിത .’നദിയും പക്ഷിയും’, ‘കോവയ്ക്ക’ എന്നീക്കവിതകൾ ഇങ്ങനെ ചേർത്തു വായിക്കാം.’അണക്കെട്ട്’എന്ന കവിത കാലത്തിനോടും മനുഷ്യന്റെ നേരേ കണ്ണടയ്ക്കുന്നവരോടുമുള്ള പ്രതിഷേധവുമാണ്.കവിത പറയുന്നു;
”വെള്ളം കുടിച്ചോ കുടിയ്ക്കാതെയോ
വരാം നമുക്കന്ത്യം”
‘വൈകുന്നേരത്തേ വിശേഷങ്ങള്’ എന്ന കവിത വൈയക്തികമായ പ്രാദേശികത നിറച്ച സാർവ്വ ലൗകികതയാണ്. മിത്തും മനസ്സും സമരസപ്പെടുന്നിടത്ത് മനുഷ്യനെ നിർവചിക്കുന്നതെങ്ങനെയെന്ന് പറയുന്ന കവിതയാണ് ‘നാരായണക്കിളിയുടെ മൺകൂട്. അങ്ങനെ അടിമുടി കവിതയുള്ള ഒരു കാവ്യ സമാഹാരം.