ആഗ്രഹങ്ങൾ
വരിയിലാണ്,
ഒറ്റനോട്ടത്തിൽ
തിരിച്ചറിഞ്ഞു,
മലർപ്പൊടിക്കാരന്റെ
നീറുന്ന ഭാവനകൾ…
ചാടിപ്പിടിച്ചും
കൈക്കൂട്ടിലൊതുക്കിയ
ഒറ്റക്കനവും
നീണ്ട നിരയിൽ നിന്ന്
വെയിൽ തിന്നുന്നില്ല…
നേടുമ്പോൾ മുതൽ
സ്വയം തീറ്റ തേടുന്ന
പറവകളാണ്
സഫല സ്വപ്നങ്ങൾ..
പമ്മിപ്പരുങ്ങി
പരിഭവിച്ച്
എന്നും –
കണ്ണു കലക്കുന്നത്,
കലമ്പിച്ചിലമ്പുന്നത്,
മലർപ്പൊടിക്കാരന്റെ
മൺകുടത്തിൽ
അടയിരിക്കുന്ന
വിരിയാമുട്ടകളാണ്…