പണ്ട് പണ്ടങ്ങെവിടെയോ…. ഈ ലോകത്തിന്റെ ഏതോ ഒരറ്റത്ത് ഒരു പാവം എലി ഒരു കിളിയെ പ്രണയിച്ചു. കിളി, അവൾ തിരിച്ചും അവനെ ഒരുപാട് സ്നേഹിച്ചു… ആകാശം ഭൂമിയെ പുണരുന്നിടത്ത് അവർ എന്നും കണ്ടുമുട്ടും.. ഇളം കാറ്റ് വീശുന്ന ആ രമ്യ ഭൂമിയിലിരുന്ന് അവർ വിശേഷങ്ങൾ പങ്കുവച്ചു.. സൂര്യാസ്തമയം വാനം ചുവപ്പിച്ചപ്പോൾ, ഏഴഴകുള്ള അവന്റെ പ്രണയത്താൽ അവളുടെ കവിളുകളും തുടുത്തു.. അവരുടെ പ്രണയം മൃദുലമായിരുന്നു.. കിളിനാദത്തെക്കാൾ മധുരമായിരുന്നു… നക്ഷത്രങ്ങൾ ഒഴിഞ്ഞ രാവുകളിലും അവരുടെ പ്രണയം മാത്രം വെള്ളിവെളിച്ചം പോലെ തിളങ്ങി..
എലി തന്റെ കൂർത്ത പല്ലുകളും, നഖങ്ങളും അവൾക്ക് വേദനിക്കാത്ത തരത്തിൽ ഒതുക്കി.. അവൻ അവളെ പുൽനിരകൾക്കിടയിലൂടെ മൗനമായും, മധുരമായും കരുതലോടെ പതുങ്ങി നടക്കാൻ പഠിപ്പിച്ചപ്പോൾ, അവൾ അവനെ മേഘങ്ങളുടെ മേളത്തിനും, കാറ്റിന്റെ താളത്തിനുമൊത്ത് നൃത്തമാടാൻ പഠിപ്പിച്ചു… അങ്ങനെ അവർ കളിച്ചും ചിരിച്ചും, നൃത്തമാടിയും, ഒളിച്ചും സ്നേഹിച്ചു. അവരിലെ ഭിന്നതകൾ എവിടയോ മായ്ഞ്ഞുപോയി…. അവൾ ആകാശത്തേയും, അവളുടെ ചിറകുകളേയും മറന്നു, ഇരുളിന്റെ ആഴങ്ങളെക്കാളും അവളുടെ കണ്ണുകളിലെ ആഴമാർന്ന പ്രണയത്തിൽ അവൻ നീന്തി… അവർ അവരുടെ സ്വർഗ്ഗം തീർത്തപ്പോൾ ഭൂമിയിലേതു പോലെ ആകാശത്തുള്ള ദോഷദർശികൾക്കും, ലോകനിന്ദകർക്കും മാത്രം ചിന്തയായി…!!!!
ആകാശത്തോളം ഉയരുന്ന കിളിയെ സ്വന്തമാക്കാൻ എലിക്കെന്തു യോഗ്യത? ശ്രേഷ്ഠതയുടേയും, കുലീനതയുടേയും വാദങ്ങൾ ഉയർന്നു. ആകാശത്തിൽ വിഹരിക്കുന്നവർക്ക് ത്യാജ്യങ്ങളിൽ ഒളിക്കുന്ന എലികളോട് എന്നില്ലാത്ത പുച്ഛം!!!!!!!! ചിറകൊടിയുമ്പോൾ വീഴുന്നത് ഭൂമിയിലേക്ക് തന്നെയെന്ന യാഥാർത്ഥ്യം ചില മനുഷ്യരെപോലെ അവരും മറന്നു കാണും, എന്തിന് കിളിക്കൂടിന്റെ വേരുകൾപോലും മണ്ണിലല്ലെ?!!!
ഈ പ്രപഞ്ചം അവർ ഇരുവരേയും കോമാളികൾ ആക്കിയപ്പോൾ, ദൈവം പോലും അവരുടെ ദുർദശ കണ്ട് ചിരിച്ചുപോയി…!!!!! അവരുടെ പ്രണയം എളുപ്പല്ലെന്നറിഞ്ഞിട്ടും അവർ പ്രണയിച്ചു.. കിളി പതിവുപോലെ ആകാശത്തേക്ക് പറന്നുയരും, പതിവുതെറ്റാതെ എലി രാത്രി സമയങ്ങളിൽ വേട്ടയാടുകയും ചെയ്തു.. എങ്കിലും വാനം ചുവക്കുമ്പോൾ, ആകാശം ഭൂമിയെ പുണരുന്നിടത്ത് അവർ എന്നും കണ്ടുമുട്ടും.. അവിടെ അതിരുകളില്ല.. പ്രപഞ്ച ന്യായങ്ങൾ മാത്രം. അവിടെ എലിയും ആകാശത്തോളം പറന്നുയരും, ചിലർ അതിനെ വിട്ടുവീഴ്ചയെന്ന് വിളിച്ചപ്പോൾ, ചിലർ അത് എലിയുടെ ഭാഗ്യമായി കണ്ടു.. ഞാൻ അതിനെ സ്നേഹമെന്നു വിളിക്കും. അവർ അവിടെ അവരുടെ വീടൊരുക്കി.. ആ വീട്ടിൽ എന്നും അവരുടെ പ്രണയം കെടാവിളക്കായി ജ്വലിച്ചു നിന്നു….
ഈ ലോകത്തിനുള്ളിൽ ഒരു ലോകമുണ്ട്, അവിടെ എല്ലാം എളുപ്പമൊന്നും അല്ലെങ്കിലും, എല്ലാം ലളിതമാണ്… അവിടെ ഭിന്നതകളോ, മനഃസാക്ഷികുത്തുകളോ ഇല്ലാതെ ജീവിക്കുന്ന ഒരു കൂട്ടം മനുഷ്യരുമുണ്ട്. അവിടെ സ്നേഹം മാത്രം…
പ്രണയിച്ചും, യുഗങ്ങളോളം കഠിണ തപം ചെയ്തും വരിച്ച ദേവീദേന്മാരെ സ്തുതിക്കുന്ന ലോകം എന്തിനാണാവോ ഭൂമിയിലെ പ്രണയത്തെ ഇത്രയങ്ങോട്ട് വെറുക്കുന്നത്?!!!!.