സി.രാധാകൃഷ്ണന്റെ നോവൽ നവകത്തിലൂടെ

cradhakrishanan

മലയാള നോവൽ സാഹിത്യത്തിൽ വേറിട്ടു നിൽക്കുന്നവയാണ് സി.രാധാകൃഷ്ണന്റെ നോവലുകൾ. നോവൽ നവകങ്ങൾ എന്നാണ് അവ അറിയപ്പെടുന്നത്. ഒരേ കഥാഗതിയുടെതുടർച്ച ഒൻപതു നോവലുകഴിലൂടെ എങ്ങനെ സാധ്യമാക്കാമെന്ന പരീക്ഷണമാണ് ഈ നോവൽ നവകത്തെ സവിശേഷമാക്കുന്നത്. മരുമക്കായം കൊടികുത്തി വാണ ഫ്യൂഡൽ കാലഘട്ടത്തിൽ വള്ളുവനാട്ടിൽ ജനിച്ച അപ്പുവിന്റെ കാലത്തിലൂടെയുള്ള യാത്രയാണ് ഈ നോവലുകളിൽ നാം വായിച്ചെടുക്കുന്നത്. എല്ലാം മായ്ക്കുന്ന കടൽ, പുഴമുതൽ പുഴവരെ, ഇവിടെഎല്ലാപേർക്കും സുഖംതന്നെ, പുള്ളിപ്പുലികളും വെള്ളി നക്ഷത്രങ്ങളും, സ്പന്ദമാപിനികളേ നന്ദി, മുൻപേ പറക്കുന്ന പക്ഷികൾ, കരൾപിളരും കാലം, വേർപാടിന്റെ വിരൽപാടുകൾ, ഇനി ഒരു നിറകൺചിരി എന്നിവയാണ് ഈ നോവൽ നവകത്തിലുള്ളത്.

മരുമക്കത്തായത്തിന്റെ നന്മകളിലാണ് നോവൽ ആരംഭിക്കുന്നത്. പിന്നീടത് കുടുംബബന്ധങ്ങളിൽ സൃഷ്ടിക്കുന്ന ജീ‍‍‌‌ർണതകളിലൂടെയാണു പുരോഗമിക്കുന്നത്. ഇത്തരം സാഹചര്യങ്ങളിൽ പശ്ചിമഘട്ടങ്ങൾ താണ്ടി അന്യമാം ലോകങ്ങളിലേക്ക് ഒരു അഭയാർഥിയെപ്പോലെ പലായനം ചെയ്യേണ്ടി വരുന്ന കേരളീയ യുവത്വത്തിന്റെ കഥയാണ് മൂന്നാം നോവൽ. മുംബൈ നഗരത്തിലെ അധോലോക സങ്കൽപത്തിന്റെ വള‍ർച്ചകളുടെ കഥയും ആനോവൽ നമുക്കു മുന്നിലവതരിപ്പിക്കുന്നു. ശാസ്ത്ര ഗവേഷണ സ്ഥാപനങ്ങളിലെ ജീ‍ർണതയുടെ നേർചിത്രമാണ് പുള്ളിപ്പുലികളും വെള്ളിനക്ഷത്രങ്ങളും നമുക്കു മുന്നിൽ അവതരിപ്പിക്കുന്നത്. അതിനു സാക്ഷിയായി അപ്പു നിൽക്കുന്നു. ഇത്തരം സാഹചര്യങ്ങൾ തീവ്ര വിപ്ലവ പ്രസഥാനത്തിന്റെ വിളനിലമായ കഥയാണ് സ്പന്ദമാപിനികളേ നന്ദി അവതരിപ്പിക്കുന്നത്.

അടിയന്തരാവസ്ഥയുടെ നിഴലിലേക്കു നീങ്ങുന്ന ഇന്ത്യൻ സമൂഹത്തിന്റെ കഥയാണ് മുൻപേ പറക്കുന്ന പക്ഷികൾ. അടിന്തരാവസ്ഥ കവർന്നെടുത്ത വ്യക്തി സ്വാതന്ത്ര്യത്തിന് ഇരയാകേണ്ടിവന്നവരെ കരൾപിഴരും കാലത്തിൽ കാണാം. അപ്പു പ്രവാസ ജീവിതം ഉപേക്ഷിച്ച് ജന്മ നാടിന്റെ തണലു തേടി തിരികെ വരുകയാണ്. ഭാരതപ്പുഴയുടെ തീരത്തെ തറവാട്ടിലേക്ക്. മരുമക്കത്തായം മക്കത്തായത്തിലേക്കു വഴിമാറിക്കഴിഞ്ഞിരുന്നു. വ്യക്തിബന്ധങ്ങളിലും കാതലായ മാറ്റമുണ്ടായി.ഓരോ വ്യക്തിയും സ്വന്തം കുടുംബത്തിന്റെ നാലതിർത്തികൾക്കുള്ളിൽ ഒതുങ്ങിത്തുടങ്ങി. അവരുടെ ചിന്തയും ആ വഴിക്കുതന്നെ അതിൽ ബന്ധങ്ങളുടെ അമൃത ധമനികൾ മുറിയുമ്പോൾ തെളിയുന്നത് വേർപാടുകളുടെ വിരൽപ്പാടുകൾ മാത്രം.

നോവൽ നവകത്തിലെ അവസാന നോവലാണ് ഇനിയൊരു നിറകൺ ചിരി. സി.രാധാകൃഷ്ണന്റെ നോവൽ രചനയിലെ ഘടനാ പരമായ (ക്രാഫ്ട്) സവിശേഷത അതിലെ പാത്ര സൃഷ്ടിയാണ്. അർജുനൻ എന്ന അജ്‍ഞാത കഥാപാത്രത്തിനെ മുൻപേ പറക്കുന്ന പക്ഷികൾ മുതൽ നമുക്കു കാണാം. ആ നോവൽ അവസാനിക്കുന്നതുവരെ അർജുനനെ നാം കാണുന്നില്ല. ഒരു ദുരൂഹ കഥാപാത്രമായി അർജുനൻ മാറി നിൽക്കുന്നു. നോവലിന്റെ അവസാനം അയാൾ രംഗത്തുവരുന്നുണ്ട്. കരൾപിളരും കാലത്തിന്റെ ഒടുവിലും അർജുനൻ പ്രത്യക്ഷപ്പെടുന്നു. അത് ആദ്യത്തയാളല്ല. മറ്റൊരു കഥാപാത്രമാണ്. ഇനിയൊരു നിറകൺ ചിരിയിൽ യഥാർഥ അർജുനൻ വരുന്നു. എഴുത്തുകാരനെ തിരഞ്ഞ് കഥാപാത്രമെത്തുന്ന പോലെ. തന്നോടൊപ്പം പത്രം ഓഫിസിൽ പണിയെടുത്തിരുന്ന സഹപ്രവർത്തകൻതന്നെയാണതെന്ന് കഥാകാരൻ തിരിച്ചറിയുന്നു. അതോടൊപ്പം ദേശീയ രാജ്യാന്തര രാഷ്ട്രീയം കടന്നു പോയ ഗൂഡാലോചനകളുടെ ചുരുളും ഇതിലൂടെ അനാവരണം ചെയ്യുന്നുണ്ട്. ഇതൊക്കെ കഴിയുമ്പോൾ നമുക്കു ചിരിക്കാനേ ആകൂ. ആചിരി നിറകണ്ണുകളോടെയാവുമെന്ന് വ്യക്തമാക്കിയാണ് നോവൽ നവകം അവസാനിക്കുന്നത്. അതെപ്പറ്റി ആഴത്തിലുള്ള ഒരു പഠനം ഡോ.എൻ ലീലാവതി നടത്തിയിട്ടുണ്ട്. അപ്പുവിന്റെ അന്വേഷണങ്ങൾ എന്ന ഈ കൃതിക്ക് വയലാർ അവാർഡ് ലഭിച്ചു. നോവൽ നവകത്തോടൊപ്പം ഈ പഠനം കൂടി വായിക്കുമ്പോഴേ വായനാനുഭവം പൂർണമാവുകയുള്ളു.

About Vasudevan

Check Also

ചുരുളൻ മുടിയുള്ള പെൺകുട്ടി

ഓണക്കോടി ഷർട്ടും പുതിയ കസവുമുണ്ടുമെടുത്ത് ഞാൻ ഇന്നൊരു കല്യാണത്തിന് പോയി. പോകുമ്പോൾ അമ്മ പറഞ്ഞു ” അഴകിയ രാവണൻ എങ്ങോട്ടാ …

2 comments

  1. ആശംസകൾ….!

  2. Excellent…..!

Leave a Reply

Your email address will not be published. Required fields are marked *