വെടിമരുന്നുകൊണ്ടൊരു വീട് വരയ്ക്കുന്നു

വെടിമരുന്ന് കൊണ്ടൊരു
വീട് വരയ്ക്കുന്നു!
കരിന്തമിഴും കരിനൊച്ചിയും
കെട്ട്പിണയുന്നു
ഓർമ്മചൊണ വീണ് പൊളളിയ
പീളകണ്ണുകൾ
ജഡക്കെട്ടിയ മുടിപ്പോളകളിൽ
ചെളിക്കെട്ടിയ വിരലിഴയുന്നു
കമ്പക്കാരൻ
തിരുമലയുടെ പെണ്ണ് മരുത്
കതിനകറുപ്പിന്റെയുടൽ പൊകച്ചിൽ
തലപൊട്ടിയ ബീഡിതുണ്ടിലേക്ക് പകർന്നു

ചോപ്പ, പച്ച,മഞ്ഞ
മാനത്ത് നിന്ന്
നക്ഷത്രക്കല്ലുകളൂർന്ന് വീണു
ചെവിട് പൊത്തിയിട്ടും
നെഞ്ചിൻകൂട് കുലുങ്ങി
ഭൂമിക്കുഴിയിൽ നിന്ന് ഗർഭം കലക്കി
പൂക്കുറ്റി, ഓല,നിലംമുഴുക്കി, ഗുണ്ട്
നിറവും ഒച്ചയും
കണ്ണും കരളും നിറച്ചുൻമാദങ്ങൾ

പൂരക്കെട്ടൂകൾക്കിടയിലൂടെ
മുടികൂർമ്പൻക്കെട്ടി
വെടിവിരലുകോറിയ ഒറ്റമല്ലുടുത്ത്
ചൂട്ടുത്തുമ്പാൽ വായുവിൽ
തീവളയംക്കെട്ടി
അതിസാഹസികതയുടെ
ആൾരൂപമായി തിരുമല
മേഞ്ഞ് നടന്നു

തെക്കന്ന് വടക്കന്ന് കിഴക്കന്ന്
പാടംകേറിയും മലകേറിയും
ആളുകൾ
വന്നുക്കൊണ്ടേയിരുന്നു
തിരുമലയില്ലാത്ത പൂരത്തിനെന്തന്താസാടോ
ഒരുപറനെല്ല്
പത്ത് തേങ്ങ
മൂന്ന് രൂപ
നാഴി എണ്ണ
മല്ലുമുണ്ട്
പ്രതിഫലമൊരുപ്രതിഭയ്ക്ക്
അന്നും പ്രശ്നല്ലയിന്നുയെന്നൊരു
ചൊല്ലുണ്ടത്രെ

മരുതയ്ക്കൊരു മുത്തമിട്ട്
മുറ്റത്തെ കരിംങ്കല്ല് തൊട്ട്
തുണിസഞ്ചിയും തൂക്കി
തിരുമല എരിഞ്ഞൊഴുകിക്കൊണ്ടിരുന്നു

ഒന്നിടവിട്ട
മഴക്കാലങ്ങളിൽ
പേറ്റിനൂളള മരുന്നുക്കെട്ടി
അലമേലു വന്നുക്കൊണ്ടിരുന്നു
മരുതേ
വെടിമരുന്നിന്റെ മണല്ല്യാത്തവീട്
ഇമ്മടെ ഉണ്ണ്യോള്
ഉരുകിപൊട്ടാത്ത ജീവിതങ്ങള്
കരിഞ്ഞ് വീഴണ
പടക്കചിറക് പോലല്ലാത്ത കുപ്പായങ്ങള്
ഒറ്റകുത്തിന് പൊട്ടാത്ത കിനാവുകള്
ഒറ്റഒച്ചയും തിരിച്ചറിയാണ്ടവണ
കരിമ്പൻക്കെട്ടിയ പണിനിർത്തണം

അമ്പലങ്ങളെല്ലാം
പുതുക്കി പണിതു
പാടവരമ്പൊക്കെ ടാറിംഗ് റോഡായി
പൂരപറമ്പുകളിൽ പുതിയ നിറങ്ങളുണ്ടായി
ദൈവങ്ങളുടെ പുതു അവതാരങ്ങളുണ്ടായി
മടിശീലകൾ നിറഞ്ഞു പൊട്ടാറായി
മൂത്തോൻ
മുരുകന്റെ പെലകുളിയാണ്
മുറ്റത്തെ ഓലവല്ലം ബലിക്കല്ലാണ്
രണ്ടാമത്തോൻ ശരവണൻ
കമ്പക്കെട്ടിന് പോയി
മറ്റന്നാൾ പൂരാണ്

ചെറുപുഴ പൂരത്തിന്
പൊട്ടിത്തെറിച്ച കമ്പപുരയ്ക്കൊപ്പം
മാനത്ത് മിന്നീത്
തിരുമലയുടെ
മാംസചീളുകളായിരുന്നു

വല്ലംതിട്ട വേലയ്ക്ക്
മൂത്തമോൻ പൊട്ടിത്തെറിച്ചു

ആർക്കും
മനസിലാവാത്ത ചിലജീവിതങ്ങളുണ്ട്
മരുതൈ
പടക്കംപൊട്ടണപോലെ കാർക്കിച്ചു
തുപ്പി
മുരുകന്റെ പെണ്ണ് കണ്ണമ്മ
ഒരാൺകുട്ടിക്ക്
മുലകൊടുത്ത് കരഞ്ഞോണ്ടിരുന്നു

വെടിമരുന്നുകൊണ്ട്
ഒരു
വീട് വരയ്ക്കുമ്പോൾ

Check Also

ഉണ്ണിക്കുട്ടൻ

അടുക്കള വാതിക്കൽ വന്ന് നിന്ന് ഉണ്ണിക്കുട്ടൻ പറഞ്ഞു ;  ” തിന്നാൻ താ അമ്മേ .. വിശക്കുന്നു.” മുറ്റത്ത് വീണുകിടന്നിരുന്ന മാവിലകളിൽ നല്ലത് നോക്കി ഒരെണ്ണമെടുത്ത് പല്ലു തേച്ചയുടനെ പതിവിനുവിപരീതമായി വിശപ്പിന്റെ വിളി വന്നു ഉണ്ണിക്കുട്ടന്. അല്ലായിരുന്നെങ്കിൽ തൊടിയിലൊക്കെ ഇറങ്ങി നടക്കുന്നഉണ്ണിക്കുട്ടനെ, അമ്മ മൂന്നാല് വിളി വിളിയ്ക്കണം പ്രാതല് കഴിയ്ക്കാൻ.  അമ്മ ആവി പറക്കുന്ന ഇഡ്‌ലി , അതിന്റെ ചെമ്പിൽ നിന്നും തട്ടോടു കൂടി പുറത്തേയ്‌ക്കെടുത്തു. അതും നോക്കിതാടിയ്ക്ക് കയ്യും കൊടുത്ത് ചുളിഞ്ഞ മുഖവുമായി ഉണ്ണിക്കുട്ടൻ കൊരണ്ടിയിൽ ഇരുന്നു. ചെക്കന് ക്ഷമകെട്ടിരിയ്ക്കുന്നു. അമ്മ ഉണ്ണിക്കുട്ടന് നേരെ അവന്റെ വട്ടപ്പാത്രം നീട്ടി. അത്‌ ഉണ്ണിക്കുട്ടന്റെ മാത്രം പാത്രമാണ്. അതിലല്ലാതെ ആഹാരം കഴിച്ചതായി ഉണ്ണിക്കുട്ടന് ഓർമയില്ല. പാത്രം മടിയിലേക്ക് സൂക്ഷിച്ച് വച്ച് ഉണ്ണിക്കുട്ടൻഅതിലേക്ക് നോക്കി. ആവി പറത്തിക്കൊണ്ട് , വെളുത്ത് സുന്ദരന്മാരായ മൂന്ന് ഇഡ്‌ലിക്കുട്ടന്മാർ.  അരികിൽ ഒരുചെറിയ പഞ്ചസാരക്കുന്ന്. ചുറ്റും ചിതറിക്കിടക്കുന്ന പഞ്ചാസാരത്തരികളിൽ ചൂണ്ടുവിരൽക്കൊണ്ട് തൊട്ട്ഉണ്ണിക്കുട്ടൻ വായിലേക്ക് വച്ചു. വിശപ്പിന് ഒരു ആശ്വാസം എന്ന കണക്ക്. ചൂട് മുഴുവൻ ആറുന്നത് വരെ  കാത്തിരിയ്ക്കാൻ ഉണ്ണിക്കുട്ടന് ക്ഷമയില്ലായിരുന്നു. മെല്ലെ ഊതി ചെറിയ ചെറിയ കഷണങ്ങളാക്കിപഞ്ചസാരയിൽ തൊട്ട് ഉണ്ണിക്കുട്ടൻ കഴിപ്പ് തുടങ്ങി. രണ്ടെണ്ണം തീർന്ന് മൂന്നാമത്തേതിൽ കൈ വയ്ക്കുമ്പോൾഉണ്ണിക്കുട്ടൻ വിറക് കത്തിച്ച് അടുപ്പിലേക്ക് വെള്ളം നിറച്ച കലം വയ്ക്കുന്ന അമ്മയെ ഒന്ന് നോക്കി.  ഒന്നുകൂടെ കിട്ടിയിരുന്നെങ്കിൽ എന്നൊരു ആഗ്രഹം. ആഗ്രഹം കൊണ്ട് മാത്രമല്ല ഉണ്ണിക്കുട്ടന് വിശപ്പ്അടങ്ങിയിരുന്നില്ല. അവന്റെ മനസ്സ് അറിഞ്ഞെന്ന വണ്ണം അമ്മ ചോദിച്ചു; ” ഒരെണ്ണം കൂടെ തരട്ടെ ഉണ്ണീ..” വയറും മനസ്സും വേണം എന്ന് പറയുന്നുണ്ടെങ്കിലും ഉണ്ണി പക്ഷെ പറഞ്ഞു ; ” വേണ്ടാമ്മേ .. വയറ് നിറഞ്ഞു..” വിദഗ്ദ്ധമായി മറച്ചുപിടിച്ച ഒരു ആശ്വാസം അമ്മയിൽ വിടരുമെന്ന് ഉണ്ണിയ്ക്ക് ഉറപ്പുണ്ടായിരുന്നു. അമ്മയ്ക്ക് നേരെപാത്രം നീട്ടി പകരം അമ്മ നൽകിയ കട്ടൻകാപ്പിയുമായി ഉണ്ണി അടുക്കളമുറ്റത്തേയ്ക്ക് ഇറങ്ങി. അവിടെ ഒരുചെറിയ പാറക്കല്ലിന് മുകളിലായി അവൻ ഇരുന്നു. കുഞ്ഞ്  കിളികൾക്കും മറ്റുമായി ഒരു ചെറിയ പാത്രത്തിൽ അമ്മഅരിയിട്ട് വച്ചിരിയ്ക്കുന്നു. അത്‌ കൊത്തിപ്പെറുക്കാൻ എന്ന വണ്ണം കുറേ കരിയിലക്കിളികൾ കലപില ശബ്ദംഉണ്ടാക്കി അവിടെ ചുറ്റിനടപ്പുണ്ട്. അവയെ നോക്കി കാപ്പിയും കുടിച്ചിറക്കുമ്പോൾ ഉണ്ണിക്കുട്ടന്റെ മുഖത്തൊരുകുസൃതിച്ചിരി.  ഉണ്ണിക്കുട്ടനറിയാം.. ഇനി ആ പാത്രത്തിൽ ബാക്കിയുള്ളത്.. അത് അമ്മയുടെ പങ്കാണ്. കൂടിവന്നാൽരണ്ടെണ്ണമുണ്ടാകും. തന്റെ വയറ് നിറഞ്ഞോ എന്ന ഉത്ക്കണ്ഠ അമ്മയ്ക്കുണ്ട്. ഒന്നുകൂടെ വേണം എന്ന്പറഞ്ഞിരുന്നെങ്കിൽ അമ്മ തരാതിരിയ്ക്കില്ല. പക്ഷെ അമ്മ പട്ടിണിയാകും. ഉണ്ണിക്കുട്ടന്റെ കണ്ണുകളിൽ ഒരുനീർത്തിളക്കം. അത്  മായിച്ചുകൊണ്ട് ഉണ്ണിക്കുട്ടൻ അടുക്കള വാതുക്കൽ ചെന്ന് ഒന്ന് എത്തിനോക്കി. അടുപ്പിലെ തീ അണയുന്നുണ്ടോഎന്ന് നോക്കി ഒരു ആകുലതയോടെ കയ്യിലിരിയ്ക്കുന്ന ഇഡ്‌ലി നുള്ളിക്കഴിയ്ക്കുന്ന അമ്മ.  ഉണ്ണിക്കുട്ടന് വയറ് നിറഞ്ഞ സംതൃപ്തി.

Leave a Reply

Your email address will not be published. Required fields are marked *