അമ്മ എന്തിനാണ് പുരാവസ്തുവിനെ ഇപ്പോഴും താലോലിച്ചുക്കൊണ്ടിരിക്കുന്നത്. കാലമൊക്കെ മാറിയില്ലേ. കൌമാരക്കാരനായ മകൻ എന്നും ഉരുവിടാറുള്ള പല്ലവിയാണ്. ആണ്ട്രോയിടിന്റെ മാറിമാറി വരുന്ന മോഡലുകളിൽ അഭിരമിക്കുന്ന അവനു നമ്പർ ഡയൽ ചെയ്തു വിളിക്കാവുന്ന ഈ ഫോണിനോട് പുച്ഛം തോന്നുന്നതിൽ അതിശയമൊന്നുമില്ല. കാലത്തിനു ചേരുന്ന പുഞ്ചിരിയും ഗൗരവവും തരാതരം പോലെ വിരിയുന്ന ആ മുഖത്തെ ഓമനത്തിനു കുറവുവന്നിട്ടുണ്ടോയെന്നു ആ ചോദ്യം കേൾക്കുമ്പോൾ തോന്നാറുമുണ്ട്.
“അമ്മേ സെന്റിമെൻസിലൊന്നും വലിയ കാര്യമില്ലെന്ന്” അവൻ ഇടയ്ക്കിടെ ഇടയ്ക്കിടെ പറയാറുണ്ട്. അതു കേൾക്കുമ്പോഴൊക്കെ അവന് നിരന്തരമായി വാട്ട്സ്ആപ്പ് സന്ദേശങ്ങളയക്കുന്ന കുട്ടിയുടെ ഭാവിയെപ്പറ്റി എനിക്ക് ആശങ്ക തോന്നാറുണ്ട്. ഇനി അവൾക്കും ഇതേ മനോഭാവംതന്നെയായിരിക്കുമോ? മൊബൈൽ ഫോണിൽ പല പെണ്‍ക്കുട്ടികളുടെയും എസ് എം എസ് കണ്ടിട്ടുണ്ട്. ഇക്കിളിപ്പെടുത്തുന്ന സന്ദേശങ്ങൾ ഒരു ചെറു ചെറുപ്പക്കാരനയക്കുന്നതിൽ അവർക്കും ഉളുപ്പൊന്നും തോന്നാറില്ലേ? അവന് ഇതൊന്നും സ്വകാര്യ രഹസ്യങ്ങളുമല്ല. ആർക്കും പരിശോധിക്കാൻ പാകത്തിന് മൊബൈൽ ഫോണ്‍ പരസ്യമായി വെച്ചിട്ടാണ് നടപ്പ്.
ഒരുപക്ഷെ പ്രശ്നം എന്റെതന്നെയാകണം. ഇതൊന്നും മനസിലാക്കാനുള്ള മാനസികവളർച്ചയുണ്ടാകേണ്ട പ്രായമൊക്കെയായില്ലെ? എന്നാലും ഈ ഫോണിനെ അവൻ കുറ്റം പറയുമ്പോൾ എനിക്ക് വല്ലാതെ നോവും. എന്നുമുതലാണ് എനിക്ക് ഈ ഫോണിനോട് സവിശേഷമായ അടുപ്പം തോന്നിത്തുടങ്ങിയത്. വർഷങ്ങൾക്കു പിന്നിലത്തെ കഥയാണത്. ഉന്നത ഉദ്യോഗസ്ഥർക്ക് മാത്രം ഉപയോഗിക്കാവുന്ന ഫോണായിരുന്നു ഇത്. എക്സ്റ്റൻഷൻ പോലെ എന്തൊക്കെയോ പ്രത്യേക സംവിധാനങ്ങൾ അതിനുണ്ടായിരുന്നു.എക്സ്ചേഞ്ചുമായി ബന്ധപ്പെടാതെ പുറത്തേക്കും അകത്തേക്കുമൊക്കെ വിളിക്കാമെന്നതായിരുന്നു മറ്റൊരു നേട്ടം. ടെട്ടോൾ ഉപയോഗിച്ച് ഈ ഫോണ്‍ തുടയ്കുകയെന്നത് ക്ലീനിംഗ് വിഭാഗക്കാരുടെ രാവിലത്തെ ഉത്തരവാദിത്ത്വങ്ങളിൽ ഒന്നായിരുന്നു. എങ്കിലും എന്റെ ചീഫിനു ഓഫീസിലെത്തിയാലുടാൻ മൃദുലമായ ഒരുതുണികൊണ്ട് സ്വന്തം നിലയിൽ ഒന്നുകൂടെ തുടച്ചു വെടിപ്പാക്കണം. അതിൽ അദ്ദേഹം അഭിരമിക്കുന്നത് രാവിലത്തെ പ്രധാന കാഴ്ചകളിൽ ഒന്നായിരുന്നു.എന്തോ മഹാകാര്യം പോലെയാണത്. ഈ ഫോണിന്റെ പേരില് പലപ്പോഴും ശീത സമരങ്ങളുമുണ്ടായിട്ടുണ്ട്. ചീഫിന്റെ റാങ്കിലുള്ള ഒരാൾ ചാർജ് എടുത്തപ്പോൾ അദ്ദേഹത്തിനും ഈ ഫോണ്‍ തന്നെ വേണം. ഒടുവിൽ ഇതുപോലത്തെ മറ്റൊന്ന് കൊടുത്താണ് അദ്ധേഹത്തെ തൃപ്തിപ്പെടുത്തിയത്. നീല കളർ ഉള്ള എക്സ്റ്റെൻഷൻ. പക്ഷെ അദ്ദേഹം അതിനെ ലാളിക്കുന്നതൊന്നും കണ്ടിട്ടില്ല.വൈകിട്ടോടെ ചീഫ് പോകും. ഫോണിനെ ഒന്നുകൂടെ കയ്യിലെടുത്തു ലാളിച്ച ശേഷമായിരിക്കും മടക്കം. അവിടെ വരുന്ന സന്ദർശകരെ തന്റെ പത്രാസ് കാണിച്ചുകൊടുക്കുക എന്ന ലക്ഷ്യവും അതിലുണ്ടായിരുന്നു. അദ്ദേഹം പോയിക്കഴിഞ്ഞാൽ അതിന്റെ ഏക അവകാശി ഞാനായിരുന്നു. സഹപ്രവർത്തകർ അംഗീകരിച്ച ഒരു പൊതു തത്വമായിരുന്നു അത്. എന്റെ സീനിയോറിറ്റി കാരണമൊന്നുമല്ല . ഞാൻ അവിടത്തെ ഏറ്റവും ജൂനിയറുമായിരുന്നു.
വൈകിട്ട് ഏഴിനും എഴരക്കുമിടക്ക് ഡയൽ ഫോണിൽ മണിയടിക്കും.എന്റെ മേശയിൽ സ്വന്തമായി മറ്റൊരു ഫോണ്‍ ഉള്ളതിനാൽ ഞാൻ അത് കേട്ടതായിഭാവിക്കുകയുമില്ല. ഒരു ഫോണ്‍ ഉണ്ടെന്നു സഹപ്രവർത്തകർ ആദ്യമായി പറയുമ്പോൾ ഗൗരവം വിടാതെയാണ് ഞാൻ ആ ഫോണെടുത്തിരുന്നത്. പക്ഷെ എന്റെ മുഖത്ത് വരുന്ന ഭാവങ്ങൾ കണ്ടിട്ടായിരിക്കണം ആ സമയത്ത് വരുന്ന ഫോണ്‍ പിന്നീട് ആരും എടുക്കാതെയായത്. ഞാൻ അത് എടുക്കുമ്പോൾ കൂട്ടച്ചിരി ഉയരുകയും ചെയ്യും. ഒരിക്കൽ ഫോണടിക്കുമ്പോൾ ഒരു സഹപ്രവർത്തകൻ തമാശയായി വിളിച്ചു പറഞ്ഞു, “അതൊന്നു എടുക്കുന്നുണ്ടോ? ”
ഏതോ ഒരു പൊതു വേദിയിൽ വെച്ചുള്ള പരിചയം ഫോണ്‍ വിളിയിലേക്ക് നീങ്ങിയ കാലമായിരുന്നു അത്.
ഇങ്ങോട്ട് വന്നു പരിചയപ്പെട്ടതാണ്. പിന്നെയും വല്ലപ്പോഴുമൊക്കെ കാണും. ഒരു പുഞ്ചിരിയിലോ ചെറിയ കുശല പ്രശ്നങ്ങളിലോ ആ പരിചയം പരിമിതപ്പെട്ടിരുന്നു. ഒരു ദിവസം ഞാൻ എന്തോ ഒരു ആവശ്യത്തിനു അങ്ങോട്ട് വിളിക്കുകയായിരുന്നു. വളരെ ഗൗരവത്തിലാണ് അന്നെന്നെ കൈകാര്യം ചെയ്തത്. എനിക്ക് ചെറിയ ദേഷ്യം തോന്നാതിരുന്നുമില്ല. എങ്കിലും വളരെ പെട്ടെന്നുതന്നെ ഞാൻ ആവശ്യപ്പെട്ട കാര്യം സാധിച്ചു തന്നു. അക്കാര്യം ഫോണിൽ വിളിച്ചു അറിയിക്കുകയും ചെയ്തു. പിന്നീടു എപ്പോഴോ ഒക്കെ എന്നെ ഇങ്ങോട്ട് വിളിക്കുമായിരുന്നു. പ്രത്യേകിച്ചു ആവശ്യം ഒന്നുമില്ലെങ്കിലും എന്തെങ്കിലും ആവശ്യമുണ്ടാക്കി ഗൗരവം ചോരാതെ സംസാരിച്ചു ഫോണ്‍ വെയ്ക്കുന്നതായിരുന്നു പതിവ്. പിന്നീടെപ്പോഴോ വിളി പതിവായി. നമ്മുടെ എത്രയെത്ര പരിഭാവങ്ങൾക്കും പിണക്കങ്ങൾക്കും ഇണക്കത്തിനും ആ ഫോണ്‍ ഇടനിലക്കാരനായിട്ടുണ്ട്.
ഫോണിനു എന്തെങ്കിലും കേടുപാട് പറ്റിയാൽ എനിക്കാണ് അസ്വസ്ഥത. ബിഎസ്എന്എലിലെ ഒരു ജീവനക്കാരാൻ കൃത്യമായി എത്തി അതിന്റെ അറ്റകുറ്റപ്പണികൾ ചെയ്യുമായിരുന്നു. അയാളെങ്ങാനും എത്താൻ വൈകിയാൽ സഹപ്രവർത്തകർ കളിയാക്കിപ്പറയും, ‘ഇനി മനുഷ്യന് ചെവിതല കേൾക്കാൻ പറ്റില്ല’. അത് ശരിയുമായിരുന്നു. അയാൾക്ക് മാത്രമേ അതിന്റെ സാങ്കേതികത അറിയുമായിരുന്നുള്ളൂ. പക്ഷേ കാലം ചെല്ലുംതോറും അതിന്റെ തകരാറുകൾ കൂടിവന്നു. അപ്പോഴേക്കും ലാൻഡ് ഫോണ്‍ മൊബൈലിനു വഴിമാറിത്തുടങ്ങിയിരുന്നു. കൂടുതൽ ഭംഗിയുള്ള പുതുതലമുറ ഫോണുകൾ പ്രചാരത്തിലാവുകയും ചെയ്തു. ചീഫ് ഇത് ഉപേക്ഷിച്ചു പുതിയൊരു ഫോണിനു പുറകെ കൂടി. എക്സ്റ്റൻഷൻ ഫോണിന്റെ സ്ഥാനത്തും പുതിയ ഒന്നു വന്നു. എന്റെ ആവശ്യം മാനിച്ച് ചീഫ് തനിക്കു വേണ്ടാതായ ഡയൽ ഫോണ്‍ എന്റെ മേശപ്പുറത്തു വെയ്പ്പിച്ചു. ജൂനിയറായ ആൾക്ക് ഈ പഴയ ഫോണ്‍ തന്നെ ധാരാളമെന്നു അദ്ദേഹം ചിന്തിച്ചിരിക്കണം. പക്ഷെ അതിന്റെ തകരാറുകൾ പതിവായിരുന്നു. ക്ഷമ കൈവിടാതെ അത് ശരിയാക്കാനെത്തിയിരുന്ന ബിഎസ്എൻഎൽ ജീവനക്കാരനും സഹികെട്ടു. ഒരു ദിവസം അദ്ദേഹം പറഞ്ഞു, ‘ഇനി ഞാൻ വിചാരിച്ചാൽ ഇത് ശരിയാവില്ല. മാത്രമല്ല ഈ മാസം ഞാൻ സർവീസിൽ നിന്നും പിരിയുകയുമാണ്’.
അപ്പോഴേക്കും നമ്മുടെ സല്ലാപങ്ങളും മൊബൈൽ ഫോണിലേക്കും എസ് എം എസിലേക്കും ചുവടുമാറിക്കഴിഞ്ഞിരുന്നു. എങ്കിലും പ്രണയം ചാലിച്ച മൊബൈൽ സന്ദേശങ്ങളേക്കാൾ എനിക്ക് പ്രിയപ്പെട്ടത് ഈ ഫോണിൽനിന്നുതിരുന്ന മണിമുഴക്കമായിരുന്നു. ഈ പുരാവസ്തുവിനെ ആർക്കും വേണ്ടാതായപ്പോഴാണ് ഞാൻ വീട്ടിലേക്കു കൊണ്ടുപോന്നത്. ഇത് ഇന്നു നിശബ്ദമാണ്. അധികാര ചിഹ്നമായിരുന്ന സ്മരണകളുടെ ഭാരം ഇറക്കിവെച്ച് ഇവിടെ എന്റെ സ്വീകരണമുറിയിലെ മേശയിൽ പരിഹാസങ്ങൾ സഹിച്ചു വിശ്രമിക്കുന്നു. എന്റെ ആദ്യാനുരാഗത്തിന്റെ സ്മാരകമായി.