അച്ഛൻ അമ്മ കൂടപ്പിറപ്പുകൾ ഇങ്ങനെ എല്ലാവരും ഉണ്ടായിട്ടും അനാഥരെന്ന് സ്വയം വിശ്വസിക്കുന്ന ചിലരെങ്കിലും ഉണ്ടായിരിക്കും നമ്മുടെയൊക്കെ ഇടയിൽ.
മധു.. അതാണെന്റെ പേര്. എന്റെ ബാല്യത്തിലെ ഓർമ്മകളെ കുറിച്ച് ചോദിച്ചാൽ എന്റെ മനസ്സിൽ ആദ്യം ഓടി എത്തുന്നത് സാരി ചുറ്റി, കറുപ്പും വെളുപ്പു നിറവും കലർന്ന പേഴ്സുമായി ഹവായി ചെരുപ്പുമിട്ട് എങ്ങോട്ടോ പോകുന്ന അമ്മയുടേയും, സദാ സമയം തിരക്കിലായിരുന്ന, മൗനിയായ അച്ഛന്റേയും രൂപമാണ്. ഇവർക്ക് രണ്ട് പേർക്കും പരസ്പരം കലഹിക്കാൻ മാത്രമേ സമയമുണ്ടായിരുന്നുള്ളു… അമ്മയ്ക്ക് വീട്ടുജോലികളോടും, പാചകത്തിനോടുമൊക്കെ കലിയായിരുന്നു. അപ്പോൾ പിന്നെ സഹജമായും ഞങ്ങൾ അഞ്ച് കുട്ടികൾ അമ്മയ്ക്ക് ബാധ്യത തന്നെയാവണമല്ലോ…!!
അഞ്ചുപേരിൽ ഇളയവരായ ഞാനും എന്റെ അനുജത്തിയും പലപ്പോഴും അമ്മയുടെ സ്വാതന്ത്ര്യത്തിന് വിലങ്ങായി മാറിയിട്ടുണ്ട്.. മൂത്തവർ മൂന്ന് പേരും പഠിത്തമൊക്കെ ഉപേക്ഷിച്ച്, നാടൻ പണിയും, അല്ലറചില്ലറ രാഷ്ട്രീയവും, സുഹൃത്തുക്കളും മദ്യപാനവുമൊക്കെയായി മൂന്നും മൂന്ന് ദിക്കിലായപ്പോൾ അവശേഷിച്ചത് ഞങ്ങൾ ഇളയവർ 2 പേർ മാത്രം.. എന്റെ ഭക്ഷണത്തിനോടുള്ള കൊതിയും, അവളുടെ പിടിവാശിയുമൊക്കെയായിരിക്കും അമ്മയെ ഞങ്ങൾ രണ്ടുപേരെയും തറവാട്ടിലേക്കയക്കാൻ പ്രേരിപ്പിച്ചത്.. ഇല്ലായ്മയും വല്ലായ്മയും അതും ചിലപ്പോൾ ഒരു കാരണമായേക്കാം..
ചെറിയമ്മയുടെ കയ്യുംപിടിച്ച് അന്നു ഞങ്ങൾ രണ്ടുപേരും വീട്ടിൽ നിന്ന് കണ്ണീരോടെ പടിയിറങ്ങിയതും, ഞങ്ങൾ ഇറങ്ങും നേരം നിർവികാരതയിൽ മുറ്റമടിക്കാൻ ചൂലുമായി നിൽക്കുന്ന അമ്മയുടെ മുഖവും, ഇതൊക്കെ ഇന്നലെ എന്നത് പോലെ ഇന്നും എന്റെ മനസ്സിൽ തെളിയുന്നുണ്ട്. വെറും എട്ട് വയസ്സ് പ്രായമുള്ള ഞാനും ആറ് വയസ്സ് പ്രായമെത്തിയ അവളും തറവാട്ടിലെ നെല്ലിക്ക കൂട്ട കമഴ്ത്തിയതു പോലെ കുറെ ആളുകൾക്കിടയിൽ ഞങ്ങളും… അമ്മാവന്മാരും, അമ്മായിമാരും, അവരുടെ കുറെ മക്കളും, ചെറിയമ്മയും, അമ്മൂമ്മയും ഞങ്ങളും അങ്ങനെ രണ്ട് ഡസൻ ആളുകളും മുറ്റത്ത നിറയെ അങ്ങോളം ഇങ്ങോളം ഓടി നടക്കുന്ന കോഴിയും കുഞ്ഞുങ്ങളും, ആട്ടിൻകുട്ടികളും… ഇതുവരെ ഒറ്റപ്പെടു ജീവിച്ചരുന്ന എനിക്ക് ഇതൊക്കെ ആദ്യം വിചിത്രമായി തോന്നിയിരുന്നു.
ഞങ്ങളുടെ ഒരു കുഞ്ഞു തെറ്റിന് പോലും അട്ടഹസിച്ച അമ്മായിമാർ, വീട്ടിലുള്ളവർക്ക് വേണ്ടാത്തവർ എന്ന അവരുടെ അസ്ഥാനത്തുള്ള കുത്തുവാക്കുകളും, ഇതിനൊക്കെ ഞങ്ങൾ വെറും നോക്കുകുത്തികൾ മാത്രമായിരുന്നു…. ഞങ്ങൾക്ക് വേണ്ടി വാദിക്കാൻ അവിടെ അഭിഭാഷകർ ഉണ്ടായിരുന്നില്ല. അപ്പോഴോക്കെ ഞങ്ങളെ വീടുകടത്തിയ അമ്മയോട് വല്ലാത്ത വെറുപ്പും സങ്കടവും തോന്നും. എല്ലാവരും ഉണ്ടായിട്ടും ആരുമില്ലാത്തവരെ പോലെ അവിടെ എട്ട് വർഷത്തോളം ജീവിച്ചു. ഈ 8 വർഷങ്ങൾക്കിടയിൽ അമ്മയും അച്ഛനും ഞങ്ങൾക്ക് ഇടയ്ക്ക് വന്നു പോകുന്ന സന്ദർശകർ മാത്രമായി മാറി.. നീണ്ട 8 വർഷങ്ങൾക്ക് ശേഷം ഞങ്ങളെ തിരിച്ച് വീട്ടിലേക്ക് വിളിച്ചത് ഏറെ സാന്ത്വനവും സന്തോഷവുമേകിയെങ്കിലും ആ സന്തോഷത്തിന് ആയുസ്സ് വളരെ കുറവായിരുന്നു..
വീട്ടുജോലികൾക്ക് വേണ്ടി അവളും, അച്ഛനെ സഹായിക്കാൻ വേണ്ടി ഞാനും, ഇതായിരുന്നു ഞങ്ങളെ തിരികെ വിളിച്ചതിന്റെ പന്നിലുള്ള ഉദ്ദേശം. ആ നിമിഷം സത്യത്തിൽ വീട്ടിനേക്കാളും അടുപ്പം തോന്നിയത് തറവാട്ടിനോട് തന്നെയാണ്. പഠിക്കാൻ വലിയ മിടുക്കൊന്നും ഇല്ലാത്തതിനാൽ പത്തിൽവെച്ച് ഞാൻ എന്റെ പടിപ്പ് നിർത്തി.പിന്നെ കുറെ ജോലികൾ മാറി മാറി ചെയ്തെങ്കിലും ഒന്നിലും ഉറച്ചു നിൽക്കാൻ കഴിഞ്ഞില്ല, 3-4 വർഷങ്ങൾ എങ്ങനെയോ കഴിഞ്ഞുപോയി..അതിനിടയിൽ അനുജത്തിയുടെ വിവാഹവും കഴിഞ്ഞു.. അവളുടെ ഇഷ്ടമോ ഇഷ്ടക്കേടോ ഒന്നും നോക്കാതെ തന്നെ..
ഇത്രയും കാലത്തിനിടയ്ക്ക് സത്യത്തിൽ സ്നേഹമെന്തെന്ന് ഞങ്ങൾ അറിഞ്ഞിട്ടുപോലുമില്ല, ആരിൽ നിന്നും സ്നേഹം കിട്ടിയിട്ടില്ല എന്നു തന്നെ വേണം പറയാൻ. വീട്ടിൽ എന്നും അമ്മയുടേതായിരുന്നു അവസാന വാക്ക്, അച്ഛനെ എന്നും ഒരു മൗനിയായാണ് ഞാൻ ഓർമ്മ വച്ച നാൾ മുതൽ കണ്ടിട്ടുള്ളത്. അനിയത്തിയും വീട്ടിൽ നിന്ന് പോയപ്പോൾ വീട് എന്നത് എനിക്ക് വെറും വീർപ്പമുട്ടലായി മാത്രം തോന്നി തുടങ്ങി. എന്റെ ഏകാന്തത പതിന്മടങ്ങായി ഇരട്ടിച്ചു. ആത്മഹത്യയെ കുറിച്ച് പോലും ചിന്തിച്ചുപോയ നിമിഷങ്ങൾ ഏറെയുണ്ടാകും.
അവസാനം നാടു വിടാൻ തന്നെ തീരുമാനിച്ചു. മനസ്സിന്റെ അഗാധതയിൽ നിന്ന് രൂപമെടുത്ത പഴയ നിരാശയുടെ അനുഭവങ്ങളായിരിക്കും എന്റെ അനുജത്തിയുടെ ദാമ്പത്യത്തേയും അത് നിശ്ശബ്ദമായി തകർത്തുകൊണ്ടേയിരുന്നു. എന്റെ 3 ചേട്ടന്മാർ, അവർ സത്യത്തിൽ എനിക്ക് ഇന്നും വെറും പരിചയക്കാർ മാത്രമാണ്. ഓണത്തിനും വിഷുവിനും തമ്മിൽ കാണുന്ന പരിചയമേ ഞങ്ങൾ തമ്മിലുള്ളു.
ചെറുപ്പം മുതലെ സ്നേഹമെന്നത് അസ്ഥിരതകൾ നിറഞ്ഞൊരു ഭാവമായാണ് എനിക്ക് തോന്നിയിട്ടുള്ളത്. ജീവിതത്തിന് അടിത്തറയാകേണ്ട ബന്ധങ്ങളും, ഓർമ്മകളും എന്നിൽ മാത്രം അസ്ഥിരതയാണ് സൃഷ്ടിച്ചിട്ടുള്ളത്. എന്റെ വിവാഹ ജീവിതം, അതെന്നെ വേദനിപ്പച്ചതിലും കൂടുതൽ എന്റെ ഭാര്യയെയാണ് പ്രതികൂലമായി ബാധിച്ചിട്ടുണ്ടാവുക. അവളുടെ മുഖത്തെ ചെറിയൊരു വാട്ടം പോലും, അവൾക്ക് എന്നോടുള്ള സ്നേഹം നഷ്ടപ്പെട്ടോ എന്ന ആശങ്ക എന്നെ പലപ്പോഴും ഭീതിയിലാക്കിയിട്ടുണ്ട്.
എന്റെ തെറ്റുകളിൽ അവൾ പ്രതിരോധിക്കുന്നതിന് മുൻപ് തന്നെ ഞാൻ വീട്ടിൽ അങ്കക്കളമൊരുക്കി അവളെ മൗനിയാക്കും. വീട്ടിൽ അമ്മയുടെ ആധിപത്യവും അച്ഛന്റെ മൗനവും ചിലപ്പോൾ എന്റെ ഉള്ളിന്റെ ഉള്ളിൽ ഞാനൊരു സ്ത്രീ വിദ്വേഷിയായി മാറിയിട്ടുണ്ടാവും. ഭാര്യയുടെ മേൽ ഭർത്താവ് ആദ്യ നാൾ മുതൽക്കേ ആധിപത്യം സ്ഥാപിച്ചില്ലെങ്കിൽ, അവളെ പൂർണമായും നിയന്ത്രിച്ചില്ലെങ്കിൽ പിന്നീട് ജീവിതകാലം മുഴുവനും പുരുഷൻ അവളുടെ അടിമയാകും എന്നായിരുന്നു എന്റെ അനുഭവത്തിലൂടെ ഞാൻ കണ്ടെത്തിയത് .
ഇത് കാരണം മനസ്സിൽ അവളോട് ഒരുപാട് സ്നേഹവും, നന്ദിയും ഉണ്ടെങ്കിലും ഞാൻ എന്റെ ഭാര്യയെ എന്നും എന്റെ കാൽക്കീഴിൽ ഒതുക്കാൻ വേണ്ടി ശ്രമിച്ചു. അവളുടെ ചോദ്യങ്ങൾക്ക് ഉത്തരം കൊടുക്കാതെ, അവളെ അഭിനന്ദിക്കാതെ, അവൾ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും കുറ്റങ്ങളും കുറവുകളും മാത്രം കണ്ടെത്തി, അവൾ എന്റെ മുന്നിൽ കേവലം തൃണമാണെന്ന് അവളെ വിശ്വസിപ്പിക്കാൻ ശ്രമിച്ചു. ഇതിൽ ഒരു പരിധി വരെ ഞാൻ വിജയിക്കുകയും ചെയ്തു. ഇത് ഞങ്ങൾക്കിടയിൽ നിരന്തരം പ്രശ്നങ്ങൾ ഉണ്ടാക്കി, അവസാനം ബന്ധം വിവാഹമോചനത്തിന് വക്കിലെത്തുമെന്നായപ്പോൾ അവൾ ഇല്ലാതെ തനിക്കൊരു ജീവിതം ഇല്ലെന്നു മനസ്സിലായപ്പോൾ, അപ്പോൾ..അപ്പോൾ മാത്രം ഞാനെന്റെ പ്രവൃത്തികളെ വിലയിരുത്താൻ ഒരുങ്ങി.
കഴിഞ്ഞകാലത്തിന്റെ ഓർമ്മകളെയും ചുമന്ന് ഞാൻ ഇത്രയു കാലം നടന്നത് ഇവയൊക്കെ എന്നോ മരിച്ച മൃതദേഹങ്ങൾ മാത്രമാണെന്നു മനസ്സിലാക്കാതെയാണ്..
ഈ ഓർമ്മകൾ ഇത്രയും കാലം എന്റെ മനസ്സിനെ ഒരെലിയെപോലെ കരണ്ടു തിന്നുകയായിരുന്നു. കഴിഞ്ഞ കാലത്തിന്റെ ഓർമ്മകൾ കേവലം മൃതദേഹങ്ങളാണെന്ന് മനസ്സിലാകുന്നത് ചിലപ്പോൾ സ്വന്തം ജീവിതം മൃതദേഹംപോൽ ചീഞ്ഞു ദുർഗന്ധം വഹിക്കാൻ തുടങ്ങുമ്പോഴായിരിക്കും. ജീവിതം ഒരു പേക്കിനാവായി മാറുന്നതിന് മുൻപ് എനിക്കെന്റെ തെറ്റുകൾ തിരുത്തണം…….
ഒരു ഭാര്യയെ അല്ലെങ്കിൽ ഒരു അമ്മയെ എന്നും ഈ ലോകം സ്നേഹമയിയായും ക്ഷമയാധരിത്രിയായും മാത്രമായിരിക്കും ചിത്രീകരിച്ചിട്ടുണ്ടാവുക . അതുകൊണ്ട് തന്നെ ഇത്തരത്തിൽ ഉള്ള കഥകൾ വെളിച്ചം കാണാതെ അനുഭവിക്കുന്നവരുടെ മനസ്സുകളിൽ തന്നെ കുഴിച്ച് മൂടപ്പെടും.
ഇത് ഈ ഒരാളുടെ കഥയാവില്ല.. ലോകത്ത് എത്രത്തോളം കുഞ്ഞുങ്ങൾ അമ്മയുടേയും, അച്ഛന്റെയും സ്നേഹലാളനകളിൽ വളരുന്നുണ്ടാകുമോ അത്രത്തോളം തന്നെ അല്ലെങ്കിൽ അതിലും കൂടുതൽ പേർ സ്നേഹരാഹിത്യത്തിൻ കനലിൽ എരിയുന്നുമുണ്ടാകും…
സത്യമാണ്, പലപ്പോഴും ജീവിതം കെട്ടുകഥകളേക്കാളും വിചിത്രമായിരിക്കും.
ഇന്ന് സ്ത്രീകളിലും പുരുഷന്മാരിലും ഒരേപോലെ കാണപ്പെടുന്ന വിഷാദരോഗം 80% ഉടലെടുക്കുന്നത് അവരുടെ ബാല്യത്തിൽ നിന്നു തന്നെയായിരിക്കും. മാതാപിതാക്കൾ തമ്മിലുള്ള നിരന്തര വഴക്ക് , സ്നേഹമില്ലായ്മ, നിരന്തരമായ കുറ്റപ്പെടുത്തലുകൾ പ്രത്യേകിച്ചും അന്യരുടെ മുൻപിൽ വച്ച് കുഞ്ഞുങ്ങളെ കുറ്റപ്പെടുത്തുന്നത് ഇത് പിഞ്ചുമനസ്സിൽ അപകർഷതാബോധവും, നാശാത്മകമായ ചിന്തകളും വളർത്തും.
അച്ഛനും അമ്മയും ആവുക, ഒരു കുട്ടിയെ നന്നായി വളർത്തിയെടുക്കുക എന്നത് ഈ ലോകത്തിലെ ഏറ്റവും ശ്രമകരമായ ഉത്തരവാദിത്തമാണ് എന്നു തന്നെ വേണം പറയാൻ.. കാരണം അച്ഛൻ ,അമ്മ എന്നത് മരണം വരെ നീണ്ടു നിൽക്കുന്ന ഒരു പദവിയാണ്. കുട്ടി വളർന്ന് 60 വയസ്സായാലും അച്ഛനും അമ്മയും എന്ന സ്ഥാനം മാറുന്നില്ല.ഇന്നത്തെ തലമുറ ആദർശങ്ങൾ മറക്കുന്നു എന്ന കുറ്റപ്പെടുത്തൽ പൊതുവെ ഉണ്ടല്ലോ..അതിന്റെ കാരണം എന്തായിരിക്കുമെന്ന് അറിയാൻ ശ്രമിച്ചിട്ടുണ്ടോ? യഥാർത്ഥത്തിൽ കുട്ടികളുടെ മനസ്സിൽ മാതൃകയാകുന്നത് തീർച്ചയായും അവരുടെ അച്ഛനോ അമ്മയോ തന്നെയായിരിക്കും. അവർ എന്താണ് ജീവിതത്തിനെ കുറിച്ച് ,സമൂഹത്തിനെ കുറിച്ച് കുട്ടികളെ പഠിപ്പിക്കുന്നത് അതാണ് അവരെ ഏറ്റവും സ്വാധീനിക്കുന്നത്.
കുട്ടികളെ പഠിപ്പിക്കേണ്ടേത് ഡിഗ്രികളും, പണവും സമ്പാദിക്കാൻ വേണ്ടി മാത്രമല്ല, ആദ്യം അവരെ നല്ലൊരു മനുഷ്യസ്നേഹിയാക്കണം അവരിൽ സ്നേഹവും നന്മയും, ദയയും നിറയ്ക്കണം. സ്വന്തം രാജ്യത്തിന് വേണ്ടി മരിച്ചില്ലെങ്കിലും തന്റെ രാഷ്ട്രത്തോട് കടപ്പാടുള്ളവനായി വളർത്തിയെടുക്കേണ്ടത് എല്ലാ അച്ഛനമ്മമാരുടേയും ധാർമികമായ കടമയാണ്. ഇനിയുള്ള ജീവിതത്തിലെന്നും സ്വന്തം സ്ഥാനം രണ്ടാമതോ മൂന്നാമതോ ആയി സ്വയം കല്പിക്കാൻ തയ്യാറാണെങ്കിൽ മാത്രമേ ഒരു നല്ല അച്ഛനും അമ്മയും ആവാൻ കഴിയുകയുള്ളു.
സത്യവും ധർമ്മവും നീതിയും ഓരോ കുഞ്ഞിന്റേയും ബാലപാഠമായാൽ തീർച്ചയായും ഭാവിയിൽ നമുക്ക് വൃദ്ധസദനങ്ങളും അനാഥമന്ദിരങ്ങളും വേണ്ടിവരില്ല. ഒരച്ഛനും അമ്മയും അന്ത്യകാലത്ത് ഒറ്റപ്പെടില്ല. ഇവിടെ അതിർത്തി തർക്കങ്ങളും, യുദ്ധങ്ങളും, തീവ്രവാദങ്ങളും ഉണ്ടാവില്ല.