രാമായണപാരായണമഹത്വം

include-ramayana-parayanam

യിരക്കണക്കിന് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും രാമായണം ഇന്നും ജനമനസ്സില്‍ നിറഞ്ഞുനില്‍ക്കുന്നു. ഈ വിശ്വവശ്യതയ്ക്ക് കാരണം രാമായണത്തില്‍ ആദ്യന്തം നിറഞ്ഞുനില്‍ക്കുന്ന ഭക്തിരസംതന്നെ. അത് മനുഷ്യമനസ്സുകളെ ആര്‍ദ്രമാക്കുകയും ശുദ്ധീകരിക്കുകയും ചെയ്യുന്നു. പാവയ്ക്ക സ്വതവേ കയ്പുള്ളതാണെങ്കിലും കുറേനാള്‍ ശര്‍ക്കരയിലിട്ടുവെച്ചാല്‍ അതിന്റെ സ്വഭാവംവിട്ട് മധുരമായിത്തീരും. അതുപോലെ നമ്മുടെ മനസ്സിനെ ഈശ്വരനോട് ബന്ധിച്ചാല്‍, അവിടുത്തേക്ക് സമര്‍പ്പിച്ചാല്‍ അതിലെ മാലിന്യങ്ങളകന്ന് അത് ശുദ്ധമായിത്തീരും. ഭക്തിയുടെ പല രൂപങ്ങളും ഭാവങ്ങളും രാമായണത്തില്‍ കാണാം. ലക്ഷ്മണന്റെ ഭക്തിപോലെയല്ല ഭരതന്റെ ഭക്തി. സീതയുടെ ഭക്തിപോലെയല്ല ശബരിയുടേത്. പ്രേമഭാജനത്തിന്റെ സാമീപ്യവും സഹവാസവും സദാ ആഗ്രഹിക്കുന്നത് ഭക്തിയുടെ ഒരു ഭാവമാണ്. ആ ഭാവം നമുക്ക് ലക്ഷ്മണനില്‍ കാണാം. രാമന്റെ പരിചരണത്തില്‍ സദാ മുഴുകി, അതിനായി ഊണും ഉറക്കവും പോലും വെടിയുന്ന ശീലമാണ് ലക്ഷ്മണന്റേത്. എന്നാല്‍, ഭരതന്റെ ഭക്തി അങ്ങനെയല്ല. അത് ശാന്തഭക്തിയാണ്. ഭരതന് രാജ്യഭരണംപോലും രാമപൂജയാണ്. ഹൃദയത്തില്‍ ഈശ്വരസ്മരണയും സമര്‍പ്പണഭാവവും ഉണ്ടെങ്കില്‍ ഏത് കര്‍മവും ഈശ്വരപൂജതന്നെ. അതില്ലെങ്കിലോ? കോവിലില്‍ ചെയ്യുന്ന പൂജയും വെറുമൊരു ജോലിമാത്രം.

പ്രേമഭാജനം അടുത്തുള്ളപ്പോഴേക്കാള്‍ ഭക്തിയുടെ തീവ്രത വിരഹത്തിലാണ്. അതാണ് നമ്മള്‍ സീതയില്‍ കാണുന്നത്. രാമന്‍ അടുത്തുള്ളപ്പോള്‍ സീത പൊന്മാനിനുവേണ്ടി ആഗ്രഹിച്ചു. എന്നുവെച്ചാല്‍ കാമത്തിന് അധീനയായി. എന്നാല്‍, രാവണന്റെ തടവിലായപ്പോള്‍ സീതയുടെ മനസ്സ് രാമനുവേണ്ടി സദാ തപിച്ചുകൊണ്ടിരുന്നു. ആ വിരഹദുഃഖത്തില്‍ സീതയുടെ ലൗകികവാസനകള്‍ ക്ഷയിച്ചു. ഹൃദയം ഒന്നുകൂടി ശുദ്ധമായി. വീണ്ടും ഭഗവാനുമായി ഒന്നുചേരാനും സാധിച്ചു.

വിവേകവും ഉത്സാഹവും ശ്രദ്ധയും വിശ്വാസവും സമര്‍പ്പണവും എല്ലാം ഒത്തുചേര്‍ന്നതാണ് ഹനുമാന്റെ ഭക്തി. സുഗ്രീവന്റെ സേവകനായിരുന്ന ഹനുമാന്‍ രാമനെക്കണ്ടപ്പോള്‍ രാമദാസനായിമാറി. സുഗ്രീവനോട് ഹനുമാനുള്ളത് ലൗകികബന്ധമാണെങ്കില്‍ രാമനോടുള്ളത് ജീവാത്മപരമാത്മ ബന്ധമാണ്. നാമജപത്തിലൂടെ എങ്ങനെ നിരന്തരമായ ഈശ്വരസ്മരണ സാധ്യമാകും എന്നുകൂടി ഹനുമാന്‍ കാട്ടിത്തരുന്നു.

ഭക്തി ലഭിക്കാന്‍ ആവശ്യം കുലമോ പാണ്ഡിത്യമോ ഒന്നുമല്ല, ശുദ്ധഹൃദയം അതൊന്നുമാത്രമാണ്. അതാണ് ശബരിയില്‍ നമ്മള്‍ കാണുന്നത്. രാമന്‍ ഒരുനാള്‍ വരുമെന്ന് ഗുരു പറഞ്ഞത് ശബരി പൂര്‍ണമായും വിശ്വസിച്ചു. എല്ലാ ദിവസവും രാമന്റെ വരവും കാത്ത് ആശ്രമമെല്ലാം വൃത്തിയാക്കി പൂജാദ്രവ്യങ്ങള്‍ ഒരുക്കിവെച്ചു, രാമനുവേണ്ടി ഇരിപ്പിടം തയ്യാറാക്കി. അങ്ങനെ ദിവസങ്ങളും മാസങ്ങളും വര്‍ഷങ്ങളും കടന്നുപോയി. ആ കാത്തിരിപ്പ് വൃഥാവിലായില്ല. ഒരുനാള്‍ രാമന്‍ ശബരിയുടെ ആശ്രമത്തിലെത്തി, ശബരിയുടെ ആതിഥ്യം സ്വീകരിച്ചു. ഭഗവാനെ കാത്തിരിക്കുന്ന മനസ്സുകളില്‍ ഭഗവാന്‍ എത്തിച്ചേരുകതന്നെ ചെയ്യുമെന്ന് ശബരിയുടെ കഥ തെളിയിക്കുന്നു. ഭക്തി വെറും വികാരഭക്തി ആയാല്‍ പോരാ. വികാരഭക്തിക്ക് തീവ്രതയുണ്ടാകും; എന്നാല്‍? അത് ക്ഷണികമാണ്. അതിനാല്‍ ജ്ഞാനത്തില്‍ അടിയുറച്ച ഭക്തിയാണ് ആവശ്യം. ഭക്തി കാര്യസാധ്യത്തിനുവേണ്ടി ഉള്ളതാകരുത്. ഭക്തിയുടെ വിത്തുകള്‍ കിളിര്‍ത്തശേഷം അവയെ ജ്ഞാനത്തിന്റെ വയലുകളില്‍ പറിച്ചുനടണം. അപ്പോള്‍ നല്ല വിളവുകിട്ടും, ലക്ഷ്യപ്രാപ്തിയുമുണ്ടാകും.

സഹോദരന്മാരിലും സുഹൃത്തുക്കളിലും പ്രജകളിലും പക്ഷികളിലും മൃഗങ്ങളിലും ഭക്തിയുടെ ഭാവമുണര്‍ത്താന്‍ രാമന് കഴിഞ്ഞു. മഹത്ത്വമെവിടെയുണ്ടോ അതിനെ നമ്മള്‍ അറിയാതെ ആരാധിച്ചുപോകും. കാരണം ഭക്തിയുടെ ബീജം എല്ലാവരുടെയും ഹൃദയത്തില്‍ ഒളിഞ്ഞിരിപ്പുണ്ട്. അതിനെ നമ്മള്‍ ചിന്തകൊണ്ടും കര്‍മംകൊണ്ടും സ്മരണകൊണ്ടും വളര്‍ത്തണം. പ്രപഞ്ചം മുഴുവന്‍ ഈശ്വരമയമായി കാണുന്ന ഭാവത്തിലേക്കുയരണം. അതിനുള്ള വഴിയാണ് രാമായണപാരായണം.

About KPS Unni

Check Also

മാര്‍ച്ച് എട്ട് സര്‍വ്വദേശീയ വനിതാദിനം

മാര്‍ച്ച് എട്ട് സര്‍വ്വദേശീയ വനിതാദിനം ജനാധിപത്യതുല്യതയിലേക്ക് ലിംഗസമത്വത്തിലേക്ക് ഇനിയും ബഹുദൂരം. നിതാവിമോചനത്തിന്‍റെ ഉത്സവദിനമായി മാര്‍ച്ച് എട്ട് വീണ്ടും വരുമ്പോള്‍ പോരാട്ടങ്ങളുടെ …

Leave a Reply

Your email address will not be published. Required fields are marked *