അല്ല, കൃഷ്ണൻകുട്ടിയുടെ മകളോടുള്ള ഒരു ദയവേ, വേറാരും ആ ചിതലെടുത്ത കണക്ക് നോക്കാനില്ലാത്തതുകൊണ്ട് തന്റെ തലയിൽ കെട്ടിവച്ചു. ആർക്കും വേണ്ടാത്ത കീറാമുട്ടി കൃഷ്ണൻകുട്ടിയുടെ മകൾക്കു കിട്ടിയതായി എന്നു വെയ്ക്കുകയല്ലാതെ വേണ്ടെന്നു താൻ പറയില്ല എന്നു തീർച്ചയുള്ളതുകൊണ്ടു തന്നു. എന്നിട്ടു വലിയ സഹായം ചെയ്തുഎന്നൊരു ഭാവവും. എന്തായാലും സൊല്ല തീർന്നു. ഇനി കുറച്ചു ദിവസം സ്വൈരമായിരിക്കാം.
ധൃതിയിൽ നടക്കുന്നതിനിടയിൽ അവൾ ചുറ്റുമൊന്നു കണ്‍ണോടിച്ചു.
ബസാറായി.
ദൈവമേ, എന്തു സമാധാനം, ശ്വാസം നേരെ വിട്ടുകൊണ്ടു നടക്കാം
ആകെപ്പാടെ കൊള്ളാവുന്നൊരു ദിവസമാണ് ഇന്ന്. ഇതുപോലെ എന്നും സൈക്കിൾ കേടുവന്നു കിടന്നിരുന്നുവെങ്കിൽ. മര്യാദയ്ക്കു പെണ്ണുുങ്ങളെപ്പോലെ നടന്നു പോകാമായിരുന്നു. ഇതിപ്പോൾ അച്ഛൻ കേൾക്കണം. തെറ്റല്ലെന്ന് അവനവന് ബോധ്യമുള്ള കാര്യം ചെയ്യുമ്പോൾ മറ്റുള്ളവർ എന്തു പറയുമെന്നു നോക്കുന്നത് വിഡികളാണ് എന്നൊക്കെ തുടങ്ങും. പറയുന്നത് വാസ്തവമാണ്. റോഡിൽകൂടി നടക്കുന്നവരുടെ വായിൽകിടക്കുന്നത് കേൾക്കാൻ വേറെവല്ലവരും ആകുമ്പോൾ ഈ വേദാന്തമൊക്കെ കൊള്ളാം. സ്വന്തം കാര്യം വരുമ്പോളേകുറച്ചു വിഷമമുള്ളൂ.
നടക്കുകയാണെങ്കിൽ കുറെയധികമുണ്ട്, വാസ്തവം. എന്നാലും വേണ്ടില്ല. സൈക്കിളിൽകയറി റോഡിൽകൂടെപാഞ്ഞു പോകുന്നതിനെക്കാൾ ഭേദം എത്ര ദൂരമുണ്ടെങ്കിലും നടക്കുകയാണ്. ഇത്രയും കാലമായില്ലേ ഈവഴിെപോകുന്നു. പിള്ളേർക്കു പുതുമ മാറിയിട്ടില്ല. അവർക്കു കൂവാനോരു രസം. നേരെ ശരംപോലെ ഓടിച്ചു പോകാതെ അങ്ങോട്ടോ ഇങ്ങോട്ടോ ഒന്നു നോക്കിയാൽമതി കഴിഞ്ഞു.
പിള്ളേരു കൂവുന്നതു സഹിക്കാം. വലിയവരുടെ നോട്ടമാണു ഭയങ്കരം. പണിയെടുത്തു ജീവിക്കേണ്ട ഒരു സ്ത്രീ ആപ്പീസിൽപോകാൻ ഒരു സൈക്കിൾ ചവിട്ടുന്നു. അതിത്ര വലിയൊരു അത്ഭുതമോമറ്റോ ആണോ ഇവർക്കൊക്കെ തുറിച്ചു നോക്കാനും കമന്റ് പാസാക്കാനും.
കൂവുന്നവർകൂവട്ടേ, നോക്കുന്നവർ നോക്കട്ടേ എന്നു വിചാരിക്കുകയേ വേണ്ടൂ. പെണ്ണുങ്ങളായാൽ ഒരു ചുണയൊക്കെ വേണം.
അല്ല, വല്ലമൂലയിലും പുസ്തകം വായിച്ചിരുന്നോളാം എന്നുള്ളവരെ വെള്ള ടൈയും കെട്ടിച്ച് കൈയിൽഒരു ഗൗണും തൂക്കി കോടതിക്കു വിട്ടാൽ നേരെയാകുമോ, അന്ന് എംഎക്കു പഠിച്ചെങ്കിൽ മതിയായിരുന്നു.. എന്നാൽ ഈ വേഷമൊന്നും കെട്ടേണ്ടായിരുന്നു. വല്ല കോളജിലും പഠിപ്പിക്കാൻ പോയാൽ കുറച്ചെങ്കിൽ കുറച്ച് ഉള്ള രൂപ മാസം എണ്ണി മേടിയ്ക്കാമായിരുന്നു. കൂവലും കേൾക്കേണ്ടിവരില്ല. നാശം പിടിച്ച കണക്കുകൾനോക്കാതെ വല്ല കവിതയും വായിച്ചുകൊണ്ടിരിക്കാമായിരുന്നു. ഓ ഇനി അതൊക്കെ വിചാരിച്ചിട്ടെന്തു കാര്യം. അച്ഛന് എന്തുനിർബന്ധമായിരുന്നു. പഠിക്കണമെങ്കിൽ ബിഎല്ലിന് പഠിച്ചോളണം. അല്ലെങ്കിൽ പഠിക്കണ്ട. ഇത്രയ്ക്ക് വാശി എന്തിനായിരുന്നുവോ എന്തോ ചിലവെല്ലാം ഒരുപോലെയല്ലേ, നിയമം പഠിച്ചാൽ രാഷ്ട്രീയത്തിലേക്കു തന്നെത്താൻ തിരുിഞ്ഞുകൊള്ളുമെന്നു വിചാരിച്ചിട്ടാണോ… ( തുടരും)
രാജലക്ഷ്മിയുടെ കഥകൾ << |
One comment
Pingback: രാജലക്ഷ്മിയുടെ കഥകൾ | ചേതസ്സ്