മഴക്കൊരു കൂട്ടുകാരനെ വേണം..
പതംപറയുന്നത് കേള്‍ക്കാനും.. പ്രളയത്തോടടുക്കുമ്പോള്‍ പ്രണയമുദ്ര കൊണ്ട് തടയാനും മഴക്കൊരു കൂട്ടുകാരനെ വേണം….
കോളേജ് യൂണിയന്റെ നേതൃത്വത്തില്‍ കയ്യെഴുത്ത് മാഗസിന്‍ മത്സരത്തിനായാണ് സുനിത കഥയെഴുതാന്‍ തുടങ്ങിയത്… പുറത്ത് മഴയുടെ ആരവം തകര്‍ക്കുമ്പോള്‍ കൈവെള്ളവിയര്‍പ്പിനാല്‍ പേന വഴുതികൊണ്ടിരുന്നു. റെയിന്‍ ഗേജുകള്‍ സൂചിപ്പിക്കുന്ന അളവ് തെറ്റിക്കാന്‍ മാത്രംപോന്ന വലിയതുള്ളികള്‍ മുറ്റത്തേക്കു അടര്‍ത്തിയിട്ടു മഴ തന്‍റെ വശ്യമായ നൃത്തം തുടര്‍ന്നു…
ജാലകത്തിനപ്പുറത്ത് മഴ കാറ്റിനഭിമുഖമായി ആരോടോ കലഹിക്കുന്നതു കണ്ടപ്പോളാണ് അവള്‍ക്കു ഒരു കൂട്ടുകാരന്‍ അത്യാവശ്യമാണ് എന്നു തോന്നിയത്.. അവളെ വിലക്കി കൊണ്ട് തന്നോട് ചേര്‍ത്തു നിര്‍ത്തി അവളെ ശാന്തയാക്കാൻ പോന്നോരാള്‍.
കഥക്കൊപ്പം കടലാസ്സിനെ ചേര്‍ത്തുനല്‍കി സുനിത മുറിയില്‍നിന്നും പുറത്തിറങ്ങി. കോളേജ് വരാന്തയാകെ ഈറന്‍മണം കടമെടുത്തിരുന്നു. കഥയുടെ വീര്‍പ്പുമുട്ടല്‍ വിരലില്‍നിന്നും ഊര്‍ന്നുപോയപ്പോള്‍ തന്നെ ഒരാശ്വാസം…
ഒരുകാപ്പി കുടിച്ചാലോ?
തിരിഞ്ഞുനോക്കുമ്പോള്‍ പൂത്തുനില്‍ക്കുന്ന ചിരി.
കാന്റീനിലെ പെയ്ന്റ് പോയ ടേബിളില്‍ കറ പിടിച്ച ഗ്ലാസില്‍ പത കെട്ടിയ ചായമുന്നില്‍വെച്ച് പരസ്പരം നോക്കിയിരുന്നു.
എന്തായിരുന്നു കഥ?
മഴ.
അതിനെന്താ പ്രത്യേകത?
അവള്‍ക്കൊരു കാമുകനെ വേണം.
ങേ?
എനിക്കില്ലാത്ത ഒന്ന് പോലെ മഴയെ ഇനിയും അനാഥയാക്കിക്കൂടാ…….. അവളുടെ വാശിയേ നിയന്ത്രിക്കാന്‍…തൊട്ടോമനിക്കാന്‍.. കൈത്തണ്ടില്‍ ചേര്‍ത്തു നിര്‍ത്താന്‍ അവള്‍ക്കൊരു കാമുകനെ വേണം.
അഭിലാഷിനു ചിരിപൊട്ടി. അത് പതുക്കെയും പിന്നെഉറക്കെയുമായി ചിതറി.
നിനക്ക് ശരിക്കും ഭ്രാന്തായോ പെണ്ണെ?
അവള്‍ ചായ കുടിക്കാതെ ഗ്ലാസ്സിനെ കയ്യില്‍ ഇട്ടു കറക്കികൊണ്ടിരുന്നു..
ശരി മഴ ഏറിവരുന്നു, വാ… പോകാം.
അവശേഷിച്ച ചായ വലിച്ചു കുടിച്ചു അഭിലാഷ് എഴുന്നേറ്റു.
സുനിത പിന്നാലെയും..
ശബ്ദങ്ങള്‍ക്ക് നിശബ്ദതയുണ്ടെന്നു തോന്നിപ്പിക്കുന്ന തരത്തില്‍ അവള്‍ പാദപതനത്തെ പോലും സിലികോണ്‍ ഇന്‍പ്ലാന്റ് ചെയ്തപോലെ ദൃഡമാക്കാന്‍ ശ്രമിച്ചുകൊണ്ടിരിരുന്നു. വരാന്തയിലേക്ക് വഴിതെറ്റി വീണ മഴത്തുള്ളികള്‍ ചവിട്ടികൊണ്ടവര്‍മുന്നോട്ടുനടന്നു.
മെല്ലെ തലോടുന്നൊരാർദ്രമാംകാറ്റിലും… പിന്നെകലഹിച്ച നാട്ടുവെയിലിലും….
ഇതായിരുന്നു സുനിത അഭിലാഷിന്റെ പുസ്തകത്താളില്‍ കുറിച്ചിട്ട കവിതയുടെ ആദ്യവരികള്‍.
അളിയോ………………………………….
പിന്നിലെ ആരവം അടുത്തെത്തി അഭിലാഷിനെ മാച്ചുകൊണ്ട് അകന്നുപോയപ്പോള്‍ സുനിത വീണ്ടും തനിച്ചായി.
പൂത്തുനില്‍ക്കുന്നൊരുപൂമരത്തിനു ചോട്ടില്‍ മഴനനഞ്ഞ ചോന്നപൂക്കള്‍, ഏകാന്തത പലപ്പോളും സുഖമുള്ള മഴപോലെഅവളിലേക്ക് കടന്നുവരാൻ ഏറെക്കാലമായിരുന്നു. ഡയറിതാളിലെ കുറിപ്പുകളില്‍ മാത്രം സുനിത അവളുടെപഴയകാലത്തെകണ്ടു.
അച്ഛന്റെ നെഞ്ചില്‍ ചാരി കിടക്കുന്ന സുരഭിമോള്‍ കഥക്കൊപ്പം മൂളിയിരുന്ന കൗമാരക്കാലം..
സുമം… കുഞ്ഞുങ്ങള്‍ ഉറങ്ങും മുന്‍പേ അത്താഴം കൊടുക്കൂ എന്ന് വിളിച്ചുപറയുന്ന അച്ഛന്‍..
കഥയുടെ ലോകത്തില്‍ സുരഭി ഉറക്കം തൂങ്ങുമ്പോള്‍ സുനീ….. കൊച്ചിനെ കൊണ്ടു പോയി മുഖം കഴുകിക്കൂ എന്ന് പറഞ്ഞു വിളിക്കുന്ന അച്ഛന്‍..
അച്ഛാ………….. കഥ മുഴുവനാക്കൂ… സുനിത ചിണുങ്ങും..
എന്നിട്ടെന്താ……………….. കാളിന്ദി ഒഴുകി കടലില്‍ പതിച്ചിട്ടു കര്‍ഷകര്‍ക്ക് എന്ത് നേട്ടം ഉണ്ടാവാനാ? ബലരാമന് കാളിന്ദിയോട് ദേഷ്യം വന്നു. മാറിയൊഴുകാന്‍ ആജ്ഞാപിച്ചു. അപേക്ഷിച്ച് നോക്കി. വഴങ്ങുന്നില്ലെന്ന് കണ്ടപ്പോൾ തന്റെ കലപ്പ എടുത്ത് അലറിപറഞ്ഞു…
“നീറിടുമുര്‍വി തന്‍ ജീവനം കൊണ്ടുപോയ് നീ വെറും ഉപ്പില്‍ കലക്കുമെന്നോ..”
അതേയ്……………. ഊണ് കാലായി ട്ടോ… അമ്മയുടെവിളി.
ഹോ…………..കഥ മുഴുവനായില്ലല്ലോ അച്ഛാ..
സുരഭി കൈപോലും കഴുകാതെ തടുക്കില്‍ കേറി ഇരുപ്പായി..
ഒന്‍പതില്‍ പഠിക്കുമ്പോളാണ്, സ്കൂളില്‍നിന്നും പടിക്കല്‍ കിതച്ചെത്തുമ്പോള്‍ അച്ഛന്‍ കുറെ നിലവിളികള്‍ക്കു നടുവില്‍ പിണങ്ങി കിടന്നത് കണ്ടത്. പിന്നീട് അമ്മയും എട്ടുവയസ്സുകാരി സുരഭിയും സുനിതയും ജീവിതമെന്ന കട്ടപിടിച്ച ഇരുട്ടിനു നടുവില്‍. അമ്മാവന്മാരുടെ ആജ്ഞകള്‍ക്ക് ശക്തിയേറിയ കാലം. പിന്നീടെപ്പോഴോ ആരൊക്കയോ തന്നെ നോക്കി പിറുപിറുത്തു തുടങ്ങിയത് സുനിത തിരിച്ചറിഞ്ഞത് വേറൊരു സന്ധ്യയില്‍ അകത്തെ മുറിയുടെ ഇരുട്ടില്‍ അമ്മയുടെ അടക്കിയ ശ്വാസോച്ഛ്വാസം കിതപ്പില്‍ ഒതുക്കിയപ്പോഴാണ്.
പുറത്തിറങ്ങിവന്ന വിയര്‍പ്പുപുരണ്ട ശരീരത്തിന് അച്ഛന്റെ ച്ഛായയുണ്ടായിരുന്നില്ല. അമ്മ എണ്ണിവെച്ച നോട്ടിനു പലമണങ്ങള്‍ ആയിരുന്നു എന്ന് അപ്പോള്‍ മാത്രമാണ് സുനിത തിരിച്ചറിഞ്ഞത്. ഉള്ളിലൂടെ ഒരാന്തല്‍ ദിക്ക് തെറ്റിനിലവിളിച്ചു.
സുരഭി…………………….അതൊരലര്‍ച്ചയായിരുന്നു..
ഓടിവന്ന അവളെ കെട്ടിപ്പിടിച്ചു ഒത്തിരി കരഞ്ഞു തീര്‍ത്തു..
അന്നത്തെ രാത്രിയായിരുന്നു ഭീകരം. അമ്മ മുറിയില്‍ നിന്നും പുറത്തിറങ്ങിയില്ല
ചാകുന്നെങ്കില്‍ ചാകട്ടെ മനസ്സ് പിറുത്തുകൊണ്ടിരുന്നു.. ഞങ്ങളെകൂടി കൊന്നു തിന്നൂടെ നിങ്ങൾക്ക് ?
അമ്മ കരഞ്ഞില്ല.. അവരുടെ ചുവന്നകണ്ണുകള്‍ കത്തിക്കൊണ്ടിരുന്നു… അതിലെ അഗ്നി കൊണ്ട് തന്നെ അവര്‍ സ്വന്തം ചിതകത്തിച്ചു.
ഇനി………………………………?
അനാഥരായ രണ്ടു പെണ്‍കുട്ടികള്‍..
സുരഭിയെ ചെറിയച്ചൻ കൊണ്ടുപോയപ്പോള്‍ മനസ്സൊന്നു തണുത്തു..
വീടും സ്ഥലവും വിറ്റിട്ടായിരുന്നു പലായനം.
ഹോസ്റ്റല്‍മുറിയുടെ മടുപ്പിലൂടെ….
കോളേജിന്റെആരവത്തിലൂടെ…
ആരുടെയൊക്കെയോ ഹൃദയത്തിലൂടെ…..
“ഇനി ആത്മഹത്യയെ കുറിച്ചൊരു കവിതയെഴുതണം..” അതുകേട്ടു അഭിലാഷ് വീണ്ടും തലയുറഞ്ഞു ചിരിച്ചു പറഞ്ഞു
“നീയൊരു മനോരോഗ ആശുപത്രിയെ കുറിച്ചെഴുത്”
“അഭി……………. നിനക്ക് തോന്നുന്നുണ്ടോ ഞാനൊരു മാനസികരോഗി ആണെന്ന്?”
“ഉണ്ടെന്നല്ല പതുക്കെ ആയിത്തീരും എന്ന് പറഞ്ഞതാ..”
എപ്പോഴൊക്കെയോ സ്ഥിരം അവള്‍ക്കും ഭയം തോന്നാന്‍ തുടങ്ങിയിരിക്കുന്നു.
മഴക്കൊരു കൂട്ടുകാരനെ വേണം.. എന്ന് പറയുമ്പോള്‍..
പതംപറയുന്നത് കേള്‍ക്കാനും… പ്രളയത്തോടടുക്കുമ്പോള്‍ പ്രണയമുദ്രകൊണ്ട് തടയാനും മഴക്കൊരു കൂട്ടുകാരനെ വേണം…. ആ മഴ താന്‍ ആണെന്നിപ്പോള്‍ മനസ്സിനെ പറഞ്ഞു ബോധ്യപ്പെടുത്തുകയാണ് സുനിത..
മഴക്കൊരു കൂട്ടുകാരനെവേണം.. അടക്കിപിടിക്കാനും.. തീവ്രമായ വികാരത്തോടെ പ്രളയംവരെ എത്തുമ്പോള്‍ പിന്‍വിളി വിളിക്കാനും വികാരംകൊണ്ട് തണുപ്പിക്കാനും..