ഈ അടുത്തു നടന്ന ഒരു സ്കൂൾബസ്സ് അപകടത്തേ തുടർന്ന് 8 കുഞ്ഞുങ്ങളുടെ ദാരുണമായ മരണ വാർത്ത നിങ്ങളും അറിഞ്ഞിട്ടുണ്ടാകുമല്ലോ….
ജാതി ഭേദമില്ലാതെ നാടിനെ തന്നെ നടുക്കിയൊരു സംഭവമായിരുന്നു ഈ കഴിഞ്ഞ തിങ്കളാഴ്ച രാവിലെ നടന്നത്….
മരിച്ച കുഞ്ഞുങ്ങളിൽ 4 പേർ ഒരു വീട്ടിലെ അംഗങ്ങൾ തന്നെ..
ഈ വാർത്ത അറിഞ്ഞ ലോകത്തുള്ള എല്ലാ അച്ഛനമ്മമാരുടെ കണ്ണിലും കണ്ണീര് പൊടിഞ്ഞിട്ടുണ്ടാകും, ഒരു നിമിഷമെങ്കിലും തന്റെ കുഞ്ഞിന്റെ മുഖം അറിയാതെ തന്നെ ഓർത്ത് അവരുടെ മനസ്സ് പിടഞ്ഞിട്ടുണ്ടാകും… ഈ ലോകം മുഴുവനും അവർക്ക് വേണ്ടി കരയുമ്പോഴും ഇതിനൊക്കെ വിപരീതമായും ചിലരുണ്ട്. നമ്മുടെയൊക്കെ ഇടയിൽ..
ഇങ്ങനെയുള്ളൊരു ദുരന്താവസ്ഥയിലും അവർക്ക് താൽപര്യം കുറ്റപ്പെടുത്താനാണ്… കുഞ്ഞുങ്ങളുടെ കാര്യത്തിൽ ഒന്ന് ശ്രദ്ധിച്ചിരുന്നെങ്കിൽ, അവരെ അടുത്തുള്ള ഏതെങ്കിലും സർക്കാർ സ്കൂളിൽ ചേർത്തിരുന്നെങ്കിൽ, കുറച്ച് പൈസാ മുടക്കി വലിയ വണ്ടി ഏർപ്പാട് ചെയ്തിരുന്നെങ്കിൽ ഇങ്ങനെയൊക്കെ സംഭവിക്കുമായിരുന്നോ??!! അവരുടെ ഉത്തരവാദിത്വമില്ലായ്മയാണ് ഈ ദുരന്തത്തിന് കാരണം… ഇംഗ്ലീഷ് മീഡിയം സ്കൂളുകളിൽ കുഞ്ഞുങ്ങളെ ചേർത്ത് പൊങ്ങച്ചം കാണിച്ചതിന്റെ ഫലമാണ് ഈ മരണമെന്നാണ് ഈ കൂട്ടരുടെ അഭിപ്രായം.
ഇങ്ങനെയൊരു വിഷമഘട്ടത്തിലും ഇരുന്ന് കുറ്റപ്പെടുത്തുന്നവരോട് ഒന്ന് ചോദിച്ചോട്ടെ…. നിങ്ങളെപ്പോഴെങ്കിലും ഒരു കുഞ്ഞിന്റെ അന്ത്യക്രിയകളിൽ പങ്കെടുത്തിട്ടുണ്ടോ??? ഈ ചടങ്ങ് നിങ്ങൾ ഊഹിക്കുന്നതിനേക്കാളും എത്രയോ വേദനാജനകമായിരിക്കും. കവലയിലിരുന്ന് അനായാസമായി കുറ്റപ്പെടുത്തുന്നവരും, സ്ക്രീനിനു മുൻപിലിരുന്ന് കമന്റുന്നവരും നൊന്തു പ്രസവിച്ച പിഞ്ചു കുഞ്ഞുങ്ങളെ മണിക്കൂറുകൾക്ക് മുൻപ് ഊട്ടി, ഒരുക്കി സ്ക്കൂളിലേക്ക് പറഞ്ഞു വിട്ട ആ അമ്മമാരുടേയും, മക്കളുടെ ഓർമ്മകളെ മാത്രം മനസ്സിൽ താലോലിച്ച് ജീവിച്ചിട്ട് , ഇന്ന് കടലുകൾ കടന്ന് ജീവനില്ലാത്ത മക്കളുടെ മുഖങ്ങൾ കാണാൻ എത്തിയ ആ അച്ഛന്മാരുടെ മുഖത്തേക്ക് നോക്കി ഈ കാര്യങ്ങൾ പറയാൻ പറ്റുമോ?
ഒരു കാര്യം കൂടെ ഓർക്കണം, ആ അച്ഛനും അമ്മയും ചടങ്ങുകൾ ഒക്കെ കഴിഞ്ഞ് തിരിച്ചു പോകുന്നത് ആ വീട്ടിലേക്കായിരിക്കും, അവരുടെ ആ മുറികളിലേക്കായിരിക്കും.. അവിടെ അവരുടെ കുഞ്ഞുങ്ങൾ അന്ന് വരെ കളിച്ചിരുന്ന കളിസാധനങ്ങൾ ഉണ്ടാകും, വായിച്ച പുസ്തകങ്ങൾ ഉണ്ടാകും, അവർ ധരിച്ചിരുന്ന കുഞ്ഞുടുപ്പുകൾ ഉണ്ടാകും. എന്തിന്, അവരുടെ ഫോണുകളിൽ നിറയെ കുഞ്ഞുങ്ങളുടെ ഫോട്ടോകളും അവർ ഇഷ്ടപ്പെട്ട് കളിച്ചിരുന്ന ഗെയിമുകളുമായിരിക്കും…… ഈ മഴയും അവർക്കിന്ന് തീരാശാപമായി തോന്നുന്നുണ്ടാകും. .കാരണം അവർ നെഞ്ചോട് ചേർത്തുപിടിച്ച് വളർത്തിയ കുഞ്ഞുങ്ങൾ ഇപ്പോൾ കിടക്കുന്നത് ചിലപ്പോൾ വെള്ളം നിറഞ്ഞ അറകളിലായിരിക്കും…… ഈയൊരു ചിന്ത തന്നെ അവരെ കാർന്നു തിന്നുന്നുണ്ടാകും…..ഈ ലോകത്തിന്റെ ഏത് കോണിലേക്കവർ ഓടി രക്ഷപ്പെടാൻ ശ്രമിച്ചാലും അവർക്കൊരിക്കലും ഈ ഓർമ്മകളിൽ നിന്ന് രക്ഷയുണ്ടാകില്ല കാരണം കുഞ്ഞുങ്ങൾ ദൈവത്തെപോലെയാണ്…. അവർ കൂടെയില്ലെങ്കിലും അവരുടെ ഓർമ്മളും, അവരുടെ സ്പർശവും എന്നും അച്ഛനമ്മമാരുടെ ശ്വാസത്തിൽ അലിഞ്ഞുചേർന്നിട്ടുണ്ടാകും…. ഓരോ വേദനയുടെ കാഠിന്യതയും അത് അനുഭവിക്കന്നവർക്കേ മനസ്സിലാവുകയുള്ളു…. സാന്ത്വനിപ്പിച്ചില്ലെങ്കിലും, കുറ്റപ്പെടുത്തി വേദനിപ്പിക്കാതിരിക്കുക. കാരണം നാളെ അവരുടെ സ്ഥാനത്ത് ചിലപ്പോൾ നമ്മളോ അല്ലെങ്കിൽ നമുക്ക് വേണ്ടപ്പെട്ടവരോ ആകാം….അവർക്ക് വേണ്ടി ഒരു നിമിഷം ഒന്നു പ്രാർത്ഥിക്കാം….
ഈശ്വരൻ അത്യത്ഭുതകരമായ അവന്റെ ലീലകളിലൂടെ ആ കുടുംബത്തിന് സാന്ത്വനവും സാമാധാനവും ഏകട്ടെ………