മതത്തിനുള്ളിലെ മനുഷ്യൻ

നമ്മുടെ കൃഷ്ണനെ പോലെയാണ് ഖയ്യൂമിന്‍റെ മുഹമ്മദ് നബിയും എന്ന് അമ്മ എനിക്ക് ചെറുപ്പം മുതലേ പഠിപ്പിച്ചു തന്നു. മുസ്ലിംകളുടെ ഇസ്ലാമികമായ ആചാരങ്ങളോടെല്ലാം വലിയ ബഹുമാനമാണ് അവര്‍ പുലര്‍ത്തിയിരുന്നത്. നോമ്പ് കാലത്ത് കൂട്ടുകാരന്‍ അബ്ദുല്‍ ഖയ്യൂം വീട്ടില്‍ വരുമ്പോള്‍ അവന്‍റെ മുമ്പില്‍ വെച്ച് വെള്ളം കുടിക്കാന്‍ പോലും അമ്മ എന്നെ അനുവദിച്ചിരുന്നില്ല. ഖയ്യൂമിന്‍റെ നോമ്പ് മുറിയുന്നതില്‍ അവനേക്കാള്‍ ബേജാറ് അമ്മക്കായിരുന്നു. നോമ്പ് തുറക്കുന്ന സമയത്ത് സുഭിക്ഷമായ ഭക്ഷണം ഖയ്യൂമിനൊപ്പം കഴിക്കാന്‍ അവന്‍റെ അമ്മ എന്നെയും ക്ഷണിച്ചിരുന്നു. എല്ലാ ദിവസവും വൈകുന്നേരം ഞാന്‍ കളിക്കാന്‍ പോവുക ഖയ്യൂമിന്‍റെ വീടായ പൂത്തുടി ഹൗസിലാണ്. ആ വീട്ടിലെ കുട്ടിയെ പോലെയാണ് ഞാനവിടെ സ്വീകരിക്കപ്പെട്ടത്.

എങ്ങനെയാണ് ശരിയായൊരു മുസ്ലിമായി ജീവിക്കേണ്ടത് എന്നതിന്‍റെ ഉദാഹരണമായിരുന്നു ഖയ്യൂമിന്‍റെ ബാപ്പ അബ്ദുള്ള ഹാജിയുടെ ജീവിതം. ഇസ്ലാമിന്‍റെ നന്മയെ കുറിച്ച് ചെറുപ്പത്തിലേ ലഭിച്ച ഉള്‍ക്കാഴ്ച ഒരെഴുത്തുകാരന്‍ എന്നനിലയില്‍ എന്‍റെ നിലപാടുകളെ വളരെയധികം സ്വാധീനിച്ചു. മതമൈത്രിയാണ്, മതസംഘര്‍ഷമല്ല ദൈവശാസ്ത്രപരമായി ശരി എന്ന് ഞാന്‍ വിശ്വസിച്ചു. ഒരു സുകൃതം പോലെ ആ ആശയം എന്നില്‍ വിളയിച്ചെടുത്തത് പൊന്നാനിയാണ്.

മറ്റ് പൊന്നാനി എഴുത്തുകാരുടെ പോലെ മുസ്ലിം ജീവിതവും ഹിന്ദുക്കളുടെയും മുസ്ലിംകളുടെയും കൂടിക്കഴിച്ചിലും എന്‍റെ എന്‍റെ രചനകളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. “ജീവിതത്തിന്‍റെ പുസ്തകം” എന്ന നോവലായപ്പോഴേക്ക് മുസ്ലിം ജീവിതത്തില്‍ കവിഞ്ഞ ഒരു ഇസ്ലാമിക ദര്‍ശനം കൂടി ഞാന്‍ അഭിമുഖീകരിക്കാന്‍ മുതിര്‍ന്നു. അതില്‍ നിന്നുള്ള വളര്‍ച്ചയാണ് “ദൈവത്തിന്‍റെ പുസ്തക”ത്തിലെ റസൂലിന്‍റെ ജീവിത ചിത്രീകരണം. നമ്മുടെ കൃഷ്ണനെപ്പോലെ തന്നെയാണ് ഖയ്യൂമിന്‍റെ മുഹമ്മദ് നബിയും എന്ന അമ്മയുടെ വാക്കുകള്‍ എന്‍റെ മനസില്‍ മായാതെ കിടന്നിരുന്നു. കൃഷ്ണന്‍റെയും നബിയുടെയും ജീവിതത്തിലെ അതിശയകരമായ സമാനതകള്‍ ‘ഓഷോ’ അവിഷ്കരിച്ചത് വായിച്ചപ്പോള്‍ ഞാന്‍ അമ്മയെ ഓര്‍ത്തു. ഡോ. മുഹമ്മദ് ഖാന്‍ ദുറാനിയുടെ “ഗീത ആന്‍ഡ് ഖുര്‍ആന്‍” എന്ന ഖുര്‍ആനിന്‍റെയും ഗീതയുടെയും സമാനതകള്‍ പ്രഖ്യാപിക്കുന്ന പുസ്തകവും എന്നെ ആവേശഭരിതനാക്കി. തനിക്ക് മുമ്പേ വന്ന പ്രവാചകന്മാരെയെല്ലാം തന്നെ പോലെ ആദരിക്കണമെന്ന മുഹമ്മദ് നബിയുടെ വാക്കുകളും എനിക്ക് മാര്‍ഗനിര്‍ദേശം നല്‍കി. എന്നാല്‍ ഈ വിഭവങ്ങളേക്കാള്‍ കൂടുതല്‍ ഖയ്യൂമിന്‍റെ വാപ്പയും മറ്റും സ്വന്തം പെരുമാറ്റത്തിലൂടെ എന്നില്‍ വളര്‍ത്തിയെടുത്ത നബിസ്നേഹമായിരുന്നു നോവലെഴുത്തിന്‍റെ ചാലകശക്തി.

ഖയ്യൂമിന്‍റെ വീട്ടില്‍ വെച്ച് ഞാനും അവനും ചെസ്സ് കളിക്കാറുണ്ടായിരുന്നു. ചില സമയങ്ങളില്‍ ഖയ്യൂമിന്‍റെ മൂത്തജ്യേഷ്ഠന്‍ ഞങ്ങള്‍ കളിക്കുന്ന സ്ഥലത്ത് വന്ന് ഖയ്യൂമിന്‍റെ പക്ഷം ചേരും. ഇത് കാണേണ്ട താമസം ഖയ്യൂമിന്‍റെ ബാപ്പ, രാമനുണ്ണിയെ തോല്‍പിക്കാന്‍ ഞാന്‍ നിങ്ങളെ സമ്മതിക്കില്ല എന്ന് പറഞ്ഞ് എന്‍റെ ഭാഗം ചേരും. അതിബുദ്ധിമാനായ അദ്ദേഹം എന്നെ കളിയില്‍ ജയിപ്പിച്ചേ അടങ്ങൂ. ഓര്‍മ വെക്കും മുമ്പേ പിതാവ് നഷ്ടപ്പെട്ട ഞാന്‍ ഖയ്യൂമിന്‍റെ ബാപ്പയുടെ ആ സ്നേഹത്തില്‍ തരളിതനാവുക പതിവായിരുന്നു. മുതിര്‍ന്നപ്പോഴാണ് അബ്ദുള്ള ഹാജിയുടെ ചെയ്തിയുടെ വിപുലമായ അര്‍ത്ഥം ഞാന്‍ മനസിലാക്കിയത്. അനാഥക്കുട്ടിയുടെ അടുത്ത് വെച്ച് സ്വന്തം മക്കളെ ഓമനിക്കരുതെന്ന പ്രവാചകന്‍റെ മഹാകാരുണ്യമായിരുന്നു ചെസ്സ് കളിയില്‍ എന്നെ സഹിയിക്കുന്നതിലൂടെ ഖയ്യൂമിന്‍റെ ബാപ്പ കാണിച്ചത്….

[സുന്നിവോയ്സില്‍ വന്ന കെ. പി രാമനുണ്ണിയുമായി നടന്ന ഒരു അഭിമുഖത്തില്‍ നിന്ന് എടുത്തത്]

Check Also

ചുള്ളിക്കാടിന്റെ അഭിപ്രായത്തോട് ഭാഗികമായി യോജിക്കുന്നു: റഫീഖ് അഹമ്മദ്

പാലക്കാട് : അക്കാദമിക് നിലവാരം കുറ‍ഞ്ഞുവെന്ന കവി ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ അഭിപ്രായത്തോടു യോജിക്കുന്നുവെങ്കിലും സ്കൂളിലോ കോളജിലോ തന്റെ കവിതകൾ പഠിപ്പിക്കരുതെന്ന …

Leave a Reply

Your email address will not be published. Required fields are marked *