വൈക്കം മുഹമ്മദ് ബഷീര്‍, ലളിതമായ ഭാഷയില്‍ ജീവിതഗന്ധിയായ രചനകളിലൂടെ മലയാളസാഹിത്യത്തില്‍ നന്മയുടെ സൌരഭ്യം പരത്തിയ എഴുത്തുകാരന്‍.അനുഭവത്തിന്റെയും ആഖ്യാനത്തിന്റെയും വിഭവ വൈവിധ്യങ്ങളിലൂടെ വായനയെ വിസ്‌മയിപ്പിച്ച അതുല്യ പ്രതിഭ. തന്റെ മണ്ണും, ജീവിതവും, പരിസരവും, വിശ്വാസവും, അനുഭവങ്ങളും, പരാജയങ്ങളുമാണ് തന്റെ രചനയെന്ന് പറയുകയും ജീവിതത്തിലൂടെ തെളിയിക്കുകയും ചെയ്‌ത മഹാന്‍. കഥാപാത്രങ്ങളെ തങ്ങളിലേക്ക് ആവാഹിക്കുന്ന പതിവു വായനാ ശൈലിക്കു പകരം കഥാപാത്രങ്ങള്‍ തങ്ങളെ അങ്ങോട്ട് ആവാഹിക്കുന്ന ശൈലി. അതിസാധാരണക്കാരനായ നാട്ടുമനുഷ്യന്റെ പച്ചഭാഷയിലുള്ള ഹാസ്യാത്മകമായ രചനകള്‍ വായനക്കാരനെ ചിരിപ്പിക്കുകയും, ചിന്തിപ്പിക്കുകയും, കരയിപ്പിക്കുകയും ചെയ്‌തു. ബഷീര്‍ അലക്കിത്തേച്ച വടിവൊത്ത ഭാഷ സംസാരിച്ചില്ല, പ്രാമാണിക വ്യാകരണങ്ങളെ അനുസരിച്ചില്ല. രചനയും ജീവിതവും വേര്‍തിരിക്കാനാവാത്ത വിധം ഇഴചേര്‍ന്നു നില്‍ക്കുന്നതാണ് ബഷീറിന്റെ സാഹിത്യം. മലയാള സാഹിത്യം ബഷീറില്‍ നിന്നും വായിച്ചു തുടങ്ങിയാല്‍ പിന്നീട് ആരും അതിനെ പ്രണയിക്കുമെന്നാണ് വിലയിരുത്തല്‍. ഒരു വെറും വായന എന്നതിലുപരി കഥാപാത്രങ്ങൾ നമുക്ക് മുമ്പില്‍ ജീവിച്ചു. ബഷീറിന്റെ ചില പ്രയോഗങ്ങള്‍, കഥാപാത്രങ്ങള്‍, അല്ലെങ്കില്‍ കഥാസന്ദര്‍ഭങ്ങള്‍ നമ്മുടെ ജീവിതത്തില്‍ ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന യാഥാര്‍ത്ഥ്യങ്ങളാണ്. സാഹസികത നിറഞ്ഞ യാത്രാനുഭവങ്ങളും, വിപ്ലവ ചിന്തകളും ഹാസ്യാത്മകമായ രചനകളിലൂടെ പ്രതിഫലിച്ചപ്പോള്‍ സാമൂഹിക പുരോഗതിയുടെയും നവോത്ഥാന മുന്നേറ്റങ്ങളുടെയും തനതായ പാത തുറക്കപ്പെടുകയായിരുന്നു. സമൂഹത്തിന്റെ അടിത്തട്ടില്‍ ജീവിക്കുന്നവരുടെ കഥകള്‍ അദ്ദേഹം പറഞ്ഞപ്പോള്‍ അവ ജീവസ്സുറ്റതായി. കഥകളുടെ സുല്‍ത്താനെ ബഹുമാനപൂര്‍വ്വം എല്ലാവരും ‘ബേപ്പൂര്‍ സുല്‍ത്താന്‍‘ എന്നു വിളിച്ചു. പത്മനാഭ പൈ പത്രാധിപരായിരുന്ന ‘ജയകേസരി‘യില്‍ പ്രസിദ്ധീകരിച്ച ‘തങ്കം’ ആണ് ആദ്യം പ്രസിദ്ധീകരിച്ച കഥ. ജോലിയന്വേഷിച്ച് ചെന്ന് ജോലി ലഭിക്കാതെ പത്രാധിപരുടെ നിര്‍ദ്ദേശാനുസരണം കഥയെഴുതി പ്രതിഫലം വാങ്ങുകയായിരുന്നു.തന്റെ യാത്രാനുഭവങ്ങള്‍ കഥക്കു വേണ്ടി ഇത്രമാത്രം വിനിയോഗിച്ച മറ്റൊരു കഥാകൃത്ത് മലയാളത്തില്‍ ഉണ്ടാവില്ല. ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഗാന്ധിജിയെ കാണാന്‍ വീട്ടില്‍ നിന്നും ഒളിച്ചോടിയതു മുതല്‍ ആരംഭിക്കുന്നതാണ് ബഷീറിന്റെ സാഹസിക യാത്രകള്‍…
1908 ജനുവരി 21 നു കോട്ടയം ജില്ലയിലെ വൈക്കം താലൂക്കില്‍ തലയോലപ്പറമ്പില്‍ ജനനം. പിതാവ് കായി അബ്ദുറഹ്മാന്‍, മാതാവ് കുഞ്ഞാത്തുമ്മ. തലയോലപ്പറമ്പിലെ മലയാളം സ്‌കൂളിലും വൈക്കം ഇംഗ്ലീഷ് സ്‌കൂളിലും പ്രാഥമിക പഠനം. ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ വീട്ടില്‍ നിന്നും ഒളിച്ചോടി. കാല്‍ നടയായി എറണാകുളത്തു ചെന്നു കള്ളവണ്ടി കയറി കോഴിക്കോടെത്തി. ഉടനെ തന്നെ സ്വാതന്ത്ര്യ സമരരംഗത്തേക്ക് എടുത്തു ചാടി. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു.
ഉപ്പുസത്യാഗ്രഹത്തില്‍ പങ്കുകൊണ്ടു. ബ്രിട്ടീഷുകാരുടെ മര്‍ദ്ദനത്തിനിരയാവുകയും ജയില്‍ ശിക്ഷ അനുഭവിക്കുകയും ചെയ്‌തു. മദിരാശി, കോഴിക്കോട്, കോട്ടയം, തിരുവനന്തപുരം ജില്ലകളില്‍ തടവില്‍ പാര്‍ത്തു. വൈകാതെ തീവ്രവാദത്തിലേക്കും കടന്നു. രാജ്‌ഗുരു, ഭഗത്‌സിംഗ്, സുഖ്‌ദേവ് മോഡല്‍ തീവ്രവാദ സംഘടനയുണ്ടാക്കി. സംഘടനയുടെ മുഖപത്രമായ ‘ഉജ്ജീവനം’ വാരിക നടത്തി. പിന്നീട് ഈ വാരിക സര്‍ക്കാര്‍ കണ്ടുകെട്ടി. പ്രഭ എന്ന തൂലികാ നാമത്തില്‍ ഉജ്ജീവനത്തിലും പ്രകാശനം വാരികയിലും എഴുതുമായിരുന്നു. കുറെ വര്‍ഷങ്ങള്‍ ഇന്ത്യയൊട്ടാകെ അലഞ്ഞു തിരിഞ്ഞു. അറബു നാടുകളിലും ആഫ്രിക്കയിലും സഞ്ചരിച്ചു, നിരവധി ഭാഷകള്‍ സ്വായത്തമാക്കി. സാഹസികതകള്‍ ഏറെ നിറഞ്ഞ ഈ യാത്രയില്‍ ചെയ്യാത്ത ജോലികളോ കെട്ടാത്ത വേഷങ്ങളോ ഇല്ല. ഹിന്ദു സന്യാസിമാരുടെ കൂടെയും മുസ്‌ലിം സൂഫികളുടെ കൂടെയും ധ്യാനവും സന്യാസവുമായി കുറെ ജീവിച്ചു. കച്ചവടക്കാരന്‍, കൈ നോട്ടക്കാരന്‍, ഹോട്ടല്‍ തൊഴിലാളി, ഹോട്ടല്‍ നടത്തിപ്പുകാരന്‍, ട്യൂഷന്‍ മാസ്റ്റര്‍, കണക്കപ്പിള്ള, മില്‍ തൊഴിലാളി, ഗേറ്റ് കീപ്പര്‍, ന്യൂസ് പേപ്പര്‍ ബോയ്, മാജിക്കുകാരന്റെ സഹായി, ചായപ്പണിക്കാരന്‍, കപ്പലിലെ ഖലാസി, ഹോമിയോപ്പതി കമ്പോണ്ടര്‍, ബുക്ക് സ്‌റ്റാള്‍ മുതലാളി, ഗുഡ്‌സ് ഏജന്റ്, പത്രാധിപര്‍ തുടങ്ങി ചെറുതും വലുതുമായ ജോലികള്‍ പലതും ഏറ്റെടുത്തു. ഓരോ ജോലിയിലെയും ജയപരാജയങ്ങള്‍ രചനകളായി ഇന്നും നമുക്ക് മുമ്പില്‍ ജീവിക്കുന്നു. ‘ഇമ്മിണി വല്യ ഒന്നി’നെ അതിശയിക്കുന്ന വാക്യങ്ങള്‍ മലയാളത്തിലെന്നല്ല ലോകസാഹിത്യത്തില്‍ തന്നെ വിരളമാകും. തന്റെയൊരു ജന്മദിനം കടന്നു പോയ വിധം ബഷീര്‍ വിവരിക്കുന്നത് രസകരവും ചിന്തനീയവുമാണ്. ജന്മദിനത്തില്‍ എല്ലാം നല്ലതായിത്തീരേണമേ എന്നു പ്രാര്‍ഥിച്ചു, കയ്യിലുള്ള എട്ടണ സംഭാവന കൊടുത്തു. ഉച്ചയൂണിനു കൂട്ടിക്കൊണ്ടു പോവാമെന്നേറ്റ സുഹൃത്ത് വേറെ തിരക്കില്‍ പെട്ടതിനെ തുടര്‍ന്ന് ബഷീര്‍ പട്ടിണിയായി. സമയം രാത്രിയായതോടെ വിശപ്പ് സഹിക്കാവുന്നതിലുമപ്പുറമായി. അവസാനം അയല്‍ വീട്ടിലെ കോളേജ് പിള്ളേരുടെ റൂമില്‍ കയറി ഭക്ഷണം കട്ടുതിന്നു. ജന്മദിനവും ശുഭം !
1958 ല്‍ ഫാബിയെ വിവാഹം കഴിച്ചു. ബേപ്പൂരില്‍ താമസമാക്കി. മകള്‍ ഷാഹിന, മകന്‍ അനീസ്. വൈലാലിലെ വീട്. മുറ്റത്തെ മാങ്കോസ്റ്റിൻ മരച്ചുവട്ടിലാണ് സങ്കേതം. എഴുതി എഴുതി വളരെ വൈകി ഉറങ്ങുന്നതിനാല്‍ എഴുന്നേല്‍ക്കുന്നതും വളരെ വൈകി. രണ്ടു ചെമ്പുകുടം വെള്ളം കൊണ്ടുള്ള കുളി കഴിഞ്ഞ് ഉച്ചയോടടുക്കുമ്പോള്‍ പരിവാരങ്ങളോടൊത്ത് മരച്ചുവട്ടിലെത്തും. ചാരുകസേര, കണ്ണട, എഴുത്ത് പലക, സിഗററ്റ് പെട്ടി, വെള്ളം നിറച്ച മണ്‍കൂജ, ഗ്രാമഫോണ്‍, ഫ്ലാസ്‌ക് നിറയെ സുലൈമാനി, കടലാസ് വെക്കാന്‍ ചെറിയൊരു മേശ ഇവയൊക്കെയാണ് ഉരുപ്പടികള്‍. തന്നെ കാണാന്‍ വരുന്നവരെ സ്വീകരിക്കുന്നതും ഫലിതത്തിന്റെ കെട്ട് തുറക്കുന്നതുമെല്ലാം ഇവിടെത്തന്നെയാണ്.
1994 ജൂലൈ 5-ന് ബേപ്പൂര്‍ സുല്‍ത്താന്‍ ഒാര്‍മ്മയായി…
പ്രധാന രചനകൾ
ജന്മ ദിനം (1945), ഓര്‍മ്മക്കുറിപ്പ് (1946), വിഡ്ഡികളുടെ സ്വര്‍ഗ്ഗം (1948), പാവപ്പെട്ടവരുടെ വേശ്യ (1952), വിശപ്പ് (1954), വിശ്വവിഖ്യാതമായ മൂക്ക് (1954), ഒരു ഭഗവത് ഗീതയും കുറെ മുലകളും (1967), ചിരിക്കുന്ന മരപ്പാവ (1975), ആനപ്പൂട (1975), യാ ഇലാഹി പ്രേ പാറ്റ (2000 – മരണാനന്തരം, പ്രേമ ലേഖനം (1943), ബാല്യകാല സഖി (1944), ശബ്‌ദങ്ങള്‍ (1947), ന്റുപ്പൂപ്പാക്കൊരു ആനണ്ടാര്‍ന്നു (1951), സ്ഥലത്തെ പ്രധാന ദിവ്യന്‍ (1951), മുച്ചീട്ടു കളിക്കാരന്റെ മകള്‍ (1951), മരണത്തിന്റെ നിഴലില്‍ (1951), ആനവാരിയും പൊന്‍കുരിശും (1953), ജീവിത നിഴല്‍പ്പാടുകള്‍ (1954), പാത്തുമ്മാന്റെ ആട് (1959), മതിലുകള്‍ (1965), മാന്ത്രികപ്പൂച്ച (1968), താര സ്‌പെഷ്യല്‍സ് (1968).
ലേഖനങ്ങള്‍
അനര്‍ഘ നിമിഷം (1946), ഓര്‍മ്മയുടെ അറകള്‍ (1973), ഡിസിയും ഒരു ഉണ്ട ക്രിസ്ത്യാനിയും, അനുരാഗത്തിന്റെ ദിനങ്ങള്‍ (1983), സ്‌മരണകള്‍ എം പി പോള്‍ (1991).
കഥാബീജം (നാടകം – 1945), നേരും നുണയും (1969), ഭാര്‍ഗ്ഗവീ നിലയം (തിരക്കഥ – 1985), ശിങ്കിടി മുങ്കന്‍ (1991), ചെവിയോര്‍ക്കുക അന്തിമ കാഹളം (1992).
One comment
Pingback: ബഷീര്‍ ചരമദിനം.!! | ചേതസ്സ്