പലനാൾ കള്ളൻ !

എന്റെ വീടിന്റെ താഴത്തെവീട്ടിലെ സുലേഖാമ്മായ്ക്ക് ഇടയ്ക്കിടെ ഓരോ അസുഖങ്ങൾവരും..

തലവേദന, ദേഹമാസകലംവേദന, വയറ്റുവേദന, പുളിച്ചുതികട്ടൽ ഇത്ത്യാതി മ്യാരകരോഗങ്ങൾ വന്നാൽ ഈ സുലെഖാമ്മ ആശുപത്രിയിൽ പോയി മരുന്ന് ഒന്നും വാങ്ങില്ല, പകരം തട്ടുവിളയിലെ ഏലപ്പകാക്കയെ കൊണ്ട് ഒരു ചരടങ്ങ് ഓതിഊതിച്ച് ഇളിയിലോ, കൈത്തണ്ടിലോ കെട്ടും.
പിറ്റേന്ന് നേരം വെളുക്കുമ്പോൾ അസുഖം പമ്പകടക്കും…

മഗ്രിബ് നിസ്ക്കാരത്തിന് ശേഷം ഈചരട് ഓതിക്കാൻ തട്ടുവിളയിൽ കൊണ്ടുപോകാൻ മിക്കപ്പോഴും എന്നെയാണ് ഏൽപ്പിക്കുന്നത്..

അടുപ്പിച്ചുള്ള ഈ ഏർപ്പാട് എനിക്ക് മുഷിച്ചിലുണ്ടാക്കി. പിന്നെ വിളിക്കുമ്പോൾ എന്റെ മോന്ത തെളിയാതിരുന്നപ്പോൾ സുലേഖാമ്മായ്ക്ക് കാര്യം പിടികിട്ടി പിന്നങ്ങോട്ട് ഒന്നര രൂപ കൈമടക്കും, നാലണ കറുത്തചരടിനും, നാലണ എനിക്ക് മിട്ടായിക്കും ചേർത്ത് രണ്ടുരൂപാ തരുമായിരുന്നു എന്നിട്ട് ഒർമ്മപ്പെടുത്തും നല്ല സന്തോഷത്തോടെ കൊണ്ടുപോയി ഓതിച്ചുകൊണ്ടുവരാൻ ഇല്ലെങ്കിൽ ഫലംകുറയുമത്രെ..

ഇതിലെന്റെ നാലണകൊണ്ട് എന്തൊക്കെ വാങ്ങാം എന്നചിന്ത വല്ലാതെ വലപ്പിക്കും, പലതും മനസ്സിൽ കൂട്ടിയും, കിഴിച്ചും അവസാനം ഇരുപത്പൈസാ വിലയുള്ള വാഴയിലയിൽ പൊതിഞ്ഞ നാരങ്ങാ അച്ചാർ വാങ്ങി ആരുംകാണാതെ അങ്ങ്കഴിക്കും അത്രയ്ക്ക് രുചിയും, മണവും ഉണ്ടായിരുന്നു അക്കാലത്തെ നാരങ്ങാപ്പൊതിക്ക് ബാക്കി അഞ്ചുപൈസയ്ക്ക് ഒരു തേങ്ങാമുട്ടായും കൂടിയങ്ങു വാങ്ങുമ്പോൾ നമ്മുടെ ഖജനാവ് കാലി..

ഒരു ദിവസം ഇതുപോലെ ചരടോതിക്കാൻ എലപ്പകാക്കാടെ വീട്ടിൽ ചെന്നപ്പോൾ ആളവിടില്ല എവിടെയോ മൗലൂദ് ഓതാൻപോയി വരുമ്പോൾ താമസിക്കും എന്ന് പറഞ്ഞു,
നിരന്തരം ഈ ഊതലും, ഓതലും കെട്ടലും കണ്ട് ശീലിച്ച എനിക്ക് മനസ്സിൽ ഒരു ബുദ്ധിതോന്നി.
വീട്ടിൽ എന്നും സന്ധ്യക്ക് വിളക്കും, തിരിയും കത്തിച്ച് ഉച്ചത്തിലോതുന്ന സ്വലാത്ത് പതിയെ മനസ്സിൽ ചൊല്ലി ചരടിൽ ഒന്നൂതി നന്നായി കെട്ടി പേപ്പറിൽപൊതിഞ്ഞു നേരെ സുലേഖാമ്മായ്ക്ക് കൊണ്ട് കൊടുത്തു, അവരത് ബിസ്മിയും ചൊല്ലി കെട്ടി.

കൈമടക്ക് എന്റെ പോക്കറ്റിലുമായി.

ആ പൈസാകൊണ്ട് എന്റെ വളരെകാലത്തെ ആഗ്രഹമായിരുന്ന മമ്മൂട്ടികാക്കാടെ ചായക്കടയിലെ പത്തിരിവാങ്ങി കഴിച്ചു.

രാവിലെ ഉറക്കമെണീറ്റ് മുറ്റത്തിരുന്നു ഉമിക്കരികൊണ്ട് പല്ലുരച്ചു തേക്കുമ്പോൾ മുറ്റമടിച്ചോണ്ടിരുന്ന ഉമ്മ സുലേഖാമ്മായോട് ചോദിച്ചു ഇപ്പോൾ കുറവുണ്ടോന്ന്, മറുപടിയ്ക്കായി ഞാനും കാതോർത്തു.

ആ ചരട് കെട്ടിയതിൽപിന്നെ എനിക്ക് നല്ല കുറവുണ്ട് എന്ന് കേട്ടപ്പോൾ എനിക്കും അത്ഭുതമായി.
പിന്നീട് ഈ കലാപരിപാടി തുടർന്ന്കൊണ്ടേയിരുന്നു ആദ്യമൊക്കെ ഒരു കുറ്റബോധം മനസ്സിൽ തോന്നിയെങ്കിലും പത്തിരിയുടെ രുചിയിൽ അതൊക്കെ ഞാനങ്ങു മറക്കാൻ ശ്രമിച്ചു.

പക്ഷേ ഇടയ്ക്കിടെയുള്ള എന്റെ ഈ പത്തിരി തീറ്റി ആ കടയിൽ പത്തിരി അടിക്കുന്ന അലിയാര് കാക്കായ്ക്ക് ചെറിയ സംശയം തോന്നി ഒളിഞ്ഞും, പതിഞ്ഞും ഇരുന്നുള്ള എന്റെ കഴിപ്പ് കണ്ടപ്പോഴേ പുള്ളിക്കാരന് കാര്യം പിടികിട്ടി. മാത്രവുമല്ലാ ഈ അലിയാര്കാക്കാടെ ഭാര്യാണ് നമ്മുടെ നിത്യരോഗി സുലേഖാമ്മാ.. എന്നാൽപോലും ആ പാവം എന്നെ ഒറ്റിയില്ലാ.

പലനാൾ കള്ളൻ ഒരുനാൾ പിടിയിൽ എന്ന് പറഞ്ഞപോലെ അത്തവണത്തെ ബലിപെരുന്നാളിന് മൗലൂദ് ഓതാൻ വന്ന എലപ്പകാക്ക സുലേഖാമ്മായെ കണ്ടപ്പോൾ ചോദിച്ചു ഇപ്പോൾ കാണുന്നില്ലല്ലോ അസുഖമൊന്നുമില്ലേന്ന്, ആ ചോദ്യം എന്റെ കള്ളത്തരത്തെ പിടിച്ചുകെട്ടി.

വീട്ടിൽ ആകെ ബഹളവും, വഴക്കുമായി സുലേഖാമ്മ എന്നെ ഇനി പറയാൻ ബാക്കി ഒന്നുമില്ല. കുറെ ഒക്കെ കേട്ട്കഴിഞ്ഞപ്പോൾ നമ്മുടെ പത്തിരിഅടിക്കാരൻ അലിയാർ കാക്ക രംഗത്തെത്തി എനിക്ക് പിന്തുണ നൽകി.

ആര് ഓതിയാലെന്താ നിന്റെ അസുഖമൊക്കെ അപ്പോൾ മാറിയിരുന്നില്ലേ പിന്നെന്താ എന്ന ചോദ്യത്തിൽ നമ്മുടെ സുലേഖാമ്മാ ഫ്ലാറ്റായി..

വറുതിയിൽ കഴിഞ്ഞിരുന്ന ആ കാലഘട്ടത്തിൽ അന്നത്തിനായി ചെയ്തിരുന്ന കൊച്ചു കൊച്ചു കള്ളത്തരങ്ങളെ കുറിച്ച് ഓർക്കുമ്പോൾ ഇപ്പോൾ മനസ്സിൽ ഒരു നേർത്തപുഞ്ചിരി മുങ്ങാങ്കുഴിയിട്ട് കളിക്കലുണ്ട്…

About Majid Noushad

മജീദ് നൗഷാദ്. അഷ്ടമുടിക്കായലോരത്തെ ഒരു സാധാരണക്കാരനായ യുവാവ്. അവിടെ തൊണ്ടു തല്ലി പട്ടിണിയും, പരിവട്ടവുമായി ജീവിച്ച കുടുംബങ്ങളുടെ പ്രതിനിധി.കരളെരിച്ച ജീവിതത്തിന്റെ ആ കനൽ വഴികൾ നമ്മെ പൊള്ളിക്കാതിരിക്കില്ല. ഗ്രാമത്തിന്റെ നൻമയും, തനിമയും ചോർന്നു പോകാത്ത ആ ഒാർമകളിലേക്ക്.....

Check Also

ഉണ്ണിക്കുട്ടൻ

അടുക്കള വാതിക്കൽ വന്ന് നിന്ന് ഉണ്ണിക്കുട്ടൻ പറഞ്ഞു ;  ” തിന്നാൻ താ അമ്മേ .. വിശക്കുന്നു.” മുറ്റത്ത് വീണുകിടന്നിരുന്ന മാവിലകളിൽ നല്ലത് നോക്കി ഒരെണ്ണമെടുത്ത് പല്ലു തേച്ചയുടനെ പതിവിനുവിപരീതമായി വിശപ്പിന്റെ വിളി വന്നു ഉണ്ണിക്കുട്ടന്. അല്ലായിരുന്നെങ്കിൽ തൊടിയിലൊക്കെ ഇറങ്ങി നടക്കുന്നഉണ്ണിക്കുട്ടനെ, അമ്മ മൂന്നാല് വിളി വിളിയ്ക്കണം പ്രാതല് കഴിയ്ക്കാൻ.  അമ്മ ആവി പറക്കുന്ന ഇഡ്‌ലി , അതിന്റെ ചെമ്പിൽ നിന്നും തട്ടോടു കൂടി പുറത്തേയ്‌ക്കെടുത്തു. അതും നോക്കിതാടിയ്ക്ക് കയ്യും കൊടുത്ത് ചുളിഞ്ഞ മുഖവുമായി ഉണ്ണിക്കുട്ടൻ കൊരണ്ടിയിൽ ഇരുന്നു. ചെക്കന് ക്ഷമകെട്ടിരിയ്ക്കുന്നു. അമ്മ ഉണ്ണിക്കുട്ടന് നേരെ അവന്റെ വട്ടപ്പാത്രം നീട്ടി. അത്‌ ഉണ്ണിക്കുട്ടന്റെ മാത്രം പാത്രമാണ്. അതിലല്ലാതെ ആഹാരം കഴിച്ചതായി ഉണ്ണിക്കുട്ടന് ഓർമയില്ല. പാത്രം മടിയിലേക്ക് സൂക്ഷിച്ച് വച്ച് ഉണ്ണിക്കുട്ടൻഅതിലേക്ക് നോക്കി. ആവി പറത്തിക്കൊണ്ട് , വെളുത്ത് സുന്ദരന്മാരായ മൂന്ന് ഇഡ്‌ലിക്കുട്ടന്മാർ.  അരികിൽ ഒരുചെറിയ പഞ്ചസാരക്കുന്ന്. ചുറ്റും ചിതറിക്കിടക്കുന്ന പഞ്ചാസാരത്തരികളിൽ ചൂണ്ടുവിരൽക്കൊണ്ട് തൊട്ട്ഉണ്ണിക്കുട്ടൻ വായിലേക്ക് വച്ചു. വിശപ്പിന് ഒരു ആശ്വാസം എന്ന കണക്ക്. ചൂട് മുഴുവൻ ആറുന്നത് വരെ  കാത്തിരിയ്ക്കാൻ ഉണ്ണിക്കുട്ടന് ക്ഷമയില്ലായിരുന്നു. മെല്ലെ ഊതി ചെറിയ ചെറിയ കഷണങ്ങളാക്കിപഞ്ചസാരയിൽ തൊട്ട് ഉണ്ണിക്കുട്ടൻ കഴിപ്പ് തുടങ്ങി. രണ്ടെണ്ണം തീർന്ന് മൂന്നാമത്തേതിൽ കൈ വയ്ക്കുമ്പോൾഉണ്ണിക്കുട്ടൻ വിറക് കത്തിച്ച് അടുപ്പിലേക്ക് വെള്ളം നിറച്ച കലം വയ്ക്കുന്ന അമ്മയെ ഒന്ന് നോക്കി.  ഒന്നുകൂടെ കിട്ടിയിരുന്നെങ്കിൽ എന്നൊരു ആഗ്രഹം. ആഗ്രഹം കൊണ്ട് മാത്രമല്ല ഉണ്ണിക്കുട്ടന് വിശപ്പ്അടങ്ങിയിരുന്നില്ല. അവന്റെ മനസ്സ് അറിഞ്ഞെന്ന വണ്ണം അമ്മ ചോദിച്ചു; ” ഒരെണ്ണം കൂടെ തരട്ടെ ഉണ്ണീ..” വയറും മനസ്സും വേണം എന്ന് പറയുന്നുണ്ടെങ്കിലും ഉണ്ണി പക്ഷെ പറഞ്ഞു ; ” വേണ്ടാമ്മേ .. വയറ് നിറഞ്ഞു..” വിദഗ്ദ്ധമായി മറച്ചുപിടിച്ച ഒരു ആശ്വാസം അമ്മയിൽ വിടരുമെന്ന് ഉണ്ണിയ്ക്ക് ഉറപ്പുണ്ടായിരുന്നു. അമ്മയ്ക്ക് നേരെപാത്രം നീട്ടി പകരം അമ്മ നൽകിയ കട്ടൻകാപ്പിയുമായി ഉണ്ണി അടുക്കളമുറ്റത്തേയ്ക്ക് ഇറങ്ങി. അവിടെ ഒരുചെറിയ പാറക്കല്ലിന് മുകളിലായി അവൻ ഇരുന്നു. കുഞ്ഞ്  കിളികൾക്കും മറ്റുമായി ഒരു ചെറിയ പാത്രത്തിൽ അമ്മഅരിയിട്ട് വച്ചിരിയ്ക്കുന്നു. അത്‌ കൊത്തിപ്പെറുക്കാൻ എന്ന വണ്ണം കുറേ കരിയിലക്കിളികൾ കലപില ശബ്ദംഉണ്ടാക്കി അവിടെ ചുറ്റിനടപ്പുണ്ട്. അവയെ നോക്കി കാപ്പിയും കുടിച്ചിറക്കുമ്പോൾ ഉണ്ണിക്കുട്ടന്റെ മുഖത്തൊരുകുസൃതിച്ചിരി.  ഉണ്ണിക്കുട്ടനറിയാം.. ഇനി ആ പാത്രത്തിൽ ബാക്കിയുള്ളത്.. അത് അമ്മയുടെ പങ്കാണ്. കൂടിവന്നാൽരണ്ടെണ്ണമുണ്ടാകും. തന്റെ വയറ് നിറഞ്ഞോ എന്ന ഉത്ക്കണ്ഠ അമ്മയ്ക്കുണ്ട്. ഒന്നുകൂടെ വേണം എന്ന്പറഞ്ഞിരുന്നെങ്കിൽ അമ്മ തരാതിരിയ്ക്കില്ല. പക്ഷെ അമ്മ പട്ടിണിയാകും. ഉണ്ണിക്കുട്ടന്റെ കണ്ണുകളിൽ ഒരുനീർത്തിളക്കം. അത്  മായിച്ചുകൊണ്ട് ഉണ്ണിക്കുട്ടൻ അടുക്കള വാതുക്കൽ ചെന്ന് ഒന്ന് എത്തിനോക്കി. അടുപ്പിലെ തീ അണയുന്നുണ്ടോഎന്ന് നോക്കി ഒരു ആകുലതയോടെ കയ്യിലിരിയ്ക്കുന്ന ഇഡ്‌ലി നുള്ളിക്കഴിയ്ക്കുന്ന അമ്മ.  ഉണ്ണിക്കുട്ടന് വയറ് നിറഞ്ഞ സംതൃപ്തി.

One comment

  1. നന്നായിട്ടുണ്ട്‌.നല്ല ഓർമ്മകൾ!!!!/!/!/!

Leave a Reply to സുധി അറയ്ക്കൽ Cancel reply

Your email address will not be published. Required fields are marked *