പ്രതീക്ഷയുടെ ആ വളവു തിരിഞ്ഞ്
ബസിപ്പോൾ വന്നു നിൽക്കും ..
ഒരു കരിയില പൊലെ
കയറിയിരിക്കും ….
പിറകോട്ടോടുന്ന കാഴ്ചയിലേക്ക്
മനസ് തിരിക്കും ..
ഓർമയുടെ കടലാഴങ്ങളിലേക്ക്
മുടിയിഴകളെ പൊലെ ..
പാറിപ്പറക്കണം …
എന്റേത് മാത്രമായ സ്റ്റോപ്പിൽ
എനിക്കിറങ്ങണം …
കൂടണയാൻ ഇത്തിരി ദൂരം
നടക്കണം …
സന്ധ്യ മയങ്ങിയ വെളിച്ചത്തിലേക്ക് അയാൾ
വാതിൽ തുറയ്ക്കണം …
എന്തേടീ.. വൈകിയോ ,, എന്ന ചോദ്യത്തിന് …
ഒരു പുഞ്ചിരി കൊടുക്കണം ..
കെട്ടിപ്പിടിച്ചു മുഖത്തേക്ക്
നോക്കുന്ന വാത്സല്യങ്ങൾക്ക്
ഒരോ മുത്തം കൊടുക്കണം…
മിണ്ടാതെ ഇറങ്ങിപ്പോവുമ്പോൾ
പരിഭവിച്ച പാത്രങ്ങൾക്ക്
കല പിലയാൽ ഒരു സദ്യയൊരുക്കണം …
എനിക്ക് എന്നെ തന്നെ
കിടത്തി ഉറക്കണം …..
പ്രത്യാശയുടെ വഴിക്കണ്ണുകൾ
വെട്ടിച്ച് .. വെട്ടിച്ച് ..
വാച്ചിലെ നേരം നോക്കി
ജീവിത നേരം പോയി…
തല ചൊറിഞ്ഞ് നരച്ചിട്ടും …
ആ ബസ് ഇനിയും വന്നില്ലല്ലോ
എന്റെ ദൈവമേ …..