വിവിധ വിഷയങ്ങളെക്കുറിച്ചുള്ള ആശയ സംവാദമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. വായനക്കാർക്ക് അവരുടെ സംശയങ്ങൾ വിവിധ മേഖലകളിലെ വിദഗ്ധരുമായി പങ്കുവയ്ക്കാനും ആശയ സംവാദം നടത്താനുമുള്ള വേദിയാണിത്. ആദ്യമായി ശ്രീനാരായണ ധർമ സംഘം ട്രസ്റ്റിലെ സ്വാമി സൂക്ഷ്മാനന്ദ നമ്മളോടു സംവദിക്കുന്നു. വിഷയം ധ്യാനം
എന്താണ് ധ്യാനം?
ലളിതമായി പറഞ്ഞാൽ ചിന്തകളെ നോക്കി കാണാനുള്ള കഴിവാണ് ധ്യാനം നമുക്കു നൽകുന്നത്. നമ്മുടെ ബോധ മണ്ഡലത്തിൽ രണ്ടുതരം പ്രവർത്തനങ്ങളാണ് നടക്കുന്നത്. ചിന്തിക്കുകയെന്ന പ്രവർത്തിയാണ് അതിലൊന്ന്. മറ്റൊന്നു ചിന്തകളെ കാണുകയെന്നത്. രണ്ടു പ്രവർത്തികളും വ്യത്യസ്തമാണെങ്കിലും നടക്കുന്നത് ഒരേ ബോധമണ്ഡലത്തിന്റെ വ്യത്യസ്ത തലങ്ങളിലാണ്. ഒരു സാധാരണക്കാരനെ സംബന്ധിച്ചിടത്തോളെ ഇതൊക്കെ തിരിച്ചറിയുവാൻതന്നെ പ്രയാസമാണ്. നിരന്തരമായ ധ്യാനത്തിലൂടെയോ ക്രമമായ സാധനാ മാർഗങ്ങളിലൂടെയോ മാത്രമേ ബോധമണ്ഡലത്തിൽ നടക്കുന്ന ഈ വ്യത്യസ്തതകളെ തിരിച്ചറിയാനാകൂ.
എന്തിനാണ് ധ്യാനം പരിശീലിക്കുന്നത്?
മനുഷ്യൻ ദൈവമായി മാറാനുള്ള ആത്മീയ സാധനയായാണ് ധ്യാനം പരിശീലിക്കേണ്ടത്. ഈ പരിശീലനം നൽകുന്ന ക്രമാനുഗതമായ വളർച്ച നമ്മിലുള്ള ദൈവ സാന്നിദ്ധ്യത്തെ നമ്മുടെ സ്ഥിരം ഭാവമായി മാറ്റും.
ധ്യാനത്തിലൂടെ ടെൻഷൻ മറികടക്കാമെന്നാണല്ലോ പൊതുവേയുള്ള വിശ്വാസം അതിനോട് യോജിക്കുന്നുണ്ടോ?
ധ്യാനം ടെൻഷൻ ഇല്ലാതാക്കാനുള്ള സംവിധാനമല്ലെന്ന് പ്രാഥമികമായി നാം അറിഞ്ഞിരിക്കണം. ഇത് പരമമായ സത്യത്തെ അഥവാ ദൈവത്തെ അറിയാനുള്ള സാധാരണ മാർഗമാണ്.ധ്യാനം ടെൻഷൻ ഉണ്ടാക്കുകയല്ല മറിച്ച് ടെൻഷനുകൾക്കപ്പുറമുള്ള ബോധാവസ്ഥയിലേക്ക് നമ്മെ കൂട്ടിക്കൊണ്ടു പോവുകയാണ്.
ധ്യാന പരിശീലന കേന്ദ്രങ്ങൾ പെരുകുകയാണല്ലോ!
ആത്മീയ പരകോടിയിലേക്കുള്ള സാധനാ മാർഗമായി ഗുരുക്കന്മാർ കണ്ടിരുന്ന ധ്യാനം ഇന്നു ജനകീയമായിയെന്നതു വലിയ തമാശയാണ്. ധ്യാനത്തെ സംബന്ധിച്ച നിഗൂഡതകളെല്ലാം ഇപ്പോൾ ഏതാണ്ട് മറ നീക്കി പുറത്തുവന്നിരിക്കുകയാണ്. ഇത് ഗുണവും ദോഷവുണ്ടാക്കിയിട്ടുണ്ട്. ധ്യാനം സാധാരണക്കാരനു ലഭ്യമാക്കിയെന്നതാണു ഗുണം. അതിലൂടെ ധ്യാനത്തെ ഉപഭോഗ വസ്തുവാക്കിയെന്നതു ദോഷം. (തുടരും)
ധ്യാനവുമായി ബന്ധപ്പെട്ട് സൂക്ഷ്മാനന്ദ സ്വാമിയുമായി സംവാദം തുടരാം. ചോദ്യങ്ങൾ ഞങ്ങൾക്കയയ്ക്കുക. പേരും കൃത്യമായ വിലാസവും ചോദ്യത്തോടൊപ്പം ഉൾപ്പെടുത്തുക