ഗീതം(സംഗീതം), വാദ്യം, നൃത്തം എന്നിവയ്ക്ക് കൂട്ടായി പറയുന്ന പേരാണ് തൌരത്രികം. ഇവ മൂന്നും കഥകളിയിൽ സമഞ്ജസമായി സമ്മേളിച്ചിരിക്കുന്നതിനാൽ കഥകളി തൌരത്രികാധിഷ്ടിതമായ കലയാണ് എന്ന് പറയപ്പെടുന്നു. കഥകളി അഭിനയപ്രധാനമാണ്. എന്നാൽ അഭിനയത്തിന് ജീവൻ നൽകുന്നത് തൌരത്രികമാണ്.
തൌരത്രിക വിഷയത്തോട് ചേർത്ത് അൽപ്പം കൂടി പറയട്ടെ ..
ന്യൂ ജെൻ കഥകളി വേഷക്കാർ വിസ്മരിക്കുന്ന ഒരു സംഗതിയുണ്ട്. അതായത്, സംഗീതവും വാദ്യവും നൃത്തവും അഭിനയത്തിന് (വിശിഷ്യ മുഖാഭിനയത്തിന്) കീഴ്പ്പെട്ടിരിക്കണം.
കളരിയിൽ ചൊല്ലിയാടി പഠിച്ച കലാശങ്ങളും മറ്റും (നൃത്തം) അണുവിട തെറ്റാതെ വേദിയിൽ ശർദ്ദിച്ച് വയ്ക്കുന്നതിലാണ് അവരുടെ ശ്രദ്ധ.
എന്റെ ഒരു കഥകളി വേഷ സുഹൃത്തുമായുള്ള സംസാരമദ്ധ്യേ അദ്ദേഹം തന്റെ വേവലാതി എന്നോട് പങ്കുവച്ചു. തലേന്ന് വേദിയിൽ വച്ച് അവസാനത്തെ കലാശമെടുത്തപ്പോൾ താളത്തിൽ നിന്ന് മാറിപ്പോയത്രേ….
നല്ല ഒരു ആസ്വാദകൻ നാടിന്റെ കലാശച്ചുവടുകളുടെ എണ്ണമെടുക്കാനല്ല മുൻനിരയിലെ കസേരയിലിരിക്കുന്നത്.. പദത്തിനനുസരിച്ച് വ്യക്തതയോടെ മുദ്ര കാണിയ്ക്കുന്നതുവഴി ആശയം മനസ്സിലാകുന്നുണ്ടോ, സന്ദർഭത്തിനനുസരിച്ച് രസ – ഭാവങ്ങൾ ഉണ്ടാകുന്നുണ്ടോ എന്നിത്യാദി കാര്യങ്ങളാണ് ആസ്വാദകൻ പ്രധാനമായി ശ്രദ്ധിക്കുന്നത്.
കഥകളിയിൽ കലാശങ്ങളെക്കാൾ പ്രാധാന്യം അഭിനയത്തിനാണ് എന്നുള്ളതിൻ്റെ സ്പഷ്ടമായ തെളിവാണ് ഈ പ്രായത്തിൽ ഗോപിയാശാനും മടവൂരാശാനും മറ്റും വേദിയിൽ ആടുമ്പോൾ സദസ്സിൽ അനുഭവപ്പെടുന്ന ജനബാഹുല്യം.