പുറത്തുനിന്നും കേറിവന്ന അച്ഛന്റെ മുഖത്തു ദേഷ്യമോ സങ്കടമോ എന്നവൾക്ക് മനസിലായില്ല.
അമ്പിളി കയ്യിലെ പുസ്തകത്തിൽ ഇന്നലെ വരച്ചു ചേർത്ത ചിത്രങ്ങൾ അച്ഛനെ കാണിക്കാൻ അത് കൊണ്ട് ഒന്ന് മടിച്ചു.. പിന്നെ പുസ്തകം നിവർത്തി ഒന്നുകൂടി നോക്കി.. അവൾ വരച്ച കുഞ്ഞുവാവയുടെ ചിത്രം. ഇതിനിടെ അമ്മ ആയാസപ്പെട്ടു അച്ഛനരികിലേക്ക് വന്നു, അമ്മ വലതുകൈകൊണ്ട് വയറിൽ താങ്ങി പിടിച്ചിട്ടുണ്ട്.. അമ്മയുടെ കൈകൾ കൂടുതൽ അമർത്തിയാൽ കുഞ്ഞുവാവയ്ക്ക് വേദനിക്കുമോ ആവോ ?
അമ്പിളിക്കുട്ടിക്ക് വല്ലാതെ ഭയം തോന്നി…”അമ്മെ അതിങ്ങ് എടുത്തെ” എന്നുപറഞ്ഞുകൊണ്ട് അവൾ മെല്ലെ അമ്മയുടെ ശ്രദ്ധതിരിക്കാൻ ശ്രദ്ധിക്കുകയും ചെയ്തു..
അച്ഛൻ സെറ്റിയിൽ കൈകൾ തലയ്ക്കു താങ്ങിയാണ് ഇരിപ്പ്, ഇപ്പോൾ കുറെ നാളായി അങ്ങിനെയാണ്. അവൾക്കറിയാത്ത ഭാഷയിൽ… ചില ഉറച്ച ഫോൺവിളികൾ, അമ്മയോടുള്ള ഉറക്കെയുള്ള പൊട്ടിത്തെറികൾ…
വീട്ടിലെ ഒരു വിധപ്പെട്ട എല്ലാ വസ്തുക്കളുടെയും സ്ഥാനം തെറ്റിയിരിക്കുന്നു. വിലപ്പെട്ട പലതും അപ്രത്യക്ഷമായിരിക്കുന്നു…
അമ്മയുടെ ഗർഭാലസ്യം അവളിൽ വല്ലാത്ത അസ്വസ്ഥത സൃഷ്ടിച്ചു കൊണ്ടിരുന്നു.. എപ്പോളാണ് ആ വീട്ടിലെ സന്തോഷം പോയ്മറഞ്ഞത് ?
അച്ഛന്റെ ബിസിനസ് തിരക്കുകളും, പാർട്ടികളും, ആഘോഷങ്ങളും, കുഞ്ഞുവാവയുടെ വരവും………… അമ്പിളിക്കുട്ടി ആശങ്കയിലാണ്….
ഏതുറക്കത്തിലും തന്നെ ചേർത്തു പിടിക്കുന്ന അച്ഛന്റെ കൈവിരലുകളുടെ സാന്നിധ്യം അവൾക്കു നഷ്ടപ്പെട്ടത് ഒന്നുറങ്ങി ഞെട്ടി ഉണരുമ്പോൾ അച്ഛൻ ഓഫീസ് ടേബിളിൽ എന്തോ തപ്പുന്നുണ്ടാവും, അമ്മ സെറ്റിയിൽ ചാരിയിരുന്നു മയങ്ങുന്നുണ്ടാകും.
പെട്ടെന്നായിരുന്നു അമ്മ അന്നവളോട് പറഞ്ഞത് – ”നമ്മൾ നാട്ടിൽ പോകുന്നു മോളെ… അതിനാൽ ഇനി കുറച്ചുനാള് മോൾക്ക് സ്കൂളിൽ നിന്നും അവധി വാങ്ങണം.” അവൾ ഒന്ന് അമ്പരന്നുപോയി…. പിന്നെ സന്തോഷിച്ചു.. നാട്ടിൽ ചിറ്റയുണ്ട്, അപ്പൂപ്പനും, അമ്മൂമ്മയുമുണ്ട്…
വീട്ടിൽ നിന്നും മാറ്റപ്പെടുന്ന ഓരോ സാധനവും കണ്ട് അവൾ അമ്പരക്കുമ്പോൾ അമ്മപറഞ്ഞു – ‘നമ്മൾ പോകുകയല്ലേ ഉണ്ണീ…..? ഇനി ഇതൊക്കെ ഇവിടെ വെച്ചിട്ടെന്തിനാ?’
”വാവ വരുമ്പോൾ പുതീത് വാങ്ങും ല്ലേ അമ്മെ ?”
”ഉം…”
“അമ്മെ……. നമ്മൾക്ക് നല്ലൊരു തൊട്ടിൽ വാങ്ങണം, സഫിയത്തിന്റെ വാവ കിടക്കുന്ന തൊട്ടിൽ അമ്മ കണ്ടോ ? ഇളം റോസ് നിറത്തിൽ കുറെ ശലഭങ്ങൾ പറക്കുന്ന ചിത്രങ്ങൾ ഉള്ള തൊട്ടിൽ…..അങ്ങിനത്തെ തന്നെ വാങ്ങണം. വാവക്ക് കിലുക്കു തൂക്കിയിടാൻ അതിനു മേലെ ഒരു കൊളുത്തുണ്ട് …. നല്ല മ്യൂസിക് വരുന്ന ബട്ടനുണ്ട്…” – അമ്പിളി വാചാലയായി….. ഒരു കടയിൽ കണ്ടുവെച്ച കണ്ണടച്ച് തുറക്കുന്ന പാവക്കുഞ്ഞ് അവളുടെ ഓർമ്മയിൽ വിടർന്നു…. ഓർമ്മയിലൊരു കുഞ്ഞു തടാകം അതിൽ നീന്തുന്ന അരയന്നങ്ങൾ, കരയിൽ അമ്മയുടെ മടിയിലിരിക്കുന്ന വെളുത്തു തുടുത്ത് പല്ലില്ലാത്ത, തല മൊട്ടയായ കുഞ്ഞുവാവ………. കുറെ ശലഭങ്ങൾ അവർക്കു ചുറ്റും, കുറെ കളിപാട്ടങ്ങൾ ചുറ്റിലും.
അമ്പിളിക്കുട്ടി ആർത്തുചിരിച്ചു അമ്മയെ വട്ടം കെട്ടിപ്പിടിച്ചു, ആ വയറിൽ പതുക്കെ ഉമ്മ വെച്ചു.
വിശപ്പ് അവളെ പൊതിഞ്ഞിരുന്നു…. വീട്ടിൽ നിന്നും അപ്രത്യക്ഷമായ കൂട്ടത്തിൽ ഫ്രിഡ്ജും പോയിരുന്നു..
അമ്മയുടെ തളർച്ച, തളർന്നു ചുരുണ്ടിരിക്കുന്ന അമ്മയുടെ രൂപം, വീട്ടിലെ അലങ്കോലാവസ്ഥ, അച്ഛന്റെ ദേഷ്യം, ഇതൊക്കെ അവളെ വല്ലാതെ ഭയപെടുത്തി. ജൂണിലെ കൊടുംചൂടിൽ മുറിയുടെ പഴുത്ത കോണിൽ ചുവരും ചാരി അമ്പിളിയിരുന്നു. കയ്യിലെ തടിച്ച പുറം ചട്ടയുള്ള പുസ്തകത്തിൽ വരച്ചുവെച്ച ചിത്രങ്ങൾ മറിച്ചുനോക്കിയിരിക്കെ വിശപ്പ് ചൂഴ്ന്ന തളർച്ച അവളെ കോരിയെടുത്ത് നിലത്തു കിടത്തി…. നെഞ്ചിൽ നിവർത്തിവെച്ച പുസ്തകത്തിൽ അവളുടെ കുഞ്ഞുവാവ ചേർന്നു കിടന്നു….
ഉറക്കം ഒരു മഹാസത്യം ആണെന്നത് വളരെ സത്യമാണ്… അമ്പിളിയൊരു ദുഃസ്വപ്നത്തിന്റെ ഗർത്തത്തിലേക്കാണ് ഒഴുകുന്നത്, അനുയാത്രികരായി അച്ഛനും അമ്മയുമുണ്ട്, അമ്മക്കൊപ്പം കുഞ്ഞുവാവയുണ്ട് …
സ്നേഹം വറ്റിവരണ്ട നാളുകളുടെ ഭയപാടിൽ നിന്നവളെ മോചിപ്പിക്കാൻ വാരിയെടുത്ത കൈയ്യുകൾ ആരുടെയെന്നവൾ അറിഞ്ഞില്ല. സാന്ത്വനത്തിന്റെ സ്പർശനമാണെന്ന തിരിച്ചറിവിൽ അവളുടെ മുഖം വികസിച്ചു… ഒന്ന് മന്ദഹസിച്ചു…
ആരാണ് എന്നെ ഉമ്മവെച്ചത്? മേലാകെ നനയുന്ന ഉമ്മകൾ…
തേങ്ങലിന്റെ ഇടർച്ചയിൽ കണ്ണീരിന്റെനീർച്ചാലുകൾ കീറി അവളെ അതിലേക്കു തള്ളിയിടുന്നൊരു സ്വപ്നം..അമ്പിളി ഭയപ്പാടില്ലാതെ ആ കൈകളുടെ സുരക്ഷിതത്വത്തിൽ ഒതുങ്ങി ..
പെട്ടെന്നാണ് കറുത്തൊരു ഭൂതം അവളുടെ മുഖം മൂടിയത്… എന്താണ് സംഭവിക്കുന്നത് എന്ന് മനസിലാവുന്നതിനു മുന്നേ മുളപൊട്ടി ചീറും പോലൊരു പെരുംകരച്ചിൽ, കണ്ണ് തുറക്കാൻ ആവും മുൻപേ അവൾ ആകാശത്തിലേക്ക് പൊങ്ങി.
പിറ്റേ ദിവസം ലോകം ഉണർന്നത് ഒരു കുടുബത്തിന്റെ കൂട്ട ആത്മഹത്യയുടെ വാർത്ത അറിഞ്ഞുകൊണ്ടാണ്…
– ബിസിനസ് പൊളിഞ്ഞു കടം പെരുകിയതിനെ തുടർന്ന് പൂർണ്ണ ഗർഭിണിയും, ഭർത്താവും, ഏകമകളെ കെട്ടി തൂക്കി ക്കൊന്ന ശേഷം ആത്മഹത്യ ചെയ്തു………….