മാറ്റുവാനായെന്റെ
കുപ്പായമോമനേ…
പിഞ്ഞിയിതൊക്കെയും
പ്രാകൃതനായ പോൽ.
മുമ്പു നാമൊന്നിച്ചു
കണ്ട കിനാവുകൾ
മുന്തിരിത്തോട്ടം
നിറഞ്ഞ നിലാവുകൾ
മൂകത ഭേദിച്ചു നീ ചൊന്ന
പ്രണയോക്തികൾ
ഒക്കെയുമോർമ്മിച്ചിരിയ്ക്കെയീ-
യേകാന്ത നിർജ്ജീവ രാവി-
ലുറക്കമില്ലായ്മകൾ.
ഒറ്റമുറിയിലെ താന്തരാം
കൂട്ടുകാരൊക്കെയുറക്കമായ്,
കൂർക്കം വലിയുടെ
ദീർഘമാം വൈഖരി
തമ്മിൽ പിണങ്ങി പലേ
വിധ താളമേളങ്ങളിൽ,
താനേ തളർന്നു ഞാൻ
ചിന്തകൾ തീർത്ത തടവറ-
യ്ക്കുള്ളിൽ നിശ്ശബ്ദനായ്,
ആരോരുമറിയാതെ-
യറിയാതെയോമനേ….
നിശാഗന്ധികൾ പൂത്തു
വിടരുന്ന ത്രിയാമമായ്,
കരിമ്പടച്ചൂടിൽ തണുപ്പിന്റെ
തീഷ്ണത പൂഴ്ത്തിയൊരു ദിന
ദേഹാലസ്യങ്ങളിറക്കി
വച്ചെല്ലാം മറന്ന പോൽ,
നീയുറങ്ങിക്കഴിഞ്ഞിരിയ്‌ക്കാം.
മമ സഖീ മൗനം കുടിച്ചു ഞാൻ,
മാഞ്ഞു പോം മായിക
ജീവിത തപ്തമാം
ദൂര വിഭ്രാന്തിയിൽ.
നീയുറങ്ങിയിരിയ്ക്കാം
നീയുറങ്ങുക,സഖീ…
ഞാനുറങ്ങാതിരിയ്ക്കട്ടെ!
Tags literature poem
Check Also
അമ്പത്…. സാറ്റ്
കലാപഭൂമിയില്‍ ഒളിച്ചുകളിക്കാനിറങ്ങുന്ന കുരുന്നുകള്‍. വിവിധദേശങ്ങള്‍തന്‍ അതിരുകളിലെന്നാലും ഓരേവികാരത്തിന്‍ മുഖപടമണിഞ്ഞവര്‍. സിറിയ, അഫ്ഗാന്‍, ഇറാഖ്,കാശ്മീര്‍.. പിന്നെയും പകപുകയുന്ന പലമണ്ണില്‍ നിന്നവര്‍, പകച്ച …