കുറേ കാലം മുൻപാണ്, ഞാൻ തിരുവനന്തപുരം ഡിവിഷനിൽ വന്ന സമയം. ഒരു ദിവസം എല്ലാവരും എന്തൊക്കെയോ അടക്കം പറയുന്നു, കുശുകുശുക്കുന്നു. ഞാൻ ചോദിച്ചു..
എന്താണ്? സംഭവം
ഒരാൾക്ക് നമ്മുടെ ഓഫീസർ ചാർജ് ഷീറ്റ് കൊടുത്തു, അതാണ് സംഭവം, കൊല്ലത്തുള്ള ഒരാൾക്ക്.
ഞാൻ ചോദിച്ചു, അതിനെന്താ, റെയിൽവേയിൽ അതൊരു വലിയ സംഭവം ആണോ? എല്ലാർക്കും കിട്ടുന്ന സാധനം അല്ലെ ചാർജ് ഷീറ്റ്.
ഹഹ, അതൊക്കെ ശെരി തന്നെ പക്ഷെ ഇക്കുറി കൊടുത്ത ആൾ മാറിപ്പോയി. സാറിനു പണി കിട്ടും മോനെ..
അതെന്താ?
ഇക്കുറി അത് കിട്ടിയ ആൾ ആരാന്നാ?
ആരാന്നാ?
രാജാധി രാജ….
ങേ
രാജ കുലോത്തുംഗ..
എന്ന് വെച്ചാൽ?
ശേ, ഇടയിൽ കയറാതെ. പറയട്ടെ
ഓക്കേ
രാജാധി രാജ… രാജ കുലോത്തുംഗ.. രാജ പ്രതാപ, രാജ വീര, ശശിക്കാണ് കൊടുത്തത്.
ഓ, ശശിയോ. അതിനാണോ ഇത്രയും പറഞ്ഞത്?
ഓ ശശി അല്ല, എസ് ആർ ശശി. വെട്ടൊന്ന് തുണ്ടം രണ്ട്, മുൻകോപി, ജഗതല പ്രതാപൻ, തന്മാന ശിങ്കം, ആള് ആ ചാർജ് ഷീറ്റും കൊണ്ട് വരുന്നുണ്ട്. നമ്മടെ സാറിനോട് പകരം ചോദിയ്ക്കാൻ. ഇന്ന് ഇവിടെ എന്തെങ്കിലും ഒക്കെ നടക്കും.
ദാണ്ടേ വന്നല്ലോ ശശി, ആരോ പറഞ്ഞു.
അയ്യോ, ഞാൻ വെറുതെ ഞെട്ടി ഒരടി മുകളിലേക്ക് ചാടി. ഏതോ ഒരു ഭീകരന് ചാർജ് ഷീറ്റ് കൊടുത്ത പാവം സാർ ആപ്പിലായല്ലോ.
അതാ പരിസരം ആകെ വിറപ്പിച്ചു കൊണ്ട് വരുന്നു ശശി, ശശിയുടെ കോപ പിത്ത കഫാദികൾ തിളച്ചു മറിഞ്ഞ് അവിടമാകെ വിറച്ചു. കയ്യിൽ ഇരുന്നു വിറക്കുന്നു ചാർജ് ഷീറ്റ്. ശശി സ്ലോ മോഷനിലും കൂടെ ഉള്ള ആൾ സാധാരണ മോഷനിലും ആയിരുന്നു നടന്നിരുന്നത്. ശശിയുടെ മുഖം രണ്ട് ദിവസം മോഷൻ പോകാത്ത ആളുടെ പോലെയും.
അടങ്ങാനേ…. അല്ല അടങ്ങ് ശശീ… ഇടത്ത് ശശീ…. വലത്ത് ശശീ… ശശിയെ നിയന്ത്രിക്കാൻ കൂടെയുള്ള സഹപ്രവർത്തകൻ പാപ്പാനെ പോലെ ശ്രമിക്കുന്നു… ഈ ശശി ഒരു സംഭവം ആണല്ലോ.
എന്നോട്… ഇന്ന് വരെ…. എനിക്ക്… ഇന്ന് വരെ…. ഒരു ചാർജ് ഷീറ്റും ആരും തന്നിട്ടില്ല….. എനിക്ക് ചൊറിഞ്ഞു വരുന്നു…. വെട്ടൊന്ന് മുറി രണ്ട്…. രണ്ടിലൊന്ന് എനിക്ക് ഇന്നറിയണം… ശശി വിറക്കുന്നു…. ചുവന്നു തുടുത്ത മുഖം.
ഇയാൾ ചൂടാവാതെ, ഇതൊക്കെ നാട്ടു നടപ്പല്ലേ, താൻ ഒരു മറുപടി എഴുതി അങ്ങ് കൊടുക്ക്. പ്രശ്നം തീർന്നില്ലേ
അയ്യട… മറുപടി… എന്റെ പട്ടി എഴുതും മറുപടി…. ഈ നാണക്കേട് എങ്ങനെ മാറും… എനിക്ക് മേല് കീഴ് നോക്കാനില്ല. പള്ളക്ക് കേറ്റും ഞാൻ…. അറിയാമല്ലോ എന്നെ. ശശിയെ അറിയില്ല അങ്ങേർക്ക്.
അറിയാം.. താൻ പതുക്കെ പറ… സാർ കേൾക്കും.
കേൾക്കട്ടെ… കേൾക്കണം…. റെയിൽവേ ജോലി എനിക്ക് പുല്ലാണ്… അറിയാമല്ലോ എന്നെ?
അറിയാം… താൻ ഒന്ന് അടങ്ങ്…. നമുക്ക് യൂണിയൻകാരെ കൊണ്ട്…
പ്ഭാ…. എന്റെ കാര്യം നോക്കാൻ എനിക്കറിയാം… ഇടഞ്ഞ ലോക്കൊയുടെ പിടലിക്ക് റെഡ് ഫ്ലാഗ് കൊണ്ട് ചൊറിയല്ലേ… യൂണിയൻ…. അങ്ങെരുണ്ടോ?
എങ്ങേര്?
നിങ്ങടെ സാർ… ഒന്ന് കാണണം
അയ്യോ വേണ്ട ശശീ… അറിയാമല്ലോ… നിന്റെ ചൂട് ലോക പ്രസിദ്ധം ആണ്… സാർ വല്ലതും തിരിച്ചു പറഞ്ഞാൽ വലിയ പ്രശ്നം ആവും.
ആവട്ടെടോ
പണി പോവും
പോവട്ടെടോ
ശശി ചാർജ് ഷീറ്റും കൊണ്ട് സാറിന്റെ മുറി തള്ളിത്തുറന്ന് അകത്തു കയറി, തടയാൻ ശ്രമിച്ച പിയൂണിന്റെയും, പുറകെ ചെന്ന് പിടിക്കാൻ ഉള്ള ഞങ്ങളുടെയും ശ്രമം വിഫലമായി. ആ ഓഫീസർ കുറച്ചു പ്രായമുള്ള ഒരു പ്രോമോട്ടി ഓഫീസർ ആയിരുന്നു. ഡയറക്റ്റ് ഓഫീസർ അല്ല.
സാർ എനിക്ക് ചാർജ് ഷീറ്റ് തന്നല്ലേ…. എന്ന ശശിയുടെ അലറിയുള്ള ചോദ്യവും സാറിന്റെ പരുങ്ങിയ മുഖവും ആണ് ഡോർ അടയുമ്പോൾ ഞങ്ങൾ കാണുന്നത്…..
ഉടനെ സാറിന്റെ മുറിയുടെ മുകളിലെ ചുവന്ന ലൈറ്റ് കത്തി… ഇനി ആരും കയറാൻ പാടില്ല…. അക്ഷമരായ ഞങ്ങൾ പുറത്ത് നിന്നു, എന്തും നടന്നേക്കാം അകത്ത്… വല്ല കടും കയ്യും സംഭവിച്ചാൽ… ആര് സമാധാനം പറയും.
ഞങ്ങൾ സാറിന്റെ പിയൂണിനോട് പറഞ്ഞു, ഇയാൾ ഒന്ന് കയറി നോക്ക്… സാറിന്റെ സുരക്ഷ നിങ്ങടെം കൂടെ ഉത്തരവാദിത്വം അല്ലെ. അവൻ ഒരു വല്ലാത്ത സ്വഭാവക്കാരൻ ആണ്… ഒന്ന് നോക്ക് മനുഷ്യാ, അല്ലെങ്കിൽ എല്ലാവരും കുടുങ്ങും.
അങ്ങനെ എല്ലാരും കൂടെ പറഞ്ഞപ്പോൾ പിയൂൺ പതുക്കെ തല അകത്തിട്ടു നോക്കി, ഉടനെ ആമ വലിക്കുംപോലെ തല വലിക്കുകയും ചെയ്തു.
എന്താ?
ഉള്ളെ ആരുമേ ഇല്ലേ?
ആരുമേ ഇല്ലയാ? അതെപ്പടി. നിങ്ങൾ ഒന്ന് നോക്കൂ.
കൂട്ടത്തിൽ തല നരച്ച ഒരാളോട് ഞങ്ങൾ പറഞ്ഞു, അയാൾ പതുക്കെ തുറന്നു നോക്കി, പിന്നെ പറഞ്ഞു.
അകത്ത് സാർ മാത്രമേ ഉള്ളു.
അപ്പൊ ഇയാൾ ആരുമേ ഇല്ലാന്ന് പറഞ്ഞതോ?
ആരുമേ ഇല്ലാന്ന് പറഞ്ചാൽ, സാർ മാത്രമേ ഉള്ളു, വേറെ ആരുമില്ല
അപ്പൊ ശശി? ആകെ ഒരു വാതിലെ ഉള്ളു, ഇനി ജന്നൽ വഴി പോയോ? ഞങ്ങൾ മൂക്കത്ത് വിരൽ വെച്ചു, ശേഷം ആ ഡോർ പതിയെ തുറന്നു അകത്ത് നോക്കി.
ഇതെന്തൊരു മറിമായം, അകത്തു സാർ മാത്രം ചിന്താ വിഷ്ട്ടനായ ശ്യാമളനെ പോലെ നിലത്തു നോക്കി ഇരിക്കുന്നു, ഇടയ്ക്ക് ആരോടോ സംസാരിക്കുന്നു.
ആ സംസാരം ഇങ്ങനെ ആയിരുന്നു, സാറിന്റെ ചോദ്യങ്ങൾക്ക് എവിടെ നിന്നോ മറുപടി വന്നു കൊണ്ടിരുന്നു.
താൻ റെയിൽവേ ജോലി പുല്ലാണ് എന്നല്ലേ പറഞ്ഞത്.
ആര് പറഞ്ഞു, പണി പോയാൽ ഞാൻ പുല്ലു തിന്നേണ്ടി വരും എന്നാണ് സാർ പറഞ്ഞത്, എന്നെ രക്ഷിക്കണേ സാർ.
രണ്ടിലൊന്ന് അറിയണ്ടേ?
അറിയണം, സാറിനു പുഴ മീനാണോ, കടൽ മീനാണോ ഇഷ്ട്ടം, രണ്ടിലൊന്ന് അറിഞ്ഞിട്ടു വേണ്ടേ അടുത്ത തവണ കൊണ്ട് വരാൻ,അതാണ് പറഞ്ഞത്, എന്നെ രക്ഷിക്കണേ സാർ.
വെട്ടൊന്ന് മുറി രണ്ടെന്നു കേട്ടല്ലോ, എന്താ അത്?
വെട്ടോന്നല്ല, വട്ടൻ, വീടിനടുത്തുള്ള ഒരാളുടെ ഇരട്ടപ്പേരാണ്, അയാൾ രണ്ടു മുറി ഉള്ള ഒരു വീട് വെച്ചു, വട്ടന് മുറി രണ്ട്, സാറിനെ പാല് കാച്ചിന് വിളിച്ചില്ലേ, ഞാൻ പറഞ്ഞിരുന്നല്ലോ വിളിക്കണം എന്ന്, എന്നെ രക്ഷിക്കണേ സാർ…
ഓ. അങ്ങനെ ആണല്ലേ, പള്ളക്ക് കേറ്റും എന്നും കേട്ടു അതെന്താ?
അതേ സാറെ, ഞാൻ അവരോടു പറഞ്ഞെ, ശ്രദ്ധ ഇല്ലാതെ ഒക്കെ ആണ് അവന്മാര് റോഡ് ക്രോസ് ചെയ്യുന്നത് സൂക്ഷിച്ചില്ലെങ്കിലെ വല്ല ലോറിക്കാരും കൊണ്ട് പള്ളക്ക് കേറ്റും എന്ന്, അത് സാർ കേട്ടല്ലെ, എന്നെ രക്ഷിക്കണേ സാർ..
തന്റെ പട്ടി മറുപടി എഴുതും അല്ലെ?
സത്യം സാറെ, എന്റെ പട്ടി ഇല്ലേ, സിംബം ടൂ, നഖത്തിൽ മഷി തേച്ചാൽ എ ബീ സീ ഡി ഒക്കെ എഴുതും, വന്നാ കാണിച്ചു തരാമേ, എന്ത് നല്ല പട്ടി അല്ലെ സാർ. അതിനെ വേണോ? വേണെങ്കിൽ സാറിനു മാത്രം ഞാൻ തരും.
ശശിയെ എനിക്ക് അറിയില്ല എന്ന് പറഞ്ഞത് കേട്ടല്ലോ
സത്യല്ലേ, എന്നെപ്പറ്റി ഒന്നും ചോദിച്ചിട്ടില്ലല്ലോ, ഞാൻ പെണങ്ങി, എനിക്ക് ഭാര്യേം, രണ്ട് മക്കളും ഒണ്ടല്ലോ, ഇനി ചോദിക്കാതെ ഒന്നും പറഞ്ഞു തരൂൂൂല്ല..
മേല് കീഴ് നോക്കാത്ത ആളാണോ താൻ?
അതേ സാറെ, നല്ല കഴുത്തു വേദന ആണ് സാറെ ഈയിടെ ആയി, അപ്പൊ ഞാൻ അങ്ങനെ അധികം അനക്കാറില്ല കഴുത്ത്, മേലോട്ടും നോക്കൂല, കീഴോട്ടും നോക്കൂല, അപ്പൊ എല്ലാരും അങ്ങനെ പറയും മേലും കീഴും നോക്കാത്ത ആൾ എന്ന്, എന്നെ രക്ഷിക്കണേ സാർ..
ഉം, എണീക്ക്, താൻ ഒരു മറുപടി എഴുതി കൊടുത്തിട്ട് പോയി ജോലി നന്നായിട്ട് ചെയ്യ്, ഇനി ഒരു പരാതി കേൾപ്പിക്കരുത്, കേട്ടോ.. പൊക്കൊ…
ശെരി സാർ
അതാ നമ്മുടെ ശശി നിലത്തു നിന്നും എണീറ്റ് വരുന്നു… ഇത്രയും നേരം സാറിന്റെ കാലിൽ സാഷ്ട്ടാംഗ പ്രണാമം ആയിരുന്നു കക്ഷി
പോട്ടെ സാറെ. സാറിനെ താണു തൊഴുത ശേഷം ശശി ഒരു കൈ കൊണ്ട് മുടി ഒക്കെ ഒതുക്കി, ഷർട്ട് ഒക്കെ നേരെ പിടിച്ചിട്ട്, ഞങ്ങളെ നോക്കുക പോലും ചെയ്യാതെ രണ്ട് കൈ കൊണ്ടും തള്ളി മാറ്റി, വഴീന്നു മാറിനെടെ എന്നും പറഞ്ഞിട്ട് ഒരൊറ്റ പോക്ക്..
അപ്പൊ എനിക്ക് അവിടെ നിന്ന് ഉറക്കെ വിളിക്കാൻ തോന്നി
രാജാധി രാജ… രാജ കുലോത്തുംഗ.. രാജ പ്രതാപ, രാജ വീര, ശശി ലോണ്ടെ പോണേ, വിജയശ്രീ ലളിതയേയും കൊണ്ട്… 🙂