ഗന്ധർവ്വ ഗായകാ വന്ദനം

2017 ജനുവരി പത്ത്. ഓരോ മലയാളിയുടെയും സ്വകാര്യ അഹങ്കാരം ദാസേട്ടന്റെ, കെ ജെ യേശുദാസിന്റെ 77-ാം ജന്മദിനം

ഓരോ മലയാളിയും നെഞ്ചിലേറ്റുന്ന
പേരാണ്, സ്വരരാഗമാണ്

മൂന്നു തലമുറയേറ്റുപാടും ഭാവ
രാഗാർദ്ര സൗരഭമാണ്

കാലം ശ്രുതി ഭംഗമാക്കാതെ നിത്യവും
കാത്തു പുലർത്തുന്ന നാദം

കാലങ്ങളേറെ ഒഴുകട്ടെ വീണ്ടുമാ മായിക രാഗ പ്രവാഹം

77ആം വയസ്സിലും ശബ്ദഗാംഭീര്യം കൊണ്ട് മലയാളികളുടെ മനസ്സിനെ കീഴടക്കാന്‍ അദ്ദേഹത്തിന് സാധിക്കുന്നു എന്നത് തന്നെ അദ്ദേഹത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. 1940 ജനുവരി 10-ന് ഉത്രാടം നക്ഷത്രത്തിലാണ് യേശുദാസ് ജനിച്ചത്. പ്രശസ്തനാടകനടനും ഗായകനുമായ അഗസ്റ്റ്യന്‍ ജോസഫ് ഭാഗവതര്‍ ആണ് അദ്ദേഹത്തിന്റെ പിതാവ്. മാതാവ് ഏലിക്കുട്ടി. ചെറുപ്രായത്തിലേ യേശുദാസിന്റെ സംഗീതത്തിലുള്ള താല്പര്യത്തെ തിരിച്ചറിയാന്‍ അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ക്ക് സാധിച്ചു. ചെറുപ്രായത്തില്‍ തന്നെ തന്റെ പിതാവില്‍ നിന്നും സംഗീതത്തിന്റെ പ്രാഥമികപാഠങ്ങള്‍ യേശുദാസ് പഠിച്ചെടുത്തു. യേശുദാസിന്റെ ആദ്യ ഗുരു അദ്ദേഹത്തിന്റെ പിതാവ് തന്നെ ആയിരുന്നു. സാമ്പത്തിക പരാധീനതകള്‍ക്കിടയിലും യേശുദാസിന്റെ സംഗീത പഠനം മുടങ്ങാതിരിക്കാന്‍ അദ്ദേഹത്തിന്റെ പിതാവ് ശ്രദ്ധിച്ചു. വിവിധ ഗുരുക്കന്മാരില്‍ നിന്നും സംഗീതത്തിന്റെ പലപാഠങ്ങളും യേശുദാസ് സ്വായത്തമാക്കി.1961ല്‍ കാല്പാടുകള്‍ എന്നyesudas ചിത്രത്തിലൂടെ ശ്രീനാരായണഗുരുദേവന്റെ “ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വ്വരും…” എന്നാരംഭിക്കുന്ന നാലുവരിശ്ലോകം പാടി ചലചിത്ര പിന്നണിഗാനരംഗത്ത് ഹരിശ്രീകുറിച്ച അദ്ദേഹത്തിന് പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നില്ല. അന്നുവരെയുള്ള ആലാപനരീതിയില്‍ നിന്നും തികച്ചും വ്യത്യസ്തമായി തന്റേതായ ഒരു ശൈലി ഉണ്ടാക്കിയെടുക്കാന്‍ യേശുദാസിന്‍ കഴിഞ്ഞതാണ് അദ്ദേഹത്തിന്റെ ഈ മികവിന്റെ അടിസ്ഥാനം. പ്രശസ്ത സംഗീതസംവിധായകരായ ദേവരാജന്‍ മാഷ്, ദക്ഷിണാമൂര്‍ത്തിസ്വാമി, രാഘവന്മാഷ്, അര്‍ജ്ജുനന്മാഷ് എന്നിവരുടെ സംഗീതവും വയലാർ, ഒ.എന്‍.വി., ശ്രീകുമാരന്‍ തമ്പി എന്നിങ്ങനെയുള്ള ഗാനരചയിതാക്കളുടെ ഗാനങ്ങളും അതിന് മികവേകി.

സംഗീതത്തോടുള്ള അദ്ദേഹത്തിന്റെ ആത്മസമര്‍പ്പണവും, കഠിനാധ്വാനവും അദ്ദേഹത്തെ മലയാളികളുടെ ഗന്ധര്‍വ്വഗായകനാക്കി, മലയാളികളുടെ സ്വന്തം ദാസേട്ടനാക്കി. ദൈവത്തിന്റെ വരദാനമായി ലഭിച്ച ശബ്ദത്തെ കാത്തുസൂക്ഷിക്കാന്‍ നിതാന്ത ജാഗ്രത പുലർത്തുന്നു നമ്മുടെ ദാസേട്ടന്‍. ഭാരതത്തിലെ ഒട്ടുമിക്ക ഭാഷകളിലും സംഗീതം ആലപിച്ച് യേശുദാസ് തന്റെ സാന്നിധ്യം അറിയിച്ചു. ഏതാനും ചലചിത്രങ്ങളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളേയും അദ്ദേഹം അവതരിപ്പിച്ചു. ചലചിത്രസംഗീതത്തിനൊപ്പം ശാസ്ത്രീയസംഗീതവും, ലളിതഗാനങ്ങളും, ഭക്തിഗാനങ്ങളും അദ്ദേഹം കൈകാര്യം ചെയ്തു. മാത്രമല്ല ശാസ്ത്രീയസംഗീതത്തെ ജനങ്ങള്‍ക്കിടയിലേക്കെത്തിക്കാന്‍ അദ്ദേഹം ചെയ്ത സംഭാവനകളും ചെറുതല്ല. ശാസ്ത്രീയസംഗീതം സാധാരണക്കാരനുപോലും ഹൃദ്യമാകുന്നതരത്തില്‍ അവതരിപ്പിക്കാനും അദ്ദേഹം ശ്രദ്ധിച്ചു.

വിവിധ വിഭാഗങ്ങളിലായി 30000 ത്തില്‍ അധികം ഗാനങ്ങള്‍ യേശുദാസ് ആലപിച്ചിട്ടുണ്ട്. മലയാള ചലചിത്രരംഗത്ത് ഏറ്റവും അധികം തവണ റെക്കോര്‍ഡ് ചെയ്യപ്പെട്ടിട്ടുള്ള ശബ്ദവും യേശുദാസിന്റേതാണ്.

1969ല്‍ കാട്ടുകുരങ്ങ് എന്ന ചിത്രത്തിലെ ഗാനത്തിലൂടെ ചലചിത്രസംഗീതത്തിനുള്ള പ്രഥമ സംസ്ഥാന അവാര്‍ഡിനും യേശുദാസ് അര്‍ഹനായി. 1972ല്‍ ദേശീയ അവാര്‍ഡും അദ്ദേഹത്തെ തേടിയെത്തി. 1973ല്‍ പത്മശ്രീ പുരസ്കാരത്തിനും, 2002 ല്‍ പത്മഭൂഷണ്‍ പുരസ്കാരത്തിനും യേശുദാസ് അര്‍ഹനായി. 1989ല്‍ അണ്ണാമലൈ യൂണിവേഴ്സിറ്റി അദ്ദേഹത്തെ ഡോക്ടറേറ്റ് നല്‍കി ആദരിച്ചു. കേരള സര്‍ക്കാരിന്റെ മികച്ച ഗായകനുള്ള അവാര്‍ഡ് 20ല്‍ അധികം തവണ അദ്ദേഹത്തെ തേടിയെത്തി. മികച്ച ഗായകനുള്ള ദേശീയ പുരസ്കാരം 7 തവണ അദ്ദേഹം നേടി. ദേശീയ പുരസ്കാരങ്ങളില്‍ ഒന്ന് “ചിക് ചോര്‍“ എന്ന ഹിന്ദി ചിത്രത്തിലെ “गोरी तेरा…” എന്ന ഗാനത്തിനാണെന്നുള്ളതും ശ്രദ്ധേയമാണ്. കൂടാതെ വിവിധ സംസ്ഥാന അവാര്‍ഡുകള്‍, മഹാരാഷ്ട്ര ഗവണ്മെന്റിന്റെ ലതാമങ്കേഷര്‍ പുരസ്കാരം എന്നീ ബഹുമതികളും അദ്ദേഹത്തെ തേടിയെത്തി. സംഗീതപ്രേമികളുടെ പ്രാര്‍ത്ഥനയും അനുഗ്രഹവും ഏറ്റുവാങ്ങിക്കൊണ്ട് മലയാളികളുടെ സ്വന്തം ദാസേട്ടന്‍ ജൈത്രയാത്ര തുടരുന്നു. ആ മഹാഗായകന് ആയുരാരോഗ്യവും ദീര്‍ഘായുസ്സും നല്‍കണേ എന്ന് നമുക്കും ഈ അവസരത്തില്‍ പ്രാര്‍ത്ഥിക്കാം.

Check Also

പാലക്കാട് പ്രസ്ക്ലബ് ടോപ് ടെൻ ഫെസ്റ്റിന് റജിസ്റ്റർ ചെയ്യാം

പാലക്കാട്∙ ജില്ലാലൈബ്രറി കൗൺസിൽ, ടോപ് ഇൻ ടൗൺ എന്നിവയുമായി സഹകരിച്ചു പാലക്കാട് പ്രസ് ക്ലബ് നടത്തുന്ന ടോപ് ടെൻ രാജ്യാന്തര …

Leave a Reply

Your email address will not be published. Required fields are marked *