കൊല്ലവർഷത്തിലെ 12-ആമത്തെ മാസമാണ് കർക്കടകം.സൂര്യൻ കർക്കടകം രാശിയിലൂടെ സഞ്ചരിക്കുന്ന സമയമാണ് കർക്കടകമാസം. ജൂലൈ – ഓഗസ്റ്റ് മാസങ്ങൾക്ക് ഇടക്കായി ആണ് കർക്കടക മാസം വരുന്നത്. ഈ മാസത്തിന്റെ പേർ ചിലർ ‘കർക്കിടകം’ എന്ന് തെറ്റായി ഉച്ചരിക്കുകയും മാസികകൾ അങ്ങനെ രേഖപ്പെടുത്തുകയും ചെയ്യാറുണ്ട്.
കേരളത്തിൽ കനത്ത മഴ ലഭിക്കുന്ന മാസമാണ് കർക്കടകം. അപ്രതീക്ഷിതമായി മഴപെയ്യുന്നു എന്നതിനാൽ “കള്ളക്കർക്കടകം” എന്ന ചൊല്ലുതന്നെ നിലവിലുണ്ട്. കാർഷികമേഖലയെ സംബന്ധിച്ചിടത്തോളം വരുമാനമൊന്നുമില്ലാത്ത കാലമായതിനാൽ “പഞ്ഞമാസം” എന്നും വിളിക്കപ്പെടുന്നു. ചില കുടുംബങ്ങളിൽ പ്രായമായവർ നടത്തിവരുന്ന ഒരു മാസം നീണ്ടുനിൽക്കുന്ന രാമായണം വായന ഈ മാസത്തിലാണ് നടത്താറുള്ളത്. അതിനാൽ കർക്കടകത്തിനെ രാമായണ മാസം എന്നും വിളിക്കുന്നു. സ്ത്രീകൾ ശരീരപുഷ്ടിക്കും ആരോഗ്യതത്തിുനുമായി ഔഷധകഞ്ഞി കഴിക്കുന്നതും ഈ മാസത്തിലാണ്.
കർക്കടക മാസത്തിൽ ആരോഗ്യപരിപാലനത്തിനായി കർക്കടകക്കഞ്ഞി കുടിക്കുന്നത് ഇന്ന് ഒരു വലിയ വിപണി തന്നെ ആയിട്ടുണ്ട്. മുക്കുറ്റി, പൂവാം കുറുന്തില, കറുക, മുതലായ ആയുർവ്വേദ ചെടികൾ കർക്കിടകക്കഞ്ഞി തയ്യാറാക്കുവാൻ ഉപയോഗിക്കുന്നു. പല ആയുർവ്വേദകേന്ദ്രങ്ങളും കർക്കടകത്തിൽ പ്രത്യേക സുഖചികൽസയും ഇന്ന് ഒരുക്കുന്നുണ്ട്.