കുട –
കൊതിച്ചൊരു
കുട്ടിയായിരുന്നു ഞാൻ,
ചുവന്ന പുള്ളിക്കുട
സ്വപ്നം കണ്ടപ്പോൾ,
കറുപ്പിൻ മഹിമ
വാനോളം നിവർത്തിയ
അച്ഛന്റെ കണ്ണിൽ,
നിസ്സ്വതയുടെ
ചുവന്ന പൊട്ടുകൾ….
ഇന്ന് –
വിരലോളം പോന്ന
വയലറ്റ് കുട
തലയ്ക്കു മീതേ
നീർത്തി നടക്കവേ,
കുന്നോളം
വളർന്ന വേനലും,
കടലോളം
പരന്ന പ്രളയവും,
കുടയ്ക്കുള്ളിൽ
നിഴൽക്കൂട്ടായ്….
പുതിയ പാഠങ്ങൾ
ജീവിതത്താളിൽ;
കറുപ്പിന്റെ പെരുമ,
കണ്ണിനെ ചുവപ്പിച്ച
ആ രാസവിദ്യ…..
ഒക്കെയും
ചലനചിത്രങ്ങൾ…..
നിശബ്ദചലന ഓർമ്മച്ചിത്രം.!/