നീ
കണ്ണിറുക്കി
പിണക്കങ്ങളുടെ
അരമതിൽ ചാരിയിരുന്ന്
ഇങ്ങിനെ
ഓർമ്മകളുടെ താളത്തിൽ
കൊത്തങ്കല്ലാടരുത്
ചിലപ്പോൾ
ചിലകാര്യങ്ങൾ മറന്നുവച്ച്
എനിക്ക്
അല്ലെങ്കിൽ നിനക്ക്
വരണമെന്ന് തോന്നിയാലോ
തമ്മിൽ കൊരുത്തിട്ടും
വാരിക്കൊടുത്ത്
നമ്മൾ
വിറ്റുകളഞ്ഞ
പുഞ്ചിരികളെല്ലാം കൂടി
തിരിച്ചുവന്നാൽ
കൊതിയുടെ രാമച്ചം മണത്ത
മഞ്ഞുപൂക്കളുടെ
ഉള്ളംകാലിൽ വേര് മുളച്ചത്
കമിഴ്ന്നു കിടന്ന്
നമ്മെ ചൂണ്ടിക്കാണിച്ചുതന്ന
നനഞ്ഞ ചുണ്ടുകളുടെ
ആർത്തിയുള്ള
നമ്മുടെ പ്രിയപ്പെട്ട
ഗോതമ്പ് വയലിലേയ്ക്കിനിയും
ചങ്കിടിപ്പോടെ
പാവം ഹൃദയങ്ങൾ
ഇറങ്ങിപ്പൊയ്ക്കളഞ്ഞാലോ…