വറചട്ടി
ഒരുക്കുംമുൻപ്
ക്ഷമയോടെ,
സ്നേഹത്തണുപ്പിൽ
കുതിർന്നുവീർക്കുന്നത്
നോക്കിയിരിക്കണം.
പിന്നെ,
ആശ്വസിപ്പിക്കാനെന്നവണ്ണം
തലോടി പിൻകഴുത്തിലേക്കെത്തണം.
വിരലൊന്ന് അമർത്തി
ആത്മാർത്ഥതയെ
കളിയാക്കുമ്പോലെ
തൊലിയുരിക്കണം.
അപ്പോൾ തെളിഞ്ഞു വരും
ചില ഉടൽ രഹസ്യങ്ങൾ!
ഞെട്ടരുത് ! കണ്ട ഭാവം
നടിക്കുകയും അരുത്.
മുഖത്തു
നോക്കിക്കൊണ്ടു തന്നെ
നെഞ്ചിലേക്ക്
നഖമാഴ്ത്തണം.
കുടലോളമാഴത്തിൽ
പടർന്ന
സ്വപ്ന വേരുകൾ
പിഴുതെറിയണം.
കഴിഞ്ഞില്ല!
പ്രതീക്ഷയുടെ നിഴലുകൾ
രക്തക്കറ പോലെ
പറ്റിപ്പിടിച്ചിട്ടില്ലെന്ന്
ഉറപ്പിക്കാൻ
വീണ്ടും
വെള്ളം തെറ്റിക്കണം.
കണ്ണുവെട്ടിച്ചു
പറ്റിപ്പിടിച്ചിരിക്കുന്ന
കാത്തിരിപ്പിന്റെ
മണൽത്തരികളെ
ഉടലൽകീറുവോളം
ഉരച്ചുകഴുകണം.
പിന്നെയും …
ചത്ത കണ്ണുകൾ
നിന്നിലേക്കാണ്
നീണ്ടിരിക്കുന്നതെങ്കിൽ!
എങ്കിൽ മാത്രം….
വിരലുകൾക്കിടയിൽ
തലകുരുക്കി
മുന്നിലേക്കും
പിന്നെ
പിന്നിലേക്കും കറക്കി
ഊരിയെറിയണം.
യുഗങ്ങൾ കണ്ണീരിൽ
ഉണങ്ങി വരണ്ടതാണ്….
മറക്കണ്ട!
രുചി കൂട്ടാൻ,
ഉപ്പിട്ടേക്കരുതെന്ന് സാരം.