അയാൻ ഹിർസി അലി എന്ന സോമാലിയൻവനിതയുടെ ഓർമ്മക്കുറിപ്പുകൾ. ഒരു യാഥാസ്ഥിക മുസ്ലിം പെൺകുട്ടി അനുഭവിക്കുന്ന യാതനകളും അനുഭവങ്ങളും വളരെ വേദനാജനകമായി അയാൻ എഴുതിയിരിക്കുന്നു.ഇത് വായിച്ചു മനസ്സ് പിടയാത്തവർ വിരളമായിരിക്കും. അത്ര ഗാഡമായി മനസ്സിലേക്ക് ആഴ്ന്നിറങ്ങുന്നു പല സംഭവങ്ങളും.
സോമാലിയയിലും സൗദി അറേബ്യയിലും കെനിയയിലുമായി ചിലവിട്ട ബാല്യം, നെതെർലാണ്ട്സിലേക്കുള്ള പലായനം, അഭയാർഥി ജീവിതം, കോളേജ് പഠനം, സാമൂഹിക പ്രവർത്തനം, രാഷ്ട്രീയം, പാർലിമെന്റ് തിരഞ്ഞെടുപ്പ്, വധഭീഷണി.. ഇതിലൂടെ ഒക്കെ അയാൻ നമ്മളെ കൊണ്ടുപോകുമ്പോൾ മനസ്സിൽ അവരോടൊരു ആരാധന തോന്നുക സ്വാഭാവികം മാത്രം. നെതെർലാണ്ട്സിലേക്കുള്ള ഒളിച്ചോട്ടം അവളെ കൊണ്ടെത്തിച്ചത് മാറ്റത്തിന്റെ വിപ്ലവത്തിലെക്കായിരുന്നു. അവിടെ നിന്നും പൊളിറ്റിക്കൽ സയൻസിൽ ബിരുദം നേടി, അവിടത്തെ സെനറ്റ് അംഗമാവുകയും ചെയ്തു.
സഹപ്രവർത്തകനായ തിയോ വാൻ ഗോഘിന്റെകൂടെ നിർമ്മിച്ച “സബ്മിഷൻ” എന്ന സിനിമയ്ക്കുശേഷം തിയോ കൊല്ലപ്പെട്ടപ്പോൾ അയാന്റെ സ്ഥാനം പത്രങ്ങളിലെ മുൻപേജുകളിൽ തന്നെ ആയിരുന്നു. സ്വന്തം മതത്തെ തള്ളി പറഞ്ഞ അവരെ ഇസ്ലാം മതം വേട്ടയാടി ഭീഷണിപ്പെടുത്താൻ തുടങ്ങി. അപ്പോഴും തളരാതെ അയാൻ പോരാടി.
Infidel എന്ന ഈ പുസ്തകത്തിൽ കൂടി അയാൻ ഹിർസിയുടെ രോഷം നമ്മൾ അറിയുന്നു. മനസ്സിലേക്ക് തുളച്ചു കയറുന്ന, പലപ്പോഴും ഒരു ചെറിയ പരിഹാസ രൂപത്തിൽ അയാൻ മതത്തിന്റെ പേരിൽ പെൺകുട്ടികൾക്ക് നേരിടേണ്ടി വരുന്ന അന്യായങ്ങളെ വളരെ ധൈര്യപൂർവ്വം അവതരിപ്പിച്ചിട്ടുണ്ട്. ഒരു മുസ്ലിം ആയി ജനിച്ചത് കാരണം അനുഭവിക്കേണ്ടി വന്ന സുന്നത്തിനെപറ്റി വായിക്കുമ്പോൾ നമ്മുടെ രക്തം തിളച്ചുപോവ്വും.
ക്രൂരമായ മർദ്ദനങ്ങളും ഇടുങ്ങിയ ചിന്തകളും അതിജീവിച്ചു, വീട്ടുകാർ നിർബന്ധിച്ചു നടത്തികൊടുത്ത കല്യാണത്തിൽ നിന്നും രക്ഷപ്പെട്ട്, നെതെർലാണ്ട്സിൽ എത്തിയ അയാൻ അവിടെയുള്ള മുസ്ലിം അഭയാർഥികൾക്കുവേണ്ടി പോരാടി, അവിടത്തെ പാർലിമെന്റിൽ അംഗമായി.
വധഭീഷണിയിൽ തളരാതെ, വീട്ടിൽ നിന്നും പുറത്താക്കപ്പെട്ടപ്പോൾ വിഷമിക്കാതെ, സമുദായം മുഴുവനും വെറുക്കപ്പെട്ടിട്ടും പതറാതെ, ഒരുപാവം പെൺകുട്ടി ആയിരുന്ന അയാൻ വെട്ടിത്തുറന്നു ധൈര്യത്തോടെ ശബ്ദിക്കുന്നു, അവളുടെ പോരാട്ടം തുടരുന്നു…..
Know more >> Ayaan Hirsi Ali and her “Infidel : My Life”