ഒന്ന്
വേനലവധി…. നിറയെ കളിക്കുട്ടികൾ….
മുത്തശ്ശി ആറ്റിൻകരയിൽ കൈയിൽ ഒരു വടിയുമായി വന്നു.
കേറിൻ പിള്ളാരേ!! മതി വെള്ളത്തിൽ കളിച്ചത്, സന്ധ്യയായി… വല്ല നീർക്കോലീം കാണും…
എൻ്റെ കാലിലെന്തോ ചുറ്റിപ്പിടിച്ചു, വെപ്രാളപ്പെട്ടു വലിച്ചൂരി.. ഒരു പ്ലാസ്റ്റിക് കവർ … ഹൊ !
ഇതാ കേറി… ഒരു മുങ്ങാംകുഴി കൂടി….. മുങ്ങി നിവരുമ്പോ തലയിലൊരു സാനിറ്ററി നാപ്കിൻ …ഹൗ !!!
മതി ആറ്റിലെ കുളി… മുത്തശ്ശി കൈ പിടിച്ചു നടന്നു…
മേല് ചൊറിയുന്നു മുത്തശ്ശി……
ഈ നാറ്റ വെള്ളത്തിൽ രാവിലെ മുതൽ കിടന്നാൽ പിന്നെ ചൊറിച്ചിലല്ലാതെ മറ്റെന്താ ഉണ്ടാവുക…
ങേ ! രാവിലെ ഇറങ്ങുമ്പോ നല്ല തെളിഞ്ഞ വെള്ളത്തിൽ കാലിൻ്റെ ഇടയിൽക്കൂടി നിരനിരയായി നീങ്ങുന്ന മീൻകുഞ്ഞുങ്ങളെ ഞാൻ കണ്ടിരുന്നല്ലോ….
ചാമ്പമരത്തിൽ കയറിയുരഞ്ഞ കാല്പാദം കുറേശ്ശെ പഴുത്തു തുടങ്ങിയിരുന്നു. അതു ഞാൻ മീൻകുഞ്ഞുങ്ങളെക്കൊണ്ട് വൃത്തിയാക്കിയതുമാണ്…
പൂജയ്ക് തിരുമേനി പൂജാപാത്രങ്ങളൊക്കെ വെള്ളത്തിൽ മുക്കിയെടുക്കുന്നതും കണ്ടിരിക്കുന്നു…. മഠത്തിലെ സ്ത്രീകൾ ശുദ്ധി വരുത്താൻ മുങ്ങി നിവരുന്നതും ഞാൻ കണ്ടതോർക്കുന്നു….
പിന്നെങ്ങനെ….
പിന്നെങ്ങനെ സന്ധ്യയായപ്പോഴേക്ക് ഇതെല്ലാം ഇങ്ങനെ നാറാൻ തുടങ്ങി????
രണ്ട്
കൊച്ചുങ്ങളെല്ലാം നാമം ജപിച്ചാട്ടെ … ഉമ്മറം വരെ കേൾക്കണം…
ഉറക്കെ ഉറക്കെ നാമം ജപം…
ഇളം നിലാവ്…
വല്യമ്മയുടെ മകൻ അപ്പു പറയുന്നു… മുറ്റത്തിറങ്ങി അമ്പിളി അമ്മാവൻ്റെ കൂടെ ഓടാം…
ചന്ദ്രക്കലയായ അമ്പിളിയുടെ കൂടെ എല്ലാവരും അങ്ങോട്ടും ഇങ്ങോട്ടും ഓടുന്നു… അമ്പിളി അമ്മാവൻ എൻ്റെ കൂടെയാ ഓടുന്നതെന്നു ഓരോരുത്തരും ആർക്കുന്നു….
അങ്ങനെ മേൽപ്പോട്ടു നോക്കി ഓടുമ്പോഴാണ് അത് ശ്രദ്ധയിൽ പെട്ടത്.
ചന്ദ്രക്കലയിൽ എന്തോ തൂങ്ങിയാടുന്നു…
ങ്ഹേ !!! ഒരു പാമ്പേഴ്‌സ് ഡയപ്പർ !!!
അയ്യോ ! ഞാൻ നിലവിളിക്കാൻ തുടങ്ങി…
മൂന്ന്
എന്തു പറ്റി ??? ഭാര്യ തട്ടിയുണർത്തി ചോദിച്ചു.
അമ്പിളി അമ്മാവൻ….. അല്ലാ….. ചന്ദ്രൻ……
മഴയും, പുഴയും, മണ്ണുമൊക്കെ കഴിഞ്ഞിട്ട് ഇപ്പൊ അമ്പിളി അമ്മാവനായോ?
ബാംഗ്ലൂരെത്തിയിട്ട് കായലു വൃത്തിയാക്കാൻ പോയി വന്ന ദിവസം തുടങ്ങിയതാ പിച്ചും പേയും പറയാൻ…
ഇന്നെന്താ അമ്പിളി അമ്മാവനെ ആരെങ്കിലും പ്ലാസ്റ്റിക് കവറിലിട്ട് കൊണ്ടുപോയിക്കാണും….അതേയോ ???
ഞാൻ കൊച്ചു കുഞ്ഞിനെപ്പോലെ വിമ്മിഷ്ടപ്പെട്ടു തലതാഴ്ത്തി ഇരുന്നു.
എന്തായാലും ഇനി മതിയാക്കൂ … ആകാശത്തു നിന്ന് ഇനി ഇങ്ങു ഭൂമിയിലേക്ക് വരൂ ….
നാലു ദിവസമായി വേസ്റ്റ് വണ്ടി വന്നിട്ട്, കൊച്ചിന്റെ അപ്പിയിട്ട ഡയപ്പറുൾപ്പടെ ഇവിടെ ഇരിക്കുന്നു. നാട്ടിലാരുന്നേൽ വളപ്പിലിട്ട് അങ്ങ് കത്തിച്ചാൽ മതിയാരുന്നു….
ഇതിപ്പോ… ഈ അപ്പിയൊക്കെ ഞാൻ എത്ര ദിവസം പൊതിഞ്ഞു കെട്ടി സൂക്ഷിക്കണം. ആരും കാണാതെ വഴിയിലെവിടെയെങ്കിലും കളയുകയേ നിവൃത്തിയുള്ളൂ ….
അയ്യോ, അതു വേണ്ട… നമുക്കെന്തെങ്കിലും വഴിയുണ്ടാക്കാം….
ഞാനൊന്നു കണ്ണടച്ചാലോചിച്ചു….
അമ്പിളി അമ്മാവന്റെ മേലെ അപ്പിപറ്റിയ ഒരു ഡയപ്പർ തൂങ്ങിയാടുന്നു……
Good .garbage has already become a nightmare,but most of us are in deep slumber.you have a flavour for writing.keep going.
നൊസ്റ്റാൾജിയ മീഡിയത്തിൽ കൂടി ഡയപ്പർ വെയ്സ്റ്റ് ബോധത്തിലേക്ക് !!! വളരെ നന്നായിരുന്നു, രമ്യ 🙂
കുട്ടി കൃഷ്ണൻ, ബംബറി റിയൂസബിൾ ഡയപ്പർ കമ്പനി