പെട്ടെന്നാണ് മുന്നിൽ അഗാധമായൊരു കുഴി കണ്ടത്. എന്റെ സ്കൂട്ടർ സഡൻ ബ്രേക്ക് ഇട്ടതു ഞാൻ പൊലുമറിഞ്ഞില്ലെന്നാണ് തോന്നുന്നത്. തൊട്ടു പിന്നിലുണ്ടായിരുന്ന കാർ ബ്രേക്ക് ഇട്ടെങ്കിലും ഉരഞ്ഞുരഞ്ഞു വന്നു എന്റെ സ്കൂട്ടറിലിടിച്ചു. സ്കൂട്ടർ മറിഞ്ഞു ഞാൻ റോഡിലേക്ക് വീണു. ഒരു മിനി വാനിന്റെ ടയർ എന്റെ കാലുകളിലൂടെ കയറിയിറങ്ങി. അങ്ങനെയാണ് ഞാനൊരു വികലാംഗനായിത്തീർന്നത്.
മഴ പെയ്തു തോർന്ന വഴിയിലൂടെ ബൈക്കിൽ വരികയായിരുന്നു അയാൾ. മഴവെള്ളം നിറഞ്ഞു കിടന്ന ഒരു കുഴിയിൽ ബൈക്കിൻറെ മുൻഭാഗം കൂപ്പുകുത്തി അയാള് മുന്നിലേക്കു തെറിച്ചു വീണു. നട്ടെല്ല് തകർന്ന് അയാൾ കിടപ്പിലായി.
ഇനി വരാനിരിക്കുന്ന ഏതോ നൂറ്റാണ്ടിലെ അറ്റകുറ്റ പണിക്കായി റോഡിൻറെ സൈഡിൽ, കോർപ്പറെഷൻ കൊണ്ടിറക്കിയ ‘ചല്ലി’, കാത്തിരുന്നു കാത്തിരുന്നു മുഷിഞ്ഞപ്പോൾ മെല്ലെ റോഡിലേക്കിറങ്ങി. അതിൽ കയറിയ ബൈക്കിന്റെ ബാലൻസു തെറ്റിയാണ് മറ്റൊരാൾക്ക് അപായമുണ്ടായത്.
വളവിൽ ഉച്ചഭാഷിണി തൊള്ള കാറി വിളിക്കുകയായിരുന്നു. വളവുതിരിഞ്ഞു പാഞ്ഞുവന്ന ആംബുലൻസിന്റെ സൈറണ്‍ ആ ശബ്ദഘോഷം മൂലം അയാൾക്ക് കേൾക്കാൻ കഴിഞ്ഞില്ല. ഞെട്ടലോടെ അയാൾ സ്കൂട്ടർ വെട്ടിത്തിരിച്ചെങ്കിലും സമയം വൈകിപ്പോയിരുന്നു.
ഫുട്ട്പ്പാത്തിന്റെ റിപ്പയറിംഗ് വർക്ക് നടന്നത് അന്ന് വൈകിട്ടായിരുന്നു. പൊളിച്ചുമാറ്റിയ ടൈൽസുകൾ റോഡിലെക്കിറക്കിവെച്ചത്, മഴയത്ത് ശ്രദ്ധയിൽപ്പെട്ടില്ല. അവിടെ സ്റ്റോപ്പ് സിഗ്നൽ ഉള്ള താൽക്കാലിക ബോർഡ് സ്ഥാപിക്കപ്പെട്ടിട്ടുണ്ടായിരുന്നില്ല.
അപകടത്തിൽപ്പെട്ട അയാളെ തിടുക്കത്തിൽ ആശുപത്രിയിലേക്ക് കൊണ്ടുവരികയായിരുന്നു. റോഡിൽ പലയിടത്തായി നടന്ന ആഘോഷത്തിമിർപ്പുകളിലും റാലിയിലും സമയം നഷ്ടപ്പെട്ടതാണ് അയാൾക്ക് വിനയായത്.
ഒന്നും മാറിയില്ല… അന്നും…ഇന്നും…
ഈ അത്യാഹിതങ്ങൽക്കിടയിലും ട്രാഫിക് പോലീസിന്റെ “കൃത്യനിർവഹണം” തകൃതിയായി നടക്കുന്നു.
റോഡ് യാത്ര സുരക്ഷിതമാക്കാൻ ജനങ്ങളെ ഇനിയുമൊത്തിരി ബോധാവൽക്കരിക്കാനുണ്ടെന്നാണ് സർക്കാരിന്റെ പക്ഷം. ഇരുചക്ക്ര വാഹനത്തിന്റെ മുന്നിലും പിന്നിലുമിരിക്കുന്നവർ ഹെൽമെറ്റ് വെച്ചാൽ എല്ലാ പ്രശ്നങ്ങള്ക്കും പരിഹാരമുണ്ടാകുമത്രേ. വായ്ക്കരിയിടാൻ തല സുരക്ഷിതമായിരിക്കണ്ടേ!
ഒരു കാര്യം സത്യമാണ്.
നിയമം തെറ്റിക്കുന്നവരെ ശിക്ഷിച്ചാലേ റോഡ് യാത്ര സുരക്ഷിതമാക്കാനാകൂ . പക്ഷെ സാധാരണ ജനങ്ങളെ മാത്രം ശിക്ഷിച്ചു ആ ലക്ഷ്യത്തിലെത്താനാവില്ല. നിയമം തെറ്റിക്കുന്ന സര്ക്കാരിനെ ശിക്ഷിക്കാനും വ്യവസ്തയുണ്ടാകണം. ഉത്തരവാദിത്വം മാത്രം ഉണ്ടായാൽ പോരാ; Accountability യും ഉണ്ടാകണം.
Responsibility യെയും Accountability യെയും വേർതിരിക്കാനാവാതെ , ഉത്തരവാദിത്വം എന്ന ഒറ്റ പദത്തിൽ മലയാളം ഒതുങ്ങിപ്പോയോ?