കുരുതികാക്കാന്റെ രണ്ടു പെണ്‍മക്കളിൽ ഇളയതാണ് സുബൈദാത്താ..
പുള്ളിപ്പാവാടയും, മുട്ടറ്റമുള്ള കുപ്പായവും, ഏതുനേരവും തലയിൽ പലനിറത്തിലുള്ള തട്ടവുമിട്ട് എന്റെ ഗ്രാമവീഥിയിലൂടെ മണ്ണിനുപോലും വേദന നൽകാതെ എപ്പോഴും കയ്യിലൊരു സഞ്ചിയും തൂക്കി നടന്നു നീങ്ങുന്ന ഈ നിത്യകന്യകയെ ആരും തന്നെ ശ്രദ്ധിച്ചിരുന്നില്ലാ.. അല്ലെങ്കിൽ സുബൈദാത്ത ആരുടേയും ശ്രദ്ധ ആകർഷിച്ചിരുന്നില്ല എന്നതാണ് സത്യം..
എനിക്ക് ഓർമ്മവെച്ച കാലത്ത് ചാപ്രാവിളയിലെ മാപ്പിളമാരുടെ വീട്ടിലെ അടുക്കളപ്പണിയും, തൂപ്പും,തുടപ്പും ഒക്കെയായി അവിടെത്തെ ഭക്ഷണവും ബാക്കി വരുന്നത് വീട്ടിൽകൊണ്ട് മറ്റുള്ളവർക്ക് നൽകിയുമിരുന്ന സുബൈദാത്തയെ ഇത് വരെ ഒന്ന് ചിരിച്ചു ഞാൻ കണ്ടിട്ടില്ലാ..
ആരോടും പരിഭവമോ പരാതിയുമോ ഇല്ലാതെ വഴിയുടെ ഓരോരം പറ്റി ഇങ്ങനെ നടന്നുനീങ്ങും. ഈ സമയങ്ങളിൽ വഴിവക്കിലിരുന്നു മറ്റുപെണ്ണുങ്ങൾ കഥകൾപറഞ്ഞു ചിരിച്ചു രസിക്കുമ്പോൾ താത്തായുടെ നടത്തത്തിന് വേഗതകൂടും. മറിച്ച് മറ്റുള്ളവരുടെ സങ്കട കാര്യങ്ങളാണ് സംസാരിക്കുന്നതെങ്കിൽ പതിയെ നടത്തം അവസാനിപ്പിച്ച് അവർ പറയുന്നത് ശ്രദ്ധിച്ച്കേട്ട് ഒരു നെടുവീർപ്പോടെ വീണ്ടും നടത്തം തുടരും..
നാട്ടിലെ കല്യാണങ്ങൾക്കോ, മറ്റു വിശേഷങ്ങൾക്കോ സുബൈദാത്തയെ കാണാൻ കിട്ടില്ലാ. മറിച്ച് എന്റെ നാട്ടിലെ മരണവീടുകളിൽ ഇവരുടെ സാന്നിധ്യം കാണാൻ സാധിക്കും വീട്ടുകാരെക്കാൾ ഉപരി ആ വീടിന്റെ അടുക്കള ഭാഗത്ത് താടിയ്ക്ക് കയ്യും കൊടുത്തിരുന്ന് കരയുന്ന ഇവരെ മിക്ക മരണവീട്ടിലും ഞാൻ കണ്ടിട്ടുണ്ട്.
പിന്നീട് മരണാനന്തര ചടങ്ങുകളിലും കാണാൻ പറ്റിയിട്ടില്ലാ..
സത്യത്തിൽ ശ്രീ. അയ്യപ്പൻ പറഞ്ഞപോലെ മരിച്ചവർ മാത്രമായിരിക്കും ഇവരുടെ ചങ്ങാതികൾ.. അവരോട് ആ താടിയ്ക്ക് കയ്യും കൊടുത്തിരുന്ന് ഒസ്യത്തിലില്ലാത്ത ഒരുപാട് രഹസ്യങ്ങൾ പങ്ക് വെയ്ക്കുന്നുണ്ടാകും ഈ സുബൈദാത്ത..
ഇങ്ങനെ എത്രയെത്ര ജന്മങ്ങൾ ഇപ്പോഴും നമ്മുടെ കണ്‍മുന്നിലൂടെ മിന്നിമറയുന്നുണ്ടാകും മറ്റുള്ളവർക്കും, മണ്ണിനും ഭാരമാകാതെ നടന്നു നീങ്ങുന്ന നിത്യകന്യകമാർ..