
അമേരിക്കൻ സിനിമ അഥവാ ഹോളിവുഡ്, സ്റ്റുഡിയോ വ്യവസ്ഥയിലൂടെ പതിന്മടങ്ങ് വളർന്നു. ലോകവ്യാപകമായ വിതരണ സംവിധാനത്തെയും സ്ഥിരം പ്രേക്ഷകരെയും വളർത്തിയെടുക്കാനായതിലൂടെ ചോദ്യം ചെയ്യാനാവാത്ത സിനിമാ സാമ്രാജ്യങ്ങൾ തന്നെ ഹോളിവുഡ് സ്ഥാപിച്ചെടുത്തു. രണ്ടാം ലോക യുദ്ധത്തിനു മുൻപുള്ള കാലത്തെ സ്റ്റുഡിയോ കാലത്തിന്റെ സുവർണ്ണ വർഷങ്ങൾ എന്ന് വിശേഷിപ്പിക്കാറുണ്ട് . പാരമൗണ്ട്, യൂണിവേഴ്സൽ, ട്വന്റിയത്ത് സെഞ്ചുറി ഫോക്സ്, എംജിഎം, വാർണർ ബ്രദേഴ്സ് എന്നിങ്ങനെ ഹോളിവുഡിലെ സ്റ്റുഡിയോകൾ പുതിയകാലത്തെ കോർപ്പറേറ്റ് മാധ്യമങ്ങളുടെ തുടക്കക്കാരാണ്. സോണിയും റുപ്പർട് മർഡോക്കുമടക്കമുള്ളവരാണ് ഇന്ന് ഈ സ്റ്റുഡിയോകളിൽ മിക്കതിന്റെയും ഉടമസ്ഥർ. ലോക സിനിമാവ്യവസായത്തെ എല്ലാ കാലത്തും മുഖ്യമായി നിയന്ത്രിച്ചത് ഈ സ്റ്റുഡിയോകളാണ്. സ്വന്തമായി ടെലിവിഷൻ ശൃംഖലകൾ കൂടി ആരംഭിച്ച ഇവ, പുതിയ കാലത്തും നിയന്ത്രണം നിർബാധം തുടരുന്നു. സ്റ്റുഡിയോ വ്യവസ്ഥയിൽ, സംവിധായകനോ തിരക്കഥാകൃത്തിനോ വലിയ പങ്കില്ല. എന്നാൽ ഈ കീഴ്പ്പെടുത്തലിനെ അതിജീവിച്ച് ചാർളി ചാപ്ലിൻ, ഫ്രിറ്റ്സ് ലാംഗ്, ഹിച്ച്കോക്ക് അടക്കമുള്ള നിരവധി പ്രതിഭാശാലികൾ അവിടെ വിസ്മയങ്ങൾ തീർത്തു എന്നതും പ്രസ്താവ്യമാണ്. രണ്ടാം ലോക യുദ്ധത്തിനു ശേഷം ചില തിരിച്ചടികൾ ഹോളിവുഡ് നേരിട്ടു. ഇതിൽ പ്രധാനമായ തിരിച്ചടി കുപ്രസിദ്ധമായ മക്കാർത്തിയൻ വേട്ടയെ തുടർന്നായിരുന്നു. നിരവധി പ്രമുഖ സംവിധായകരും നടീനടന്മാരും സാങ്കേതിക വിദഗ്ദ്ധരും കമ്മ്യൂണിസ്റ്റ് ബന്ധം ആരോപിക്കപ്പെട്ട് ജയിലിലടക്കപ്പെട്ടു. ജോണ്‍ ഗാർഫീൽഡിനെ പോലെ പലരും സമ്മർദ്ദത്തെതുടർന്ന് മരണപ്പെട്ടു. ചാർളി ചാപ്ലിൻ മുതൽ ജൂൾസ് ഡാസിൻ വരെ നിരവധി കലാകാരന്മാർ രാജ്യം വിട്ടോടി. ചാർളി ചാപ്ലിൻ ആധുനിക സിനിമയുടെ ജനപ്രിയത നിർണയിച്ച അപൂർവ പ്രതിഭാശാലിയായിരുന്നു. അദ്ദേഹത്തിന്റെ ‘മോഡേണ്‍ ടൈംസ് (1936)’ വളരെ പ്രശസ്ത ചിത്രങ്ങളിൽ ഒന്നാണ്. ആധുനിക കാലത്തെ അമിതമായ യന്ത്രവത്കരണവും വ്യവസായ മാനേജ്മെന്റ് രീതികളും ചേർന്ന് സാധാരണ മനുഷ്യനെ കൊല്ലാക്കൊല ചെയ്യുന്നതിനെ ഇത്രമേൽ പരിഹാസ്യമായും ആഴത്തിലും അതേ സമയം അങ്ങേയറ്റം ലളിതമായും ആവിഷ്കരിച്ച മറ്റൊരു സിനിമ നാം തേടിപ്പോകേണ്ടതില്ല തന്നെ. മാർക്സിന്റെ അന്യവത്കരണസിദ്ധാന്തമാണ് ഈ ചിത്രതിലാവിഷ്കരിക്കുന്ന അടിസ്ഥാന ദർശനം.

ചാപ്ലിന്റെ തന്നെ ‘ദ ഗ്രേറ്റ് ഡിക്റ്റേറ്റർ (1940)’ ഹിറ്റ്‌ലറെയും മുസോളനിയെയും ഒരു പോലെ രൂക്ഷമായി പരിഹസിക്കുന്ന ഗംഭീര സിനിമയാണ്. ഈ സിനിമയെ തുടർന്നാണ് അമേരിക്ക അതിന്റെ ഒറ്റപ്പെട്ട നിലപാട് മാറ്റി രണ്ടാം ലോക യുദ്ധത്തിൽ കക്ഷി ചേർന്നത്. എല്ലാ സ്റ്റുഡിയോകളിലും നാസി വിരുദ്ധ സിനിമകൾ തുരുതുരാ എടുക്കാൻ തുടങ്ങിയതും ഗ്രേറ്റ് ഡിക്റ്റേറ്ററിന്റെ സ്വാധീനത്തിലാണ്. മക്കാർത്തിയൻ കമ്മ്യൂണിസ്റ്റ് വിരുദ്ധ വിച്ച് ഹണ്ടിങ്ങിനു പുറമെ, ടിവിയുടെ വരവും ഹോളിവുഡിന് വിനയായി. എങ്കിലും പിൽകാലത്ത് ഹോളിവുഡ് അതിന്റെ പ്രഭാവം വീണ്ടെടുത്തു. അടുത്ത കാലത്ത്, അനിമേഷന്റേയും ത്രീ ഡിയുടേയും വർദ്ധിച്ച ഉപയോഗത്തിലൂടെ ഹോളിവുഡ് വൻ വിജയങ്ങളിലേക്ക് കുതിക്കുന്നത് ഇതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ്.
ലോക സിനിമയുടെ വാണിജ്യ-സാങ്കേതിക-പ്രത്യയശാസ്ത്ര കുത്തകാധികാരം ഇപ്പോഴും ഹോളിവുഡ് സിനിമ തന്നെയാണ് കൈയ്യാളുന്നത്. ‘ലൈഫ് ഓഫ് പൈ’ രണ്ടായിരം കോടി രൂപയാണ് ഇതിനകം കളക്ഷനായി നേടിയിട്ടുള്ളത്. അർനോൾഡ് ഷ്വാർസ്നെഗ്ഗർ (ട്രൂ ലൈസ്), സിൽവസ്റ്റർ സ്റ്റാലണ്‍ (റാംബോ സീരിസ്), തുടങ്ങിയ താരങ്ങളുടെ സിനിമകൾ, ജെയിംസ് ബോണ്ട് സീരിസ് തുടങ്ങിയവയുടെ രഷ്ട്രീയ ഉന്മുഖത്വം ലോക വ്യാപകമായി ചർച്ച ചെയ്യപ്പെട്ടു.
സോവിയറ്റ് സിനിമ
സിനിമയുടെ ജനപ്രിയത, സ്വീകാര്യത, ജനസമൂഹങ്ങളിലേക്ക് അതിവേഗത്തിൽ പടർന്നിറങ്ങാനുള്ള അതിന്റെ കഴിവ് എന്നിവ ലോകവ്യാപകമായി കലാകാരന്മാർക്കും കച്ചവടക്കാർക്കും പുറമേ ചിന്തകർ, നേതാക്കൾ എന്നിവരും ഇതേ കാലത്ത് തന്നെ തിരിച്ചറിഞ്ഞു. സുപ്രധാനാമായ ഒരു പ്രസ്താവന ലെനിൻ ഇക്കാലത്ത് നടത്തി. നമ്മെ സംബന്ധിച്ചിടത്തോളം എല്ലാ കലകളിലും വെച്ച് മഹാത്തരമായത് സിനിമയാണ് എന്നതാണത്. 1917 ലെ ഒക്ടോബർ സോഷ്യലിസ്റ്റ് വിപ്ലവത്തിനു ശേഷം രൂപപ്പെട്ട സോവിയറ്റ് യൂണിയൻ എന്ന രാഷ്ട്ര നിർമാണ പ്രക്രിയയിൽ ആദ്യം തന്നെ സിനിമക്ക് ഗംഭീരവും നിർണായകവുമായ സ്ഥാനം ഉണ്ടായത് ഈ കാഴ്ച്ചപ്പാടിന്റെ തുടർച്ചയാണ്. പല സംസ്കാരങ്ങളിലും പല ദേശീയതകളിലുമായി പടർന്നു കടർന്നിരുന്ന സോവിയറ്റ് രാഷ്ട്രത്തെ ഒന്നിപ്പിക്കാനും ഉദ്ഗ്രഥിക്കാനും ഐക്യപ്പെടുത്താനും സിനിമയെ പ്രയോജനപ്പെടുത്താമെന്നും സർക്കാരും പാർട്ടിയും തിരിച്ചറിഞ്ഞു. മോസ്കോ ഫിലിം സ്കൂൾ വിപ്ലവാനന്തര സമൂഹത്തിന്റെ ആദ്യ ഘട്ടത്തിൽ തന്നെ സ്ഥാപിക്കപ്പെട്ടു. 1919 ൽ സോവിയറ്റ് സിനിമ ദേശസാൽക്കരിക്കപ്പെട്ടു. ലെനിന്റെ പത്നി നടേഷ ക്രൂപ്സ്കായ ആയിരുന്നു സിനിമാ കമ്മിറ്റിയുടെ അദ്ധ്യക്ഷ. ഓൾ യൂണിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സിനിമോട്ടോഗ്രാഫി എന്ന ഫിലിം സ്കൂളിന്റെ ചുമതലയും ഈ കമ്മിറ്റിക്കായിരുന്നു. സീഗ വെർത്തോവ്, ലെവ് കുളെഷോവ്, സെർഗീവ് ഐസൻസ്റ്റീൻ, സെവോലോദ് പുഡോവ്കിൻ എന്നീ മാസ്റ്റർമാരൊക്കെയും ഇവിടെ അദ്ധ്യാപകരായും വിദ്യാർത്ഥികളായും ഗവേക്ഷകരായും ചലച്ചിത്രകാരന്മാരായും പ്രവർത്തിച്ചു. ഡയലക്ക്ടിക്കൽ മൊണ്ടാഷ് എന്ന ചലച്ചിത്രാഖ്യാനരീതി ഐസൻസ്റ്റീൻ രൂപപ്പെടുത്തി. 1905 ലെ സാർ വിരുദ്ധ കലാപത്തെ ചലച്ചിത്രവത്ക്കരിച്ച ‘ബാറ്റിൽഷിപ്പ് പൊട്ടെംകിൻ’ എന്ന സിനിമ 1925 ൽ പുറത്തിറങ്ങി.

ലോക സിനിമാ ചരിത്രത്തെ കീഴ്മേൽ മറിച്ച സിനിമയായിരുന്നു ഇത്. രണ്ട് വ്യത്യസ്ത അർത്ഥങ്ങളുള്ള ദൃശ്യങ്ങൾ കൂട്ടിച്ചേർത്ത് കാണിച്ചാൽ മൂന്നാമത് തികച്ചും വ്യത്യസ്തമായ ഒരർത്ഥം രൂപീകരിക്കപ്പെടും എന്നാണ് ഐസൻസ്റ്റീൻ സിദ്ധാന്തവത്കരിച്ചതും തെളിയിച്ചതും. ഇത് മാർക്സിസ്റ്റ് പ്രത്യയശാശ്ത്രത്തിന്റെ അടിസ്ഥാനത്തിലാണെന്നും അദ്ദേഹം സ്ഥാപിച്ചു. നിരവധി സിനിമകൾ ഇതിനു പുറകെ നിർമ്മിക്കപ്പെട്ടു. സോവിയറ്റ് സിനിമയുടെ ഈ കാലത്തെ സവിശേഷതകൾ ചുരുക്കിപ്പറയുകയാണെങ്കിൽ ഇപ്രകാരമാണ്. സ്റ്റുഡിയോ, വിതരണം, പ്രദർശനം എന്നിങ്ങനെ ലഭത്തിലതിഷ്ഠിതമായി മാത്രം സിനിമാ വ്യവസായത്തെ രൂപീകരിചെടുക്കുകയും വികസിപ്പിക്കുകയും ചെയ്ത അമേരിക്കൻ രീതിയെ അത് വെല്ലുവിളിച്ചു. മറ്റൊരു തരം സിനിമ സാധ്യമാണെന്ന് ലോകത്തിനു മുൻപിൽ വ്യക്തമാക്കി. ബാറ്റിൽഷിപ്പ് പൊട്ടെംകിന്റെ പ്രദർശനം മുഖ്യധാരാ വിതരണ സർക്യൂട്ടിലൂടെ നടത്തപ്പെടാത്തതുകൊണ്ടാണ്, ഇംഗ്ലണ്ടിലടക്കം യൂറോപ്പിൽ ഫിലിം സൊസൈറ്റികൾ വ്യാപകമായത്. 1925 മുതൽ ഏതാണ്ട് നാൽപതു വർഷം ഇംഗ്ലണ്ടിൽ ഈ ചിത്രതിന് ഔദ്യോഗിക പ്രദർശനാനുമതി ഇല്ലായിരുന്നു എന്നത് ഞെട്ടിപ്പിക്കുന്ന ചരിത്ര സത്യമാണ്. പല റീലുകൾ പല പെട്ടികളിലായി പല തരത്തിൽ കള്ളക്കടത്ത് നടത്തിയാണ് ബാറ്റിൽഷിപ്പ് പൊട്ടെംകിൻ യൂറോപ്പിലെമ്പാടും പ്രദർശിപ്പിച്ചത്.
ജർമൻ സിനിമ
ജർമനിയാണ് സിനിമയുടെ വിവിധ തരത്തിലുള്ള വികാസത്തിന് ഇടം നൽകിയ മറ്റൊരു രാഷ്ട്രം. റോബർട് വീനിന്റെ ‘ദ കാബിനറ്റ് ഓഫ് ഡോക്ടർ കാലിഗ്രി (1919)’ ആദ്യകാലത്ത് തന്നെ വിസ്മയം സൃഷ്ട്ടിച്ച സിനിമകളിലൊന്നാണ്. കഥക്കാവശ്യമുള്ളതോ അല്ലാത്തതോ ആയ മനോഹരമായ പശ്ചാത്തലങ്ങളായിരുന്നില്ല ഈ ചിത്രത്തിലുള്ളത്. മുഖ്യ കഥാപാത്രങ്ങളുടെ ആന്തരിക ചിന്തകളും നിലകളും രൂപപ്പെടുത്തുന്നതും കഥാഗതിയുടെ മനശാശ്ത്രത്തെ പ്രതിഫലിപ്പിക്കുന്നതും ആയ ക്യൂബിസ്റ്റ് ചിത്രകലയുപയോഗിച്ചുള്ള സെറ്റുകളാണ് ചിത്രത്തിനു വേണ്ടിയൊരുക്കിയത്. സിനിമ എന്നാ സൗന്ദര്യരൂപത്തെ ആവിഷ്ക്കരിക്കുന്നതിൽ ഈ സിനിമയടക്കമുള്ളവ വഹിച്ച പങ്ക് സുവ്യക്തമാണ്. സിനിമ പിന്നീട് സ്വായത്തമാക്കിയ വർണ്ണം, ശബ്ദം, മറ്റ് ടെക്നിക്കുകൾ എന്നിവ പ്രയോജനപ്പെടുത്തിയാലും കാലിഗ്രി ഇതിലും നന്നായി സങ്കൽപ്പിച്ചെടുക്കാനാവില്ല എന്നാണ് വിദഗ്ദ്ധമതം. ഒന്നാം ലോകയുദ്ധത്തിനു ശേഷമുള്ള ജർമൻ ജനത ആന്തരീകരിച്ച ഭയങ്ങളും ഉത്ക്കണ്ഠകളും ആണ് കാലിഗ്രി പ്രത്യക്ഷവത്കരിച്ചത്.

സിനിമയുടെ ശക്തി തിരിച്ചരിഞ്ഞവരിൽ പ്രമുഖനായ മറ്റൊരാൾ അഡോൾഫ് ഹിറ്റ്‌ലറായിരുന്നു. 1933 മുതൽ ജർമൻ സിനിമയെ ജോസഫ് പോൾ ഗീബൽസ് നേരിട്ടാണ് നിയന്ത്രിച്ചിരുന്നത്. ജർമൻ സിനിമയിലെ എല്ലാ യഹൂദ പാരമ്പര്യങ്ങളും തുടച്ചു നീക്കാനുള്ള അശ്രാന്ത പരിശ്രമത്തിലായിരുന്നു ഗീബൽസ്. ഒരു ഭരണകൂടത്തിനും സിനിമയെ അതിന്റെ പാട്ടിനു വിടാൻ ആവില്ല എന്നായിരുന്നു ഗീബൽസിന്റെ വ്യാഖ്യാനം. ഗീബൽസിന്റെ റഫറൻസില്ലാത്ത ഹിറ്റ്‌ലറുമായി ബന്ധം പുലർത്താൻ സ്വാതന്ത്ര്യമുള്ള സംവിധായകനായിരുന്നു ലെനി റീഫൻസ്റ്റാൾ. 1934 ലെ ന്യൂറംബർഗ് നാസി പാർട്ടി റാലി ഡോക്യുമെന്റ് ചെയ്യാൻ അവരേൽപ്പിക്കപ്പെട്ടു. ‘ട്രയംഫ് ഓഫ് വിൽ’ എന്ന ഡോക്കുമെന്ററി പൂർത്തിയാക്കപ്പെടുന്നത് അപ്രകാരാമാണ്. ഹിറ്റ്‌ലറെ മിത്തിക്കലും ദൈവസമാനനുമാക്കി പ്രത്യക്ഷപ്പെടുത്തുകയും അനുയായികളെ ആൾക്കൂട്ടം മാത്രമാക്കി പരിമിതപ്പെടുത്തുകയും ചെയ്യുന്നത്തിന് ലോ ആംഗിൾ, ഹൈ ആംഗിൾ തുടങ്ങിയ രീതികൾ ഈ ചിത്രത്തിൽ ഉപയോഗിക്കപ്പെട്ടു. താരാധിപത്യ സിനിമകളിൽ ഇപ്പോഴും താരനായകനെ അതിമാനുഷനാക്കാൻ ഈ ആധിപത്യ രീതിയാണ് പ്രയോഗിക്കപ്പെടുന്നത്. ബ്രിട്ടണ്‍, അമേരിക്ക, കാനഡ അടക്കമുള്ള നിരവധി രാഷ്ട്രങ്ങളിൽ ഈ ചിത്രം ഏറെക്കാലം നിരോധിക്കപ്പെടുകയുണ്ടായി.
ഇറ്റാലിയൻ നിയോറിയലിസം
രണ്ടാം ലോക യുദ്ധാനന്തരമുള്ള അനിശ്ചിതത്വം, അനാഥത്വം, ക്ഷാമം, പട്ടിണി, തൊഴിലില്ലായ്മ എന്നിവയുടെ തീക്ഷണമായ ചലച്ചിത്ര അവതരണങ്ങളാണ് ഇറ്റാലിയൻ നിയോറിയലിസത്തെ ശ്രദ്ധേയമാക്കുന്നത്. രാഷ്ട്രീയവും സാമ്പത്തികവുമായ മേഖലകളിൽ കടുത്ത തകർച്ചയിലേക്ക് നിലംപതിച്ച ഇറ്റലിയെയാണ് യഥാതമായി ഈ ചിത്രങ്ങൾ പശ്ചാത്തലവത്കരിച്ചത്. ഏറ്റവും പ്രധാനപ്പെട്ട സിനിമ, വിറ്റോറിയോ ഡിസീക്കയുടെ ‘ബൈസക്കിൾ തീവ്സ് (1948)’ ആണ്. അസ്വസ്ഥമായ ഭൂതകാലത്തിന്റേയും നിരാശാജനകമായ ഭാവിപ്രതീക്ഷകളുടേയും ബോധ്യങ്ങൾ കൊണ്ട് വലയം ചെയ്യപ്പെട്ട ഇറ്റലിയുടെ സംഘസ്മൃതികൾ തന്നെയാണ് ബൈസക്കിൾ തീവ്സിലൂടെ അടയാളപ്പെടുത്തുന്നത്.
ഫ്രഞ്ച് ന്യൂവേവ്
ചലച്ചിത്രാഖ്യാനത്തെ സംബന്ധിച്ച് നിലനിന്നു പോന്ന സൈദ്ധാന്തികവും പ്രായോഗികവുമായ ധാരണകളേയും നിർബന്ധങ്ങളേയും അട്ടിമറിച്ചുകൊണ്ടാണ് ഫ്രഞ്ച് നവതരംഗ പ്രസ്ഥാനം 1950 കളിലാരംഭിച്ചത്. അവർ നടത്തിയ നിയമലംഘനങ്ങൾ പിന്നിട് നിയമങ്ങളായി തീർന്നു എന്നതാണേറ്റവും ശ്രദ്ധേയമായ വിപരിണാമം. ഒരെഴുത്തുകാരൻ തന്റെ പേന ഉപയോഗിച്ച് എഴുതുന്നതുപോലെ, തന്റെ ക്യാമറ ഉപയോഗിച്ച് സിനിമ ‘എഴുതു’ന്നതായിരുന്നു (ക്യാമറസ്റ്റൈലോ) നവതരംഗ സിനിമ എന്നും വിശേഷിപ്പിക്കപ്പെട്ടുണ്ട്. ആഖ്യാനത്തിന്റെ നിഷ്ഠൂരതക്കെതിരായ ഒരു കലാപം തന്നെ കഹേ ദു സിനിമ അഴിച്ചു വിട്ടു. ജംപ് കട്ട്, കൈയ്യിൽ കൊണ്ടുനടക്കുന്ന ക്യാമറ കൊണ്ടുള്ള ചിത്രീകരണം, സ്വാഭാവികമെന്ന് തോന്നിപ്പിക്കാത്ത എഡിറ്റിങ്ങ്, തുടർച്ച നഷ്ടപ്പെടുത്തുന്ന തരത്തിലും അയുക്തികമെന്നു തോന്നിപ്പിക്കുന്ന തരത്തിലും സീനുകളെ മാറ്റിമറിക്കൽ. ലൊക്കേഷനിൽ തന്നെയുള്ള ചിത്രീകരണം, അകൃത്രിമ ലൈറ്റിങ്ങ്, തൽക്ഷണം സൃഷ്ടിക്കുന്നതെന്നു കരുതാവുന്ന വിധത്തിലുള്ള സംഭാഷണങ്ങളും ഇതിവൃത്തങ്ങളും, നീണ്ട ടേക്കുകൾ, പ്രത്യക്ഷത്തിൽ ദൃശ്യാഖ്യാനവുമായി വേറിട്ടുനില്ക്കുന്നത് എന്ന് തോന്നിപ്പിക്കുന്ന ശബ്ദ പഥവും പശ്ചാത്തലസംഗീതവും എന്നിങ്ങനെ അതിനുമുൻപ് സിനിമാക്കാർ സ്വീകരിക്കാൻ ഭയപ്പെട്ടിരുന്ന പല രീതികളും പ്രയോഗത്തിൽ വരുത്തിക്കൊണ്ടുള്ള സാഹസികമായ സിനിമകൾ വിമർശനങ്ങൾക്കു പിന്നാലെ പൂർത്തീകരിക്കാൻ കഴിഞ്ഞതിലൂടെയാണ് ഫ്രഞ്ച് നവതരംഗ പ്രസ്ഥാനം ചരിത്രത്തിൽ ചലനാത്മകമായ ഇടം നേടിയെടുത്തത്. സിനിമയുടെ ആഖ്യാന ഭാഷയും പരിചരണരീതിയും ഇതിനെ തുടർന്ന് മാറി മറഞ്ഞു. പിൽക്കാലത്ത് ലോകമെമ്പാടുമുള്ള മുഖ്യധാരാ സിനിമകളിലും പരസ്യ സിനിമകളിലും സംഗീത വീഡിയോകളിലും ഈ രീതികൾ ആയിരം തവണ ആവർത്തിക്കപ്പെട്ടാതോടെ അവയുടെ നൂതനത്വം നഷ്ടമായെങ്കിലും അക്കാലത്ത് അവയുണ്ടാക്കിയ ഞെട്ടൽ അവിസ്മരണീയമായിരുന്നു. വരേണ്യ സാഹിത്യരചനകളിൽ പതിവുള്ള തരം ഔപചാരികവും അച്ചടി ഭാഷയിലുള്ളതുമായ സംഭാഷണങ്ങളും അമിത പ്രൗഢിയോടെ കെട്ടിയുണ്ടാക്കപ്പെട്ട സെറ്റുകളും ചേതോഹാരിത ജനിപ്പിക്കുന്ന ചായാഗ്രഹണവും താരങ്ങളും ചേർന്ന് മോടിയോടെ പുറത്തിറക്കപ്പെടുന്ന വാണിജ്യ ചലചിത്രങ്ങളുടെ ആർഭാടങ്ങളേയും അധീശത്വങ്ങളേയും, പാവപ്പെട്ടവരും ഇടത്തരക്കാരും താമസിക്കുന്ന അപ്പാർട്ടുമെന്റുകളിലും തെരുവുകളിലും വെച്ച് ചിത്രീകരിച്ച ഇന്നിന്റെയും അതുകൊണ്ടുതന്നെ നാളെയുടേയും സിനിമയുടെ പ്രതിരോധാത്മകത കൊണ്ട് ന്യൂവേവുകാർ വെല്ലുവിളിച്ചു. ത്രൂഫോ, ഷബ്രോൾ, ഗൊദാർദ്, അലൻ റെനെ അങ്ങിനെ ഫ്രഞ്ച് ന്യൂവേവ് നിരവധി മാസ്റ്റർമാരെ സംഭാവന ചെയ്തു. കിഴക്കൻ യൂറോപ്പ്, ജപ്പാൻ, ഇറാൻ, ലാറ്റിനമേരിക്കൻ രാജ്യങ്ങൾ തുടങ്ങി ലോകത്തിന്റെ പല പ്രദേശങ്ങളും സവിശേഷവും ശക്തവുമായ ചലച്ചിത്രസംസ്കാരം കൊണ്ട് സമ്പന്നമാണ്.