1. തിരുമല ശിവക്ഷേത്രം
തിരുമല ക്ഷേത്രത്തില് ശ്രീ പരമേശ്വരൻ ശൂലപാണി ഭാവത്തിലാണ് കുടിയിരിക്കുന്നത്. രാമായണം, മഹാഭാരതം എന്നിവയുമായി ഈ ക്ഷേത്രം ബന്ധപ്പെട്ടു കിടക്കുന്നെന്നു ഭക്തര് വിശ്വസിക്കുന്നു. പതിനൊന്നാം നൂറ്റാണ്ടോളം പഴക്കം വരുന്ന ശിലാലിഖിതങ്ങൾ ഈ ക്ഷേത്രത്തിൽ നിന്നും കണ്ടു കിട്ടിയിട്ടുണ്ട്. രാജേന്ദ്രചോളന് ഒന്നാമന്റെ കാലത്തെക്കുറിച്ചുള്ള പരാമർശവും ഇവിടെ നിന്നും ലഭിച്ചിട്ടുണ്ട്. പുരാതന ശിലാലിഖിതപ്രകാരം ഈ ക്ഷേത്രം അറിയപ്പെട്ടത് മുഞ്ചിറൈ തിരുമലൈ തേവര് എന്നാണ്. എത്തിച്ചേരാനുള്ള വഴി തിരുവനന്തപുരം-കന്യാകുമാരി ദേശീയപാതയില് കുഴിത്തുറയ്ക്കു സമീപമുള്ള വെട്ടുവെന്നിയില് നിന്നു തേങ്ങാപ്പട്ടണത്തേക്കുള്ള വഴിയില് 5 കിലോമീറ്റര് സഞ്ചരിച്ചാല് ക്ഷേത്രത്തിലെത്താം.
2. തിക്കുറിച്ചി ശിവക്ഷേത്രം
ശിവാലയ ഓട്ടത്തിലെ രണ്ടാമത്തെ ക്ഷേത്രമാണ് തിക്കുറിച്ചി ക്ഷേത്രം. താമ്രപർണി നദീതീരത്താണ് തിക്കുറിച്ചി ശിവക്ഷേത്രം സ്ഥിതിചെയ്യുന്നത്. കുന്നുകളാൽ വലയിതമാണ് ഈ ക്ഷേത്രം. തമിഴിലെ ഐന്തിണകളിൽ ഒന്നായ കുറിഞ്ഞി നിലമാണിത്. കുറിഞ്ഞി നിലത്തിൽ നിന്നുമാണ് ഈ സ്ഥലത്തിനു കുറിച്ചി എന്ന പേരു ലഭിച്ചത്. നന്ദി വാഹനമില്ലാത്ത മഹാദേവ പ്രതിഷ്ഠയാണ് ഇവിടെയുള്ളത്. എത്തിച്ചേരാനുള്ള വഴി തിരുമലയിൽ നിന്നു മാർത്താണ്ഡം പോലീസ് സ്റ്റേഷൻ റോഡിലെ പാലത്തിലൂടെ ഞാറാം വിളയിലെത്തി ചിതറാലിലേക്കുള്ള വഴിയിൽ യാത്ര ചെയ്താൽ ക്ഷേത്രത്തിലെത്താം.
ശിവാലയ ഓട്ടത്തിൽ മൂന്നാമതായുള്ള ക്ഷേത്രമാണ് തൃപ്പരപ്പ്. പ്രകൃതി രമണീയത കനിഞ്ഞനുഗ്രഹിച്ച സ്ഥലം കൂടിയാണ് ഇവിടം. സംസ്കൃതത്തിൽ ഈ സ്ഥലം ശ്രീ വിശാലപുരം എന്നാണ് അറിയപ്പെട്ടിരുന്നത്. കന്യാകുമാരി ജില്ലയിലെ കുഴിത്തുറയിൽ നിന്നു 15 കിലോമീറ്റർ കിഴക്കാണ് തൃപ്പരപ്പ്. ഈ ക്ഷേത്രത്തിന്റെ പാറക്കെട്ടുകളിലൂടെ ഒഴുകുന്ന കോതയാറ് മനോഹരമായ ദൃശ്യഭംഗിയെ പ്രദാനം ചെയ്യുന്നു. കോതയാറ് 50 അടി താഴ്ചയിലേക്കു നിപതിച്ച് സൃഷ്ടിക്കുന്ന വെള്ളച്ചാട്ടം ഏതൊരാളേയും ആകർഷിക്കാൻ പോന്നതാണ്. തൃപ്പരപ്പ് ക്ഷേത്രത്തിലെ അഭിഷേകജലം അന്തർവാഹിനിയായി വെള്ളച്ചാട്ടത്തിൽ ലയിക്കുന്നുവെന്നാണ് സങ്കല്പം. 188-ൽ ശ്രീ വിശാഖം തിരുനാൾ മഹാരാജാവ് ഇവിടെ ഒരു കല്മണ്ഡപം പണികഴിപ്പിച്ചിട്ടുണ്ട്. ജഗദ്ഗുരു ആദി ശങ്കരാചാര്യർ ഈ ക്ഷേത്രം സന്ദർശിച്ചിട്ടുണ്ടെന്നാണ് വിശ്വാസം. ദക്ഷനെ വധിച്ച വീരഭദ്രരൂപത്തിലാണ് പരമേശ്വരൻ ഇവിടെ കുടിയിരിക്കുന്നത്. പടിഞ്ഞാറ് ദർശനമായാണ് ഭഗവാൻ ദർശനമരുളുന്നത്. വടക്ക് അഭിമുഖമായി നന്ദിവാഹനം കുടികൊള്ളുന്നു.ക്ഷേത്രത്തിനു പുറത്ത് വെണ്ണക്കണ്ണനും മുരുകനും ഭക്തരെ അനുഗ്രഹിക്കുന്നു. തൃപ്പരപ്പ് ക്ഷേത്രത്തിനു ഒന്പതാം നൂറ്റാണ്ടോളം പഴക്കം കണക്കാക്കുന്നു. ആയ് രാജാവായ കരുനന്തടക്കന്റെ കാലത്ത് തയ്യാറാക്കിയ രണ്ടു ചെമ്പോലകളാണ് ഇവിടെ നിന്നും കണ്ടെടുക്കപ്പെട്ട ഏറ്റവും പഴയ രേഖ. എത്തിച്ചേരാനുള്ള വഴി തിക്കുറിച്ചിയിൽ നിന്നും രണ്ട് വഴികളാണു തൃപ്പരപ്പിലേക്കുള്ളത്. ഒന്ന് – തിക്കുറിച്ചിയില് നിന്നു ചിതറാല് – അരുമന – കളിയൽ വഴി.രണ്ട് – തിക്കുറിച്ചിയിൽ നിന്നു ആറ്റൂർ – തിരുവട്ടാര് – കുലശേഖരം വഴി.
4. തിരുനന്തിക്കര ശിവക്ഷേത്രം
ശിവാലയ ഓട്ടത്തിലെ നാലാമത്തെ ക്ഷേത്രമാണ് തിരുനന്തിക്കര ശിവക്ഷേത്രം. നന്തി ആറിന്റെ കരയിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കേരളീയ ക്ഷേത്ര ശില്പകലാ രീതിയിലാണ് തിരുനന്തിക്കര ക്ഷേത്രം പണികഴിപ്പിച്ചിരിക്കുന്നത്. ശ്രീ കോവിൽ വിമാനവും മറ്റും ഇതിനുദാഹരമാണ്. തിരുനന്തിക്കരയിൽ നന്ദികേശ്വര രൂപത്തിലാണ് ശ്രീ പരമേശ്വരന് ഇരുന്നരുളുന്നത്. ശിവക്ഷേത്രത്തിനു അഭിമുഖമായി ഒരു വിഷ്ണുക്ഷേത്രവും വടക്കു ഭാഗത്തായി ഒരു ഗുഹാ ക്ഷേത്രവും സ്ഥിതി ചെയ്യുന്നു.എത്തിച്ചേരാനുള്ള വഴി തൃപ്പരപ്പിൽ നിന്നു കുലശേഖരം വഴി 8 കിലോമീറ്റർ സഞ്ചരിച്ചാൽ തിരുനന്തിക്കരയിലെത്താം.
5. പൊന്മന ശിവക്ഷേത്രം
തിരുനന്തിക്കരയിൽ ദർശനം നടത്തിയ ക്ഷേത്രമാണ് പൊന്മന. പാണ്ഡ്യരാജവംശവുമായി ഈ ക്ഷേത്രത്തിനു അഭേദ്യമായ ബന്ധമുണ്ടായിരുന്നതിന് തെളിവുകളുണ്ട്. പൊന്മനയിലെ ശിവന് തീമ്പിലാധിപൻ എന്ന പേരിലാണറിയപ്പെടുന്നത്. തീമ്പൻ എന്ന ശിവഭക്തന് ദർശനം നല്കിയതുമായി ബന്ധപ്പെട്ടാണ് ഈ പേരുണ്ടായത്. പൊന്മനയ്ക്കടുത്തുള്ള മംഗലം എന്ന സ്ഥലം പഴയ നാഞ്ചിനാടിന്റെ അതിർത്തിയായി കണക്കാക്കുന്നു. മംഗലം മുതൽ മനക്കുടി വരെയായിരുന്നു പഴയ നാഞ്ചിനാട് വ്യാപിച്ചു കിടന്നത്.എത്തിച്ചേരാനുള്ള വഴി തിരുനന്തിക്കരയിൽ നിന്നു കുലശേഖരം – പെരുഞ്ചാണി റോഡിൽ 8 കിലോമീറ്റർ സഞ്ചരിച്ചാൽ പൊന്മനയിലെത്താം.
6. പന്നിപ്പാകം ശിവക്ഷേത്രം
ശിവാലയ ഓട്ടത്തിൽ ആറാമതായി വരുന്ന ക്ഷേത്രമാണ് പന്നിപ്പാകം. പരന്നു കിടക്കുന്ന നെൽവയലുകൾക്കും തലയുയർത്തി നില്ക്കുന്ന കുന്നുകൾക്കുമിടയിലാണ് പന്നിപ്പാകം ക്ഷേത്രം സ്ഥിതിചെയ്യുന്നത്. അർജ്ജുനന് ശിവനിൽ നിന്നും പാശുപതാസ്ത്രം നേടിയ കഥയുമായി ഈ ക്ഷേത്ര ഐതിഹ്യം ബന്ധപ്പെട്ടു കിടക്കുന്നു. അതിൽ നിന്നാണത്രെ ഈ ക്ഷേത്രത്തിനു പന്നിപ്പാകം എന്ന പേരു ലഭിക്കാൻ കാരണം. ഈ ക്ഷേത്രത്തിനു സമീപത്തായി നെൽവയലുകൾക്കു നടുവിലായി കാട്ടാളൻ കോവിൽ എന്നൊരു ക്ഷേത്രവും സ്ഥിതി ചെയ്യുന്നു.എത്തിച്ചേരാനുള്ള വഴി പൊന്മന നിന്നു വലിയാറ്റുമുഖം വഴി സഞ്ചരിച്ച് മുട്ടയ്ക്കാട് കവലയിലൂടെ പന്നിപ്പാകം ക്ഷേത്രത്തിലെത്താം.
7. കൽക്കുളം ശിവക്ഷേത്രം
ശിവാലയ ഓട്ടത്തിലെ ഏഴാമത്തെ ക്ഷേത്രമാണ് കല്ക്കുളം. ശ്രീ വർത്തമാനപുരം എന്നതായിരുന്നു ഈ സ്ഥലത്തിന്റെ പഴയ പേര്. പിന്നീട് കല്ക്കുളം എന്ന പേരിൽ ഇവിടം അറിയപ്പെട്ടു. ക്രിസ്തുവർഷം 1744 ൽ മാർത്താണ്ഡവർമ്മ മഹാരാജാവ് തന്റെ രാജ്യത്തിന്റെ തലസ്ഥാനമായി കല്ക്കുളം തിരഞ്ഞെടുക്കുകയും പിന്നീട് പത്മനാഭപുരം എന്നു നാമകരണം ചെയ്യുകയും ചെയ്തു. പത്മനാഭപുരത്ത് തമിഴ് മാതൃകയിലുള്ള നിരവധി ക്ഷേത്രങ്ങൾ കാണാം. പാർവതീ സമേതനായ ശിവപ്രതിഷ്ഠയാണിവിടെ. ശിവാലയ ഓട്ടം നടക്കുന്ന 12 ശിവക്ഷേത്രങ്ങളിൽ പാർവതി പ്രതിഷ്ഠയുള്ളതും രഥോത്സവം നടക്കുന്നതുമായ ഏക ക്ഷേത്രവും ഇതാണ്. ഇവിടുത്തെ പാർവതി പ്രതിഷ്ഠ ആനന്ദവല്ലി അമ്മൻ എന്നാണറിയപ്പെടുന്നത്. കൽക്കുളം ക്ഷേത്രത്തിനു സമീപത്തായി വിശാലമായൊരു കുളവും സ്ഥിതി ചെയ്യുന്നു. ഇതിനടുത്തുള്ള രാമസ്വാമി ക്ഷേത്രം മരത്തിൽ കൊത്തിവെച്ച രാമായണ കഥയാൽ പ്രസിദ്ധമാണ്.എത്തിച്ചേരാനുള്ള വഴി പന്നിപ്പാകത്തു നിന്നും 6 കിലോമീറ്റർ സഞ്ചരിച്ചാൽ കല്ക്കുളത്തെത്തിച്ചേരാം.
8. മേലാങ്കോട് ശിവക്ഷേത്രം
കല്ക്കുളം മഹാദേവരെ ദർശിച്ച് യാത്രയാവുന്ന ഭക്തർ തുടർന്നെത്തുന്നത് മേലാങ്കോട് ശിവക്ഷേത്രത്തിലാണ്. സാക്ഷാൽ കാലകാല രൂപത്തിലാണ് പരമേശ്വരൻ ഇവിടെ കുടികൊള്ളുന്നത്. 8 ക്ഷേത്രങ്ങളുടെ സമുച്ചയമാണ് മേലാങ്കോട് ശിവക്ഷേത്രം.എത്തിച്ചേരാനുള്ള വഴി പത്മനാഭപുരത്തു നിന്നും 2 കിലോമീറ്റൽ സഞ്ചരിച്ചാൽ മേലാങ്കോട് ക്ഷേത്രത്തിലെത്തിച്ചേരാം.
9. തിരുവിടൈക്കോട് ശിവക്ഷേത്രം
ശിവാലയ ഓട്ടത്തിലെ ഒൻപതാമത്തെ ക്ഷേത്രമാണ് തിരുവിടൈക്കോട് ക്ഷേത്രം. ‘വിടൈ’ എന്ന പേരിന്റെ അർത്ഥം ‘കാള’ എന്നാണ്. ഈ ക്ഷേത്രത്തിൽ ഉണ്ടായിരുന്ന കാള അഥവാ നന്ദി വിഗ്രഹത്തിനു ജീവൻ വെയ്ക്കുകയും ഈ അത്ഭുത കൃത്യത്തിൽ നിന്നുമാണ് ക്ഷേത്രത്തിനു തിരുവിടൈക്കോട് എന്ന പേരു വരാൻ കാരണമെന്നും ഒരു വിശ്വാസമുണ്ട്. 18 സിദ്ധന്മാരിൽ ഒരാളായ എടൈക്കാടർ സ്വർഗ്ഗം പൂകിയത് ഈ ക്ഷേത്രത്തിൽ നിന്നായിരുന്നുവെന്നും അങ്ങനെയാണു ഈ ക്ഷേത്രത്തിനു തിരുവിടൈക്കോട് എന്ന പേരു വരാൻ കാരണമെന്നും മറ്റൊരു വിശ്വാസം. ചടയപ്പൻ അഥവാ ജടയപ്പൻ ആണു തിരുവിടൈക്കോട്ടെ പ്രതിഷ്ഠ.എത്തിച്ചേരാനുള്ള വഴി മേലാങ്കോട്ടു നിന്നും 5 കിലോമീറ്റർ സഞ്ചരിച്ചാൽ തിരുവിടൈക്കോട് ക്ഷേത്രത്തിലെത്താം. നാഷണൽ ഹൈവെയിൽ വില്ലുക്കുറിക്കു സമീപമാണു ക്ഷേത്രം.
10. തിരുവിതാംകോട് ശിവക്ഷേത്രം
തിരുവിടൈക്കൊടിൽ ദർശനം കഴിഞ്ഞെത്തുന്ന ഭക്തരെ വരവേല്ക്കുന്ന പത്താമത്തെ ക്ഷേത്രമാണു തിരുവിതാംകോട് ശിവക്ഷേത്രം. തെക്കു വടക്കായി ഹരിയും ഹരനും ദർശനം നല്കുന്ന ദേവാലയമാണു തിരുവിതാംകോട്. ശിവപ്രതിഷ്ഠയുടെ ഇടതു വശത്തായി മഹാവിഷ്ണു കുടികൊള്ളുന്നു. ആയ്, വേല് രാജവംശങ്ങളുമായി ബന്ധമുള്ള പ്രാചീന ക്ഷേത്രമാണു തിരുവിതാംകോട്. മൂന്നു ഏക്കറോളം വരുന്നതാണു ക്ഷേത്രസ്ഥലം.എത്തിച്ചേരാനുള്ള വഴി തിരുവിടൈക്കോടു നിന്നു തക്കല – കേരളപുരം വഴി തിരുവിതാംകോട് ക്ഷേത്രത്തിലെത്താം. 9 കിലോമീറ്റർ ദൂരം.
11. തൃപ്പന്നിക്കോട് ശിവക്ഷേത്രം
ശിവാലയ ഓട്ടത്തിലെ പതിനൊന്നാമത് ശിവക്ഷേത്രമാണു തൃപ്പന്നിക്കോട്. മഹാവിഷ്ണുവിന്റെ വരാഹാവതാരവുമായി ബന്ധപ്പെട്ടതാണു ഈ ക്ഷേത്രത്തിന്റെ ഐതിഹ്യം. വരാഹത്തിന്റെ തേറ്റ (കൊമ്പ്) മുറിച്ച രൂപത്തിലാണു ഇവിടുത്തെ പ്രതിഷ്ഠ. കേരള ക്ഷേത്ര ശില്പ മാതൃകയിലുള്ള ദ്വിതല ശ്രീകോവിലാണു ഇവിടെ.എത്തിച്ചേരാനുള്ള വഴി തിരുവിതാംകോട് നിന്നു കുഴിക്കോട് – പള്ളിയാടി വഴി ക്ഷേത്രത്തിലെത്താം. ഏതാണ്ട് 8 കിലോമീറ്റർ.
12. തിരുനട്ടാലം ശിവക്ഷേത്രം
ശിവാലയ ഓട്ടത്തിലെ പന്ത്രണ്ടാമത്തേതും അവസാനത്തേതുമായ ക്ഷേത്രമാണു തിരുനട്ടാലം ശിവക്ഷേത്രം. 12 ശിവാലയങ്ങളിൽ ശങ്കരനാരായണ പ്രതിഷ്ഠയുള്ള ക്ഷേത്രവും ഇതാണു. ശൈവ – വൈഷ്ണവ സമന്വയത്തിന്റെ പ്രതീകമാവാം ഇവിടുത്തെ ശങ്കരനാരായണ പ്രതിഷ്ഠ എന്നു വിശ്വസിക്കുന്നു. ശിവ പ്രതിഷ്ഠയും ശങ്കരനാരായണ പ്രതിഷ്ഠയുമുള്ള രണ്ട് ക്ഷേത്രങ്ങൾ ഇവിടെയുണ്ട്. രണ്ടു ക്ഷേത്രങ്ങൾക്കിടയിലായി ഒരു കുളവും കാണാം.