നഷ്ടപ്പെടുന്ന
കാഴ്ചത്തുരുത്തിൽ
ഒരു വേനൽ
വെയിൽ കൊള്ളുന്നു.
ഉഷ്ണമാപിനികൾ
തരംഗങ്ങളെ
കാതോർക്കുന്നു.
ഊതിക്കാച്ചിയ
പ്ലാവിലക്കൂട്ടം
നീരുവറ്റി
നിറം ചോർന്നിട്ടും,
കണ്ണീരുണക്കി
കളിക്കൊരുങ്ങി
നിൽപ്പാണ്…
തൊപ്പിയും, വണ്ടിയും,
കോട്ടിയ കുമ്പിളും,
നീർച്ചാലുണർത്തും
കേവു വഞ്ചിയും
മെയ്യിലുണരാൻ,
കുഞ്ഞുവിരലിന്റെ
വേനലവധി
കാത്തുകാത്ത്….
വരളുന്ന തൊണ്ടയും ,
ഇരുളുന്ന മേനിയും,
ഇടവമഴക്കാടു
തീണ്ടാതെ,
നനവു ചോർന്നു
വെടിച്ച മണ്ണിൽ
കാതു ചേർത്ത്…
കലപിലയാൽ
ഓതിയോതി :
“ഊതി നിറയ്ക്കുക
ഊഷരമെങ്കിലും
ഒരു ശ്വാസം,
എന്നിലും
ഉരയട്ടെ ചന്ദനം,
കുളിരു പിറക്കട്ടെ….”