ഉപനിഷത്തുക്കൾ ഭാരതീയ ചിന്താഖനികളാണ്. അവ കർമ-ജ്ഞാന മാർഗങ്ങളെ വിശദമായി പ്രതിപാദിക്കുന്നു. ശീർഷകത്തിലെ വിദ്യയാമൃതമശ്നുതേ എന്ന വാക്യം ഔപനിഷകമാണ്. ഈശാവാസ്യത്തിലെ. ഏറ്റവും ചെറിയ ഉപനിഷത്തുക്കളിലൊന്നാണ് ഈശാവാസ്യം. 18 മന്ത്രങ്ങൾ.
വിദ്യാംച അവിദ്യാം ച
യസ്തദ്വേദാ ഭയം സഹ
അവിദ്യയാ മൃത്യും തീർത്ത്വാ
വിദ്യയാമൃതമശ് നുതേ
— എന്ന മന്ത്രമാണ് ശീർഷകത്തിന് ആധാരം. അവിദ്യയാകുന്ന കർമതത്വവും വിദ്യയാകുന്ന ജ്ഞാന തത്വവും ഒന്നിച്ചു ഗ്രഹിച്ചു മൃത്യുവിനെ ത്യജിച്ചു മനുഷ്യൻ ജ്ഞാന മാർഗനിഷ്ടയാൽ കർമാനുഷ്ഠാനങ്ങളിലൂടെ അമൃതത്വം അനുഭവിക്കുന്നു. എന്നാണതിന്റെ സാരം.
സുഖമാണാർക്കും ആഗ്രഹം. ഏതു മേഖലയിലെ വ്യക്തിയും ആഗ്രഹിക്കുന്നത് അതാണ്. മനുഷ്യൻ മാത്രമല്ല സർവജീവജാലങ്ങളും, ഒരുവിധത്തിലല്ലെങ്കിൽ മറ്റൊരു വിധത്തിൽ സുഖം തേടുകയാണ്. അതിനായി അലഞ്ഞും വലഞ്ഞും ആയുസ്സുപോക്കുന്നു. എന്നിട്ടോ ആർക്കെങ്കിലും സുഖം കിട്ടുന്നുണ്ടോ ഒന്നു കിട്ടുമ്പോൾ മറ്റൊന്നിനു പിന്നാലെ. ഒരിക്കലും അറ്റം കാണാത്ത ആശാപാശത്തിൽ പിടിച്ചു കയറുന്നു.
ജീവിതം ഇപ്രകാരം ഹോമിച്ചു നെട്ടോട്ടമോടുന്നവരേ, ഒന്നു നിൽക്കിൻ, ഈ ഋഷി വചനങ്ങൾ കേൾക്കുവിൻ. അവ ശാന്തിദങ്ങളാണ്. അവയിൽ ദൃഡതയുണ്ട്, കുഴിർമയുണ്ട്. അതിനാൽ കർണപുടങ്ങൾ ഇങ്ങോട്ടു തിരിക്കിൻ.
കയ്യുയർത്തിപ്പിടിച്ച് എത്ര കെഞ്ചിയിട്ടും മനുഷ്യർ തന്റെ വാക്കുകൾ ശ്രദ്ധിക്കുന്നില്ലെന്നു പണ്ട് ഒരു കവി പരിഭവിച്ചല്ലോ. അതുതന്നെ ശരി. അന്നേ അതാണവസ്ഥ. ഇന്നത്തേതു പറയാനുമില്ല. ഗുരുലഘുത്വം മറന്നു പാരസ്പര്യം മറന്ന് സാർഥനായി മനുഷ്യൻ ഒറ്റയാകുന്നു. അവനു കക്ഷിയും മതവുമൊക്കെ ഉദരപൂരണം മാത്രം. ഒന്നും ഉദാരമാകുന്നില്ല.ആർക്കുംആരോടും കടപ്പാടില്ലാത്ത ലോകം.
അടുത്ത ചുവട് അഗാധ ഗർത്തമാണെന്നറിയാതെ മനുഷ്യൻ കൊടുമുടിയിൽ കയറി നിൽക്കുകയാണ്. ചെങ്കുത്തായ ഇറക്കം കാണാതെ അവൻ അതിവേഗം മുന്നോട്ടു നീങ്ങുന്നു. ഒന്നു തിരിഞ്ഞു നോക്കൂഎന്നു പറയാനും ആശ്വസിപ്പിക്കാനും ഉപനിഷത്തുക്കൾമാത്രം.
കർമമെന്തെന്നും ജന്മമെന്തെന്നും അവ നമ്മെ ഉപദേശിക്കുന്നു. അമൃതമശിച്ച സുഖമാണു വേണ്ടതെങ്കിൽ വിദ്യ സ്വീകരിക്കുവിനെന്ന് ഈശോവാസ്യ ഉപനിഷത്ത് പറയുന്നു. എത്രയെത്ര ധർമ പദ്ധതികളാണ് ഉപനിഷത്തുക്കൾ ഉൾക്കൊള്ളുന്നത്. മനുഷ്യൻ എങ്ങനെ ജീവിക്കണമെന്ന്, അവശ്യാനുഷ്ഠാനങ്ങൾ ഏതെന്ന്, ആരെ മാനിക്കണമെന്ന്, അവ സംശയമില്ലാതെ പറയുന്നു. ഗുരു ശിഷ്യനെ അരുകിലണച്ചു നിർത്തി പറഞ്ഞു സത്യം പറയുക, ധർമം ചെയ്യുക, സ്വാദ്ധ്യാത്തിൽനിന്നു തെറ്റരുത്, ആചാര്യന് ഇഷ്ടമായ ധനം (ദക്ഷിണ) കൊടുക്കുക, എന്നിട്ടു പ്രജയെ (സന്തതിയെ) പോഷിപ്പിക്കുക, സത്യത്തില്‍നിന്ന് ഒരിക്കലും വ്യതിചലിക്കരുത്. ധർമത്തിൽനിന്നും കുശലത്തിൽനിന്നും ഒരിക്കലും മാറരുത്. ഐശ്വര്യത്തിനായി തെറ്റു ചെയ്യരുത്. മാതാവിനെ ദേവതയായി കണക്കാക്കണം. പിതാവിനെ ദേവനായി, ആചാര്യനെയും അതിഥിയെയും ദേവനായി ഉപാസിക്കണം, ഇത്തരം ശ്രേഷ്ഠ കർമങ്ങളേ ചെയ്യാവൂ. മറ്റുള്ളവ അരുത്. കണ്ണു തുറക്കാമെങ്കിൽ, ചെവി തിരിക്കാമെങ്കിൽ മറ്റെന്തു വേണം മനുഷ്യന് അറിവു നേടി അമൃതത്വം പ്രാപിക്കാൻ… വിദ്യയാമൃതമശ് നുതേ..