വിചിത്രമായ ഒരു രാത്രി

ഷംസാൽ ജയന്ത് ഈസി ചെയറിൽ ചാഞ്ഞിരുന്ന് ആശ്വാസത്തിന്റെ ദീർഘനിശ്വാസം എടുത്തു.
ഈ വനത്തിനുള്ളിലെ ബംഗ്ലാവ് തന്നെ തിരഞ്ഞെടുത്തതിൽ ഷംസാലിനു വലിയ ആശ്വാസം തോന്നി. ഇത്രയും ശാന്തവും സ്വസ്ഥവും ആയ സ്ഥലം വേറെ ലഭിക്കുമെന്ന് തോന്നുന്നില്ല. താനിരിക്കുന്ന മുറിയാകട്ടെ വളരെ വിസ്താരമുള്ളതും ബ്രിട്ടീഷ്‌ രാജിനെ ഓർമ്മിപ്പിക്കുന്ന അലങ്കാര ഫർണീച്ചറുകളോടു കൂടിയതും. മുറിയോടു തൊട്ട ബാത്രൂം പോലും എത്ര വിസ്താരമേറിയതാണ്. പുറത്തു നിന്നുള്ള ഇടവിടാതുള്ള കാറ്റും ചീവീടുകളുടെ നനുത്ത സംഗീതവും (ഷംസാലിനു അത് സംഗീതം തന്നെയാണ്), എല്ലാം പഴയ ആഡംബര ജീവിതം അനുസ്മരിപ്പിക്കുന്നു. ബംഗ്ലാവിൽ ഇലക്ട്രിസിറ്റി ഇല്ല. കൽക്കത്തയിലെ ലോഡ് ഷെഡ്ഡിങ് പരിചയമുള്ളത് കൊണ്ട് ഇതിൽ വലിയ കഥയില്ല. മണ്ണെണ്ണ വിളക്കുകൾക്കു വൈദ്യുതി വിളക്കുകളെക്കാൽ പ്രകാശമുണ്ടെന്നു തോന്നാറുണ്ട്. പരന്ന, ഗ്ലാസ് മുകളിൽ മാത്രമുള്ള വിളക്കുകൾ പ്രകാശം ഒട്ടും പിശുക്കില്ലാതെ മുറിയിൽ നിറയ്ക്കുന്നു. കുറെ ഡിറ്റക്റ്റിവ്  നോവലുകളും കൈയ്യിലുണ്ട്‌.
ചൗക്കീദാരല്ലാതെ മറ്റാരുമില്ല, ഈ ബംഗ്ലാവിൽ. അതും അനുഗ്രഹം തന്നെ. മറ്റാരുമായും അനാവശ്യമായി സംസാരിച്ച്  സമയം കളയേണ്ടതില്ലല്ലോ. പത്തു ദിവസം മുമ്പാണ് കൽക്കട്ടയിലെ ടുറിസം ഓഫീസിൽ ചെന്ന് ബംഗ്ലാവ് ബുക്ക്‌ ചെയ്തത്. നാല് ദിവസം മുമ്പ് റിസർവേഷൻ ഉറപ്പിച്ചു അറിയിപ്പ് കിട്ടി. ഉടനെ 550 കിലോമീറ്റർ ഡ്രൈവ് ചെയ്ത് സ്വന്തം കാറിൽ തന്നെ വന്നു.
കൃത്യം ഒമ്പതരക്ക് തന്നെ ചൌക്കിദാർ അത്താഴം വിളമ്പി. ചപ്പാത്തി, പരിപ്പ്കറി, ചിക്കൻ കറി, കുറച്ചു പച്ചക്കറികൾ അരിഞ്ഞതും. ഡൈനിങ്ങ്‌ റൂം ബ്രിട്ടീഷ്‌കാരുടെ ചിട്ട ഓർമ്മിപ്പിക്കുന്നു. ഊൺമേശയും കസേരകളും ഫാൻസി ചുമരലമാരകളും പഴയ ചൈനപാത്രങ്ങളും.
‘ഇവിടെ കൊതുകുണ്ടോ?’
കൽക്കത്തയിൽ താൻ താമസിക്കുന്ന സ്ഥലത്ത് കൊതുകുകൾ തീരെയില്ല. കഴിഞ്ഞ പത്തു വർഷത്തിലേറെ ആയി കൊതുകുവലകൾ ഉപയോഗിക്കാറില്ല. അതും ഒരു ഭാഗ്യം തന്നെ. ഇവിടെയും അങ്ങിനെയാണെങ്കിൽ അതൊരു അനുഗ്രഹമാവും. തണുപ്പ് കാലത്ത് കൊതുകുകൾ ഉണ്ടാവാറുണ്ടെങ്കിലും ഇപ്പോൾ ഏപ്രിൽ മാസമായത് കൊണ്ട് അതൊരു പ്രശ്നമല്ലെന്ന് ചൗക്കീദാർ പറഞ്ഞു. ‘രാത്രിയിൽ വാതിലുകൾ അടച്ചിട്ടു വേണം കിടക്കാൻ’ – അയാൾ പറഞ്ഞതും ശരി തന്നെ. വനത്തിനു നടുക്കുള്ള ബംഗ്ലാവല്ലേ. കുറുക്കനോ മറ്റു മൃഗങ്ങളോ മുറിക്കുള്ളിൽ കിടന്നാൽ പിന്നെ കുഴഞ്ഞതു തന്നെ. ഷംസാൽ രാത്രി ഭക്ഷണം കഴിഞ്ഞു തന്റെ നീണ്ട ടോർച്ചെടുത്ത്‌ കാട്ടിനുള്ളിലേക്ക്‌ വെളിച്ചം വീശി. ഡൈനിങ്ങ്‌ റൂമിന് പുറത്തു വലിയ വരാന്തയിൽ അങ്ങുമിങ്ങും നടന്ന്  ഷംസാൽ കാട്ടിൽ നിന്നും വരുന്ന ശബ്ദങ്ങൾക്ക്‌ കാതോർത്തു. ചീവീടുകളുടെ സംഗീതം മാത്രം. ‘ഈ ബംഗ്ലാവിൽ പ്രേതങ്ങൾ ഉണ്ടാവില്ലെന്ന് കരുതുന്നു’, ഡൈനിങ്ങ്‌ റൂമിലേക്ക്‌ തിരിഞ്ഞു ഷംസാൽ ചോദിച്ചു. ചൗകീദാർ മേശ വൃത്തിയാക്കുന്ന തിരക്കിലായിരുന്നു. അടുക്കളയിലേക്കു കിടക്കുന്നതിനു മുമ്പ് തിരിഞ്ഞു നിന്ന് സാകൂതം അയാള് പറഞ്ഞു, ’35 വര്ഷമായി ഞാനിവിടെ ചൗകീദാരാണ്. ധാരാളം പേർ വന്നും പോയും ഇരിക്കുന്നു. ആരെങ്കിലും ഒരു പ്രേതത്തെ കണ്ടതായോ കേട്ടതായോ ഇന്നുവരെ പറഞ്ഞിട്ടില്ല.’ ഷംസാലിനു ആശ്വാസമായി.
ഡൈനിങ്ങ്‌ റൂമിന് തെക്ക് വശത്തെ മുറിയിലാണ് ഷംസാൽ. അതിന്റെ വാതില അടക്കാൻ ഷംസാൽ മറന്നിരുന്നു. അത്താഴം കഴിഞ്ഞു മുറിയില വന്നപ്പോൾ പെട്ടെന്ന് ശ്രദ്ധിച്ചത് ആ പട്ടിയെയാണ്. തവിട്ടു നിറമുള്ള വൃത്തങ്ങൾ എടുത്തു കാണിക്കുന്ന വെളുത്ത പട്ടി. കുറെ ശബ്ദമുയർത്തിയെങ്കിലും പട്ടി കേട്ട ഭാവം കാണിക്കുന്നില്ല. കുറച്ചു കൂടി അടുത്ത് ചെന്ന് വീണ്ടും ഉറക്കെ ശബ്ദിച്ചപ്പോൾ പട്ടി അതിന്റെ പല്ലുകൾ ഇളിച്ചു കാണിച്ചു. ഒന്ന് ഭയന്നു. പണ്ട് അയൽപക്കത്തെ പയ്യന് ‘ഹൈഡ്രോഫോബിയ’ വന്നു മരിക്കുന്നത് കണ്മുന്നിൽ കണ്ടതാണ്. ഹോ!! അതൊരു വല്ലാത്ത അനുഭവം തന്നെ.
‘ചൗകീദാർ’ ഷംസാൽ നീട്ടി വിളിച്ചു.
ടവൽ തുടച്ചു കൊണ്ട് ചൗകീദാർ ഓടി വന്നു. മുറിക്കു പുറത്തു വന്നു ഷംസാൽ പറഞ്ഞു: ‘എൻറെ  മുറിയിൽ  ഒരു പട്ടി.’
‘പട്ടിയോ?’
‘എന്താ ഇവിടെ പട്ടികളില്ലെ ?പിന്നെ ഈ പട്ടിയെങ്ങിനെ മുറിയിൽ വന്നു? വരു.. ഞാൻ കാണിച്ചു തരാം!’ അകത്തു കിടന്നു അവിടെയൊക്കെ പരതിയെങ്കിലും പട്ടിയെ കാണ്മാനില്ല. ഈ ചെറിയ സമയം കൊണ്ട് അവൻ രക്ഷപ്പെട്ടിരിക്കാം. ചൗകീദാർ കട്ടിലിനടിയിലും കുളിമുറിയിലും വിസ്തരിച്ചു നോക്കി വിധിയെഴുതി.
‘ഇവിടെയെങ്ങും ഒരു പറ്റിയുമില്ല ബാബു’.
‘ഒരുപക്ഷെ ഇപ്പോൾ. കുറച്ചു മുമ്പേ ഞാൻ കണ്ടതല്ലേ അതിനെ.’
ചൗകീദാർ പോയതും അല്പം വിഷണ്ണനായി ഷംസാൽ ഒരു സിഗരെറ്റിന് തീ കൊളുത്തി, ചാരുകസേരയിലിരുന്നു. സിഗരറ്റ് പകുതിയോളം വലിച്ചു കഴിഞ്ഞപ്പോൾ ഷംസാൽ വീണ്ടും ശ്രദ്ധിച്ചു. അതേ സ്ഥലത്ത് മുറിയുടെ അതേ മൂലയിൽ  പട്ടി നിൽക്കുന്നു. ഒന്നുകിൽ അത് പോയില്ല. അല്ലെങ്കിൽ ഒന്ന് പുറത്തു പോയി വീണ്ടും വന്നതാണ്. ഛെ, എന്തൊരു ശല്യമാണ്! തന്റെ പുതിയ ബാറ്റാ ചെരുപ്പുകൾ പുറത്തു സൂക്ഷിച്ചത് വരെ ഇവറ്റ നശിപ്പിക്കും. പതുക്കെ ചെരുപ്പുകൾ മേശപ്പുറത്തു വെച്ച് മനസ്സിൽ പറഞ്ഞു. കുറച്ചു കൂടി കഴിയട്ടെ, പട്ടിയെ പുറത്താക്കാൻ ഒരു വടിയെടുക്കാം. വായിച്ചിരുന്ന പുസ്തകത്തിൽ വീണ്ടും അടയാളം വെച്ച് പതുക്കെ എഴുനേൽക്കാൻ നോക്കുമ്പോൾ പട്ടി നിൽക്കുന്ന മൂലയ്ക്ക് എതിർവശമായി മറ്റൊരു സാധനം കൂടി! അതൊരു പൂച്ചയാണ്! ഒരു പുലിയെ ഓര്മ്മിപ്പിക്കുന്ന സ്വർണ്ണനിറം. നിറയെ കറുത്ത വരകൾ. അതിൻറെ കണ്ണുകള, മഞ്ഞ നിറമുള്ളവ, എന്തോ ഓര്മ്മിപ്പിക്കുന്നു.
അയൽക്കാരൻ കുണ്ടുവിന്റെ കുടുംബത്തിലെ 7 പൂച്ചകൾ. അതിലൊരെണ്ണം ഇതുപോലെയായിരുന്നു. ഏതാണ്ട് ആറു മാസം മുമ്പാണ്. തന്റെ ബിസിനസ്‌ സുഹൃത്ത് ആഥീർ തന്നോട് കലഹിച്ചതും പോലീസെ കേസ് കൊടുക്കും എന്ന് പറഞ്ഞു ഭീഷിണിപ്പെടുത്തിയതും അതേ ദിവസം തന്നെയാണ്, രാത്രി മുഴുവൻ പൂച്ച വികൃത സ്വരമുണ്ടാക്കി ശല്യപ്പെടുത്തിയതും. ക്ഷമയുടെ അതിർവരമ്പുകൾ കടന്നപ്പോൾ കൈയ്യിൽ കിട്ടിയ പേപ്പർ വെയിറ്റ് എടുത്ത് ജനലിലൂടെ ശബ്ദം വരുന്ന ദിക്കിലേക്കെറിഞ്ഞു. ശബ്ദം പെട്ടെന്ന് നിലച്ചു. പിറ്റേ ദിവസം കുണ്ടുവിന്റെ വീട്ടുകാർ അലമുറയിടുന്നത് കേട്ടാണ് ഉണർന്നത്. ആരോ അവരുടെ പൂച്ചയെ കൊന്നിരിക്കുന്നു. ഒരു കൊലപാതകത്തിന്റെ എല്ലാ ഭീകരതയും ഈ പൂച്ച മരണത്തിനു ആരോപിക്കപ്പെട്ടിരിക്കുന്നു. അങ്ങിനെയെങ്കിൽ എത്രയെത്ര കൊലപാതകങ്ങൾ-ഷംസാലിനു കോളേജിലെ സംഭവം ഓർമ്മ വന്നു. വര്ഷങ്ങള്ക്ക് മുമ്പ് കോളേജിൽ പഠിക്കുമ്പോൾ ഒരു ദിവസം ഉറുമ്പുകളുടെ ഒരു ഘോഷയാത്ര തന്നെ ഹോസ്റ്റൽ മുറിയുടെ ചുവരിലൂടെ നീണ്ടു പോകുന്നു. പതുക്കെ ഒരു പത്രം ചുരുട്ടിയെടുത്ത്‌ അതിന്റെ ഒരറ്റത്ത് തീ കൊളുത്തി. ഉറുമ്പുകളുടെ നീണ്ട നിര തന്നെ നിമിഷം കൊണ്ട് ചാമ്പലായി. അങ്ങിനെയാണെങ്കിൽ അതും ഒരു കൊലപാതകമല്ലേ?
സമയം നോക്കി-10 മണിയാവാൻ ഇനി 10 മിനിറ്റു കൂടി. കഴിഞ്ഞ പര് മാസമായി തലയ്ക്കകത്ത് ഒരു പെരുക്കം പോലെയായിരുന്നു. ആവശ്യത്തിലധികം ഉഷ്ണം തോന്നിയിരുന്നു. രണ്ടു നെരമെന്നതു മൂന്നു നേരം കുളിയാക്കി. ഇപ്പോൾ ആശ്വാസം തോന്നുന്നു. പതുക്കെ പുസ്തകം തുറന്നു വായിക്കാൻ തുടങ്ങുമ്പോൾ വീണ്ടും മുന്നിൽ പൂച്ച. ഒരു കാര്യം വ്യക്തമായി കഴിഞ്ഞു-ഇനി വായനയൊന്നും നടക്കാൻ പോകുന്നില്ല. മുറിയിലുള്ള രണ്ടു അതിഥികളും മനുഷ്യരല്ലെന്ന സമാധാനമുണ്ട്. അവരൊന്നും അനിഷ്ടമായി ചെയ്തില്ലെങ്കിൽ പിന്നെ എന്തിനു താൻ ഉറങ്ങാതിരിക്കണം? ഉറക്കം വളരെ പ്രാധാന്യമുള്ള കാര്യമാണ് ഷംസാലിനു. കുറച്ചു ദിവസങ്ങളായി ശെരിക്കും ഉറങ്ങാൻ കഴിഞ്ഞിരുന്നില്ല. ഉറക്കഗുളിക കഴിച്ചു ഉറക്കം വരുത്തുന്നതിനോട് ഷംസാലിനു യോജിപ്പില്ല.
പതുക്കെ വിളക്കെടുത്ത് തിരി താഴ്ത്തി മേശക്കു മുകളിൽ വെച്ചു. ഷർട്ട്‌ അഴിച്ചു തൊട്ടടുത്ത അയയിൽ കൊളുത്തി. ഫ്ലാസ്കിൽ നിന്ന് കുറച്ചു വെള്ളം കുടിച്ചു പുസ്തകം മാറോടടുക്കി ഷംസാൽ നീണ്ടു നിവര്ന്നു കിടന്നു. കാലിനു താഴെ പട്ടി സ്ഥാനം പിടിച്ചു കഴിഞ്ഞിരുന്നു.
പട്ടിയുടെ കൊലപാതകം!
ഷംസാലിന്റെ ഹൃദയമിടിപ്പ്‌ കൂടി തുടങ്ങി. ശരിയാണ് അത്. ഒരു കൊലപാതകം തന്നെ ആയിരുന്നു. 1973 ലാണ്. പുതിയ കാർ വാങ്ങിച്ച അതെ കൊല്ലം തന്നെ. ഒരു ഡ്രൈവർ എന്ന നിലയ്ക്ക് അന്തം വിട്ട ഡ്രൈവിംഗ് തന്നെയായിരുന്നു തന്റേതു. കലക്കത്ത സിറ്റിയിൽ കിട്ടാത്ത സ്പീഡ്. സിറ്റിക്ക് പുറത്തു കടന്നാൽ ഇരട്ടിയാണ്. ഒരു 70-80 കി.മി സ്പീഡ് ഇല്ലെങ്കിൽ ഷംസാലിനു തൃപ്തിയില്ല. അങ്ങിനെയൊരിക്കൽ നാഷണൽ ഹൈവേയിൽ വെച്ച്  ഒരു പട്ടി കുറുകെ ചാടുന്നു.
നടുറോഡിൽ ചോരയിൽ കുളിച്ചു കിടക്കുന്ന പട്ടിയ്ക്കും അതെ നിറമായിരുന്നു. വെളുപ്പിൽ തവിട്ടു നിറമുള്ള വൃത്തങ്ങൾ എടുത്തു കാണിക്കുന്ന പട്ടി. ആദ്യം മനസ്സാക്ഷി പറഞ്ഞു, ഒന്ന് ബ്രേക്കിടാൻ. പക്ഷെ പിന്നീട് ആ മനസ്സ് തന്നെ പറഞ്ഞു. അതൊരു തെരിവു പട്ടിയല്ലേ?അതിനു എത്ര തന്നെ ആയുസ്സ് കിട്ടാൻ! അന്ന് മനസ്സിൽ ഒരു പോറലും ആ സംഭവം ഉണ്ടാക്കിയില്ല. പക്ഷെ ഇപ്പോൾ തന്റെ മനസ്സിലെ സമാധാനം മുഴുവനും നഷ്ടപ്പെട്ടിരിക്കുന്നു. ഈ ജന്തുമൃഗങ്ങളൊക്കെ കൂടി ഇന്ന് പ്രതികാരവുമായി ഇറങ്ങി പുറപ്പെട്ടിരിക്കുകയാണോ?അന്ന് എയർ ഗൺ വെച്ച് കൊന്ന കറുത്ത പക്ഷിയും അമ്മാമന്റെ വീട്ടു മുറ്റത്ത്‌ അവരുടെ പെണ്മക്കൾ കാൺകെ കൊന്ന മൂർഖൻ പാമ്പും – എല്ലാം ശംസാലിന്റെ മനസ്സിലൂടെ പെട്ടെന്ന് കടന്നു പോയി.
പെട്ടെന്ന് മുറിയ്ക്കകത്ത് അത്താഴമേശക്കു ചുറ്റും മുകളിലേക്ക് എത്തി കയറാനായി ആഞ്ഞു ശ്രമിക്കുന്ന മൂർഖൻ പാമ്പ്. ഏപ്രിൽ മാസത്തില സാധാരണ പാമ്പുകളെ പുറത്തു കാണാറില്ല. പക്ഷെ ഇത് അന്ന് അടുത്തുള്ള അമ്മാമന്റെ വീട്ടിൽ കണ്ട അതേ പാമ്പ് തന്നെ. അമ്മായിയുടെ സങ്കടം അന്ന് കണ്ടതാണ്. എത്രയോ കാലമായി വീട്ടു വളപ്പിൽ ഉണ്ടായിരുന്ന പാമ്പായിരുന്നുവത്രേ. സർപ്പകോപം എന്നൊക്കെ പറഞ്ഞു അമ്മായി എന്തൊക്കെയോ വഴിപാടുകൾ അന്ന് ചെയ്യിക്കുകയുണ്ടായി.
പുറത്തു എല്ലാം ശാന്തമാണ്. ചീവീടുകളുടെ കരച്ചിലും നിലച്ചിരിക്കുന്നു. ഷംസാലിനു ഇതൊരു സ്വപ്നം പോലെ തോന്നി. മുമ്പ് പലപ്പോഴും ഇങ്ങനെ തോന്നിയിട്ടുള്ളതാണ്. പക്ഷെ അപ്പോഴൊക്കെ കുറെ നിമിഷങ്ങൾ മാത്രമേ ഈ സ്വപ്നം നിന്നിരുന്നുള്ളൂ. പക്ഷെ ഇന്ന് കാണുന്നത് സ്വപ്നമല്ല. ഒന്ന് നുള്ളി നോക്കിയപ്പോൾ വേദനിക്കുന്നുണ്ട്‌. എല്ലാം തികച്ചും യാഥാർത്ഥ്യം. എല്ലാം തനിക്കു വേണ്ടി മാത്രം സംഭവിക്കുന്നത്‌. ഒരു മണിക്കൂറോളം ഷംസാൽ അനങ്ങാതെ കിടന്നു. ചുറ്റുഭാഗത്തും കൊതുകുകളുടെ മൂളൽ മാത്രം. ഇതിനകം തന്നെ എത്ര കൊതുകുകളെ കൊന്നു കഴിഞ്ഞിരിക്കുന്നു. കുറച്ചു സമയം കഴിഞ്ഞപ്പോൾ ഷംസാൽ സമാധാനിച്ചു. വീട്ടിനകത്തെ ജന്തുക്കൾ നിശ്ശബ്ദമായി, ഈ അന്തരീക്ഷവുമായി പോരുത്തപെട്ടു കഴിഞ്ഞിരിക്കുന്നു. പതുക്കെ കിടന്നു കൊണ്ട് തന്നെ മണ്ണെണ്ണ വിളക്കു തിരി താഴ്ത്താൻ നോക്കുമ്പോൾ അതാ വരാന്തയിൽ നിന്നും ബൂട്ടിന്റെ ഉറച്ച ശബ്ദം. ഇത്തവണ അതൊരു മനുഷ്യന്റെ കാൽപാദങ്ങൾ തന്നെയാണ്. പട്ടിയും പൂച്ചയും പാമ്പും നേർക്കുനേർ നോക്കി നില്ക്കുകയാണ്.
ഇപ്പോൾ ഒരു മനുഷ്യന്റെ ഉറച്ച കാലടികളുടെ ശബ്ദം ഒന്നുകൂടി ഉയർന്നു. പണ്ട് കൊന്നു കളഞ്ഞ കറുത്ത പക്ഷി വലിയൊരു ശബ്ദത്തോടെ മുറിയ്ക്കുള്ളിലേക്കു പറന്നു വന്നു ഊൺ മേശക്കു മുകളിൽ വീണു. കാലടി ശബ്ദം അടുത്തടുത്ത്‌ വന്ന് മുറിയ്ക്ക് പുറത്തു നിശ്ശബ്ദമായി.
ഇപ്പോൾ ആ ശബ്ദം തിരിച്ചറിയുന്നു. അത് അഥീർ ചക്രവർത്തി- തന്റെ ബിസിനസ്‌ പങ്കാളിയുടെ. കുറച്ചു കാലമായി അവർ അകന്നു നിൽക്കുകയാണ്. തമ്മിൽ സംസാരം കൂടിയില്ല. കച്ചവടത്തിലെ കുറുക്കു വഴികളോട് അഥീരിന് താല്പര്യമില്ല. അതയാൾ നേരിട്ട് തന്നെ പറഞ്ഞു. പക്ഷെ കച്ചവടത്തിൽ നേരും നേരികേടുമുണ്ടോ? എല്ലാം ലാഭത്തിൽ അവസാനിക്കുന്നു. പരിക്ക് പറ്റാതെ ലാഭമുണ്ടാക്കാൻ കഴിഞ്ഞാൽ അതുതന്നെയാണ് കച്ചവടം. ഇന്ന് അഥീർ തനിക്കൊരു എതിരാളിയാണ്. അതുകൊണ്ട് തന്നെ അവനെ നശിപ്പിക്കുക തന്നെയേ പോംവഴിയുള്ളൂ.
തലേ ദിവസം രാത്രി അഥീറും ഷംസാലും അഥീരിന്റെ മുറിയിൽ നേരോട് നേര് ഇരിക്കുന്നു. ഷംസാലിന്റെ പോക്കറ്റിൽ ഒരു കൈത്തോക്ക്. ശബ്ദം ഉയർന്നുയർന്ന് ഒരു പ്രത്യേക ഉയരത്തിലെത്തിയപ്പോൾ ഷംസാൽ തോക്കെടുത്ത് ഒന്ന് വലിച്ചു. അപ്രതീക്ഷിതമായി സുഹൃത്തിന്റെ കൈയ്യിൽ നിന്നും വെടിയുണ്ടയുടെ ശബ്ദം അഥീർ പ്രതീക്ഷിച്ചിരിക്കയില്ല. അതാലോചിച്ചപ്പോൾ ഷംസാലിനു ചിരിയടക്കാൻ കഴിഞ്ഞില്ല. ഉടനെ തന്നെ ഷംസാൽ അവിടം വിട്ടു. ബർദാൻ റെയിൽവേ സ്റ്റേഷനിൽ വന്നിരുന്ന്, പുലർച്ചായപ്പൊൾ കാറെടുത്ത് നേരെ ഇങ്ങു പോന്നു.
ആരോ വാതിലിൽ മുട്ടുന്നു. ഒന്ന്, രണ്ട്, മൂന്ന് . ‘വാതിൽ  തുറക്ക് ജയന്ത്. ഇത് ഞാനാണ്, അഥീർ’. അതെ, അത് അഥീർ തന്നെയാണ്. തന്റെ പഴയ കാലത്തെ പ്രിയപ്പെട്ട സുഹൃത്ത്. തലേ ദിവസം വെടിയുണ്ട ഒഴിച്ച ശേഷം അഥീർ മരിച്ചുവോ എന്ന് ഉറപ്പിച്ചിരുന്നില്ല. ഇപ്പോൾ ഈ പട്ടിയും, പൂച്ചയും, പാമ്പും പക്ഷിയുമൊക്കെ അഥീറിനെ പോലെ ഒരിക്കൽ മരിച്ചവർ. വാതിലിൽ വീണ്ടും ആരോ മുട്ടുന്നു. മുട്ടുന്ന ശബ്ദം ഉറക്കെ ഉറക്കെ, തന്നെ മുഴുവൻ വിഴുങ്ങുന്നത് പോലെ.
ഒന്നും കാണാൻ കഴിയുന്നില്ല. പട്ടി തന്റെ നേരെ കുരച്ചു ചാടാൻ തുനിയുന്നു. പൂച്ചയുടെ കണ്ണുകൾ മാത്രം അകലെ, സർപ്പം പതുക്കെ ഇഴഞ്ഞിഴഞ്ഞ്  ഊണ് മേശയുടെ കാലില ചുറ്റി വരിഞ്ഞു തന്റെ നേർക്ക്‌ പടമുയർത്തുന്നു. പക്ഷി താഴെ പറന്നു വന്നു തന്റെ കിടക്കയിലിരിക്കുന്നു. നെഞ്ചിൻകൂട് മുഴുവൻ ചെറിയ ഉറുമ്പുകൾ ആണ്. അവ തന്നെ നശിപ്പിക്കാൻ ആരതി പൂണ്ടു ചുറ്റി വളയുന്നു…..
അവസാനം രണ്ടു പോലീസുകാർക്കും വാതിൽ ചവുട്ടി പൊളിക്കേണ്ടി വന്നു, ബംഗ്ലാവിനകത്തു കിടക്കാൻ. അഥീർ ബാബു കൽക്കത്തയിൽ നിന്നും കൊണ്ട് വന്നവരാണ് പോലീസുകാർ. ഷംസാലിന്റെ കടലാസ്സു കൂമ്പാരങ്ങളിൽ നിന്നും കണ്ടെടുത്ത ടൂറിസം വകുപ്പിൽ നിന്നും അയച്ച കത്താണ് ഈ ബംഗ്ലാവ് ലക്ഷ്യമാക്കാൻ അഥീറിനെ സഹായിച്ചത്. ഷംസാൽ മരിച്ചു കിടക്കുന്നത് കണ്ടപ്പോൾ ഇൻസ്പെക്ടർ സാമന്ത് അഥീറിനോട് ചോദിച്ചു- ‘താങ്കളുടെ കൂട്ടുകാരാൻ വളരേ ദുർബ്ബലമായ ഹൃദയത്തിനുടമയാണല്ലോ?
‘എനിക്ക് അയാളുടെ ഹൃദയത്തെ കുറിച്ച് ഒന്നും അറിയില്ല. പക്ഷെ ഒന്നറിയാം. ഈയിടെയായി അയാൾ സമനിലയിലായിരുന്നില്ല.അല്ലെങ്കിൽ ബിസിനസ്‌ പണമെടുത്തു ഇങ്ങനെ ധൂര്ത്തടിക്കുമോ? അയാളുടെ കൈയ്യിൽ റിവോൾവർ കണ്ടപ്പോൾ എനിക്ക് ശരിക്കും ഉറപ്പായി, ഷംസാലിനു മാനസികനില തെറ്റിയിരിക്കുന്നു. അയാള് തോക്ക് പുറത്തെടുത്തപ്പോൾ എനിക്കെന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല. വെടിയുതിർത്തു മിനിട്ടുകൾക്കകം അയാൾ രക്ഷപ്പെട്ടു കഴിഞ്ഞപ്പോഴാണ് എനിക്ക് ബോധം വീണത്‌. അപ്പോൾ തന്നെ ഞാൻ നിശ്ചയിക്കുകയായിരുന്നു- ഈ ഭ്രാന്തനെ പിടിച്ചു പോലീസിൽ ഏൽപ്പിച്ചിട്ട് തന്നെ കാര്യം. ഇന്ന് ഞാൻ ജീവിച്ചിരിക്കുന്നുണ്ടെങ്കിൽ അത് വെറും നിമിത്തം കൊണ്ട് മാത്രം.’
‘പക്ഷെ അയാൾക്കെങ്ങിനെ തെറ്റി? വളരേ അടുത്ത് വെച്ചായിരുന്നല്ലോ വെടിവെച്ചത്?’ ഇൻസ്പെക്ടർ സാമന്തിനു സംശയം തീർന്നില്ല.
ചിരിച്ചു കൊണ്ട് അഥീർ പറഞ്ഞു-
‘ഊഴമെത്തിയാൽ അല്ലെ ഒരാൾക്ക് മരണം സംഭവിക്കൂ! ആ വെടിയുണ്ട എന്റെ ദേഹത്ത് പതിച്ചില്ല. അത് സോഫയുടെ ഒരു മൂലയിലൂടെ കടന്നു പോയി, കൂരിരുട്ടിൽ അല്ലെങ്കിലും, ആർക്കെങ്കിലും വെടി വെക്കാനാവുമോ? നോക്കു ഞങ്ങളുടെ കോളനിയിൽ അപ്പോഴാണ്‌ ലോഡ് ഷെടടിംഗ്. ഷംസാൽ പിസ്റ്റൽ എടുത്തതും വൈദ്യുതി നിലച്ചതും ഒരുമിച്ചായിരുന്നു.’

About Nandakumar B

കല്ലടിക്കോട് ബാലകൃഷ്ണക്കുറുപ്പിന്റേയും പദ്മിനി അമ്മയുടേയും മകനായി 1952-ൽ പാലക്കാട് ജില്ലയിലെ വടവന്നൂരിൽ ജനനം. ഫെഡറൽ ബാങ്കിൽ ഉദ്യോഗസ്ഥനായിരുന്നു. 2012-ൽ വിരമിച്ചു. ഇതിനകം ഷെർലക്ക് ഹോംസ് കഥകൾ, ഡി.എച്ച്. ലോറൻസ് കഥകൾ(സുന്ദരിയായ സ്ത്രീയും മറ്റു കഥകളൂം), നിങ്ങൾക്കും സമ്പന്നനാകാം(വാലസ് ഡി വാറ്റ്ലസിന്റെ 'ദി സയൻസ് ഓഫ് ഗെറ്റിങ്ങ് റീച്ച്' എന്ന പുസ്തകത്തിന്റെ പരിഭാഷ) എന്നീ കൃതികൾ പൃസിദ്ധീകരിച്ചു. പരിഭാഷാരംഗത്ത് വളരെ സജീവം.

Check Also

ഉണ്ണിക്കുട്ടൻ

അടുക്കള വാതിക്കൽ വന്ന് നിന്ന് ഉണ്ണിക്കുട്ടൻ പറഞ്ഞു ;  ” തിന്നാൻ താ അമ്മേ .. വിശക്കുന്നു.” മുറ്റത്ത് വീണുകിടന്നിരുന്ന മാവിലകളിൽ നല്ലത് നോക്കി ഒരെണ്ണമെടുത്ത് പല്ലു തേച്ചയുടനെ പതിവിനുവിപരീതമായി വിശപ്പിന്റെ വിളി വന്നു ഉണ്ണിക്കുട്ടന്. അല്ലായിരുന്നെങ്കിൽ തൊടിയിലൊക്കെ ഇറങ്ങി നടക്കുന്നഉണ്ണിക്കുട്ടനെ, അമ്മ മൂന്നാല് വിളി വിളിയ്ക്കണം പ്രാതല് കഴിയ്ക്കാൻ.  അമ്മ ആവി പറക്കുന്ന ഇഡ്‌ലി , അതിന്റെ ചെമ്പിൽ നിന്നും തട്ടോടു കൂടി പുറത്തേയ്‌ക്കെടുത്തു. അതും നോക്കിതാടിയ്ക്ക് കയ്യും കൊടുത്ത് ചുളിഞ്ഞ മുഖവുമായി ഉണ്ണിക്കുട്ടൻ കൊരണ്ടിയിൽ ഇരുന്നു. ചെക്കന് ക്ഷമകെട്ടിരിയ്ക്കുന്നു. അമ്മ ഉണ്ണിക്കുട്ടന് നേരെ അവന്റെ വട്ടപ്പാത്രം നീട്ടി. അത്‌ ഉണ്ണിക്കുട്ടന്റെ മാത്രം പാത്രമാണ്. അതിലല്ലാതെ ആഹാരം കഴിച്ചതായി ഉണ്ണിക്കുട്ടന് ഓർമയില്ല. പാത്രം മടിയിലേക്ക് സൂക്ഷിച്ച് വച്ച് ഉണ്ണിക്കുട്ടൻഅതിലേക്ക് നോക്കി. ആവി പറത്തിക്കൊണ്ട് , വെളുത്ത് സുന്ദരന്മാരായ മൂന്ന് ഇഡ്‌ലിക്കുട്ടന്മാർ.  അരികിൽ ഒരുചെറിയ പഞ്ചസാരക്കുന്ന്. ചുറ്റും ചിതറിക്കിടക്കുന്ന പഞ്ചാസാരത്തരികളിൽ ചൂണ്ടുവിരൽക്കൊണ്ട് തൊട്ട്ഉണ്ണിക്കുട്ടൻ വായിലേക്ക് വച്ചു. വിശപ്പിന് ഒരു ആശ്വാസം എന്ന കണക്ക്. ചൂട് മുഴുവൻ ആറുന്നത് വരെ  കാത്തിരിയ്ക്കാൻ ഉണ്ണിക്കുട്ടന് ക്ഷമയില്ലായിരുന്നു. മെല്ലെ ഊതി ചെറിയ ചെറിയ കഷണങ്ങളാക്കിപഞ്ചസാരയിൽ തൊട്ട് ഉണ്ണിക്കുട്ടൻ കഴിപ്പ് തുടങ്ങി. രണ്ടെണ്ണം തീർന്ന് മൂന്നാമത്തേതിൽ കൈ വയ്ക്കുമ്പോൾഉണ്ണിക്കുട്ടൻ വിറക് കത്തിച്ച് അടുപ്പിലേക്ക് വെള്ളം നിറച്ച കലം വയ്ക്കുന്ന അമ്മയെ ഒന്ന് നോക്കി.  ഒന്നുകൂടെ കിട്ടിയിരുന്നെങ്കിൽ എന്നൊരു ആഗ്രഹം. ആഗ്രഹം കൊണ്ട് മാത്രമല്ല ഉണ്ണിക്കുട്ടന് വിശപ്പ്അടങ്ങിയിരുന്നില്ല. അവന്റെ മനസ്സ് അറിഞ്ഞെന്ന വണ്ണം അമ്മ ചോദിച്ചു; ” ഒരെണ്ണം കൂടെ തരട്ടെ ഉണ്ണീ..” വയറും മനസ്സും വേണം എന്ന് പറയുന്നുണ്ടെങ്കിലും ഉണ്ണി പക്ഷെ പറഞ്ഞു ; ” വേണ്ടാമ്മേ .. വയറ് നിറഞ്ഞു..” വിദഗ്ദ്ധമായി മറച്ചുപിടിച്ച ഒരു ആശ്വാസം അമ്മയിൽ വിടരുമെന്ന് ഉണ്ണിയ്ക്ക് ഉറപ്പുണ്ടായിരുന്നു. അമ്മയ്ക്ക് നേരെപാത്രം നീട്ടി പകരം അമ്മ നൽകിയ കട്ടൻകാപ്പിയുമായി ഉണ്ണി അടുക്കളമുറ്റത്തേയ്ക്ക് ഇറങ്ങി. അവിടെ ഒരുചെറിയ പാറക്കല്ലിന് മുകളിലായി അവൻ ഇരുന്നു. കുഞ്ഞ്  കിളികൾക്കും മറ്റുമായി ഒരു ചെറിയ പാത്രത്തിൽ അമ്മഅരിയിട്ട് വച്ചിരിയ്ക്കുന്നു. അത്‌ കൊത്തിപ്പെറുക്കാൻ എന്ന വണ്ണം കുറേ കരിയിലക്കിളികൾ കലപില ശബ്ദംഉണ്ടാക്കി അവിടെ ചുറ്റിനടപ്പുണ്ട്. അവയെ നോക്കി കാപ്പിയും കുടിച്ചിറക്കുമ്പോൾ ഉണ്ണിക്കുട്ടന്റെ മുഖത്തൊരുകുസൃതിച്ചിരി.  ഉണ്ണിക്കുട്ടനറിയാം.. ഇനി ആ പാത്രത്തിൽ ബാക്കിയുള്ളത്.. അത് അമ്മയുടെ പങ്കാണ്. കൂടിവന്നാൽരണ്ടെണ്ണമുണ്ടാകും. തന്റെ വയറ് നിറഞ്ഞോ എന്ന ഉത്ക്കണ്ഠ അമ്മയ്ക്കുണ്ട്. ഒന്നുകൂടെ വേണം എന്ന്പറഞ്ഞിരുന്നെങ്കിൽ അമ്മ തരാതിരിയ്ക്കില്ല. പക്ഷെ അമ്മ പട്ടിണിയാകും. ഉണ്ണിക്കുട്ടന്റെ കണ്ണുകളിൽ ഒരുനീർത്തിളക്കം. അത്  മായിച്ചുകൊണ്ട് ഉണ്ണിക്കുട്ടൻ അടുക്കള വാതുക്കൽ ചെന്ന് ഒന്ന് എത്തിനോക്കി. അടുപ്പിലെ തീ അണയുന്നുണ്ടോഎന്ന് നോക്കി ഒരു ആകുലതയോടെ കയ്യിലിരിയ്ക്കുന്ന ഇഡ്‌ലി നുള്ളിക്കഴിയ്ക്കുന്ന അമ്മ.  ഉണ്ണിക്കുട്ടന് വയറ് നിറഞ്ഞ സംതൃപ്തി.

Leave a Reply

Your email address will not be published. Required fields are marked *