വൈകുന്നേരത്തെ നടത്തത്തിനിടയിൽ ക്ഷീണം തോന്നിയിട്ടാണ് ഞാൻ സിമന്റ് ബെഞ്ചിലിരുന്നത്…. കാറ്റത്തു ഓടിക്കളിച്ചൊരു കടലാസ്സ് കഷ്ണം എന്റെ ദേഹത്തേക്ക് പാറി വീണു.. അതിലെ പരസ്യത്തിലെ പെണ്ണിന് അവളുടെ ഛായ ഉണ്ടായിരുന്നോ? അതോ എന്റെ തോന്നലായിരുന്നോ?
പിന്നെ എനിക്ക് നടക്കാൻ തോന്നിയില്ല. ഓർമ്മകൾ എന്നെ പിന്നോട്ട് വലിച്ചുകൊണ്ട് പോയി. ഞാൻ അന്ന് പത്തിൽ പഠിക്കുന്ന കാലം. അമ്മയുടെ സഹായത്തിനാണ് അവൾ വീട്ടിൽ വന്നത്. ആദ്യമാദ്യം അവൾ ജോലിയൊതുക്കി സ്വന്തം വീട്ടിലേക്ക് പോകുമായിരുന്നു.
പിന്നീടെപ്പോഴോ അവൾ ഞങ്ങളുടെ വീട്ടിലായി കിടപ്പ്. കൂടപ്പിറപ്പുകൾ ഇല്ലാത്തതുകൊണ്ട് എനിക്ക് ഒരു കുഞ്ഞനിയത്തി തന്നെയായിരുന്നു അവൾ. ഏഴിലോ എട്ടിലോ ആയിരുന്ന അവളെ ഞാൻ പഠിപ്പിക്കാൻ ശ്രമിച്ചു, പലപ്പോഴും തോറ്റ് മടങ്ങി.
അന്നൊക്കെ എന്റെ ഹൃദയം സൂക്ഷിപ്പുകാരി അവളായിരുന്നു. അമ്മയും അമ്മൂമ്മയും ഇല്ലാത്തപ്പോൾ ഞങ്ങൾ ആൺകുട്ടികളെ പറ്റിയും സ്കൂളിലെ ചെറുപ്പക്കാരായ മാഷന്മാരെയും പറ്റി പരദൂഷണം പറഞ്ഞു.
അമ്പലത്തിൽ നിന്ന് കൊണ്ട് വരുന്ന തൊടുകുറി ആരും കാണാതെ ഇട്ടു തന്നിട്ട് അവളെന്നോട് പറഞ്ഞിട്ടുണ്ട്.
“ഇപ്പോ ചേച്ചീനെ കണ്ടാല് ഹിന്ദു കുട്ടി ആണെന്നേ പറയു…. വേണോങ്കി നിങ്ങടെ ക്ലാസ്സിലെ പ്രശാന്തേട്ടനെ കെട്ടിക്കോ……”എന്നിട്ട് പൊട്ടി പൊട്ടി ചിരിക്കുമായിരുന്നു. ഒഴിവു നേരങ്ങളിൽ അവൾ എന്റെ തലയിലെ പേൻ നോക്കുമ്പോൾ അറിയാതെ മടിയിൽ കിടന്നു ഞാൻ ഉറങ്ങിപോകുമായിരുന്നു.
അങ്ങനെ ഇരിക്കെ ഒരു ദിവസം ഞാനും അവളും മാത്രമേ ഉള്ളൂ വീട്ടിൽ. അമ്മയും അമ്മൂമ്മയും ഏതോ ബന്ധു വീട് സന്ദർശനത്തിനു പോയിരിക്കുന്നു.
അവൾ തുണി അലക്കുന്നത് കണ്ടിട്ടാണ് ഞാൻ കുളിക്കാൻ പോയത്. വെളിയിൽ ആരോ ബെല്ലടിക്കുന്നത് എനിക്ക് കുളിപ്പുരയിൽ നിന്ന് കേൾക്കാം. ആരാണോ എന്തോ ?
ഇവൾ എന്താ വാതിൽ തുറക്കാത്തത് ? ഞാൻ വേഗം വസ്ത്രങ്ങൾ വാരി ചുറ്റി മുൻവശത്തേക്ക് ഓടി… വന്ന ആൾ ഗേറ്റ് കടന്നുപോകുന്നു. സ്കൂട്ടർ സ്റ്റാർട്ട് ചെയ്യും ഇപ്പോൾ….. ഞാൻ ഉറക്കെ ചോദിച്ചു – “ആരാ ? ”
” ഉഷയേടത്തി ഇല്ലേ ? ”
അയാൾ തിരിച്ചു ചോദിച്ചു. ഞാൻ വിവരം പറഞ്ഞപ്പോൾ ഒരു ക്ഷണകത്ത് എടുത്തു നീട്ടി. “കല്യാണം വിളിക്കാൻ വന്നതാ… അമ്മ വരുമ്പോൾ പറഞ്ഞാൽ മതി”, അയാൾ പേര് പറഞ്ഞു, പിന്നെ യാത്ര പറഞ്ഞു പോയി. ഞാൻ കത്തവിടെ വച്ചു അവളെ തിരഞ്ഞു ചെന്നു.
അടുക്കളയിൽ ഇല്ല…. പേര് രണ്ടു മൂന്ന് ആവർത്തിച്ചു വിളിച്ചപ്പോൾ പുറത്തെ ചായ്പ്പിൽ നിന്ന് ഇറങ്ങി വന്നു. പകപ്പോടെ രണ്ടു കണ്ണുകൾ….വിളറിയ മുഖം. കണ്ടപ്പോൾ തൊണ്ട വരെ എത്തിയ ചീത്ത വാക്കുകൾ എവ്ടെയോ മറഞ്ഞു…..
“എന്തേടി ? നീ എന്താ വാതില് തുറക്കാത്തെ? ” ഒന്നും മിണ്ടാതെ അവൾ എന്നോട് ചേർന്നു നിന്നു. പിന്നെ ചിലമ്പിച്ച സ്വരത്തിൽ പറഞ്ഞു.
“അയാൾ ചീത്തയാ….! ഇവടെ വരുന്നതിനു മുൻപ് കുറച്ചു നാൾ ഞാൻ അവരടെ വീട്ടില് ആയിരുന്നു.. ഞാൻ അഞ്ചിൽ പഠിക്കുമ്പോൾ.. അവടെ വച്ചു അയാള് എന്നെ…..” ഞാൻ അവളെ മുഴുമിപ്പിക്കാൻ സമ്മതിച്ചില്ല. വായ പൊത്തിക്കളഞ്ഞു.
നെഞ്ചിൽ ചേർത്തു കെട്ടിപ്പിടിച്ചു നില്ക്കുമ്പോൾ ഇത്ര മാത്രം പറഞ്ഞു – ” നമ്മൾ രണ്ടാളും കൂടി മണിചേച്ചീടെ വീട്ടിൽ പോയപ്പോൾ കണ്ടത്തിൽ വീണു ചേറ് പറ്റിയത് ഓർമ്മയുണ്ടോ മോൾക്ക്? ”
അവൾ മെല്ലെ തലയനക്കി. “എന്നിട്ടോ ? തോട്ടിലിറങ്ങി ചെളിയും കഴുകിക്കളഞ്ഞു നമ്മളങ്ങ് പോയില്ലേ? അത്രേ ഉള്ളൂ ഇതും…….” അതും പറഞ്ഞു ഞാൻ അവളെ ഒന്ന് കൂടി എന്നോട് ചേർത്തു പിടിച്ചു.
അന്നത്തെ കൗമാരക്കാരിക്ക് അങ്ങനെ പറയുവാനേ കഴിഞ്ഞുള്ളു. വയസ്സറിയിച്ചപ്പോൾ അവളുടെ അമ്മ അവളെ കൂട്ടികൊണ്ട് പോയി..
പിന്നീട് വർഷങ്ങൾ എത്ര കടന്നു പോയി…… പത്തു പതിനേഴു വയസിലെ അവളുടെ കല്യാണം കഴിഞ്ഞു.. എന്റെ വിവാഹത്തിന് മുൻപേ അവൾ അമ്മയായി കഴിഞ്ഞിരുന്നു. പക്ഷെ അവളെ പറ്റി ഓർമ്മ വരുമ്പോഴൊക്കെ എന്നെ കുത്തി നോവിക്കുന്നൊരു ചിത്രമുണ്ട്.
ഒരു ഇടുങ്ങിയ മുറി… പേടിച്ചരണ്ട കണ്ണുകളുമായി ഒരു അഞ്ചാം ക്ലാസ്സുകാരി….!
കാറ്റ് പിന്നെയും വന്നു ഓർമ്മകളിൽ നിന്ന് ഉണർത്തി….. ഇന്നിനി നടക്കാൻ വയ്യാ. ഞാൻ പതിയെ എഴുന്നേറ്റു വീട്ടിലേക്ക് നടന്നു…..!
Valare nannayitund
thanks dear
പ്രവാഹിനി അയച്ച ലിങ്കിലൂടെ വന്നതാണ്.
പാറിവീണ പേപ്പർക്കഷ്ണത്തിലൂടെ നനവാർന്ന് ഓർമ്മകളിലേയ്ക്ക് കൂട്ടിക്കോണ്ട് പോയി..