ഒരു സുപ്രഭാതത്തിൽ ഒരു തടിയൻ പ്രാണിയായി രൂപാന്തരപ്പെടുന്നത് ആർക്കെങ്കിലും സങ്കല്പിക്കാനവുമോ? അസാമാന്യ പ്രതിഭയായ ഫ്രാൻസ്‌കാഫ്ക തന്റെ ‘മെറ്റമോർഫോസിസ്’ എന്ന കഥയിൽ അത്തരം ഒരവസ്താവിശേഷമാണ് അവതരിപ്പിക്കുന്നത്. കുടുംബത്തിന്റെ മുഖ്യ ചാലകശക്തിയായ ഗ്രിഗർസാംസ എന്ന യുവാവിന് ഒരു ദിവസം വിപരിണാമം സംഭവിക്കുന്നു. നടുങ്ങിപോകുന്ന കുടുംബാംഗങ്ങൾ (അച്ഛനമ്മമാരും സഹോദരിയും) ഗ്രിഗറിന്റെ സ്ഥാനത്ത് കാണപ്പെടുന്ന ബീഭത്സരൂപിയായ പ്രാണിയെ ആദ്യമൊക്കെ ദയാപൂർവംവീക്ഷിക്കുന്നുവെങ്കിലും ക്രമേണ അവരുടെ അനുകമ്പ ഈർഷ്യക്കു വഴിമാറുന്നു. നിസ്സഹായതയുടെ പര്യായമായി മാറുന്ന ഗ്രിഗറിനെ ഉപേക്ഷിക്കുന്നതിനെപ്പറ്റി അവർ ഗൗരവപൂർവം ചർച്ചചെയ്യുന്നു. വ്യഥിതനായ ഗ്രിഗർ സ്വന്തം കുടുംബത്തെപ്പറ്റിയുള്ള ചിന്തകളിൽ മുഴുകി പ്രാണൻ വെടിയുന്നു. വീട്ടുവേലക്കാരി ശവം നിഷ്കാസനം ചെയ്യുന്നതും, ഗ്രിഗറിന്റെ കുടുംബാംഗങ്ങൾ ആശ്വാസത്തോടെ ഭാവിപരിപാടികൾ ആസൂത്രണം ചെയ്യുന്നതുമാണ് അനുവാചകൻ പിന്നെ കാണുന്നത് .
എഴുതപ്പെട്ടിട്ടുള്ളതിൽ വച്ചേറ്റവും വിഭ്രജനകമായ കഥകളിലൊന്നായ ‘വിപരിണാമം’ ശരീരവും മനസ്സും തമ്മിലുള്ള അഭേദ്യബന്ധത്തിന്റെ സൂക്ഷ്മാപഗ്രഥനമാണ് . രോഗത്തോടും, ദുരിതത്തോടും, മരണത്തോടും മനുഷ്യൻ വച്ചുപുലർത്തുന്ന മനോഭാവത്തേപ്പറ്റി കാഫ്ക എഴുതിയിട്ടുള്ളത് മരണവക്ത്രത്തിൽനിന്നു രക്ഷപ്പെട്ട ഒരാളിന്റെ കാഴ്ചപ്പാടിൽ നിന്നാണ് . ഗ്രിഗർ സാംസയുടെ ദുരവസ്ഥയുമായി കാഫ്ക അത്രമേൽ താദാത്മ്യം പ്രാപിച്ചിരിക്കുന്നു.
മറ്റുള്ളവരെപ്പോലെയല്ലത്ത, മറ്റുള്ളവരെപ്പോലെ ചിന്തിക്കാത്ത, മറ്റുള്ളവരെപ്പോലെ ജീവിക്കാത്ത കാഫ്കയ്ക്ക് മറ്റുള്ളവരുമായി സമാനതകളില്ലാത്തതിൽ അത്ഭുതമില്ലല്ലോ.