കേശവന്റെ പുരയിടം മുപ്പതുസെന്റാണ്. എന്നാൽ ആധാരത്തിൽ ഇരുപത്താറര സെന്റ് മാത്രം. വസ്തു വാങ്ങിയപ്പോൾ അളവിൽ പറ്റിയ പിശകാണ്. എന്നാലും മൂന്നരസെന്റിന്റെ പിശകു ഒരു വലിയ പിശകു തന്നെ. വില്ലേജാഫീസ് വരെ പോകാൻ കേശവൻ തീരുമാനിച്ചു. നല്ലൊരു ദിവസം നോക്കി, രാവിലെ 11 മണിക്കയാൾ വില്ലേജാഫീസിലെത്തി. അവിടെ പല പ്രശ്നങ്ങളുമായി ജനം കൂടിയിട്ടുണ്ട്. പലരും സങ്കടം പറഞ്ഞു പോയി. ചിലർ സന്തോഷത്തോടെയാണിറങ്ങിയത്. കേശവന്റെ ഊഴമായി. നാലു മേശക്കു പിന്നിൽ നാലുപേർ – ഒരാൾ പത്രം വായിക്കുന്നു, മറ്റൊരാൾ എന്തോ തിരക്കിട്ടെഴുതുന്നു, മറ്റുരണ്ടുപേർ കേശവന്റെ മുഖത്തു നോക്കി. ആ മുഖങ്ങളിലെ ആർത്തി. ആധാരമെടുത്തുകാട്ടി അയാൾ കാര്യം വിശദമാക്കി.
“ഇതിപ്പം എങ്ങനാ? ഉച്ച കഴിഞ്ഞ് വാ. സൗകര്യമായിട്ട് നോക്കാം” – ഒരുവന്റെ അരുളപ്പാട്.
“കരമടച്ച രസീതുണ്ടോ?” -വേറൊരുവന്റെ ചോദ്യം.
താനൊരു പാവം ടൈപ്പിസ്റ്റാണെന്ന് അവർ ഊഹിച്ചിരിക്കണം. കയ്യിൽ ഒന്നുമിപ്പോൾ കരുതിയിട്ടില്ല എന്നു ഗ്രഹിച്ചിരിക്കുന്നു. ഉണ്ടായിരുന്നെങ്കിൽ അവർ മണത്തറിഞ്ഞേനെ!
കഴുത്തിൽ ചെയിനണിഞ്ഞ അധികാരി കേശവനെ അടുത്തു വിളിച്ചു കുശലം ചോദിച്ചു. ഒടുവിൽ രഹസ്യമായി പറഞ്ഞു. “ഇതൽപ്പം കാശു കൊടുത്തു ഒതുക്കാവുന്നതേയുള്ളൂ”. കാശു കൊടുത്ത് എന്ന പ്രയോഗം കേശവനു മനസ്സിലായി. “ഈ സാമദ്രോഹിക്ക് കൈക്കൂലി ചോദിക്കാനൊരു ഉളുപ്പുമില്ലല്ലോ തമ്പുരാനേ”..
“വീടെവിടാന്നാ പറഞ്ഞത്?”
“അടുത്തു തന്നെ, നാലു മൈൽ”
“അപ്പോ, പിന്നെ, പോയിട്ട് വരണം, അഞ്ചു മണി വരെ ഞങ്ങളിവിടെ കാണും” അധികാരി ആശ്വസിപ്പിച്ചു.
കേശവനിറങ്ങി. ഒരു പൊതി കൂടി അന്നു തടയുമെന്നുള്ള ആശ്വാസത്തിൽ അധികാരി കുടവയർ തടവിയിരുന്നു.
നാലര മണിക്ക് കേശവൻ വില്ലേജാഫീസിലെത്തി. നാലു പേരും അധികാരിയും സീറ്റിൽ തന്നെയുണ്ട്. മൂന്നുപേരും മത്സരിച്ചാണ് പുഞ്ചിരിച്ചത്. ഇരയെക്കിട്ടിയ ചിരി. ഒരാൾ തനിക്കിതിൽ പങ്കില്ലെന്ന മട്ടിൽ പുറത്തിറങ്ങി. മറ്റൊരാൾ രാവിലെ വായിച്ച പത്രം വീണ്ടും വായിക്കാൻ തുടങ്ങി. അധികാരി ആധാരവും രസീതും അപേക്ഷയും വാങ്ങി നോക്കി. ഏതാനം മിനിട്ടുകൾക്കുള്ളിൽ വേണ്ട തിരുത്തുകൾ നടത്തി. ഒടുവിൽ “ഇനി
കരമടക്കുമ്പോൾ മുപ്പതിന് കരമടച്ചോണം. വീട് ഇലഞ്ഞി മുക്കിൽ ചെന്നിട്ട്…..:”
“സ്വല്പം കിഴക്കോട്ട് നടക്കണം”. കേശവൻ മൊഴിഞ്ഞു. ഒരു കൊച്ചു പൊതി അയാൾ മേശയുടെ അറ്റത്ത് വച്ചു. അധികാരി ശ്രദ്ധിക്കാത്ത മട്ടിൽ ഇരുന്നു. പിന്നീട് ചിരിച്ച് കേശവനെ യാത്രയാക്കി. ഒരാൾ തല പൊക്കി നോക്കി ചിരിച്ചു. മറ്റേയാളിന്റെ പത്രപാരായണം നീണ്ടുപോയി.
കേശവൻ പോയിക്കഴിഞ്ഞപ്പോൾ അധികാരി പൊതിയെടുത്തു മേശ വലിപ്പിൽ വച്ച് മെല്ലെ അഴിച്ചു. നോട്ടുകൾ ചുരുട്ടിപ്പൊതിഞ്ഞതാണെന്നാണ് കരുതിയത്. മൂന്നര സെന്റിന്റെ കാര്യമല്ലേ. പൊതി നിവർത്തിയ അധികാരി വാ പൊളിച്ചിരുന്നുപോയി.
ഒരു പാളയങ്ങോടൻ പഴം!
മറ്റു രണ്ടു പേരും കാര്യമറിയാതെ വാതുറന്ന് അയാളെ നോക്കി. അധികാരി അരിശത്തിൽ പഴമെടുത്തു എതിരേയുള്ള ചുമരിലേക്ക് ഒറ്റയേറ്! പഴം മതിലിലിരുന്ന ഗാന്ധിജിയുടെ ചിത്രത്തിന്റെ ഫ്രെയിമിൽ തട്ടി ചതഞ്ഞ് താഴെ വീണു. ശബ്ദം കേട്ട് പത്രപാരായണക്കാരൻ പത്രം താഴ്ത്തി എല്ലാവരേയും മാറി മാറി നോക്കി.
ഹാ ഹാ ഹാ.ചിരിപ്പിച്ചു.പാളയംകോടൻ പഴമാണെന്ന് കരുതില്ല.ഒരു മുറുക്കാനാ പ്രതീക്ഷിച്ചത്.