നാനോ സീരീസിൽ ഞാൻ എഴുതിയ കുറെ പോസ്റ്റുകൾ ഉണ്ട്, ഒരുപാടു പേര് അത് ഒന്ന് കൂടി ഇടുമോ എന്ന് ചോദിക്കുന്നുണ്ട്, അതിലെ കുറച്ചു പോസ്റ്റുകൾ ആണിത്, വായിച്ചവർക്കും മടുക്കില്ലാ….ന്നു തോന്നണു
മിറർ മിറർ ഓൺ ദ കാർ
കാലത്ത് കാറിൽ കയറി ശ്യാമ ചോദിച്ചു, എങ്ങോട്ട് പോണം?
എങ്ങോട്ടെങ്കിലും പോ
ശെരി, എന്നാൽ പിന്നെ സ്റ്റാസ്റ്റാൻ കോവിലിൽ പോകാം.
അതെവിടെ?
നമ്മടെ ശാസ്താൻ കോവിൽ ഇല്ലേ? അത് സ്റ്റൈലിൽ പറഞ്ഞതാ 🙂
എന്നാൽ പോട്ടെ, വണ്ടി വിടൂ
ദൂരെ നിന്നും കുതിര വരുന്ന പോലെ ഒരു നാനോ, ടകട ടകട ടകട ടകട എന്ന് പറഞ്ഞു ചാടി ചാടി വരുന്നത് കണ്ട ഭക്ത ജനം ജീവനും കൊണ്ട് നാനാ വശത്തേക്കും ഓടി മറഞ്ഞു, ആ മറഞ്ഞ ഗ്യാപ്പിൽ വണ്ടി പാർക്ക് ചെയ്ത ശേഷം ഞങ്ങൾ പുറത്തിറങ്ങി.
അങ്ങനെ ആറു വർഷത്തിനു ശേഷം ഞാൻ ആ അമ്പലത്തിൽ വീണ്ടും കയറി, പണ്ട് എല്ലാ ശനിയാഴ്ചയും അവിടെ എന്നെയും പൊക്കിക്കൊണ്ട് ശ്യാമ പോവുമായിരുന്നു, അമ്പലം ആകെ പണി കഴിഞ്ഞു മാറിയിരിക്കുന്നു.
ശ്യാമ അകത്തു കയറിയപ്പോൾ ഞാൻ അതി വേഗം പ്രദക്ഷിണം ചെയ്തു വന്ന് ശിവന്റെ പ്രതിഷ്ഠയ്ക്കു മുന്നിൽ കണ്ണടച്ച് നിന്ന് തൊഴുതു.
എന്താ ഇബടെ? ഗുസ്തിക്കാരനെ പോലെ ഇരിക്കുന്ന ഒരു തടിയൻ പൂജാരി ചോദിച്ചു.
ഞാൻ ഇങ്ങനെ വെറുതെ ഡ്രൈവിംഗ് ഒക്കെ പഠിപ്പിച്ച്, ഇടക്കിങ്ങനെ തൊഴണമെന്ന് പറഞ്ഞു ശ്യാമ, അപ്പൊ ഇങ്ങനെ…
അതല്ല, ഇബടെ എന്താന്ന്..
ശിവനെ തോഴുതതാ
അതിനു ഇബടെ എബാടാ ശിവൻ?
ഞാൻ നോക്കി, ശിവൻ ഇരുന്നിരുന്ന മുറിയിൽ കുറെ ഉണങ്ങിയ തേങ്ങയും കൊതുമ്പും ചൂട്ടും.
ഭഗവാനേ… പണ്ട് ഇവിടെ ഉണ്ടായിരുന്ന ശിവൻ എവിടെ പോയി… ഞാൻ വീണിടത്ത് കിടന്നുരുണ്ടു.
കേരം തിങ്ങുന്ന കേരള നാടിന്റെ പ്രതീകം ആണല്ലോ, ഈ തേങ്ങയും കൊതുമ്പും എല്ലാം, അതിനെ ഒന്ന് വണങ്ങി എന്നെ ഉള്ളു.
ഉവ്വോ? നന്നായി. ആദ്യായിട്ടാ ഒരാൾ ഇങ്ങനെ ചെയ്യണേ, നല്ലതേ വരൂ.
ശെരി മിരുതെനീ, അല്ല തിരു മേനീ. അല്ലാ, ഈ ശിവന്റെ പ്രതിഷ്ഠ….
ശിവൻ അങ്ങട് താമസം മാറീട്ട് വർഷം അഞ്ചായില്ലെ..
പൂജാരി നേരെ എതിരെ ഒരു മുറി കാണിച്ചു തന്നു.
അവിടെ ശിവൻ എന്നെ ദേഷ്യത്തിൽ നോക്കി ഇരിപ്പുണ്ട്. ഇത്രയും ഫേമസ് ആയ എന്നെ കണ്ടിട്ട് മനസിലായില്ല അല്ലേടാ ജാഡ തെണ്ടീ എന്ന് ചോദിക്കുന്ന പോലെ മുഖം.
ഭഗവാൻ ത്രിക്കണ്ണ് തുറക്കുന്നതിനു മുൻപേ ഞാൻ സാഷ്ടാംഗം നമസ്കരിച്ച ശേഷം ഒരു ചാട്ടത്തിനു പുറത്തിറങ്ങി.
ചെന്നപ്പോൾ ശ്യാമ കാറിന്റെ സൈഡ് മിറർ നേരെ ആക്കി വെക്കുന്നു, എനിക്ക് സന്തോഷം വന്നു.
ശ്വാസകോശം സ്പോഞ്ച് പോലെ എന്ന ശബ്ദത്തിൽ ഞാൻ പറഞ്ഞു…
ശ്രദ്ധിക്കൂ ശ്യാമേ, കാറിന്റെ റിയർ വ്യൂ മിറർ പോലെ തന്നെ പ്രാധാന്യം അർഹിക്കുന്നവ ആണ് സൈഡ് മിററുകളും, ഇവ നമ്മളെ ഡ്രൈവിങ്ങിൽ വളരെ അധികം സഹായിക്കുന്നു. കേന്ദ്ര സർക്കാരിന്റെ ഗ്രാമീണ കാർ യോജന പദ്ധതി…..
ശ്യാമ പറഞ്ഞു, ഒന്ന് നിറുത്താമോ, അതൊക്കെ എനിക്കറിയാം, ഇന്നലെ ഈ വലതു വശത്തെ മിറർ നേരെ ഇരിക്കാത്തത് കാരണം ഒരുപാട് കഷ്ട്ടപ്പെട്ടു പോയി, അച്ചു മാറ്റി വെച്ചു കളഞ്ഞു.
ഹെന്ത്? നീ അതെല്ലാം ഉപയോഗിക്കാൻ തുടങ്ങി അല്ലെ, മുതു മുതുക്കി 🙂
ങേ?
മിടു മിടുക്കീ ന്ന്
ഉം, ഇന്നലെ പിന്നെ നിവൃത്തി ഇല്ലാതെ ഈ മുന്നിലെ മിററിൽ ആണ് ഞാൻ നോക്കിയത്
എന്ത്
മുഖത്ത് പൌഡർ കൂടുതൽ ആണോ എന്ന്.. 😯