പണ്ടു പണ്ടു ഭാരതത്തിന്റെ തെക്കേക്കരയിൽ ,അറബിക്കടലിനും ഇന്ത്യൻ മഹാസമുദ്രത്തിനും ചേർന്ന് ഒരു നാടുണ്ടായിരുന്നു.
നല്ല സ്ഥലായിരുന്നത്രേ… ദൈവത്തിന്റെ സ്വന്തം നാടെന്നാത്രേ വിളിച്ചിരുന്നെ….
കാരണമെന്താന്നോ?
പറഞ്ഞു കേട്ടൊരറിവാ,
ഒത്തിരീം കേരവൃക്ഷങ്ങളുണ്ടായിരുന്നു.
കേരവൃക്ഷമെന്നൊക്കെപ്പറഞ്ഞാൽ എന്താന്നറിയുമോ?
അതെ, coconut ആ ചൈനേനും തായ്‌ലണ്ടിനും ഒക്കെ കൊണ്ടോരണ ഫ്രഷ് coconut ,അതെന്നെ. പണ്ടേ, ഈ കേരളം മുഴുവനും ആ coconut tree കളുണ്ടായിരുന്നു. അങ്ങനെയാ കേരളം എന്ന പേരുവന്നേന്നു പറഞ്ഞുകേട്ടിട്ടുണ്ട്.
പിന്നിവിടെ കൊറേ പുഴേം പാടോം പശുക്കള്മൊക്കെ ഉണ്ടായിരുന്നുന്നാ കേട്ടിരിക്കണേ..
ഓരോ വീട്ടിലും ആടുമാടും കോഴീമൊക്കെ ഉണ്ടായിരുന്നൂന്ന്.
എന്താല്ലേ…
പിന്നെ
പണ്ടു ഇവിടുള്ള ആൾക്കാര് കൃഷി ചെയ്തിരുന്നത്രെ.
നമ്മുടെ ഈ റൈസ്, എന്താതിനു പറയുക?
എന്നതൊരു വാക്കുണ്ടായിരുന്നുല്ലോ.,
നാവിന്റെ തുമ്പത്തുവന്നു നിക്കണ് ണ്ട്…
മ്ം … . ഉം…
ആ കിട്ടിപ്പോയ് അതെന്നെ നെല്ല്.
ഒത്തിരീം കൃഷി ചെയ്തിരുന്നുത്രേ
ഇവിടത്തെ ആൾക്കാർക്കൊരു ഭാഷയും ഉണ്ടായിരുന്നുത്രേ
വലിയ ഭാഷാപദവിയൊക്കെ കിട്ടിയ ഭാഷയാ
മലയാളം, അതത്രെ പേര്.
ഇപ്പൊ ആരും അങ്ങനെ സംസാരിച്ചു കേൾക്കാറേയില്ലാ അത്.
എഴുതാനാണേൽ ഒരാളിനും ഒട്ടറിയേമില്ല.
ചില കുട്ടിയോള് പറേണ കേട്ടിട്ടുണ്ട്
“മലയാളം കൊരച്ചു കൊരച്ചു അറിയാം.”
എന്ത് നാടല്ലേ
ആരോടും പറയേണ്ടട്ടോ
അവരൊക്കെ പറയുന്നത് മലയാളം അറിയുംന്ന് പറേണത് നാണക്കേടാത്രേ.
കുഞ്ഞിലേ അമ്മമാര് പഠിപ്പിച്ചിട്ടുണ്ടെന്ന്, മലയാളം അറിയാമെങ്കിലും അറിയാമെന്നു പറയരുതെന്ന്, സ്റ്റാറ്റസ് പോക്വത്രേ…..
ഞാൻ ഇനി പറയില്ല നീയും പറയേണ്ടട്ടോ, സ്റ്റാറ്റസ് പോയാലോ.
പക്ഷെ എന്തൊക്കെയായാലും പറേമ്പോളും കേൾക്കുമ്പോളും ഒരു രസൂണ്ടല്ലേ.
എന്തെന്നറിയില്ല ,അമ്മ കൂടെയുള്ള പോലെ ഉള്ളുതുറന്ന് സംസാരിക്കാൻ പറ്റണപോലെ
കിന്നാരം പറയാനും തല്ലുകൂടാനും സ്നേഹിക്കാനും ഒക്കെ പറ്റുന്നുണ്ടല്ലോ
അതെ മലയാളം മതിയായിരുന്നു.
പക്ഷെ അച്ഛന്റേം അമ്മേടേം സ്റ്റാറ്റസ്.
എന്താ ചെയ്ക
പക്ഷേങ്കില്
സ്റ്റാറ്റസ് മാത്രം മതിയോ ?
സ്നേഹം വേണ്ടേ, ഒരു തലോടുന്ന സുഖം, അതെങ്ങനാ കളയുക ?
ഒരു കാര്യം ചെയ്യാം അവരറിയാതെ സംസാരിക്കാം. എന്തേ ?
(പറയു ആർക്കാണ് തെറ്റ് പറ്റിയത് ? നമ്മുടെ കൊച്ചു കേരളവും ഒരു സംസ്‌കാരമാണ്. നമ്മുടെ ഭാഷ ഒരോർമ്മ ആകാതിരിക്കട്ടെ……
നമ്മുടെ കുഞ്ഞുങ്ങൾ പെറ്റമ്മയെ സ്നേഹിക്കട്ടെ. നമുക്ക് കൂടെ നിൽക്കാം )