രാവിലെ മനക്കല് ചെണ്ട കൊട്ടുണ്ട്. കൊട്ടു കഴിഞ്ഞാൽ ഒമ്പതു മണിക്കു സ്കൂളിൽ പോകണം. മനയുടെ തൊട്ട് പിന്നിലാണ് സ്കൂൾ.
കൊട്ട് കഴിഞ്ഞ് ഞാനും പടയും മനക്കൽ നിന്നിറങ്ങി. പിൻവശം വഴി പോകാൻ പറ്റില്ല . അവിടം വേലി കെട്ടിയിരിക്കുകയാണ്. മുൻവശം വഴി മാത്രമേ പറ്റുകയുള്ളൂ.
മുറ്റത്ത് ആകാശത്തോളം ഉയർന്ന ഒരു മൂവാണ്ടൻ മാവുണ്ട്. ഞങ്ങൾ എന്നും നോക്കും മാവിനെ. എത്ര മാങ്ങയാന്നോ അതിന്റെ മേലെ, ആശ്ചര്യം തോന്നും.
ഒരു ദിവസം ഞങ്ങൾക്കു ഒരാഗ്രഹം – മാങ്ങ പറിക്കണം. എന്നിട്ട് ഉപ്പും മൊളകും വച്ച് കഴിക്കണം. പക്ഷെ ആരെങ്കിലും മാങ്ങ എറിയുന്നത് കണ്ടാൽ പ്രശ്നം ആണ്.
ഞങ്ങൾ നാലു പേരാണ് കൊട്ടു പഠിക്കുന്നത്. വിഷ്ണുവും ഭവിത്തും ഗിരീഷും പിന്നെ ഞാനും. കൂട്ടത്തിൽ ഏറ്റവും വികൃതി ഭവിത്തിനാണ്.
“ടാ ഭവിത്തേ നമുക്കെറിഞ്ഞാലോ?” ഞാൻ ചോദിച്ചു.
“വേണോ., ആരെങ്കിലും കണ്ടാൽ പ്രശ്നമാവില്ലേ?” – അവൻ പറഞ്ഞു.
ഞാൻ രണ്ടും കല്പിച്ചാണ്.
“വേണ്ടാ.. നമുക്ക് പോവാം” – ഗിരി പറഞ്ഞു..
കൂട്ടത്തിൽ ഏറ്റവും പാവം ഗിരിയാണ്, നടു വളഞ്ഞ് ഈർക്കില പോലെയാണ് അവന്റെ പ്രകൃതം.
ഗിരിയുടെ വാക്ക് ഞങ്ങളെ പിന്തിരിപ്പിച്ചില്ല.
“നീ വാ. നമുക്കെറിയാം” വിഷ്ണു പറഞ്ഞു.
വിഷ്ണു പറഞ്ഞപ്പോൾ മനസ്സിനു ദൈര്യം കൂടി.
ആ മൂവാണ്ടൻ മാവിലേക്ക് ഞങ്ങൾ പായ്ച്ച കല്ലുകൾക്ക് കണക്കില്ല.
മാങ്ങ കിട്ടി. ഞങ്ങൾ കൊതിപൂർവ്വം തിന്നു. ഈ കലാപരിപാടി ദിവസേനെയായി.
മാവിലെ മാങ്ങകളുടെ എണ്ണം കമ്മിയായി വന്നപ്പോൾ കാര്യസ്ഥൻ ഗോപിക്കൊരു സംശയം. കള്ളന്മാർ വന്നു മാങ്ങ കൊണ്ടു പോകുന്നുണ്ടോ?
അടുത്ത ദിവസം ഞങ്ങൾ പതിവുപോലെ മാങ്ങയെറിയാൻ എത്തി.
“ടാ… പെട്ടെന്ന് എറിയ്. വിശന്നിട്ട് വയ്യ” ഞാൻ പറഞ്ഞു.
ഭവിത്തിന്റെ ആദ്യത്തെ ഏറിൽ തന്നെ കുറേ മാങ്ങ വീണു.
പിന്നെ ഞാൻ കല്ലെടുത്തു. ഒറ്റ എറിയൽ. മാങ്ങയൊന്നും വീണില്ല.
“ടാ.. നിന്റെ കല്ല് കല്പനാ ചൗള കൊണ്ടു പോയോ?”- വിഷ്ണു ചോദിച്ചു.
ആ കാലത്തായിരുന്നു കല്പനാ ചൗള ബഹിരാകാശത്തേക്ക് പോയത്. ഞാൻ ചിരിച്ചു.
“ഹി. ഹി…നല്ല തമാശ., എനി നീ വായ തുറന്നാൽ ഈ മാങ്ങ മുഴുവൻ ഞാൻ നിന്റെ വായയിൽ തിരുകും” – ഞാൻ പറഞ്ഞു.
പെട്ടെന്ന് മതിലിന്റെ അപ്പുറത്തു നിന്ന് ഒരാൾ ചാടി വരണു. കാര്യസ്ഥൻ ഗോപി. അയാളുടെ നെറ്റിയിൽ നിന്ന് ചോര പൊടിയുന്നു.
“ആരാടാ കല്ലെറിഞ്ഞത്?”
ഞങ്ങൾ ഓടി സ്കൂളിലേക്ക്. ഗോപി സ്കൂളിൽ വന്നു. ആദ്യം രാജി ടീച്ചറിനെ കണ്ടു. വരാന്തയിൽ ആരോടോ കുശലം പറഞ്ഞു നിൽക്കുകയായിരുന്നു ടീച്ചർ.
“ന്റെ ടീച്ചറേ, ആ കൊട്ട് പഠിക്കാൻ വരുന്ന പിള്ളേരെ ഇങ്ങോട്ട് വിളിച്ചേ”
“എന്തു പറ്റി ഗോപിയേട്ടാ” – രാജി ടീച്ചർ ചോദിച്ചു.
“ഒന്നും പറയണ്ടാ ടീച്ചറേ. എല്ലാ വികൃതി പിള്ളേരാ. മനക്കിലെ മാവിലെ മാങ്ങ കട്ടു തിന്നായിരുന്നു. അതു തടയാൻ വന്ന എന്നെ അവന്മാർ കല്ലെറിഞ്ഞു. ദേ നോക്കിക്കേ എന്റെ നെറ്റി.” ഗോപി പറഞ്ഞു.
രാജി ടീച്ചർ ഞങ്ങളെ നാലു പേരേയും വിളിപ്പിച്ചു.
“എന്തിനാ നിങ്ങൾ മാങ്ങ മോഷ്ടിക്കാൻ പോയത്?”
ഞങ്ങൾ തലകുനിച്ചു നിന്നു. ഒന്നു പറയാൻ ഉണ്ടായിരുന്നില്ല. നുണ പറയാൻ അറിയില്ല.
“വിശന്നിട്ടാ ടീച്ചറേ ഞങ്ങൾ മാങ്ങ പറിച്ചത്” – വിഷ്ണു പറഞ്ഞു.
ഗോപി ഓഫീസിലേക്ക് വന്നു.
“ഇതാ ടീച്ചറേ ഞാൻ പറഞ്ഞ മാങ്ങാ കള്ളന്മാർ”
“ഇവനാ എന്നെ കല്ലെറിഞ്ഞത്”- എന്നെ ചൂണ്ടിയിട്ട് ഗോപി പറഞ്ഞു.
എനിക്ക് ദേഷ്യം അടക്കി പിടിക്കാൻ കഴിഞ്ഞില്ല.
“ഞാൻ നിങ്ങളെ ഒന്നും അല്ല എറിഞ്ഞത്, മാങ്ങനെയാ എറിഞ്ഞത്”
ഇത് പറഞ്ഞപ്പോൾ രാജി ടീച്ചറുടെ മുഖത്ത് ദേഷ്യം പടരുന്നത് ഞാൻ കണ്ടു.
“മോഷ്ടിച്ചതും പോരാഞ്ഞിട്ട് അവൻ തർക്കിക്കുത്തരം പറയുന്നു.”
“ആ കൈ ഇങ്ങോട്ട് നീട്ട്”
മേശയുടെ അടിയിൽ നിന്നും നല്ല ചൂരൽ വടി എടുത്ത് എന്നെ രണ്ട് തല്ല്. കൂട്ടത്തിൽ ഭവിത്തിനും കിട്ടി ഒന്ന്.
ഞാൻ ഒന്നും മിണ്ടിയില്ല. ആരോടും ഒന്നും മിണ്ടാതെ കണ്ണു നനയിപ്പിച്ച് ക്ലാസിലേക്ക് നടന്നു.
വരാന്തയിൽ ലത ടീച്ചർ. എന്നെ തന്റെ മക്കളേക്കാളും ടീച്ചർ സ്നേഹിച്ചിരുന്നു. ടീച്ചർ എന്നെ നോക്കി. ഞാൻ ടീച്ചറേയും. ആ നോട്ടത്തിൽ ദേഷ്യമുണ്ട്, സങ്കടവുമുണ്ട്.
“നീ എന്തിനാ മാങ്ങ മോഷ്ടിക്കാൻ പോയേ?”
“മാങ്ങ തിന്നണം തോന്നീട്ടാ എറിഞ്ഞത്.” ഞാൻ പറഞ്ഞു.
“ഒരിക്കലും മോഷ്ടിക്കരുത്., ഒരു പ്രാവശ്യം കള്ളൻ എന്ന് പേരു വീണാൽ പിന്നെ അതു മാറ്റാൻ പറ്റില്ല.” – ടീച്ചർ പറഞ്ഞു.
എന്നെ ടീച്ചർ ഓഫീസ് മുറിയിലേക്ക് കൊണ്ടുപോയി. ബാഗിൽ നിന്നു രണ്ട് തേൻ മിഠായി എടുത്തു എന്റെ കൈയ്യിൽ തന്നു. കൈ പിടിച്ച് അടികിട്ടിയ പാടുകളിൽ ഒന്ന് തലോടി. സ്നേഹത്തിന്റേയും വാത്സല്യത്തിന്റേയും തലോടാലിൽ ചൂരൽ പാടുകൾ നിശ്ശേഷം ഇല്ലാതായി.
ഇന്ന് തേൻ മിഠായി കഴിക്കുമ്പോൾ എനിക്ക് ടീച്ചറെ ഓർമ്മ വരും.
പിന്നെ മൂവാണ്ടൻ മാവു കാണുമ്പോൾ എന്റെ കൈയ്യൊന്ന് പൊങ്ങും മാങ്ങക്കു വേണ്ടി. പക്ഷെ ടീച്ചർ പറഞ്ഞ ആ വാക്കുകൾ മനസ്സിലേക്ക് ഓടി വരും.