മലയാളത്തിന്റെ സാഹിത്യ-സാംസ്കാരിക നഭസ്സിൽ നിഷ്കാമ കർമത്തിന്റേയും, നിർമലമായ പ്രപഞ്ച സ്നേഹത്തിന്റെയും, എന്നാൽ കാർക്കശ്യത്തിന്റെയും, സൂര്യനാണ് ഇന്ന് അസ്തമന സൂര്യനൊപ്പം വിടവാങ്ങിയത് – ജ്ഞാനപീഠ പുരസ്കാര ജേതാവും പ്രശസ്ത കവിയുമായ ഒ.എൻ.വി കുറുപ്പ് (ഒറ്റപ്ലാക്കൽ നീലകണ്ഠൻ വേലുക്കുറുപ്പ്).
“ഇവിടെയവശേഷിക്കയില്ലാരു, മീ ഞാനും!
ഇത് നിനക്കായ് ഞാൻ കുറിച്ചിടുന്നു:
ഇനിയും മരിക്കാത്ത ഭൂമി! നിന്നാസന്ന
മൃതിയിൽ നിനക്കാത്മശാന്തി….”
എന്ന് ഓർമിപ്പിച്ച കവി “എവിടെയുമെനിക്കൊരു വീടുണ്ട്” എന്ന വിശ്വൈക ചിന്തയിലേക്കും,
“കൊക്കിൽ ചുരന്ന നറുന്തേൻ നുകർന്നെന്റെ കൊച്ചു ദുഃഖങ്ങളുറങ്ങൂ…
നിങ്ങൾ തൻ കണ്ണീർ കലരാതിരിക്കട്ടെയിന്നെങ്കിലുമെന്റെ പാട്ടിൽ”
എന്ന് വേദനിക്കുന്നവനൊപ്പമുള്ള സമാനമനസ്കതയിലേക്കും,
“അഗ്നി, യെന്നിലെയഗ്നി, യെൻ മൃതിയിലുമെന്റെ അക്ഷരങ്ങളിലുണ്ടാം, കടഞ്ഞാലതും കത്തും”
എന്ന വിപ്ലവചിന്തയിലേക്കും മലയാളത്തെ നിഷ്പ്രയാസം നടത്തി.
– a tribute to O.N.V. by Jyothibhai Teacher