സ്വതന്ത്ര ഇന്ത്യ എന്ന പരമ പവിത്രതയുടെ പിറന്നാളാഘോഷം നാം ഹൃദയം കൊണ്ട് ഏറ്റെടുത്ത് നടത്തുമ്പോൾ, ഈ മണ്ണിലെ ഓരോ പുൽക്കൊടിയോട് പോലുമുള്ള നമ്മുടെ ആത്മബന്ധമാകണം നമ്മുടെ രാജ്യസ്നേഹം!
നൂറ്റിപ്പത്ത് കോടി ജനതയുടെ ആത്മാവുകൾ തമ്മിൽ കോർത്തിണക്കപ്പെടുന്ന ഭാരതം എന്ന വികാരം നിലനിർത്തേണ്ടത് നമുക്ക് പൈതൃകമായി കിട്ടിയ ധാർമ്മികതയും സർവ്വാശ്ലേഷിത ഭാവവും സനാതനത്വവും സഹിഷ്ണുതയും സംരക്ഷിച്ചു കൊണ്ടാകണം.
നാളെ ഒരു ദിവസം കഴിഞ്ഞാൽ ജനുവരി 26 ന് വീണ്ടും പൊടി തട്ടി എടുക്കാനുള്ളതാകരുത് നമ്മുടെ രാജ്യസ്നേഹം.
ഭാരതാംബ
വാഴുക വാഴുക മമ ഭാരതമേ
കോടിയുഗങ്ങൾ പൊലിയാതെ – – –
കാവലിരിക്കുക ജനസാഗരമേ
ജന്മ മഹാ ഗൃഹമുലയാതെ- – – –
കരളിൽ മൂന്ന് നിറക്കൊടി പൊങ്ങിപ്പാറട്ടെ,
സിരകളിലിന്ത്യ പകർന്ന വികാരം നുരയട്ടെ!
ഉയരുന്നമ്മ മഹാരാജ്യത്തിൻ തുടിനാദം
ഉയിരിൽ നന്മ വിളഞ്ഞൊരു നാടിൻ മണിനാദം
പൊരുതി ജ്വലിച്ച മഹാൻമാർ ചോരപ്പുഴ താണ്ടി
വരുതിയിലാക്കിയതാണീ മണ്ണിൻ മുഖകാന്തി —
പല വേരുള്ളവരൊരു പേരായ്
പല പേരുള്ളവരൊരു വേരായ്
പലനാവുള്ളവരൊരു ചൂരായ്
പകരുകയാണൊരു സംസ്കാരം
പടരുകയാണൊരു സംസ്കാരം
സമഭാവനയുടെ സംസ്കാരം!
പരിപാവനമാം സംസ്കാരം!
ഇത് “ഭാരത”മെന്നൊരു സംസ്കാരം!
ഇനിയുമൊരു ജന്മമുണ്ടെങ്കിൽ എനിക്കന്നു –
മിവിടെപ്പിറക്കണം, ഇന്ത്യനെന്നറിയണം!
ദൃശ്യമല്ലാത്തൊരീ പൊക്കിൾക്കൊടി മുറി –
ച്ചൊറ്റയാകേണ്ടെനിക്കെത്ര ജന്മത്തിലും!