ബഹളം കേട്ട് നോക്കിയതാ. ഈശ്വരാ…! എന്താ ഈ കാണണേ, കുഞ്ഞുണ്ണി.., എന്തിനാടാ നീ ആ തവളയെ ഇങ്ങനെ ദ്രോഹിക്കുന്നെ.. ഒരു നിമിഷം എന്റെ ഓർമ്മകൾ പിന്നാക്കം പോയി. പഴയതൊക്കെ ആവർത്തിക്കുമോ? ……….
ഇനി പറയുമ്പോൾ ദൈവത്തിന്റെ സ്വന്തം മാലാഖമാർ ക്ഷമിക്കുമെന്നു കരുതുന്നു. കാരണം അന്നത്തെ ഒരു കുട്ടിക്കാലം ഇത് പോലെ ഒരുപാട് സൂത്രനാമങ്ങൾ നിറഞ്ഞതായിരുന്നു. എന്റെ സ്കൂളിലെ ചില മാലാഖമാർ എനിക്ക് മൊട്ടച്ചികൾ ആയിരുന്നു. വളഞ്ഞിട്ട് തല്ലുന്ന മൊട്ടച്ചികൾ. പരീക്ഷ കഴിഞ്ഞാൽ മാർക്കിൽ ഒന്നാമൻ അതെ പോലെ തല്ലു പിടിയിലും ഒന്നാമൻ. എന്തിലും ഒന്നാമനാവുക അതെന്റെ അവകാശമായിരുന്നു.
റോസ്‌ലിൻ.., നിനക്കിട്ട് വച്ചിട്ടുണ്ടെടീ; മനീഷേ.., ആ റബ്ബർ തന്നേടാ; ദേ ഇങ്ങനെ, ഈ കുഞ്ഞി പേപ്പർ മടക്കി ബാൻഡിൽ വലിച്ച് പിടിച്ചങ്ങനെ വിട്ടോ; നേരെ റോസ്‌ലിന്റെ കൈമുട്ടിൽ, “അയ്യോ.., എന്റെ കൈ”
“എന്താ, എന്ത് പറ്റി?”
“മിസ്സേ എന്റെ കൈ.., ദേ ആ സച്ചിൻ…”
ഞാൻ കണ്ണുരുട്ടി.
“ടാ, എണീറ്റ് നിക്കെടാ, ഈ ക്ലാസിനു പുറത്തു അവടെ പോയി നിക്ക്. മനീഷേ നീയും പോ, ”
ഞാൻ വേഗം പോയി പുറത്തു. കൂടെ മനീഷും.
“ടാ നീ ആ പോകുന്ന ബസിനെ എണ്ണിക്കോ ഞാൻ ലോറീം..”
ഒന്ന്, രണ്ടു, മൂന്നു, അയ്യോ തെറ്റി, ഞാൻ റോഡിലിറങ്ങി, കൈ നിവർത്തി, അഞ്ചു.
” എന്താടാ, സ്കൂൾ പിള്ളാർക്ക് റോഡിലായോ കളി, എന്താടാ ക്ലാസ്സില്ലേ”
“മൊട്ടച്ചി, ക്ലാസ്സീന്നു പോരത്താക്കി, അപ്പൊ റോഡ് ആണേൽ എണ്ണിക്കളിക്കാലോ”
എന്റെ കഷട്കാലത്തിനു മൊട്ടച്ചി അറിഞ്ഞു.
വളഞ്ഞിട്ട് തല്ലി.
“നീയിനി യുറേക്കലു പോവണ്ട, വർഗ്ഗീസു പോയാ മതി.”
എന്റെ മനസ്സ് വിഷമിച്ചു, എങ്ങനെ അവന്റെ പോക്ക് മൊടക്കണം? കാത്തിരുന്ന്, റബ്ബർ മരത്തിന്റെ പിന്നിൽ മറഞ്ഞിരുന്നു, വർഗ്ഗീസ് സ്കൂൾ വിട്ട് വരുന്നുണ്ട്, നല്ല അസ്സല് കരിങ്കല്ല് ചീള് വർഗ്ഗീസിന്റെ മുട്ട് വെടിച്ചു കളഞ്ഞു.
ഈശ്വരാ അവനെന്നെ കണ്ടു, അപ്പനേം വിളിച്ചോണ്ട് അടുത്ത ദിവസം എച്ച്. എം മൊട്ടച്ചിക്ക് പരാതി. എന്നെ വിളിപ്പിച്ചു.
“എന്താടാ, എന്തിനാ നീ വർഗ്ഗീസിനെ കല്ലെറിഞ്ഞു കാലുപൊട്ടിച്ചേ,”
“എന്റെ യുറേക്ക അവൻ മൊടക്കി, എനിക്കല്ലേ മാർക്കുള്ളത്, ഞാനല്ലേ പോകേണ്ടത്,”
അതിനും കിട്ടി വളഞ്ഞിട്ട് തല്ല്.
അങ്ങനെ പത്തു കഴിഞ്ഞപ്പോ ദേ കിടക്കുന്നു കോളേജിലും മൊട്ടച്ചികൾ, ഇവരിൽ നിന്ന് എനിക്ക് മോചനമില്ലേ? ഇത്തവണ പൊരിഞ്ഞ സസ്പെൻഷൻ. എനിക്ക് ദഹിക്കാത്തത് വാദിച്ചാൽ, ചെയ്താൽ അതെങ്ങനെ ശിക്ഷക്ക് വിധേയമാകും. എന്റെ ജീവിതം മുകുന്ദന്റെ നോവലുകൾ പോലെയായി. ഇന്നും എന്റെ ശിക്ഷകൾ പെരുകുന്നു, അതു പോലെ കുറ്റങ്ങളും.