കണിയാൻ വന്ന് കള്ളികളിലെന്തൊക്കെയോ എഴുതിയ നിരപ്പലകയിൽ കവിടി വച്ചുരയ്ക്കുമ്പോഴാണ് അയാൾ ഉണർന്നത്.
“പിതൃക്കളുടെ കോപമാണ്. അവരെ പ്രീതിപ്പെടുത്തിയാലേ രക്ഷയുണ്ടാവൂ .ഉന്നതി ഉണ്ടാകൂ. ചില പ്രായച്ഛിത്ത കർമ്മങ്ങൾ ചെയ്യണം. ബലിയിടുകയും വേണം. അത് ഇൗ വീട്ടില് വെച്ചെന്നേ ചെയ്യണം.എല്ലാം വിശദമാക്കി ഒരു കുറിപ്പു തരാം.”
കണിയാന്റെ ശബ്ദം ഹാളിൽ മുഴങ്ങി പുറത്തേക്കു തെറിച്ചതാണ് അയാൾ കേട്ടത്.
മകന് സാമ്പത്തിക നഷ്ടമുണ്ടാക്കുന്ന പിതൃക്കൾ ആരൊക്കെയാവും? ഇനി തന്റെ അച്ഛനെങ്ങാനുമാകുമോ ? അയാൾ വെറുതേ ഒന്നു തിരിഞ്ഞു. നാവിലേക്കൂർന്നിറങ്ങി വന്ന കയ്പ്പുരസം അയാൾ ആസ്വദിച്ചിറക്കി.
പുലർച്ചേ ചെറിയ മൺകുടുക്കയിൽ അരി വേവുന്ന മണം മൂക്കോളം എത്തിയപ്പോഴാണ് അയാൾ ഉണർന്നത്. മകൻ ബലിയിടാനുള്ള ഒരുക്കത്തിലാണ്. ഉൗതിച്ചുവന്ന കണ്ണുകളിൽ നീരുപൊടിയുന്നത് കണ്ട് അയാൾക്ക് ചെറുതായി വേദനിച്ചു. അവന്റെ കണ്ണിൽ നിന്നും വെള്ളം വന്നാൽ അപ്പോൾ തന്നെ തന്റെ ഹൃദയവും പിടയുമെന്നത് അയാൾ അറിഞ്ഞു.
നാക്കിലയിൽ ഉരുട്ടിവെച്ച എള്ള് ചേർത്ത ഉരുളകൾ കണ്ട് അയാൾക്ക് കൊതിയായി.
കൈകളിൽ വെള്ളം നനച്ച് മകൻ ക്ഷമനശിച്ച് കൊട്ടിക്കൊണ്ടിരിക്കുന്നു . കുറേ നേരമായി പേരിനു പോലും ഒരു കാക്ക എത്തിനോക്കാത്തത് കണ്ട് അയാൾ ആശ്ചര്യപ്പെട്ടു.
പെട്ടന്നാണ് ഒരു കാക്ക ഇലയ്ക്കടുത്ത് പറന്നിറങ്ങിയത്. അത് കണ്ടതും അയാളുടെ തൊണ്ടയിൽ ശ്വാസം പിടഞ്ഞു. പിടിച്ചു നിർത്താനാകാത്ത ഒരു ചുമ അയളുടെ കണ്ഠനാളത്തിൽ നിന്നും തെല്ലുച്ചത്തിൽ പുറത്തേക്ക് ചാടി.
കാക്ക പറന്നു പോയി
“നാശം പണ്ടാരമടങ്ങാൻ ആ കാക്കേനേം ഒാടിച്ചു , തന്ത ”
നായക്കൂടിനടുത്തെ ചായ്പിൽ സുഖകരമായ ഒരു ചുമയുടെ നിർവൃതിയിൽ മലർന്നു കിടന്ന അയാളുടെ അടുത്തേക്ക് മകൻ ചാടിത്തുള്ളി വന്നു.
“പിതൃക്കള് തിന്നാ മതി എന്നല്ലേ ആ കണിയാൻ പറഞ്ഞത്. ചാകാതെ കെടക്കണ ഇങ്ങേര് തന്നെ തിന്നോട്ടെ അത് ”
മരുമകളുടെ ശബ്ദം കേട്ടതും അയാൾ എഴുന്നേൽക്കാൻ നോക്കി. ചലം പൊട്ടിയൊഴുകുന്ന നീരുള്ള കാലിന്റെ വേദന അയാളെ അവിടെത്തന്നെ കിടത്തി.
ബാക്കി വന്ന പുളിക്കുന്ന ചോറു മാത്രം കണ്ട അയാളുടെ പാത്രം പുതിയ ചോറിന്റെ ഉഷ്ണത്തിൽ ഒന്നു പുളഞ്ഞു.
മകന്റെ കൈകൊണ്ടുണ്ടാക്കി ആദ്യമായി ലഭിക്കുന്ന മൂന്നു ഉരുളകളിൽ അയാളുടെ ദൃഷ്ടിയുടക്കി..
ചുക്കിച്ചുളിഞ്ഞ അയാളുടെ കവിളത്ത് പുഞ്ചിരിയുടെ ഒരു വിറ മെല്ലെ പത്തി വിടർത്തി.
_____________________________
ഹോ!!!നൊമ്പരപ്പെടുത്തുന്ന വായന ആയിരുന്നല്ലോ/!